Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅമേരിക്കയുടെ പുതിയ ...

അമേരിക്കയുടെ പുതിയ മിശിഹ...

text_fields
bookmark_border
അമേരിക്കയുടെ പുതിയ  മിശിഹ...
cancel

ഇങ്ങനെയൊരു വ്യക്തിക്ക് എങ്ങനെ സ്ഥാനാര്‍ഥിത്വം ലഭിച്ചു എന്ന നമ്മുടെ ചെറിയ അദ്ഭുതം ആ വ്യക്തി അമേരിക്കന്‍ പ്രസിഡന്‍റ് പദത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വലിയ ആശങ്കക്ക് വഴിമാറിയിരിക്കുന്നു. അഭിപ്രായ സര്‍വേകളിലുടനീളം മേല്‍ക്കൈ നിലനിര്‍ത്തി പ്പോന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെതിരെ നേടിയ ഈ അട്ടിമറിവിജയത്തില്‍ ഭരണകൂടവിരുദ്ധ വികാരം നിര്‍ണായക ഘടകമായി മാറിയിട്ടുണ്ടാകാം. അതിലുപരി അമേരിക്കയെ കൂടുതല്‍ വലതുപക്ഷവത്കരിക്കുന്നതിനുള്ള നവയാഥാസ്ഥിതിക (നിയോകോണ്‍) ശക്തികളുടെ ഉപദേശങ്ങള്‍ മുമ്പില്ലാത്തവിധം ഈ തെരഞ്ഞെടുപ്പില്‍ പ്രഭാവമുളവാക്കി എന്നതാണ് യാഥാര്‍ഥ്യം.

അമേരിക്കന്‍ സമൂഹത്തെ  കൂടുതല്‍ ആഴത്തില്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വംശീയവും വര്‍ഗീയവുമായ ധ്രുവീകരണങ്ങളുടെ പ്രതിഫലനമായി ട്രംപിന്‍െറ വിജയത്തെ ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. മൂന്നു സംവാദങ്ങളിലും പക്വമായ വാദങ്ങള്‍ ഉന്നയിച്ച് ട്രംപിന്‍െറ നിലപാടുകളെ നിര്‍വീര്യമാക്കുന്നതില്‍ അനായാസ വിജയം കാഴ്ചവെച്ച ഹിലരിയേക്കാള്‍ സ്വീകാര്യത ട്രംപിനു കൈവന്നതെങ്ങനെ എന്നാണ് നിരീക്ഷകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം. അതേസമയം, സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു പകരം മുഖ്യസ്ഥാനാര്‍ഥികള്‍ പരസ്പരം നടത്തുന്ന വിഴുപ്പലക്കല്‍ മാത്രമായി സംവാദങ്ങള്‍ പരിമിതപ്പെട്ടു. കറുത്തവര്‍ഗക്കാരും തവിട്ടുനിറക്കാരും രാജ്യംവിടുക, മുസ്ലിംകള്‍ക്ക് യു.എസില്‍ മേലില്‍ പ്രവേശനം നല്‍കില്ല, കുടിയേറ്റം തടയാന്‍ അതിര്‍ത്തികളില്‍ വന്മതിലുകള്‍ പണിതുയര്‍ത്തണം തുടങ്ങിയവയായിരുന്നു ട്രംപ് പ്രചാരണറാലികളില്‍ ഉയര്‍ത്തിയ അപരവിദ്വേഷം തുടിക്കുന്ന മുദ്രാവാക്യങ്ങള്‍. ഹീനമായ ഈ വംശീയ നിലപാടിന്‍െറ ആഘാതങ്ങള്‍ അതിവേഗം അമേരിക്കയില്‍ പ്രകടമാവുകയും ചെയ്തു. മുസ്ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കിടെ വ്യാപകമായി. കറുത്തവര്‍ഗക്കാര്‍ക്കെതിരായ പൊലീസ് വെടിവെപ്പുകളും കുതിച്ചുയര്‍ന്നു. 
 


ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അതില്‍നിന്ന് ലാഭംകൊയ്യാനുള്ള നീക്കത്തെ അനുകൂലിച്ചു എന്ന ഹിലരിയുടെ വിമര്‍ശനത്തെ ‘അതാണ് യഥാര്‍ഥ കച്ചവടം’ എന്ന മറുപടിയിലൂടെ മാലോകരോടുള്ള പുച്ഛം പ്രകടിപ്പിച്ചു. ട്രംപ് സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യുന്ന പ്രവൃത്തികളുടെ പേരിലും പഴികേള്‍ക്കുകയുണ്ടായി. എന്നാല്‍, അത്തരം വിമര്‍ശനങ്ങളെപ്പോലും ഒടുവില്‍ വീരനായകനു ചേര്‍ന്ന അലങ്കാരങ്ങളാക്കി മാറ്റാനുള്ള മിടുക്കും അദ്ദേഹത്തില്‍നിന്നുണ്ടായി. ഇറാനിയന്‍ തത്ത്വചിന്തകന്‍ ഹാമിദ് ദബാശിയുടെ നിരീക്ഷണം നോക്കുക:‘അമേരിക്കയുടെ തല്‍സ്വരൂപമാണ് ട്രംപ്. ഇത്രകാലവും അമേരിക്ക ഇതര ദേശങ്ങളോട് എങ്ങനെ വര്‍ത്തിച്ചു അതിന്‍െറ ആകത്തുകയാണയാള്‍. ഇന്നേവരെ മാലോകരോട് കാട്ടിയ ചെയ്തികള്‍ ഒരു വിപത്തായി ട്രംപിന്‍െറ രൂപത്തില്‍ അമേരിക്കയെ വേട്ടയാടാനിരിക്കുകയാണ്’. അമേരിക്കതന്നെ തുറന്നുവിട്ട ഭൂതമായും ദബാശി ട്രംപിനെ വിശേഷിപ്പിക്കുന്നു. ഈ ഭൂതത്തെ കുടത്തില്‍ അടക്കുന്നതില്‍ യു.എസ് ജനത പരാജയപ്പെട്ടിരിക്കുന്നു.

ട്രംപിന് ആദ്യ അനുമോദനങ്ങളുമായി രംഗപ്രവേശം ചെയ്തത് യൂറോപ്പിലെ തീവ്ര വലതുപക്ഷ നേതാക്കളായിരുന്നു എന്നത് ആകസ്മികമല്ല. ഫ്രഞ്ച് ദേശീയവാദികളുടെ നായിക മരീന്‍ ല്പെന്‍ ആയിരുന്നു ആദ്യ അഭിനന്ദന വാചകങ്ങള്‍ ചൊരിഞ്ഞത്. തുടര്‍ന്ന് അവരുടെ ഉപദേഷ്ടാവ് ഫ്ളോറിയാന്‍ ഇപ്രകാരം എഴുതി: ‘അവരുടെ ലോകം തകര്‍ന്നടിഞ്ഞു. നമ്മുടെ ലോകത്തിന്‍െറ നിര്‍മാണം ആരംഭിക്കുകയും ചെയ്തു’.ഡച്ച് തീവ്ര ദേശീയവാദി ഗ്രില്‍ വില്‍ഡേഴ്സും ട്രംപിന്‍െറ വിജയത്തെ ആഹ്ളാദപൂര്‍വം വരവേറ്റു.സാമ്രാജ്യവാദിയായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ മുതല്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് പ്രസിഡന്‍റ് പദവിയില്‍ കണ്ണുനട്ടിരിക്കുന്ന മരീന്‍ ല്പെന്‍ വരെയുള്ളവരുടെ ആഹ്ളാദപ്രകടനങ്ങള്‍, ട്രംപിന്‍െറ വിജയത്തില്‍ പതിയിരിക്കുന്ന ദുരന്താത്മകതയിലേക്കുള്ള സൂചനകളാണ്.
 


അറബികളില്‍നിന്ന് ആറുദിന യുദ്ധത്തിലൂടെ ഇസ്രായേല്‍ കീഴ്പ്പെടുത്തിയ കിഴക്കന്‍ ജറൂസലമിനെ ജൂതരാജ്യത്തിന്‍െറ തലസ്ഥാനമായി അംഗീകരിക്കാന്‍ തയാറാണെന്ന് നെതന്യാഹുവിന് ഉറപ്പുനല്‍കിയ ട്രംപിന്‍െറ നീക്കം പശ്ചിമേഷ്യയില്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെപോലും വിശ്വാസ്യത തകര്‍ത്ത് ഇസ്രായേല്‍പക്ഷത്ത് തുടരുന്ന മുന്‍ പ്രസിഡന്‍റുമാരേക്കാള്‍ വിപുലമായ പിന്തുണ ട്രംപില്‍നിന്ന് ഇസ്രായേലിന് പ്രതീക്ഷിക്കാം. അതേസമയം, ഇറാനുമായി കൊമ്പുകോര്‍ക്കാനും പശ്ചിമേഷ്യയില്‍ പുതിയ സേനാവിന്യാസത്തിനും ട്രംപ് തയാറാകുമെന്ന ആശങ്കയും ശക്തമാണ്.യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറിയ ബ്രിട്ടീഷ് ഹിതപരിശോധന (ബ്രെക്സിറ്റ്) ഉളവാക്കിയതിനേക്കാള്‍ കടുത്ത ആഘാതമാകും ട്രംപിന്‍െറ സാമ്പത്തികനയം ലോക കമ്പോളത്തില്‍ സൃഷ്ടിക്കുക.

മൂന്നാംലോക രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന സാമ്പത്തികസഹായം വെട്ടിക്കുറക്കണമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തെ കൂടുതല്‍ ആശങ്കയോടെയാണ് സാമ്പത്തിക കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ട്രംപിന്‍െറ വിജയം ഓഹരിവിപണികളില്‍ നിഷേധപ്രവണതകള്‍ ഉണര്‍ത്തിക്കഴിഞ്ഞു. റിപ്പബ്ളിക്കന്‍ കക്ഷികള്‍ ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്ന നയതന്ത്ര പഴമൊഴി ട്രംപില്‍ അന്വര്‍ഥമാകാനിടയില്ല. കോര്‍പറേറ്റുകളുടെ നികുതി 35 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ചുരുക്കുമെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം നിക്ഷേപകരെ ഇന്ത്യയില്‍നിന്ന് പിന്മാറാന്‍ പ്രേരണ നല്‍കും.
‘മേക് ഇന്‍ ഇന്ത്യ’ എന്ന നരേന്ദ്ര മോദിയുടെ വ്യവസായപദ്ധതികളെ അത് ദുര്‍ബലപ്പെടുത്താനും കാരണമാകും.
 

തന്നില്‍ പുതിയ മിശിഹയെ ദര്‍ശിക്കുംവിധം അമിതവാദങ്ങള്‍ ഉന്നയിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ ട്രംപ് അസാധാരണമായ വിരുത് പ്രകടിപ്പിച്ചുവെന്നു പറയാം. എന്നാല്‍, ജനാധിപത്യ ലോകക്രമത്തിന്‍െറ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതല്ല ഈ വിജയം. ആഗോള സമൂഹത്തിന്‍െറ ആശങ്കകളെയാണ് അത് ബലപ്പെടുത്തുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Donald Trump wins 2016 presidential election
Next Story