Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅനിയന്ത്രിത...

അനിയന്ത്രിത ടൂറിസത്തിന്‍റെ വിളയാട്ടം- വയനാട്​ വന്ധ്യയായ ഒരു ചാവുഭൂമിയാകാൻ ഇനിയെത്ര നാൾ?

text_fields
bookmark_border
wayanad
cancel
camera_alt

ചിത്രത്തിന്​ കടപ്പാട്​: ദിൽഷാദ്​ റോഷൻ

വയനാട്ടിൽ അനിയന്ത്രിതവും പരിസ്ഥിതി-ആദിവാസി വിരുദ്ധവുമായ ടൂറിസം അഴിഞ്ഞാടുകയാണ്. അന്യപ്രദേശങ്ങളിൽ നിന്നെത്തിയവർ, റിയൽ എസ്റ്റേറ്റ്- ഭൂമാഫിയകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങിയ മാഫിയ സംഘമാണ് വയനാട്ടിലെ ടൂറിസം സംരംഭകരിൽ ബഹുഭൂരിഭാഗവും. ഇവർ വിപണനം നടത്തുന്നതാകട്ടെ, വയനാടിന്‍റെ നനവും തണുപ്പും പച്ചപ്പും ഒക്കെയാണ്. അദ്വിതീയമായ വയനാടൻ പ്രകൃതി ഉന്മൂലനം ചെയ്യപ്പെടുന്നതോടെ ടൂറിസം വയനാട്ടിൽ നിന്നും കെട്ടുകെട്ടേണ്ടി വരുമെന്ന് ആരും ഓർക്കുന്നില്ല . അപ്പോഴേക്കും വയനാട് വന്ധ്യയായ ഒരു ചാവു ഭൂമിയായി മാറും. അനുപമമായ വൈവിധ്യവും സംസ്കാരവുമുള്ള രണ്ട്​ ലക്ഷത്തോളം തദ്ദേശ ആദിമ ഗോത്ര ജനതയടക്കം വയനാടിന്‍റെ എട്ട്​ ലക്ഷം മനഷ്യർ സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും പറിച്ചെറിയപ്പെടും.

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ജീവപരിണാമത്തിന്‍റെ ഉച്ചിയിലുള്ള ജീവിയാണ് കടുവ. ഏഷ്യൻ ആനകളും ഇന്ത്യൻ രാജകീയ കടുവകളും കാട്ടുപോത്തും കരടിയുമടക്കമുള്ള അനേകം ചെറുതും വലുതുമായ ജീവജാലങ്ങളുടെയും അറിയപ്പെടുന്നതും അല്ലാത്തതുമായ, വംശനാശ ഭീഷണി നേരിടുന്നതും (endangered) ദേശ്യവും (Endemic) ആയ സസ്യജന്തുജനുസ്സുകളുടെയും ഭൂമിയിലെ ഏറ്റവും സമ്പന്നമായ ഭൂഭാഗം ഒരോർമ്മ മാത്രമായി മാറും.

ടൂറിസത്തിന്‍റെ ഭൂതകാലവും പൈതൃകവും അങ്ങിനെയാണ്. ഒട്ടും മാനവികമല്ലാത്തതും പ്രകൃതിയോട് കരുണ കാണിക്കാത്തതും അധാർമ്മികവും ആധുനിക മനുഷ്യന്‍റെ ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ ഒരാഭിജാരക്കാരനെപ്പോലെ ഉൽസുകവുമാണ് ആധുനിക ടൂറിസം. അതിന് പൂർണ്ണമായും കന്യകാത്വമുള്ള, കളങ്കമേൽക്കാത്ത പ്രകൃതിയെയും മനുഷ്യരെയുമാണ് പഥ്യം! ഉപയോഗശേഷം ചണ്ടിയാക്കി വലിച്ചെറിഞ്ഞ് പുതിയതിനെ തേടിപ്പോകാൻ ഒരു മടിയുമില്ല. തായ്​ലൻഡും കോവളവും ഒക്കെ ഏറ്റവും പുതിയ ഉദാഹരണങ്ങൾ മാത്രമാണ്. പതിമൂന്നു വയസ്സുള്ള ആൺകുട്ടികളായ ലൈംഗികത്തൊഴിലാളികൾ പ്രകടനം നടത്തിയ രാജ്യമാണ് തായ്​ലൻഡ്​. വയനാടിനെയും കാത്തിരിക്കുന്നത് അതേ വിധിയാണ്.


അതീവ ലോലവും അതിസങ്കീർണവുമായ ഭൂപ്രകൃതിയും കാലവസ്ഥയും ഉള്ള പ്രദേശമാണ് വയനാട്. സഹ്യപർവ്വതനിരകളുടെ ഉച്ചിയിൽ, സമുദ്രനിരപ്പിൽ നിന്നും 1000-2000 അടി ഉയരത്തിൽ ഡക്കാൻ പീഢഭൂമിയുടെ പടിഞ്ഞാറെ ചീളിൽ വിലയിക്കുന്ന ഒരു സ്വർഗ്ഗഭൂമി! അതികഠിനമായ തണുപ്പോ അസഹനീയമായ ഉഷ്ണമോ അതിവൃഷ്​ടിയോ ഇല്ലാത്ത, മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും സുഖസമ്പന്നമായി ജീവിക്കാൻ കഴിയുന്ന ഇടമായിരുന്നു വയനാട് സമീപകാലം വരെ. എന്നാൽ കാ​ണക്കാണെ ഈ ഹരിത ശാദ്വല ഭൂഭാഗം നാശത്തി​െന്‍റ ഗർത്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ടിപ്പു സുൽത്താനെയും പഴശ്ശിയെയും വധിച്ച് വയനാടിന്‍റെയാകെ ഉടയവരായിത്തീർന്ന ബ്രിട്ടീഷുകാരാണ് വയനാടിന്‍റെ പരിസ്ഥിതി സുസ്ഥിരതയുടെ കടക്കൽ ആദ്യത്തെ കോടാലി ​െവച്ചത്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കൂടിയേറ്റം അതിന്‍റെ ശവപ്പെട്ടി തീർത്തു. ടൂറിസം ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചുകൊണ്ടിരിക്കുകയാണ്. പൂർണ നാശത്തിലേക്കുള്ള പാതയിലാണ് ഇപ്പോൾ. നെൽവയലുകൾ, നിബിഡവനങ്ങൾ, കരിങ്കൽക്കുന്നുകൾ, കബനിയുടെ കൈവഴികളും രക്തധമനികളുമായ പുഴകൾ എല്ലാം ബലാൽക്കാരത്തിനിരയായി. വന്യ ജീവികളും ഗോത്ര ജനതയും സ്വന്തം ആവാസസ്ഥാനങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു. പിറന്ന മണ്ണിൽ അഗതികളും അഭയാർഥികളുമാണ് അവരിപ്പോൾ.

എഴുപതുകളുടെ ഒടുക്കത്തിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി രൂപീകൃതമായത്. വയനാടൻ കാടുകളുടെ അടക്കിവെട്ടിനെ അത് ഫലപ്രദമായി ചെറുത്തു. പിന്നീട് തെരഞ്ഞുവെട്ടലിനെയും ഏക വിളത്തോട്ടങ്ങളെയും സ്വകാര്യ തോട്ടങ്ങളിലെ മരം മുറിയെയും അത് പ്രതിരോധിച്ചു. ഒരു കൽക്കൂമ്പാരമായി മാറുമായിരുന്ന ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹയെയും പൂക്കോട് തടാകത്തെയും ചേമ്പ്രാ-ബാണാസുരൻ-ബ്രഹ്മഗിരി മലനിരകളെയും കബനിയെയും ഇന്നത്തെ നിലയിലെങ്കിലും കാക്കാൻ സമാനതകളില്ലാത്ത പോരാട്ടമാണ് പരിസ്ഥിതിപ്രവർത്തകർ നടത്തിയത്. ഇന്ന് സർക്കാറും ടൂറിസം സംരംഭകരും വിവേകരഹിതമായി, ഔദ്ധത്യത്തോടെ വിപണനം ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം കഴിഞ്ഞ 40 വർഷത്തെ പ്രക്ഷോഭങ്ങളുടെയും കേസുകളുടെയും ചെറുത്തുനിൽപ്പുകളുടെയും ശേഷിപ്പുകളാണ്.

മൂന്നു ദശകങ്ങളായി ഇന്ത്യാ രാജ്യത്തെ ആകെ ഗ്രസിച്ച കാർഷികത്തകർച്ച വയനാടിനെയും പിടിച്ചുലച്ചതിൽ അത്ഭുതമേതുമില്ല. കർഷകന്‍റെ സ്വപ്ന ഭൂമി ആത്മഹത്യകളുടെ ശവഗന്ധം പേറുന്ന ശ്മശാനഭൂമിയായി മാറിയത് നൊടിയിട കൊണ്ടാണ്. ഇന്ത്യയിൽ മറ്റെല്ലായിടങ്ങളിലും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയായിരുന്നു കാരണമെങ്കിൽ വയനാട്ടിൽ അതു മാത്രമായിരുന്നില്ല. ഇവിടെ കൃഷി തന്നെ അസാധ്യമായിത്തുടങ്ങിയിരുന്നു. കാലാവസ്ഥ അടിമുടി മാറിക്കഴിഞ്ഞിരുന്നു. മഴയുടെ താളം തെറ്റുകയും തണുപ്പും നനവും കുറഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. അമിതമായ രാസവള-രാസകീടനാശിനി പ്രയോഗം മണ്ണിനെ ഊഷരവും വന്ധ്യയുമാക്കിയപ്പോൾ കർഷകർ പകച്ചു പോയത് സ്വാഭാവികം മാത്രം.

ഇങ്ങിനെ പകച്ചുനിന്ന വയനാടിനുള്ള മൃതസഞ്ജീവനിയായാണ് ടൂറിസം കടന്നു വരുന്നത്. ആദ്യമാദ്യം സന്ദേഹത്തോടെ. പിന്നെ പിന്നെ പ്രചണ്ഡമായി ചണ്ഡമാരുതനെപ്പോലെ. മധ്യ തിരുവിതാംകൂർ കുടിയേറ്റത്തെ അനുസ്മരിപ്പിക്കും വിധം, അതേക്കാൾ തൃഷ്ണയോടെയും ബീഭത്സതയോടെയും വയനാട്ടിൽ ശേഷിച്ചതെല്ലാം അത് നക്കിത്തുടക്കുകയാണ്. അതിന്‍റെ ബഡവാഗ്നിയെ ചെറുക്കാൻ ആവതുള്ളതായി ഒന്നും തന്നെയില്ല. വയനാടൻ കാടുകൾ, പുഴകൾ, മലകൾ, ജലാശയങ്ങൾ, കുന്നുകൾ, വന്യജീവികൾ, ആദിമനിവാസിയുടെ മാനം, അവരുടെ സ്വാസ്ത്യം... ഒന്നും ഒന്നും...


ഇക്കോ ടൂറിസമല്ല, ഇക്കോ ടെററിസം

വയനാട്ടിൽ ഇക്കോ ടൂറിസമെന്ന ഓമനപ്പേരിൽ വനം വകുപ്പ് നടത്തിവരുന്നത് ഇക്കോ ഭീകരതയാണ് (eco- terrorism ). ശുദ്ധ തെമ്മാടിത്തം. കേവലം മൂന്നര സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള കുറുവയിൽ പ്രതിദിനം 2000 സന്ദർശകർ വരെ എത്തി. മുത്തങ്ങയിലെയും തോൽപ്പെട്ടിയിലെയും വന്യജീവി കേന്ദ്രത്തിന്‍റെ മർമ്മ കേന്ദ്രത്തിലേക്ക് ഇരുനൂറോളം ജീപ്പുകൾ ഏതാനും മണിക്കൂറുകൾക്കകം കടത്തിവിടുന്നു. ചേമ്പ്രയുടെയും ബ്രഹ്മഗിരിയുടെയും ബാണാസുരൻ മലയുടെയും നെറുകയിലേക്ക് കൊടുംവേനൽക്കാലത്തും ട്രക്കിങ്​. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾക്ക്​ പുല്ല് വില. ഒരു നിയമവും മാനദണ്ഡവും പാലിക്കപ്പെടുന്നില്ല. വാഹകശേഷി നിർണയിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. കേന്ദ്ര സർക്കാറിന്‍റെ മുൻകൂർ അനുമതി നേടിയിട്ടില്ല. ആദിമ നിവാസികളുടെ തൊഴിലും ക്ഷേമവുമാണ് ലക്ഷ്യമെന്ന് പറയുമെങ്കിലും അവരെ എന്നേ ആട്ടിപ്പായിച്ച് രാഷ്ട്രീയ നേതാക്കളുടെ പിണിയാളുകൾ അരങ്ങുവാഴുന്നു.

ഇക്കോ ടൂറിസം നിയമാനുസൃതം നടത്തണമെന്നും കേന്ദ്ര സർക്കാറിന്‍റെ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നും അനിയന്ത്രിത ടൂറിസം അവസാനിപ്പിക്കണമെന്നുമുള്ള വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിരന്തരാവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് സമിതിയുടെ റിട്ട് ഹരജിയിൽ സൗത്ത്​ വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അഞ്ച് സഞ്ചാരകേന്ദ്രങ്ങൾ കേരള ഹൈകോടതി സ്​റ്റേ ചെയ്തിരിക്കുകയാണിപ്പോൾ.

അമൂല്യമായ ഗുഹാചുമർചിത്രങ്ങൾ കൊണ്ട് ലോക പ്രശസ്തമായ എടക്കൽ ഗുഹയിൽ ഇപ്പോൾ പ്രതിദിനം മൂവായിരം സന്ദർശകർ വരെയെത്തുന്നുണ്ട് . ഇവിടെയും പൂക്കോട് താകത്തിലും മറ്റും ടൂറിസം നടത്തുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ്. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന 20 ഓളം സെൻ്റ് സ്ഥലം മാത്രമെ ഇപ്പോൾ സർക്കാർ കൈവശമുള്ളു. ചുറ്റും അനധികൃത റിസോർട്ടുകൾ നിറഞ്ഞു കഴിഞ്ഞു. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകൾ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ മുഴുവൻ ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അധീനപ്പെടുത്തി പട്ടയം സമ്പാദിച്ചു കഴിഞ്ഞു. തലങ്ങും വിലങ്ങും റോഡുകൾ വെട്ടിക്കഴിഞ്ഞു. അനതിവിദൂര ഭാവിയിൽ എടക്കൽ ചരിത്ര പൈതൃകം നാമാവശേഷമാകും.

അതിമനോഹരമായ നീലക്കുന്നുകൾക്കിടയിൽ ഒരു മരതക രത്നം കണക്കെ ചേതോഹരമായിരുന്നു പൂക്കോട് തടാകം. ഫിഷറീസ് വകുപ്പിന്‍റെ കൈയിൽ നിന്നും DTPC അവിഹിതമായി പിടിച്ചടക്കിയതാണ് തടാകവും പരിസരവും. ചാരുതയാർന്ന, മനസ്സിനെ കുളിർപ്പിക്കുന്ന, തടാകവും പരിസരവും മലീമസവും ഓക്കാനം വരുത്തുന്നതുമാണിപ്പോൾ. തടാകക്കരയിൽ നിരവധി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ചുറ്റുമുള്ള കുന്നുകളിൽ സർക്കാർ തന്നെ വിവേകരഹിതമായി ഭൂവിനിയോഗവും നിർമ്മിതികളും നടത്തുന്നു. തടാകത്തെക്കുറിച്ച് പഠനം നടത്തിയ CWRDMന്‍റെയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെയും രണ്ടു വിദഗ്ദ പoനങ്ങൾ തടാകം മരിച്ചു കൊണ്ടിരിക്കയാണെന്ന് വ്യക്തമാക്കിയിട്ടും ഒരു വിദഗ്ധ സമിതിയെ നിശ്ചയിക്കാനുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം ഇതുവരെ ഉത്തരവാദപ്പെട്ടവർ അംഗീകരിച്ചിട്ടില്ല.


ആദിമ ഗോത്രവർഗങ്ങളുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥകൾ ബാഹ്യ ഇടപെടൽ കൂടാതെ അഭംഗം നിലനിൽക്കണമെന്ന തത്വം അന്താരാഷ്​ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ആൻഡമാനിലെ ഗ്രേറ്റ് ട്രങ്ക് റോഡിൽ സുപ്രീം കോടതി ഗതാഗതം നിരോധിച്ചത്​ അവിടുത്തെ ജാറവകൾ എന്ന ഗോത്ര സമൂഹത്തെ സംരക്ഷിക്കാനാണ്. ലക്ഷദ്വീപിൽ ഇപ്പോഴും ടൂറിസ്റ്റുകൾക്ക് താമസിക്കാൻ അനുവാദമില്ല . ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ പ്രശസ്തമായ ഭരത്പൂർ പക്ഷിസങ്കേതത്തിലെ ITDC ഹോട്ടൽ അടച്ചു പൂട്ടി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത് ചരിത്ര വസ്തുതയാണ്. ടൂറിസത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഒരേ നുകത്തിൽ കെട്ടാൻ പറ്റില്ലെന്ന് മഹാനായ പക്ഷിശാസ്ത്രജ്ഞൻ പ്രഫ. നീലകണ്ഠൻ വളരെ മുൻപു തന്നെ ഒരു പ്രവാചകനെന്ന പോലെ താക്കീതു നൽകിയിട്ടുണ്ട്.

ടൂറിസം മാലിന്യരഹിതമായ വ്യവസായമാണെന്ന് അതിന്‍റെ വക്താക്കൾ പ്രഘോഷിക്കാറുണ്ട്. അത് വെള്ളം, മണ്ണ്, കടൽ, ആകാശം, മലകൾ തുടങ്ങിയ സമസ്തവും മലിനമാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നു മാത്രമല്ല , മറ്റുള്ള വ്യവസായത്തിൽ നിന്നും ഭിന്നമായി സംസ്കാരത്തെയും ടൂറിസം വ്യവസായം മലീമസമാക്കും. നാം വിശുദ്ധമെന്നും സനാതനമെന്നും കരുതുന്ന ഒരു മൂല്യത്തെയും അത് മാനിക്കുന്നില്ല. സദാചാരത്തെയടക്കം.

ടൂറിസത്തിന്‍റെ അഴിഞ്ഞാട്ടത്തിൽ വലഞ്ഞ്​ ആദിമനിവാസികൾ

വയനാട്ടിൽ സർക്കാർ തന്നെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഘട്ടത്തിൽ ആദിമനിവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളും വന്യജീവി ആവാസവ്യവസ്ഥകളും ഒഴിവാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ അപേക്ഷിച്ചിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. കുറുവ ദ്വീപുകൾക്കു ചുറ്റും മുള്ളുക്കുറുമ വിഭാഗക്കാർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ്. സ്വച്ഛവും ശാന്തവുമായ ഗോത്ര ജീവിതത്തിലേക്കാണ് ടൂറിസം കടന്നു വരുന്നത്. പുഴയിൽ കുളിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ല. പല പ്രാവശ്യം ടൂറിസ്റ്റുകളുമായി സംഘട്ടനം നടന്നിട്ടുണ്ട്. ടൂറിസം വരുകയും പൂക്കോട് തടാകം വേലി കെട്ടി ഭദ്രമാക്കുകയും ചെയ്യുന്നതിന്​ മുമ്പ്​ പരമ്പരാഗതമായി കുളിക്കാനും കന്നുകാലികളെ കഴുകാനും അവകാശമുണ്ടായിരുന്ന നൂറിലധികം കർഷകർക്ക് അത് നിഷേധിക്കപ്പെട്ടു.

ഏതാനും വർഷം മുമ്പ്​ ഒരു വൈകുന്നേരം ദേശീയ പാതയോരത്തെ പൊൻകുഴി ക്ഷേത്രത്തിനു മുന്നിലെ പണിയ കോളണിയിൽ വയനാട് DTPCയുടെ ബസ്സിൽ കുറെ സന്ദർശകരെത്തി. വിദേശികളായിരുന്നു ഭൂരിഭാഗവും. കൂടെയുണ്ടായിരുന്ന ഗൈഡ് ഊരുമൂപ്പനെ കണ്ട് ചിലതൊക്കെ ശട്ടം കെട്ടിയ ശേഷം വൈകീട്ട് വരാമെന്നു പറഞ്ഞു. വൈകുന്നേരം വിദേശികളടങ്ങിയ സംഘം വന്നു. വിദേശമദ്യവും പാകം ചെയ്ത കോഴിയിറച്ചിയും കപ്പയുമുണ്ടായിരുന്നു. മിക്കവരും മദ്യപിച്ച് പാട്ടും നൃത്തവും തുടങ്ങി. കോളനിയിലെ ചെറുപ്പക്കാർ വനത്തിൽ കുറെ ദൂരെ പണിക്കു പോയതായിരുന്നു. ഇരുട്ടിയെത്തിയ അവർ കോളനിയിലെ മദ്യ നൃത്തം കണ്ട് അമ്പരന്നു. അവർ ചോദ്യം ചെയ്തു. ബഹളമുണ്ടാക്കി. ക്ഷുഭിതനായ DTPC ഗൈഡ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടു. പൊലീസ് യുവാക്കളെ സ്റ്റേഷനിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. രാജ്യത്തിന്‍റെ അതിഥികളായ സായിപ്പൻമാരെ ബുദ്ധിമുട്ടിച്ചതിന്​ കേസ്സെടുക്കുമെന്ന് പറഞ്ഞു. അവസാനം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് യുവാക്കൾ മോചിതരായത്.

വയനാട് വന്യജീവി കേന്ദ്രത്തിലെ മുത്തങ്ങ ഫോറസ്റ്റ്​ റെയിഞ്ചിലെ ഉൾക്കാട്ടിലാണ് കുമിഴി-ചുക്കാലി എന്നീ കൊച്ചുഗ്രാമങ്ങൾ. 20 വയനാടൻ ചെട്ടി സമുദായക്കാരും 130 കാട്ടുനായക്ക-പണിയ പ്രാക്തന ഗോത്രക്കാരും താമസിക്കുന്ന ഈ ചെറു ഗ്രാമത്തിൽ 13 അനധികൃത ഹോം സ്​റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. വന്യജീവി കേന്ദ്രത്തിലൂടെയുള്ള ഏക റോഡ് റിസർവ്​ നോട്ടിഫിക്കേഷൻ പ്രകാരം ഗ്രാമവാസികൾക്കും വനംവകുപ്പിനും മാത്രം ഉപയോഗിക്കാൻ അവകാശമുള്ളതാണ്. കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പക്ഷേ റിസോർട്ടുകൾ രാപ്പകൽ ഉപയോഗിക്കുന്നു.

ബന്ധിപ്പൂർ-മുതൂമലൈ-വയനാട് വന്യജീവി കേന്ദ്രത്തിന്‍റെ സംഘം കേന്ദ്രത്തിൽ വനമധ്യത്തിലൂടെ ഒഴുകുന്ന നൂൽപ്പുഴയുടെ ഓരത്താണ് ഈ ഗ്രാമം. വനത്തിന്‍റെയും ചുക്കാലിക്കുനി കാട്ടുനായക്കകോളനിയുടെയും തൊട്ടടുത്താണ് മൂന്നു റിസോർട്ടുകൾ. 5 അടി ഉയരമുള്ള ഒരു മതിലിന്‍റെ അകലം മാത്രം. മിക്ക ദിവസങ്ങളിലും നേരം പുലരുന്നതുവരെ ബഹളവും പാട്ടും നൃത്തവുമാണെന്നും കുട്ടികൾ ഉറങ്ങാതെ ഞെട്ടിയുണരുന്നുവെന്നും കാട്ടുനായ്ക്ക സ്ത്രീകൾ പരാതിപ്പെടുന്നു. പകൽ റോഡിലൂടെ സ്ത്രീകൾക്ക് സഞ്ചരിക്കാൻ വയ്യ. കാട്ടിലും കോളനിക്കുള്ളിലും സഞ്ചാരികൾ വിഹരിക്കുന്നു. ആനക്കൂട്ടങ്ങളെയും മാൻ കൂട്ടങ്ങളെയും വിരട്ടുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. പുഴയിൽ കുളിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നു. ഫോട്ടോ എടുക്കുന്നു. പുഴയരികിൽ കൂട്ടം കൂടി മദ്യപിക്കുന്നു. ആദിവാസികൾക്ക് മദ്യം വിൽക്കുന്നുമുണ്ട്. ടൂറിസത്തിന്‍റെ അഴിഞ്ഞാട്ടമാണ് കുമിഴിയിൽ.


മറ്റൊരു കോളനിയുടെയും വനത്തിന്‍റെയും അരികിൽ പുതിയ റിസോർട്ട് പണി തീർന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക നേതാക്കൾ ആദിവാസി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. റിസോർട്ടുടമകൾക്ക് വേണ്ടി എന്തും ചെയ്യാൻ ആദിവാസിയായ പഞ്ചായത്ത് മെമ്പറും പാർട്ടി നേതാക്കളും സദാ തയ്യാറായി നിൽപ്പുണ്ട്. മൂന്നു വർഷം മുമ്പ് റിസോർട്ടിൽ ജോലിക്കു പോയ കാട്ടുനായ്ക്ക യുവതി രാത്രിയായിട്ടും വീട്ടിൽ വന്നില്ല. നേരം പുലർച്ചെ റിസോർട്ടു ജീവനക്കാർ സ്ത്രീയെ വീടിന്‍റെ വരാന്തയിൽ കിടത്തി സ്ഥലം വിട്ടു. യുവതി അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. രഹസ്യ ഭാഗങ്ങളിൽ നിന്നും ചോര വാർന്നിരുന്നു. വൈകുന്നേരത്തോടെ യുവതി മരിച്ചു. ഭർത്താവ് മണി പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസ്​ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് തേച്ചു മാച്ചുകളയുകയാണുണ്ടായത്​. നൂൽപ്പുഴ വേനൽക്കാലത്തും ഒഴുകുന്നതിനാൽ കാട്ടുപോത്തിൻ കൂട്ടവും ആനക്കൂട്ടവും കരടിയും കടുവയും പകൽ പോലും വിഹരിക്കുന്നതാണ് റിസോർട്ടുകാർ കച്ചവടം ചെയ്യുന്നത്. ചുക്കാലിക്കൂനി ഗ്രാമങ്ങളുടെ അവസ്ഥ തന്നെയാണ് ഒട്ടുമിക്ക വനഗ്രാമങ്ങളിലും.

പശ്ചിമഘട്ടമലകളുടെ ചരിവിലെ നിഗൂഢവും നിബിഢവും ദുർഗമമവുമായ വനാതിരുകളിൽ കുമിൾ പോലെ റിസോർട്ടുകൾ മുളച്ചുപൊന്തിയിട്ടുണ്ട്. വെള്ളരിമല -ചേമ്പ്രാ പീക്ക് -എളമ്പിലേരിമല ക്യാമൽ ഹംപ് മലനിരകളുടെ ചരിവിൽ 300ലധികം അനധികൃത റിസോർട്ടുകൾ യഥേഷ്​ടം പ്രവർത്തിക്കുന്നു. വൈത്തിരി-മേപ്പാടി പഞ്ചായത്തുകളിലാണിവ പ്രവർത്തിക്കുന്നത്. നവ മാധ്യമങ്ങളിലൂടെയാണ് പരസ്യം. യുവാക്കൾ ഈയാംപാറ്റകൾ പോലെ ഇവിടേക്ക് ആകർഷിക്കപ്പെടുന്നു. ഫയർ ആൻഡ്​ റസ്ക്യൂ, പൊലീസ്, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഫോറസ്റ്റ്​ എന്നിവയുടെ അനുമതിയില്ലാതെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയാണ് കടിഞ്ഞാൺ പിടിക്കുന്നത്​. കോടികളുടെ വരുമാന നഷ്​ടമുണ്ടെങ്കിലും പഞ്ചായത്ത് അനങ്ങില്ല. മേപ്പാടി പഞ്ചായത്തിലെ രണ്ടു ഗ്ലാസ്സ് ബ്രിഡ്ജുകളിൽ പ്രതിദിനം പത്ത് ലക്ഷത്തിലധികം വരുമാനമുണ്ടെങ്കിലും വിനോദ നികുതി പോലും ഈടാക്കുന്നില്ല.

ഇത്തരം റിസോർട്ടുകൾ വനത്തിന്‍റെ ഓരത്താണെങ്കിലും വനംവകുപ്പിന്​ യാതൊരു നിയന്ത്രണവുമില്ല. അവർ നിസ്സഹായരാണ്. പുതിയ ട്രന്‍റാണ് ടെൻറ് ടൂറിസവും ട്രീ ഹട്ടുകളും. ആനത്താരകളിലാണ് അവയിൽ മിക്കതും. ഇവിടെ ഇത്രയൊക്കെ മരണമല്ലേ ഉണ്ടാകുന്നുള്ളുവല്ലൊ എന്നതാണ് അത്ഭുതം. ഈയിടെ എളമ്പിലേരി മലയടിവാരത്തിലെ ആനത്താരയിലെ ടെന്‍റിൽ അധ്യാപിക ആനയുടെ അടിയേറ്റ് മരണപ്പെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം ചില പൊടിക്കൈകൾ പ്രയോഗിച്ചതല്ലാതെ ഗൗരവമായി ഇടപെട്ടിട്ടില്ല. റിസോർട്ടുടമകൾക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ്​ ചേർത്താണ് പൊലീസ് കേസ്​ റജിസ്റ്റർ ചെയ്തത്.


വേണം കൃഷി പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസം

വയനാടിനെ പൂർണമായും ടൂറിസം മുക്തമാക്കണമെന്ന നിർദേശം പരിസ്ഥിതി പ്രവർത്തകരോ മറ്റാരെങ്കിലുമൊ ഉന്നയിയിച്ചിട്ടില്ല. അത് അപ്രായോഗികവുമാണ്. എന്നാൽ ഇന്നത്തെ അരാജകാവസ്ഥക്കു മാറ്റമുണ്ടായേ തീരൂ. വയനാട്ടിലെ 8 ലക്ഷം വരുന്ന മനുഷ്യരുടെ ഉപജീവനോപാധിയാണ് കൃഷി. ടൂറിസം ഒരിക്കലും കൃഷിക്ക്​ പകരമാകില്ല. ടൂറിസം മേഖല വിരലിലെണ്ണാവുന്നവർക്കേ തൊഴിൽ നൽകുന്നുള്ളു. വയനാടിന്‍റെ സമ്പദ്ഘടനയിൽ ടൂറിസത്തിന് പറയത്തക്ക പങ്കൊന്നും ഇല്ലെന്നതാണ് വസ്തുത. മൊത്തം വാർഷിക വരുമാനത്തിൽ ഒരു ശതമാനത്തിൽ താഴെയേ അതു വരൂ. എന്നാൽ കുറച്ചു കാലങ്ങളായി സർക്കാർ ടൂറിസം വികസനത്തിനാണ് മുന്തിയ പരിഗണന നൽകുന്നത്. വയനാട്ടിൽ ചിലവഴിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ടിൽ നല്ലൊരു പങ്കും ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാൻ വേണ്ടിയാണ്. വൻ സാമ്പത്തിക ക്രമക്കേടുകളാണ് ടൂറിസം രംഗത്ത് കൊടികുത്തി വാഴുന്നത്.

ടൂറിസത്തെ കർക്കശമായ നിയന്ത്രണത്തോടെ കൃഷിയുമായി ബന്ധിപ്പിക്കണം. കൃഷി പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസമാണ് വളർന്നു വരേണ്ടത്. ഓരോ കേന്ദ്രത്തിന്‍റെയും വാഹകശേഷി ശാസ്ത്രീയമായി നിർണയിക്കപ്പെടണം. ആദിമ ഗോത്ര ജനതയുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥകൾ പൂർണമായും ടൂറിസം മുക്തമാക്കണം. വനത്തിന്‍റെയും വന്യജീവികളുടെയും സംരക്ഷണ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉതകത്തക്കവിധം ഇക്കോ ടൂറിസം പുനഃസംവിധാനം ചെയ്യണം. അതും കർക്കശമായ നിയന്ത്രണത്തോടെ. അതൊരിക്കലും നിലനിൽക്കുന്ന മനുഷ്യ-വന്യ ജീവി സംഘർഷം വർധിപ്പിക്കാൻ കാരണമാകരുത്.

ഇന്നത്തെ അവസ്ഥ തുടർന്നാൽ ടൂറിസം ടൂറിസത്തെ തന്നെ വിഴുങ്ങുകയും ഉന്മൂലനം ചെയ്യുകയും ചെയ്യും. സർക്കാറുകൾക്കും ടൂറിസം സംരംഭകർക്കും അതൊരു പ്രശ്നമേയല്ല. അവർ പുതിയ ഇടങ്ങൾ കണ്ടെത്തിയേക്കും. എന്നാൽ വയനാടിന്‍റെ തദ്ദേശീയ ഗോത്ര ജനതയടക്കമുള്ള വയനാട്ടുകാർക്ക് ഭൂമിയിൽ മറ്റൊരു ഇടമില്ലല്ലൊ?

(വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad tourism
News Summary - Eco-terrorism will destroy Wayanad soon
Next Story