Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബജറ്റിന്‍റെ മറവിൽ...

ബജറ്റിന്‍റെ മറവിൽ ഭരണഘടനയെ നോക്കുകുത്തിയാക്കരുത്

text_fields
bookmark_border
KN Balagopal
cancel

ഒന്നരമാസം മാത്രം കാലാവധി അവശേഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിലെ ധനമന്ത്രി മൂന്നു മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗത്തിലൂടെ ഒട്ടനവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. വരാനിരിക്കുന്ന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നിരിക്കെ ഈ ബജറ്റിന്റെ ഒരു പൂർണാവലോകനത്തിന് അർഥമുണ്ടെന്നു തോന്നുന്നില്ല. അതേസമയം, ഇപ്പോഴത്തെ സർക്കാറിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയാതിരുന്നാൽ പോലും, ഇവയിൽ പലതിലുംനിന്ന് വ്യത്യസ്തമായ ഒരു സമീപനം എടുക്കാൻ അടുത്ത സർക്കാറിന് പ്രയാസമായിരിക്കും. സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശ്ശിക, ഏതാണ്ട് ഒരുവർഷം മുമ്പെങ്കിലും നിയമിക്കേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പളക്കമീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തേക്ക് മാറ്റപ്പെട്ടാൽ ഇവ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന നേരിയ കാലവിളംബം പോലും സമരത്തെയും പ്രതിഷേധത്തെയും ക്ഷണിച്ചു വരുത്തുമെന്നത് നിശ്ചയം. അതുപോലെ തന്നെയാണ് ആശമാർ, അംഗൻവാടി ടീച്ചർമാർ, അംഗൻവാടി ഹെൽപർമാർ, ലൈബ്രേറിയന്മാർ, സാക്ഷരതാമിഷൻ പ്രവർത്തകർ എന്നിവരുടെ പ്രതിമാസ പാരിതോഷികത്തിലും പത്രപ്രവർത്തക പെൻഷനിലും വർധനവിനുള്ള നിർദേശങ്ങളും. നേരത്തെതന്നെ പ്രവൃത്തിയിൽ കൊണ്ടു വരേണ്ടിയിരുന്നവയായിരുന്നു ഇവയിൽ പലതുമെന്നോർക്കണം. തങ്ങളുടെ ഭരണ സമയത്ത് അവ നടപ്പാക്കുന്നത് മാറ്റിവെക്കപ്പെടുകയും പിറകെ വരുന്നവരുടെ ബാധ്യതയാക്കുകയും ചെയ്യുന്നത് ഭരണകൂട തുടർച്ച എന്ന തത്ത്വത്തിനു ഭൂഷണമല്ല.

ധനമന്ത്രിയുടെ പ്രസംഗത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ധനകാര്യ ബോണ്ടിറക്കാൻ അധികാരം നൽകുന്നതിനുള്ള നിർദേശം. ഇതിന്റെ ഭരണഘടനാ സാധുതയും അത് സംസ്ഥാനത്തിന്റെ ദീർഘകാല ധനകാര്യത്തെ എങ്ങനെ ബാധിക്കും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ 293ാം അനുച്ഛേദമാണ് സംസ്ഥാനങ്ങൾക്ക് രാജ്യത്തിനുള്ളിൽനിന്ന് സംസ്ഥാന സഞ്ചിത നിധി (Consolidated Fund) യുടെ ഉറപ്പിന്മേൽ കടമെടുക്കുന്നതിനു അനുമതി നൽകുന്നത്. ഇതിനുള്ള വ്യത്യസ്തമാർഗങ്ങളിൽ ഒന്നാണ് ബോണ്ട് വഴിയുള്ള ധനസമാഹരണം.

സംസ്ഥാനത്തിന്റെ അപേക്ഷയിന്മേൽ ഇത്തരത്തിലുള്ള ബോണ്ടു പുറപ്പെടുവിക്കുന്നതും വിൽക്കുന്നതും ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കാണ്. പഞ്ചായത്തുകൾക്കുള്ള ധനസമാഹരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ 243 H അനുച്ഛേദത്തിലോ മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും ധനസമാ ഹരണത്തെ പ്രതിപാദിക്കുന്ന 243 X അനുച്ഛേദത്തിലോ ഈ സ്ഥാപനങ്ങൾക്ക് കടമെടുക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്നില്ല.

സംസ്ഥാന ധനകാര്യ കമീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 243 I (ബി) (സി) ഉപവകുപ്പുകളിലും, അനുച്ഛേദം 243 Y (ബി), (സി) ഉപ വകുപ്പുകളിലും ഈ സ്ഥാപനങ്ങളുടെ ധനസ്ഥിതി അഭിവൃദ്ധിപ്പെടുത്തുന്നതിനു നിശ്ചയിക്കപ്പെട്ടിട്ടുള്ളവ കൂടാതെ ‘മറ്റു’ മാർഗങ്ങൾ നിർദേശിക്കുന്നതിന് കമീഷനെ അധികാരപ്പെടുത്തിയിരിക്കുന്നുണ്ടെങ്കിലും അത്തരം നിർദേശങ്ങളിൽ ബോണ്ട് വഴിയോ അല്ലാതെയോ കടമെടുക്കുന്നതിനുള്ള അനുമതി മുമ്പ് പറഞ്ഞ ഭരണഘടനാ വകുപ്പുകൾ ഉപരോധിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ ബജറ്റിലെ നിർദേശം ഭരണഘടനാ വിരുദ്ധവുമാണ്, മാത്രമല്ല, ഒരു പഞ്ചായത്തിനോ മുനിസിപ്പാലിറ്റിക്കോ നേരിട്ട് ബോണ്ട് പുറപ്പെടുവിക്കാനോ നേരിട്ട് റിസർവ് ബാങ്കിനെ സമീപിക്കാനോ കഴിയില്ല. സംസ്ഥാന സർക്കാറിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു. സംസ്ഥാന സർക്കാറിനാകട്ടെ അത് സാധ്യമാകുന്നത് സഞ്ചിത നിധിയുടെ ഉറപ്പിന്മേലും. അതായത്, പഞ്ചായത്തുകളുടെ കടം സംസ്ഥാന സർക്കാറിന്റെ കടമായി മാറ്റപ്പെടുന്നു. പഞ്ചായത്തുകൾക്ക് ബോണ്ടുകൾ വഴി പണം സ്വീകരിക്കാൻ കഴിയുമെന്ന വിദൂരസ്വപ്നത്തെ അംഗീകരിച്ചാൽപോലും അത്തരത്തിലുള്ള ഓരോ ബോണ്ടും സംസ്ഥാനത്തിന്റെ കടമായിരിക്കും വർധിപ്പിക്കുക.

സ്വാഭാവികമായും, ഇത് മറ്റൊരു കിഫ്ബിയെ സൃഷ്ടിച്ചുകൊണ്ട് സർക്കാറിന്റെ കടമെടുപ്പു പരിധിയിലായിരിക്കും പ്രശ്നങ്ങളുണ്ടാക്കുക. എല്ലാത്തിലുമുപരിയായി, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതും, സംസ്ഥാനത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതുമായ നിർദേശങ്ങൾ ബജറ്റിൽ കടന്നുവരുന്നത് ദൗർഭാഗ്യകരം മാത്രമല്ല, ഒഴിവാക്കപ്പെടേണ്ടതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionPinarayi VijayanKN BalagopalKerala Budget 2026
News Summary - Don't ignore the Constitution under the guise of a budget
Next Story