തെരഞ്ഞെടുപ്പ് കമീഷനും ഭരണഘടനാ ധാർമികതയും
text_fieldsഭരണഘടനാ ധാർമികത മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകുന്ന വികാരമല്ല, അത് വളർത്തിയെടുക്കേണ്ട ഒന്നാണെന്ന് ഭരണഘടനാ അസംബ്ലിയിൽ വ്യക്തമാക്കിയത് ഡോ. ബി.ആർ. അംബേദ്കറാണ്. . നിയമപുസ്തകത്തിലെ എഴുതപ്പെട്ട വരികളേക്കാൾ പ്രധാനം ഭരണഘടനയ്ക്കനുസൃതമായി ജനങ്ങളും ഭരണകൂടവും പുലർത്തുന്ന പെരുമാറ്റരീതിയാണെന്നും, രാജ്യത്തെ പാർലമെന്ററി ജനാധിപത്യപദ്ധതി വിജയിക്കണമെങ്കിൽ ഇരുവിഭാഗവും ഭരണഘടനാസങ്കേതങ്ങളും നീതിയും ഒരുപോലെ പാലിക്കണമെന്നും 1950 ജൂൺ 10-ന് തിരുവനന്തപുരത്തെ ലെജിസ്ലേറ്റീവ് ചേംബറിൽ നടത്തിയ പ്രഭാഷണത്തിൽ ദീർഘദർശനത്തോടെ പ്രസ്താവിച്ചു. ‘‘എനിക്ക് അധികാരമുണ്ട്, അതിനാൽ ഇഷ്ടമുള്ളത് ചെയ്യാം’’ എന്നതല്ല ഭരണഘടനാ ധാർമികതയെന്നും, മറിച്ചു ‘‘അധികാരമുണ്ടെങ്കിലും ഭരണഘടന എന്നെ നിയന്ത്രിക്കുന്നു’’ എന്ന തിരിച്ചറിവാണ് അതെന്നും അദ്ദേഹം സ്പഷ്ടമാക്കി.
ഭരണത്തിലുള്ള കക്ഷി പ്രതിപക്ഷത്തെ അടിച്ചമർത്തുക, ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയമായി കീഴ്പ്പെടുത്തുക, നിയമങ്ങളെ സ്വാർഥതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുക, ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കുക, സ്വതന്ത്ര സംവിധാനങ്ങളെ ദുർബലപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളുണ്ടായാൽ ഭരണഘടന നിലനിൽക്കുന്നുണ്ടെങ്കിലും ഭരണഘടനാധാർമികത തകരുമെന്ന് അദ്ദേഹം താക്കീതുനൽകി.
1949 ജൂൺ 15-ന് തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ചുള്ള വ്യവസ്ഥ അവതരിപ്പിക്കുമ്പോൾ, ‘‘തെരഞ്ഞെടുപ്പിന്റെ ശുദ്ധിയും സ്വാതന്ത്ര്യവും ഉറപ്പാക്കാനായി തെരഞ്ഞെടുപ്പുകൾ ഭരണകൂടത്തിന്റെ ഏതുതരത്തിലുള്ള ഇടപെടലുകളിൽനിന്നും സ്വതന്ത്രമായിരിക്കണം’’ എന്ന് അംബേദ്കർ അടിവരയിട്ടിരുന്നു. എന്നാൽ, എതിരഭിപ്രായങ്ങൾക്ക് ഇടംനൽകാതെ ഏകപക്ഷീയമായി കേന്ദ്രസർക്കാർ തെരഞ്ഞെടുക്കുന്ന പുതിയ തെരഞ്ഞെടുപ്പ് കമീഷൻ എക്സിക്യൂട്ടീവിന്റെ നിയന്ത്രണങ്ങളിൽനിന്ന് മുക്തമാണെന്ന് കരുതാൻ വഴിയില്ല. തെരഞ്ഞെടുപ്പ് സംവിധാനത്തെ എക്സിക്യൂട്ടീവിൽനിന്ന് പൂർണമായും അടർത്തിമാറ്റണമെന്ന ഭരണഘടനാ നിർമാണസഭയിലെ അംബേദ്കറുടെ കാഴ്ച്ചപ്പാടിന് വിരുദ്ധമായി, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെപ്പോലും നിയമനസമിതിയിൽനിന്ന് ഒഴിവാക്കി ഭരണകൂടം നേരിട്ട് കമീഷനെ നിയമിക്കുമ്പോൾ, ഭരണകൂട നിയന്ത്രണങ്ങൾക്ക് അടിപ്പെടുന്ന ദയനീയ സാഹചര്യമാണ് സംജാതമാകുന്നത്.
ഇലക്ഷൻ കമീഷൻ നിലവിൽ ഭരണഘടനാധാർമികത പാലിക്കുന്നുണ്ടോയെന്ന പരിശോധന അനിവാര്യമാണ്. സ്വതന്ത്രമായ തീരുമാനമെടുക്കൽ, എക്സിക്യൂട്ടീവിന്റെ ഇടപെടലൊഴിവാക്കൽ, എല്ലാ രാഷ്ട്രീയകക്ഷികളോടും നിഷ്പക്ഷത പുലർത്തൽ, വോട്ടവകാശസംരക്ഷണം, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിർത്തൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളും സുതാര്യതയും ഉറപ്പുവരുത്തൽ എന്നിവയെല്ലാം കമീഷന്റെ സുപ്രധാന ബാധ്യതകളാണ്. എന്നാൽ, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വോട്ട് വെട്ടിമാറ്റിയ കമീഷൻ യഥാർഥത്തിൽ വോട്ടവകാശം സംരക്ഷിക്കുകയാണോയെന്ന് ന്യായമായും സംശയമുയരുന്നു. ഫോം 7 ദുരുപയോഗിച്ച് പ്രത്യേക ജനവിഭാഗങ്ങളെ വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ ഒഴിവാക്കാനും അതുവഴി തെരഞ്ഞെടുപ്പുഫലത്തെ അട്ടിമറിക്കാനും സാധിക്കുന്നുണ്ട്. ഭരണകക്ഷിയുടെ വിദ്വേഷപ്രസംഗങ്ങൾക്കുമുന്നിൽ മൗനംപാലിക്കുകയും പ്രതിപക്ഷകക്ഷികൾക്കെതിരെ മാത്രം കടുത്ത നടപടികളെടുക്കുകയും ചെയ്യുന്നതിലൂടെ കമീഷന്റെ നിഷ്പക്ഷത എത്രമേൽ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുന്നു. കമീഷനിലെ മറ്റ് അംഗങ്ങളുടെ പതിനാലോളം വിയോജനക്കുറിപ്പുകളെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതിലൂടെ ഭരണഘടനാപരമായ നടപടിക്രമങ്ങൾതന്നെ അട്ടിമറിക്കപ്പെട്ടു.
തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യതയാണ് ജനാധിപത്യത്തിന്റെ നിലനിൽപ്പ് നിർണയിക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുച്ഛേദം 324 പ്രകാരം കമീഷന് വിശാലാധികാരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പുപ്രക്രിയയുടെ സമഗ്രമായ ഉത്തരവാദിത്തം ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ, 1949-ൽ അംബേദ്കർ വിഭാവനംചെയ്ത ഭരണഘടനാദർശനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ചോദ്യം ഉയരുന്നു:
തെരഞ്ഞെടുപ്പിലെ നിഷ്പക്ഷത, സ്വാതന്ത്ര്യം, വോട്ടവകാശം, ജനാധിപത്യസമത്വം എന്നിവ ഭരണഘടനാധാർമികതയ്ക്ക് അനുസൃതമായാണോ കമീഷൻ ഇപ്പോൾ വിനിയോഗിക്കുന്നത്? അംബേദ്കറുടെ വീക്ഷണത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കേവലമൊരു ഭരണനിർവഹണ സമിതിയല്ല; ജനങ്ങളുടെ സ്വതന്ത്രവോട്ടിലൂടെ യഥാർഥ ജനാധിപത്യസർക്കാർ രൂപപ്പെടാനുള്ള ഭരണഘടനാപരമായ രക്ഷാകവചമാണ്. എന്നാൽ, ലക്ഷക്കണക്കിന് അർഹരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്തതിലൂടെ യഥാർഥ ജനാധിപത്യഭരണകൂടം നിലവിൽവരാനുള്ള സാഹചര്യമാണ് ഇല്ലാതാകുന്നത്. വോട്ടവകാശത്തിന്റെ സ്വതന്ത്രപ്രയോഗം തടയുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിത്തറയെയും ഭരണഘടനാധാർമികതയെയുമാണ് ഹിന്ദുത്വരാഷ്ട്രീയം അട്ടിമറിക്കുന്നത്.
കമീഷൻ നടത്തുന്ന തീവ്ര വോട്ടർപട്ടിക പുതുക്കലിലെ ചോദ്യാവലികൾ പൗരത്വനിയമം വളഞ്ഞവഴിയിലൂടെ നടപ്പാക്കാനുള്ള ശ്രമമാണെന്ന സംശയം ബലപ്പെടുത്തുന്നു. ഇതുവഴി വോട്ടവകാശം നഷ്ടപ്പെട്ട് അനേകം മനുഷ്യർ അന്യവൽക്കരിക്കപ്പെടുന്നു. ‘‘ഭരണഘടനയനുസരിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള ഒരാൾക്കും അനീതി നേരിടേണ്ടിവരരുത്’’ എന്ന് 1949 ജൂൺ 15-ന് അംബേദ്കർ ഓർമിപ്പിച്ച നീതിബോധമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
സ്വന്തം വോട്ടവകാശം സംരക്ഷിക്കാൻ പൗരർക്ക് തെരുവിലിറങ്ങേണ്ടിവരുന്ന കാലത്ത്, ഭരണഘടനാധാർമികത തെരഞ്ഞെടുപ്പ് കമീഷനോട് ആയിരക്കണക്കിന് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

