മുഴങ്ങുന്നത് സ്വേച്ഛാധിപത്യത്തിന്റെ അപായമണി
text_fieldsഒളിഗാർക്കുകൾ നിറഞ്ഞുനിന്ന സദസ്സിനെ സാക്ഷിനിർത്തി അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയ ഡോണാൾഡ് ട്രംപ് വൈറ്റ്ഹൗസിലെ തന്റെ ആദ്യദിനം തന്നെ ഇറക്കിയത് 26 എക്സിക്യുട്ടിവ് ഉത്തരവുകളായിരുന്നു. കൂടാതെ,12 മെമ്മോകളും നാലു വിളംബരങ്ങളും ഇറക്കിയതിനു പുറമെ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ 78 എക്സിക്യുട്ടിവ് ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. വധശിക്ഷ, കുടിയേറ്റം, എൽ.ജി.ബി.ടി.ക്യൂ അവകാശങ്ങൾ, ഫെഡറൽ തൊഴിലാളികൾ, കാലാവസ്ഥ മാറ്റം, മരുന്ന് വില എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവുകളും നയംമാറ്റവും.
24 മണിക്കൂറിനകം പാസാക്കിയ പല ഉത്തരവുകളും അദ്ദേഹത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ളവയാണ്. നയങ്ങളിൽ ഒന്നുപോലും സാധന വില കുറക്കാനോ അമേരിക്കക്കാരുടെ ജീവൻ മെച്ചപ്പെടുത്താനോ സഹായിക്കുന്നവയല്ല. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിലും ഭരണഘടനാവകാശങ്ങളെ കടന്നാക്രമിക്കുന്നിലും ഭീതിയും ക്രൂരതയും അങ്കലാപ്പുകളും പടർത്തുന്നതിലുമാണ് ട്രംപിന്റെ ശ്രദ്ധ-പോപുലർ ഡെമോക്രസി കൂട്ടായ്മയുടെ ഭാരവാഹികളായ അനാലിലിയ മെജിയയും ഡ മരിയോ കൂപ്പറും പിറ്റേദിവസമിറക്കിയ ഒരു പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
‘‘കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള വിഫലവും മനുഷ്യത്വരഹിതവുമായ എക്സിക്യുട്ടിവ് ഉത്തരവുകൾ സൈനിക അധികാരം ദുരുപയോഗം ചെയ്യുകയും നമ്മുടെ സമൂഹങ്ങളുടെ തകർച്ച ഇരട്ടിപ്പിക്കുകയും ചെയ്യും’’ ജീവിക്കാനും ജനാധിപത്യ പങ്കാളിത്തത്തിനും തുല്യപരിരക്ഷയും പൗരത്വവും ഉറപ്പാക്കുന്ന 14ാം ഭേദഗതിയെയാണ് ട്രംപ് ഉന്നമിടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അമേരിക്കയിൽ ജനിച്ച ആളുകൾക്ക് ഈ രാജ്യത്തെ പൗരർ എന്ന നിലയിലെ പൂർണ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന, കുറഞ്ഞ അവകാശങ്ങളുള്ള ഒരു ഉപവിഭാഗത്തെ സൃഷ്ടിക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പിശകുകളിലൊന്നാണ് ഈ ഉത്തരവിലൂടെ ആവർത്തിക്കപ്പെടുകയെന്ന് ഈ നീക്കത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുന്ന എ.സി.എൽ.യു എക്സിക്യുട്ടിവ് ഡയറക്ടർ ആന്റണി റൊമേറോ പറഞ്ഞു. നവജാതശിശുക്കൾക്കും ഭാവി തലമുറകൾക്കുമെതിരായ ഈ ആക്രമണം ചോദ്യം ചെയ്യപ്പെടാതെ പോകാൻ ഞങ്ങൾ അനുവദിക്കില്ല. ട്രംപ് ഭരണകൂടത്തിന്റെ അതിക്രമം അതിരുവിട്ടതാണ്. എന്നിരിക്കിലും ഈ പോരാട്ടത്തിൽ ആത്യന്തികമായി ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് പറയുന്നു റൊമേറോ.
തെരുവുകളിൽ യു.എസ് സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ട്രംപിന്റെ സ്വേച്ഛാധിപത്യ സങ്കൽപങ്ങളിലാണ് അമേരിക്കാസ് വോയ്സ് കൂട്ടായ്മ ആശങ്ക ഉന്നയിച്ചത്. ‘‘ഇത് അമേരിക്കൻ കുടുംബങ്ങൾക്കും അമേരിക്കൻ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണ്. ജന്മാവകാശ പൗരത്വത്തിനെതിരായ കടന്നാക്രമണവും എമിഗ്രേഷൻ സംവിധാനത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന നയങ്ങളുമെല്ലാം ഉപയോഗിച്ച് ആരാണ് അമേരിക്കക്കാർ എന്നതിനെ പുനർനിർവചിക്കാനും ഒരു നേറ്റിവിസ്റ്റ് അജണ്ടയെ ന്യായീകരിക്കുന്നതിനുള്ള വിദ്വേഷകരമായ പ്രചാരവേല’’- എക്സിക്യുട്ടിവ് ഡയറക്ടർ വനേസ കാർഡെനാസ് പറഞ്ഞു. ഇതു രാജ്യത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കൂ.
എണ്ണ, വാതക മലിനീകരണക്കാരുടെ താൽപര്യത്തിന് വഴങ്ങി നിർണായകമായ കാലാവസ്ഥ നയം പിൻവലിക്കുന്നത് ഭാവിതലമുറകളെയും കാലാവസ്ഥ ദുരന്തങ്ങൾ മൂലം ഏറ്റവും പ്രയാസപ്പെടുന്ന ദരിദ്രർ, കറുത്തവർഗക്കാർ, തദ്ദേശവാസികൾ എന്നിവരെയും കൂടുതൽ അപകടത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണം ഇല്ലാതാക്കാൻ സ്വേച്ഛാധിപത്യ ശക്തികളെ പ്രഥമദിനത്തിൽത്തന്നെ പ്രേരിപ്പിച്ചതിന് കാലാവസ്ഥ മാറ്റത്തിനെതിരെ പ്രവർത്തിക്കുന്നവരും ട്രംപിനെ വിമർശിക്കുന്നു.
‘‘എത്രതന്നെ തീവ്രനിലപാട് സ്വീകരിച്ചാലും ട്രംപിനെ നമ്മുടെ പ്രിയപ്പെട്ട വന്യജീവികളെയും ഗ്രഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപ്പിനായി തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നേരിടു’’മെന്ന് സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റി എക്സിക്യുട്ടിവ് ഡയറക്ടർ കീറൻ സക്ലിങ് പറയുന്നു. ഈ ശുഭാപ്തി വിശ്വാസത്തിനുള്ള ആധാരമെന്തെന്നും സക്ലിങ് വിശദീകരിക്കുന്നു: ‘‘ലോകത്തെ ഏറ്റവും ശക്തമായ ചില പരിസ്ഥിതി നിയമങ്ങൾ അമേരിക്കയിലുണ്ട്, ട്രംപ് എത്ര മോശമായി പെരുമാറിയാലും ഈ നിയമങ്ങൾ ഒരു സ്വേച്ഛാധിപതിയുടെ താൽപര്യങ്ങൾക്ക് മുന്നിൽ വളയില്ല. തന്റെയും കൂട്ടാളികളുടെയും നേട്ടത്തിനുവേണ്ടി നമ്മുടെ പരിസ്ഥിതി സംരക്ഷണചട്ടങ്ങളെ മറികടക്കാൻ അടിയന്തര അധികാരങ്ങളുടെ ഉപയോഗം ഒരു പ്രസിഡന്റിനെയും അനുവദിക്കുന്നില്ല.
ആരോഗ്യമേഖലയിൽ പ്രസിഡന്റ് നടത്തിയ അട്ടിമറിക്ക് ജനം വലിയ വിലകൊടുക്കേണ്ടിവരും. വമ്പൻ മരുന്ന് കമ്പനികളുടെ താൽപര്യത്തിനുവേണ്ടി ദശലക്ഷക്കണക്കിനാളുകളുടെ ആരോഗ്യപരിരക്ഷാ അവകാശങ്ങൾ കവർന്നെടുക്കപ്പെടും, പ്രത്യുൽപാദന അവകാശങ്ങളിലെ മുന്നേറ്റങ്ങൾ ഇല്ലാതാക്കുകയും ചെയ്യും- മെജിയയും ഡ മരിയോ കൂപ്പറും ചൂണ്ടിക്കാട്ടുന്നു. ട്രാൻസ് അമേരിക്കക്കാർക്ക് ജീവൻരക്ഷാ ഔഷധങ്ങളും സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയുമുള്ള ജീവിതവും നിഷേധിക്കപ്പെടും.
രണ്ടു ലിംഗങ്ങളെ മാത്രം അംഗീകരിക്കുക എന്ന ട്രംപിന്റെ നയം ട്രാൻസ് ജനതക്കും ലിംഗ ബൈനറിക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കുമെതിരായ യുദ്ധമാണെന്ന് പറയുന്നു ട്രാൻസ് വനിതയും അവകാശപ്പോരാളിയുമായ ട്രാൻസ്ലാഷ് മീഡിയ സി.ഇ.ഒ ഇമാരാ ജോൺസ്. ഇതൊരു രാഷ്ട്രീയ നാടകമല്ല, മറിച്ച് ന്യൂനാൽ ന്യൂനപക്ഷവും ദുർബലവുമായ ട്രാൻസ്ജെൻഡറുകളെ ഉന്നമിട്ട് നടക്കാൻ പോകുന്ന സ്വേച്ഛാധിപത്യ ഇടപെടലിന്റെ തുടക്കമാണിത്. ട്രാൻസ്ജെൻഡറുകളെ പൊതുജീവിതത്തിൽനിന്ന് മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നു. ഇതു നാമേവരെയും ആശങ്കപ്പെടുത്തുന്നതാണ് -ജോൺസ് ഊന്നിപ്പറഞ്ഞു.
വംശഹത്യക്കുള്ള അപകടസാധ്യത പുറപ്പെടുവിപ്പിക്കാൻ പോലും ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനോസൈഡ് സ്റ്റഡീസ് ആൻഡ് പ്രിവൻഷനെ പ്രേരിപ്പിച്ച തീവ്രമായ ആശങ്കയുണ്ടാക്കിയ മറ്റൊരു സംഭവവികാസം ഭൂമിയിലെ ഏറ്റവും ധനികനും ട്രംപിന്റെ പ്രധാന കൂട്ടാളിയുമായ ഇലോൺ മസ്ക് സ്ഥാനാരോഹണ വേദിയിൽ വെച്ച് രണ്ടു തവണ നാസി സല്യൂട്ട് കണക്കെ കൈ ഉയർത്തിയതാണ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് തന്റെ ആഹ്വാനപ്രകാരം 2021 ജനുവരി ആറിന് യു.എസ് കാപിറ്റൽ ആക്രമിച്ച 1500ൽ അധികം പേർക്ക് മാപ്പ് നൽകാനുള്ള ട്രംപിന്റെ തീരുമാനവും സമാനമായ മുന്നറിയിപ്പാണുയർത്തുന്നത്. സമാധാനപരമായ അധികാര കൈമാറ്റം അട്ടിമറിക്കാൻ ശ്രമിച്ച വ്യക്തികൾക്ക് മാപ്പ് നൽകുന്നതിലൂടെ, രാഷ്ട്രീയ അതിക്രമം നടത്തലും ജനാധിപത്യ മാനദണ്ഡങ്ങൾ നിരസിക്കലും തന്റെ സ്വേച്ഛാധിപത്യ അജണ്ടക്ക് സ്വീകാര്യമായ മാർഗങ്ങളാണെന്ന് ട്രംപ് സൂചിപ്പിക്കുകയാണെന്ന് ഔർ റെവലൂഷൻ എക്സിക്യുട്ടിവ് ഡയറക്ടർ ജോസഫ് ഗീവർഗീസ് പറഞ്ഞു. ഇതു നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറക്കും സമൂഹങ്ങളുടെ സുരക്ഷക്കും നേരിട്ടുള്ള ഭീഷണി സൃഷ്ടിക്കും.
ട്രംപിന് ഒരു സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കാനുള്ള അധികാരമുണ്ടെന്ന വാദമാണ് ഇത്തരം അജണ്ടകൾ വഴി മുന്നോട്ടുവെക്കാൻ ശ്രമിക്കുന്നത്. പക്ഷേ, അത്തരമൊരു ജനവിധിയൊന്നും നിലവിലില്ല, അമേരിക്കൻ ജനതക്ക് ഇതു സ്വീകാര്യവുമല്ല- പോപുലർ ഡെമോക്രസി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ‘‘ട്രംപ് ഒരു രാജാവല്ല. പക്ഷേ, കോൺഗ്രസ് കീഴടങ്ങി വകവെച്ചു കൊടുത്താൻ അദ്ദേഹം രാജാവായി മാറിയേക്കും’’. അവർ പറയുന്നു
(commondreams.org സീനിയർ എഡിറ്ററാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

