വിദ്യാഭ്യാസത്തിലെ ഇടതു ഇരട്ടത്താപ്പ്
text_fieldsകേരളത്തിലെ പൊതുസമൂഹത്തെ പൂർണമായി ഇരുട്ടിൽ നിർത്തി പി.എം ശ്രീ പദ്ധതിയിൽ ഇടതുപക്ഷ സർക്കാർ നേരത്തേ ഒപ്പുവെച്ചത് വെറും യാദൃച്ഛികതയല്ല. പുറമെ കേന്ദ്രനയങ്ങളെ എതിർത്ത്, അകമേ കൈനീട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ തുടർച്ച മാത്രമായിരുന്നു അത്. കഴിഞ്ഞ പത്തു വർഷം സിലബസ് പരിഷ്കരണങ്ങളും നയസമീപനങ്ങളുമായി തീവ്രവലതുപക്ഷ ആശയങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനമുറപ്പിച്ചതിന്റെ സാക്ഷ്യപത്രമായിരുന്നു ആ കരാർ.
കണ്ണൂരിലെ ‘വലതുപക്ഷ’ പരീക്ഷണങ്ങൾ
ഇടതുപക്ഷം നിയമിച്ച വൈസ് ചാൻസലറും സിൻഡിക്കേറ്റും ബോർഡ് ഓഫ് സ്റ്റഡീസും നേതൃത്വം നൽകുന്ന കണ്ണൂർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് എം.എ കോഴ്സിന്റെ സിലബസ് ഇതിനൊരുദാഹരണമാണ്. സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് തുടങ്ങിയ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വക്താക്കൾക്കാണ് സിലബസ് പരവതാനി വിരിച്ചത്. സിലബസിൽ ആകെ 11 പുസ്തകങ്ങളിൽ അഞ്ചും തീവ്രദേശീയതയെ പ്രതിനിധീകരിക്കുന്നതായിരുന്നു. ഇടതുപക്ഷ അക്കാദമിക ചിന്തകളിലേക്ക് വലതുപക്ഷ ആശയങ്ങൾ എത്ര ആഴത്തിൽ അരിച്ചുകയറി എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.
തകർന്നടിഞ്ഞ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
കേരളത്തിലെ 389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യു.എഫ്) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി പിണറായി സർക്കാർ അത്യുത്സാഹത്തോടെയാണ് നടപ്പിലാക്കിയത്. എന്നാൽ, മികച്ച രീതിയിൽ മുന്നോട്ടുപോയിരുന്ന കേരളത്തിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ മാത്രമേ അത് ഉപകരിച്ചുള്ളൂ. 2018നു ശേഷം രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ നിയമനങ്ങൾക്ക് എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ആറുവർഷം പിന്നിട്ടിട്ടും, ഒരൊറ്റ നിയമനത്തിനും അത് ബാധകമാക്കിയില്ല. ഫലത്തിൽ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതുമില്ല, കേരള പി.എസ്.സിയുടെ മുൻഗണന നഷ്ടമാവുകയും ചെയ്തു. കോർപറേറ്റ് അധിഷ്ഠിത വിദ്യാഭ്യാസ നയങ്ങൾക്ക് ഇടതുപക്ഷം കീഴടങ്ങിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വി.എച്ച്.എസ്.ഇ മേഖല.
ഡൽഹിയിൽ എതിർപ്പ്, കേരളത്തിൽ അനുമതി
പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പി.എം-ഉഷ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ 405 കോടി രൂപ കൈപ്പറ്റാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് കാട്ടിയ തിടുക്കം നമ്മൾ കണ്ടതാണ്. മുമ്പ് ‘റൂസ’ എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി പൂർണമായും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണ്. സമാന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിൽ ധിറുതി പിടിച്ച് നടപ്പിലാക്കിയത്. ഡൽഹി സർവകലാശാലയിലെ പ്രധാന ഇടതുപക്ഷ അധ്യാപക-വിദ്യാർഥി സംഘടനകളായ ഡി.ടി.എഫും എസ്.എഫ്.ഐയും നാലുവർഷ ഡിഗ്രിയെ തുറന്നെതിർക്കുമ്പോഴാണ് കേരളത്തിലെ ഇടതു സർക്കാർ കേന്ദ്രനയത്തിന്റെ വിശ്വസ്ത ഏജന്റുമാരായി അത് നടപ്പാക്കിയത്.
ലോക ബാങ്കും കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പണം മുടക്കുന്ന ‘സ്റ്റാർസ്’ പദ്ധതി സ്വീകരിക്കാനും ഇടതു ഗവൺമെന്റിന് പ്രത്യയശാസ്ത്രപരമായ മടിയുണ്ടായില്ല. പൊതുവിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആശയങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസം മാത്രമല്ല; കൃഷി, ആരോഗ്യം, പൊതുവിതരണം തുടങ്ങിയ സകല മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളെ രഹസ്യമായി പുൽകുന്ന ഇരട്ട മുഖമാണ് ഇടത് ഭരണകൂടത്തിന് ഉണ്ടായത്.
നിർണായക ചോദ്യങ്ങൾ
ഇടതുപക്ഷം ഒപ്പുവെച്ച പി.എം ശ്രീ പദ്ധതിയുടെ കരാറിലെ നിബന്ധനകൾ പരിശോധിച്ചാൽ ഏതു ജനാധിപത്യ വിശ്വാസിക്കും ഭരണഘടനാ വിദഗ്ധനും താഴെ പറയുന്ന ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ കഴിയില്ല:
ഒന്ന്, പൊതുതാൽപര്യാർഥം 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനുള്ള ഏകപക്ഷീയ അധികാരം കേന്ദ്ര സർക്കാറിനു മാത്രം നൽകുന്ന വ്യവസ്ഥയുണ്ടായിട്ടും, സംസ്ഥാനത്തിന്റെ പരമാധികാരത്തെ പണയം വെച്ച് എന്തിനാണ് കേരള സർക്കാർ ഇതിൽ ഒപ്പിട്ടത്?
രണ്ട്, കരാറിൽ ഒപ്പിടുന്നതിനു മുമ്പല്ലേ ഏഴംഗ ഉപസമിതിയെ വെച്ച് ഉള്ളടക്കം പരിശോധിക്കേണ്ടിയിരുന്നത്? ഒപ്പുവെച്ചശേഷം ഉപസമിതിയെ നിയോഗിച്ചതുവഴി, കരാറിൽ ഗുരുതരമായ പാകപ്പിഴകൾ സംഭവിച്ചു എന്ന് അന്നത്തെ സർക്കാർ തന്നെ സമ്മതിക്കുകയായിരുന്നില്ലേ?
മൂന്ന്, ഏകപക്ഷീയമായി കേന്ദ്രത്തിന് മാത്രം റദ്ദാക്കാൻ വ്യവസ്ഥയുള്ള ഒരു കരാർ, സംസ്ഥാന സർക്കാർ മരവിപ്പിച്ചു എന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? സംസ്ഥാനത്തിന്റെ ഇത്തരം ഏകപക്ഷീയ നീക്കങ്ങൾ കരാർ ലംഘനമായി മാറി നിയമക്കുരുക്കിലേക്ക് വഴിമാറില്ലേ?
നാല്, ഇരുഭാഗത്തിനും സമ്മതമാണെങ്കിൽ കരാറിൽ ഭേദഗതികൾ വരുത്താമെന്ന് വ്യവസ്ഥയുണ്ടായിട്ടും, ഒപ്പിടും മുമ്പ് എന്തുകൊണ്ട് കേരളം എൻ.ഇ.പി ഷോക്കേസുകളായി പി.എം ശ്രീ സ്കൂളിനെ മാറ്റും എന്നുപറയുന്ന ഭാഗം ഭേദഗതി ചെയ്യാൻ തയാറായില്ല? പി.എം ശ്രീ സ്കൂളുകളിൽ സംസ്ഥാന സിലബസും കരിക്കുലവും പാഠപുസ്തകങ്ങളും മാത്രമേ പിന്തുടരുകയുള്ളൂ എന്ന ഭേദഗതി ഒപ്പിടും മുമ്പ് എഴുതിച്ചേർക്കാതിരുന്നത് എന്തുകൊണ്ടാണ്?
ചുരുക്കത്തിൽ, എൻ.ഇ.പിയെ കേരളത്തിൽ ഷോക്കേസ് ചെയ്യാൻ ഇടതു സർക്കാർ മനഃപൂർവം അനുവാദം നൽകുകയായിരുന്നു.
കേരളത്തിന്റെ പ്രതിരോധ മാർഗങ്ങൾ
പുതിയ ഗവൺമെന്റിന്റെ കാബിനറ്റ് ഉപസമിതിക്ക് പരിശോധിക്കാവുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതായിരിക്കെ, കേന്ദ്രത്തിന്റെ ഏകപക്ഷീയമായ കടന്നുകയറ്റങ്ങളെ ചെറുക്കാൻ കേരളത്തിന് മുന്നിൽ ചില ബദൽ മാർഗങ്ങളുണ്ട്:
ഒന്ന്, സ്വന്തമായ വിദ്യാഭ്യാസ നയം: കർണാടകയും തമിഴ്നാടും ചെയ്തതുപോലെ, ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി കേരളത്തിന്റെ സവിശേഷ സാമൂഹികാവസ്ഥയെയും മതേതര പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഒരു ‘കേരള വിദ്യാഭ്യാസ നയം’ രൂപവത്കരിക്കുക.
രണ്ട്, കരാർ ഭേദഗതിക്കായി സമ്മർദം ചെലുത്തുക: കരാറിലെ ഭേദഗതി വ്യവസ്ഥ ഉപയോഗിച്ച്, പി.എം ശ്രീ സ്കൂളുകളിൽ സംസ്ഥാന സിലബസും കരിക്കുലവും മാത്രമേ അനുവദിക്കൂ എന്ന ഭേദഗതി കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക. മതേതര സങ്കൽപത്തെ തകിടം മറക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിൽ മാറ്റിനിർത്തുക. കരാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു ഭൗതിക സൗകര്യങ്ങൾക്കും പണം വിനിയോഗിക്കുന്നതിന് മാത്രമായി പദ്ധതിയെ പരിമിതപ്പെടുത്തുക.
മൂന്ന്, സ്വതന്ത്ര വിദ്യാഭ്യാസ ഫണ്ട്: കേന്ദ്ര ധനസഹായങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ, തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫിനാൻസ് കമീഷൻ ഗ്രാന്റുകൾ, കോർപറേറ്റുകളുടെ സി.എസ്.ആർ ഫണ്ടുകൾ, ജനകീയ ക്രൗഡ് ഫണ്ടിങ് എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്തിന്റേതായ ഒരു ‘വിദ്യാഭ്യാസ പരിഷ്കരണ/ഇൻഫ്രാസ്ട്രക്ചർ ഫണ്ട്’ രൂപവത്കരിക്കുക.
കേരളത്തിന്റെ തനതു സംസ്കാരവും മതേതര പാരമ്പര്യവും ചരിത്രവും സാമൂഹിക ഘടനയും ഒത്തുചേരുന്ന, വിദ്യാഭ്യാസരംഗത്ത് സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്താനുള്ള എല്ലാ ശ്രമങ്ങളെയും കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണം. കേവല രാഷ്ട്രീയ പ്രസ്താവനകൾക്കപ്പുറം പദ്ധതി ആഴത്തിൽ പരിശോധിച്ചു ഭരണഘടനാപരവും പ്രായോഗികവുമായ പ്രതിരോധങ്ങൾ തീർക്കാൻ എല്ലാവരും മുന്നോട്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

