ആശങ്കയാവാതെ പോകുന്ന മുങ്ങിമരണങ്ങൾ
text_fieldsമറ്റ് അപകടങ്ങളും രോഗങ്ങളും തുടർച്ചയായി ചര്‍ച്ചയാവുന്ന മലയാളികള്‍ക്കിടയില്‍ മുങ്ങിമരണങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ദുരന്തങ്ങളാണ്. സർക്കാർ കണക്ക് പ്രകാരം 2016ൽ 1649 പേർ സംസ്ഥാനത്ത് വെള്ളത്തിൽ മുങ്ങിമരിച്ചു. ഇതേവർഷം പേവിഷബാധയേറ്റ് രണ്ടുപേരാണ് മരിച്ചത്. 128 കൊലപാതകക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. പേവിഷബാധയും കൊലപാതകങ്ങളും ഇവിടെ ചർച്ചയാവാറുണ്ട്. കാരണം, അതുണ്ടാക്കുന്ന ഭയം തന്നെ. ഇതിനേക്കാൾ എത്രയോ മടങ്ങ് പേരാണ് വെള്ളത്തിൽ മുങ്ങിമരിക്കുന്നത്. വികസിതരാജ്യങ്ങൾ വളരെ ഗൗരവത്തോടെയാണ് ഈ വിഷയം നോക്കിക്കാണുന്നതും പരിഹരിക്കുന്നതും.
നീന്തല്‍ പരിശീലനം പരിഹാരമോ?
ആഗോളതലത്തിൽ കഴിഞ്ഞവര്‍ഷം മാത്രം 3,72,000ത്തിലധികം മനുഷ്യ ജീവനുകളാണ് വെള്ളത്തില്‍ പൊലിഞ്ഞത്. ഇതില്‍ 96 ശതമാനവും ദരിദ്ര-വികസ്വര രാജ്യങ്ങളിലുള്ളവരാണ്. ഭീകരമായി തുടരുന്ന ഈ ആപത്തിനെ തടയാന്‍ നീന്തല്‍ പരിശീലനത്തെ മാത്രം ആശ്രയിക്കുന്നത് ആശാസ്യകരമായിരിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ അഭിപ്രായം. കഴിഞ്ഞവര്‍ഷം 30,000ത്തോളം ആളുകള്‍ മുങ്ങിമരിച്ച ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന് (255), ജർമനി (500), സിംഗപ്പൂര്‍ (10), ആസ്ട്രേലിയ (291) എന്നീ വികസിതരാജ്യങ്ങള്‍ അവലംബിക്കുന്ന ശാസ്ത്രീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്ന് കാണാം.
മുങ്ങിമരണങ്ങളുടെ എപ്പിഡമോളജിയുടെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളെ രണ്ടുതരത്തിൽ വിഭജിച്ചിരിക്കുന്നു. ബ്രിട്ടൻ, ജർമനി, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ വികസിതരാജ്യങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ഏറിയപങ്കും മനുഷ്യനിർമിതങ്ങളായ ബാത്ത്ഡബ്, സ്വിമ്മിങ് പൂൾ, സ്പാ, ടോയ്ലറ്റ്, ബക്കറ്റ്, മറ്റ് കൃത്രിമ ജലാശയങ്ങള്‍ എന്നിവിടങ്ങളിലാണ് സംഭവിക്കുന്നത്. അപകടങ്ങളില്‍ മിക്കതും വിനോദ-സാഹസിക പരിപാടികള്‍ക്കിടയിലാണ്. ലഹരിയുപയോഗവും സാധ്യത വർധിപ്പിക്കുന്നു. തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം, ചൈന, ബംഗ്ലാദേശ് പോലുള്ള വികസ്വര രാജ്യങ്ങളില്‍ കണ്ടുവരുന്നതാണ് രണ്ടാമത്തെ പാറ്റേൺ. പ്രകൃതിദത്തമായ കുളങ്ങൾ, തടാകങ്ങള്‍, കുണ്ടുകൾ, നീരുറവകള്‍, പുഴകള്‍, കായലുകള്‍ എന്നിങ്ങനെ ജീവിതവുമായി ചേർന്നുനില്‍ക്കുന്ന ജലാശയങ്ങളിലാണ് ഒട്ടുമിക്ക അപകടങ്ങളും സംഭവിക്കുന്നത്. ഈ രണ്ടുവിഭാഗം രാജ്യങ്ങളിലും സംഭവിക്കുന്ന അപകടങ്ങള്‍ തികച്ചും വ്യത്യസ്തമായതുകൊണ്ടുതന്നെ നേരിടാനുള്ള പ്രതിരോധമാർഗങ്ങളും വ്യത്യസ്തമാണ്.
ആദ്യവിഭാഗം രാജ്യങ്ങളിലെ എല്ലാ ജലാശയങ്ങളും പൂർണമായും സുരക്ഷിതമാക്കിവെക്കാന്‍ ഊന്നല്‍ നല്കുമ്പോള്, രണ്ടാമത്തെ വിഭാഗം രാജ്യങ്ങളില്‍ പരമാവധി ജനങ്ങള്‍ക്കും പ്രായഭേദമന്യേ നീന്തല്‍ പരിശീലനം നൽകുന്നതിനാണ് പ്രാമുഖ്യം. ഒാരോ പ്രദേശത്തും താമസിക്കുന്നവരില്‍ അപകടസാധ്യത ഉള്ളവരെയും അപകടകരമായ ജലാശയങ്ങളെയും തിരിച്ചറിയാനും സവിശേഷതകള്‍ മനസ്സിലാക്കാനും മുന്‍ അപകടങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ചുള്ള ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ മാത്രമേ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ വികസിത രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടില്‍ ഇത്തരം കാര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പൊതു ഇടങ്ങളിൽ ലഭ്യമല്ല.
ഉയര്‍ന്ന അപകട നിരക്ക് കേരളത്തില്‍
കേരളത്തിൽ ഒാരോ വര്‍ഷവും 1500 നും 2000ത്തിനും ഇടയിൽ പേര് മുങ്ങി മരിക്കുന്നുവെന്നാണ് കണക്ക്. വികസിത രാജ്യങ്ങളിലെ മുങ്ങിമരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ അവിശ്വസനീയമാണിത്. ഒരു സംസ്ഥാനത്ത് മാത്രമാണ് ഇത്രയും കൂടുതൽ മരണങ്ങൾ. സങ്കീർണവും അപൂർവങ്ങളുമായ രോഗങ്ങളെപ്പോലും നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന നൂതനമായ സംവിധാനങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന സംസ്ഥാനമാണല്ലോ കേരളം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇത്രയധികം മരണങ്ങള് ചര്‍ച്ചയാവാതെ പോവുന്നത് എന്തുകൊണ്ടായിരിക്കും? 17 മരണങ്ങളുമായി നിപ ഉണ്ടാക്കിയ ഭയവുമായി തട്ടിച്ചുനോക്കുമ്പോള്‍ പൊതുമണ്ഡലത്തില്‍ ഇത്രയേറെ മരണങ്ങള് ഉണ്ടാക്കുന്ന ഭീതി നിസ്സാരമാണ്.
മുങ്ങിമരണങ്ങള്‍ കുറക്കാന്‍ നീന്തല്‍ പരിശീലനത്തിനുള്ള പങ്കിനെക്കുറിച്ചുള്ള വിദേശരാജ്യങ്ങളിലെ പഠന റിപ്പോര്‍ട്ടുകള്‍ പരസ്പര വിരുദ്ധമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് നമ്മുടേതായ ശാസ്ത്രീയ പഠനങ്ങള്‍ വേണം. വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെട്ടവരെയും മരിച്ചവരെയും എത്തിക്കുന്ന ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിെൻറ വിവരങ്ങള്‍ നല്കാന് കഴിയും.
ഇത്തരം പഠനങ്ങള്‍ക്ക് പ്രധാനമായും മൂന്ന് സ്രോതസ്സുകളാണ് ഉള്ളത്. ആശുപത്രി രേഖകള്‍, പൊതുജനങ്ങളില്‍ നിന്നുള്ള വിവരശേഖരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയാണിവ. മലബാര്‍ മേഖലയില്‍ അടുത്തിടെ നടന്ന രണ്ട് പഠനങ്ങളില്‍നിന്നും ഈ വിഷയത്തിലേക്ക് വെളിച്ചംവീശുന്ന ചില കണ്ടെത്തലുകളുണ്ട്. ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 33 രോഗികളില്‍ (മലബാറിലെ ഒരു മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍) നിന്നുള്ളതാണ് ആദ്യത്തേത്. മറ്റ് പല പഠനങ്ങളിലേതെന്നതുപോലെ ഇവരില്‍ ഭൂരിഭാഗവും പുരുഷന്മാരും (22) കുട്ടികളുമായിരുന്നു (23). ഇതില്‍ മരിച്ച അഞ്ചുപേരില്‍ നാലുപേര്‍ കുട്ടികളായിരുന്നു. മഴക്കാലത്ത് അപകടകരമാംവിധം കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് ആശുപത്രിയിലെത്തിച്ച രണ്ടുവയസ്സ് മാത്രമുള്ള കുഞ്ഞായിരുന്നു അതിലൊന്ന്. സ്വന്തം വീട്ടിലെ തൊടിയിലെ കിണറ്റില്‍ വീണ് മരിച്ചവരാണ് രണ്ട് കുട്ടികള്‍. മറ്റ് രണ്ട് കുട്ടികൾ മരിച്ചത് കുളത്തിൽ വീണാണ്.
പ്രതീക്ഷിക്കുന്നപോലെ സുരക്ഷിതമല്ല നമ്മുടെ നാട്ടിലെ കുളങ്ങള്‍. 33 പേരില്‍ കൂടുതല്‍ പേര് (13) കുളത്തിലാണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍ മുങ്ങിപ്പോയത് 10 പേരാണ്. വിശാലമായ കടൽത്തീരമുള്ള കോഴിക്കോട്ടുനിന്ന് കടലിൽ മുങ്ങി ഒരാൾ മാത്രമാണ് ഈ ആശുപത്രിയില്‍ എത്തിയത്. സമീപപ്രദേശങ്ങളില്‍ നിരവധി പുഴകളുണ്ടെങ്കിലും അതില്‍ മുങ്ങി അപകടത്തില്‍പ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. കുട്ടികളില്‍ നാലുപേർ മുങ്ങിപ്പോയത് സ്വന്തം വീടുകളിലെ ബക്കറ്റുകളിലായിരുന്നു. കുളത്തില്‍ അപകടത്തില്‍പ്പെട്ട 13 പേരില്‍ അഞ്ചുപേര്‍ മുങ്ങിയത് നീന്തല്‍ പഠിക്കുമ്പോഴായിരുന്നു. മറ്റ് ഏഴുപേര്‍ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാണ്. ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ കുളത്തിലേക്ക് ചാടിയാണ് അപകടത്തില്‍പ്പെട്ടത്. നീന്തല്‍ പഠിക്കുമ്പോഴാണ് പുഴയിലും അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍ മരത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. മദ്യലഹരി അപകടത്തിന് കാരണമായതായി തുറന്നുപറഞ്ഞത് മൂന്നുപേരാണ്.
മുങ്ങിമരണ റിസ്ക് കൂട്ടുന്ന രോഗമാണ് അപസ്മാരം. മുമ്പ് അപസ്മാരം ഉണ്ടായിരുന്നത് അഞ്ചുപേര്‍ക്കാണ്. മൂന്നുപേര്‍ ഉയരത്തില്‍നിന്ന് വെള്ളത്തിലേക്ക് വീണ് മുങ്ങിപ്പോവുകയുണ്ടായി. രണ്ട് കുട്ടികള്‍ അമ്മമാരുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ കിണറ്റിലേക്ക് വീണു പോയതായിരുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 18 പേര്‍ക്ക് വെൻറിലേറ്ററിെൻറ സഹായം വേണ്ടിവന്നു. ഇത് ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള ഒരുവര്‍ഷത്തെ ചിത്രമാണ്.
മലബാറിലെ അഞ്ച് സ്കൂളുകളില്‍ അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ള 8433 കുട്ടികളിൽ നടത്തിയ പഠനം രണ്ട് മെഡിക്കല്‍ ജേണലുകളില്‍ ഈ വര്‍ഷം ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ടു. നമ്മുടെ നാട്ടിലെ മുങ്ങിമരണങ്ങളുടെ നിരക്ക്, റിസ്ക് ഘടകങ്ങള്‍, സ്വിമ്മിങ് സ്കില്‍, അപകടകരമായ ജലാശയങ്ങള്‍, നിലവിലുള്ള സുരക്ഷാസംവിധാനം എന്നിവ സംബന്ധിച്ച വിവര ശേഖരണമായിരുന്നു അധ്യാപകരുടെ സഹായത്തോടെ നടത്തിയ പ്രസ്തുത സർവേയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.
8433 കുട്ടികളെ ഇൻറര്‍വ്യൂ ചെയ്തതില്‍ നീന്തല്‍ അറിയാമെന്ന് അവകാശപ്പെട്ടത് 13 ശതമാനം (1094) കുട്ടികള്‍ മാത്രമാണെന്നതായിരുന്നു ഒരു പ്രധാന നിരീക്ഷണം. ബഹുഭൂരിപക്ഷം (7339) കുട്ടികളും പറഞ്ഞത് തങ്ങൾക്ക് നീന്തല്‍ അറിയില്ലെന്നാണ്. ഈ കുട്ടികളില്‍ 2.3 ശതമാനം (171) കുട്ടികള്‍ക്ക് വെള്ളത്തില്‍ മുങ്ങിപ്പോയ അനുഭവം ഉണ്ടായിരുന്നു. എന്നാല്‍, നീന്തലറിയാമെന്ന് അവകാശപ്പെട്ട 1094 കുട്ടികളില്‍ 137 കുട്ടികള്‍ക്ക് (12.5 ശതമാനം) മുങ്ങിപ്പോയ അനുഭവമുണ്ടായിരുന്നു. ആകെ 342 കുട്ടികള്‍ക്കാണ് വെള്ളത്തില്‍ മുങ്ങിയ അനുഭവമുണ്ടായതെങ്കില്‍ അതില്‍ 10 ശതമാനം കുട്ടികള്‍ (350) നീന്തല്‍ പഠിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
മറ്റ് പല റിപ്പോര്‍ട്ടുകൾപോലെ പ്രസ്തുത പഠനത്തിലും 10നും 12നും ഇടയിലുള്ള കുട്ടികളായിരുന്നു മുങ്ങിപ്പോയവരില് ഏറെയും (41 ശതമാനം). പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളായിരുന്നു (73 ശതമാനം) അപകടത്തില്‍പ്പെട്ടത്. 48 ശതമാനം കുട്ടികള്‍ ജലാശയത്തില്‍ നീന്തിക്കളിക്കുമ്പോഴായിരുന്നു മുങ്ങിയത്. പ്രതീക്ഷിച്ചതുപോലെ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ അപകടം വരുത്തിവെച്ചത് കുണ്ടുകളും കുളങ്ങളും (38 ശതമാനം) പുഴകളും (24 ശതമാനം) തന്നെയാണ്. സ്വിമ്മിങ് പൂളില്‍ മുങ്ങിയത് 18 ശതമാനം പേരാണ്. അപകടമുണ്ടായ ഒട്ടുമിക്ക ഇടങ്ങളിലും (88 ശതമാനം) സ്ഥലങ്ങളിലും സുരക്ഷ മുന്‍കരുതലുകളോ അപകടങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതുപോലെ 85 ശതമാനം ഇടങ്ങളിലും മുതിര്‍ന്നവരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരാണ് മിക്കവരെയും രക്ഷിച്ചത്. അപകടസ്ഥലത്തിനടുത്ത് ഇവരൊക്കെ ഉണ്ടായിരുന്നിട്ടും കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയെന്ന വസ്തുത, ഇവരെ തൊട്ടടുത്തുനിന്നുതന്നെ നിരീക്ഷിക്കണമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന് അടിവരയിടുന്നു.
മധ്യവേനല്‍ അവധി വില്ലനാവുന്നു
കൂടുതല്‍ അപകടങ്ങള്‍ പ്രതീക്ഷിച്ചത് മഴക്കാലത്തായിരുന്നുവെങ്കിലും അപകടം സംഭവിച്ചത് മധ്യവേനല്‍ അവധിക്കാലത്താണ്. അപ്പോഴാണ് കുട്ടികള്‍ സാഹസികതക്കും വിനോദത്തിനുമായി കൂട്ടുകാരുമായി അപകടകരമായ ജലാശയങ്ങളില്‍ പോകുന്നത്. നീണ്ട കടൽത്തീരമുണ്ടായിട്ടും അവിടെ അപകടത്തില്‍പ്പെട്ടത് 15 കുട്ടികള്‍ മാത്രമാണ്. കിണറ്റില്‍ വീണ അനുഭവം പങ്കുവെച്ചത് കേവലം രണ്ട് കുട്ടികള്‍ മാത്രമാണ്. ഇത്തരം അപകടങ്ങള്‍ താരതമ്യേന ഗുരുതരമാകുന്നതുകൊണ്ടാവാം സാധാരണ സ്കൂളുകളിലെ കുട്ടികളിൽ നടന്ന പഠനങ്ങളില്‍ ഏറെ അത്തരം കുട്ടികളെ കാണാതിരുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും പതിവായി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളിലും അപകടങ്ങള്‍ പതിവാണെങ്കിലും മിക്കയിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുമില്ല. ലൈഫ് ജാക്കറ്റ്, റോപ്, പോള്‍ തുടങ്ങിയ രക്ഷാസംവിധാനമോ ഫോണോ ഒന്നുമില്ല. ഓട്ടോമാറ്റഡ് എക്സ്റ്റേണല്‍ ഡീഫ് സിബ്രിലേറ്റര് (AED) എന്നിവയും അപൂര്‍വമായിരിക്കും. അപകടങ്ങളെക്കുറിച്ച് അറിയുന്നതുകൊണ്ടാവില്ല, മറിച്ച് തങ്ങൾക്ക് നീന്തലറിയില്ലെന്ന ‘ബോധ്യം’ കൊണ്ടാവും മിക്ക കുട്ടികളും ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാത്തത്. നീന്തല്‍ ഭാഗികമായി അറിയാവുന്ന കുട്ടികള്‍ക്ക് ഈ ‘ബോധ്യം’ നഷ്ടപ്പെടുന്നതുകൊണ്ടാവാം അവര്‍ക്ക് നീന്തലറിയാത്ത കുട്ടികളേക്കാള്‍ മുങ്ങാനുള്ള റിസ്ക് കൂടുന്നത്. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് കുട്ടികള്‍ നീന്തല്‍ പഠിക്കുകയേ വേണ്ടെന്നല്ല, മറിച്ച് സമഗ്രവും ശാസ്ത്രീയവുമായ നീന്തൽ പരിശീലനം നേടണമെന്നാണ്. വേലിക്കെട്ടുകളില്ലാത്ത വലിയ ലോകത്തേക്ക് പറക്കേണ്ടിവന്നാല് പറക്കേണ്ട അവര്‍ക്ക് കൊടുക്കേണ്ട ശരിയായ ഉപദേശം നീന്തല്‍ പഠിക്കണം എന്നുതന്നെയാണ്.
വെള്ളത്തിലിറങ്ങുന്ന കുട്ടികൾക്ക്, സമീപത്തുനിന്ന് പരിശീലനം ലഭിച്ച മുതിര്‍ന്നവരുടെ നിരന്തരമായ നിരീക്ഷണം ഉണ്ടാവണം. വെള്ളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് സ്വീകരിക്കേണ്ട സുരക്ഷ മുന്‍കരുതലുകളെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ മയോ ക്ലിനിക്ക് മുന്നോട്ടുവെക്കുന്നുണ്ട്. കൂടുതല്‍ ആളുകളുള്ള സ്ഥലമാണെങ്കില്‍ മുതിര്‍ന്നവര്‍ ഊഴംവെച്ച് കുട്ടികളെ നിരീക്ഷിക്കണം. മദ്യപാനം കുളങ്ങളുടെ പരിസരത്തോ പരിശീലനസമയത്തോ വെള്ളത്തിലെ വിനോദപരിപാടികളിലോ അനുവദനീയമല്ല. നാലുവയസ്സിന് മുകളിലുള്ള കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാമെങ്കിലും കുട്ടികളുടെ നീന്തല്‍ സ്കില്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തിന് (close adult supervision) പകരമാവില്ലെന്നാണ് അമേരിക്കന്‍ പീഡിയാട്രിക് അസോസിയേഷന്, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിങ്ങനെ എല്ലാ അന്താരാഷ്ട്രസംഘടനകളും ഓർമിപ്പിക്കുന്നത്.
(ലേഖകൻ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൾട്ടൻറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
