ട്രംപ്; എന്തും സംഭവിക്കാവുന്ന രണ്ടാമൂഴം
text_fieldsഡോണൾഡ് ട്രംപ്
ആദ്യദിനംതന്നെ താനൊരു സ്വേച്ഛാധിപതിയാകുമെന്ന് തമാശ പറഞ്ഞ ഈ 78 കാരൻ മണിക്കൂറുകൾക്കകം കൂട്ട നാടുകടത്തൽ, 2021 ജനുവരി ആറിലെ കലാപകാരികൾക്ക് മാപ്പ് നൽകൽ, കാനഡ, മെക്സികോ, ചൈന എന്നിവക്കെതിരായ ആക്രമണാത്മക താരിഫുകൾ എന്നിവയുൾപ്പെടെ നിരവധി എക്സിക്യൂട്ടിവ് ഉത്തരവുകളും നടപടികളും അഴിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു
എല്ല് വിറക്കുന്ന തണുപ്പുള്ള ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്ന തിങ്കളാഴ്ച ഉച്ചക്ക് 12ന് അത് സംഭവിക്കും.
നിയമവ്യവസ്ഥ കുറ്റവാളിയെന്ന് കണ്ടെത്തിയ, ഒപ്പം പ്രവർത്തിച്ചവരിൽ ചിലർ ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിച്ച ഡോണൾഡ് ട്രംപ് ബൈബിളിൽ തൊട്ട് അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
തുടർന്ന് അടുത്ത നാല് വർഷത്തേക്കുള്ള തന്റെ അജണ്ട വിശദമാക്കുന്ന ഉദ്ഘാടന പ്രസംഗവും നടത്തും. 45ാമത് പ്രസിഡന്റായി അധികാരമേൽക്കെ എട്ടുവർഷം മുമ്പ് ഇദ്ദേഹം നടത്തിയ പ്രസംഗം ‘അമേരിക്കൻ കൂട്ടക്കൊല’ എന്ന വാക്കിന്റെ പര്യായമായി മാറി. ഇത്തവണ അദ്ദേഹം അമേരിക്കക്ക് ഒരു പുതിയ ‘സുവർണ കാലഘട്ടം’ വാഗ്ദാനം ചെയ്തേക്കാം. എന്നാൽ, അദ്ദേഹത്തിന്റെ പരാമർശങ്ങളുടെ ഉള്ളടക്കവും സ്വരവും അമേരിക്കക്കും ലോകത്തിനും വേണ്ടി ട്രംപ് 2.0 എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിന്റെ സൂചനകൾക്കായി പരിശോധിക്കപ്പെടും.
ആദ്യദിനംതന്നെ താനൊരു സ്വേച്ഛാധിപതിയാകുമെന്ന് തമാശ പറഞ്ഞ ഈ 78 കാരൻ മണിക്കൂറുകൾക്കകം കൂട്ട നാടുകടത്തൽ, 2021 ജനുവരി ആറിലെ കലാപകാരികൾക്ക് മാപ്പ് നൽകൽ, കാനഡ, മെക്സികോ, ചൈന എന്നിവക്കെതിരായ ആക്രമണാത്മക താരിഫുകൾ എന്നിവയുൾപ്പെടെ നിരവധി എക്സിക്യൂട്ടിവ് ഉത്തരവുകളും നടപടികളും അഴിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
ആ നൂറുദിനങ്ങൾ
അരാജകത്വം മുറ്റിനിൽക്കുന്നതായിരുന്നു ട്രംപിന്റെ ആദ്യ ഊഴത്തിലെ ആദ്യ നൂറുദിനങ്ങൾ. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ വിലക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവ് വിമാനത്താവളങ്ങളിൽ സർവത്ര ബഹളത്തിന് വഴിവെച്ചു. ബരാക് ഒബാമയുടെ ആരോഗ്യ സംരക്ഷണ നിയമം പിൻവലിച്ച് പകരമൊന്ന് കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമം ജനപ്രതിനിധിസഭയിൽ പരാജയപ്പെട്ടു. റഷ്യൻ അംബാസഡറുമായുള്ള സംഭാഷണത്തിന്റെ പേരിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ തെറ്റിദ്ധരിപ്പിച്ചതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെക്കേണ്ടിവന്നു.
സമ്പൂർണാധിപത്യം
റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള കോൺഗ്രസ്, യാഥാസ്ഥിതിക സുപ്രീംകോടതി, വിധേയത്വത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മന്ത്രിസഭ എന്നിവയാൽ കരുത്തനായ ട്രംപിന് പ്രസിഡൻഷ്യൽ അധികാരത്തിന് നാടകീയമായ വിപുലീകരണം തേടാം. തന്റെ പ്രതിച്ഛായയിൽ പുനർനിർമിച്ച ഒരു റിപ്പബ്ലിക്കൻ പാർട്ടി, നിരാശാഭരിതമായ പ്രതിപക്ഷ ഡെമോക്രാറ്റുകൾ, തന്റെ സന്ദേശങ്ങൾ പാടിപ്പുകഴ്ത്താൻ ശേഷിയുള്ള വലതുപക്ഷ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഉയർച്ച എന്നിവയെല്ലാം അദ്ദേഹത്തിന് പ്രയോജനകരമാവും.
റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ മുൻ ചെയർ മൈക്കൽ സ്റ്റീൽ പറഞ്ഞു: ‘അവർ കാര്യപ്രാപ്തിയും വേഗവുമുള്ളവരാണ്. ആലോചന നടത്താനും ആസൂത്രണം ചെയ്യാനും നാല് വർഷമുണ്ട്, അതുകൊണ്ട് കാര്യങ്ങൾ വ്യത്യസ്തമായി തോന്നുന്നു. നിയമപാലനം, നീതിന്യായ വകുപ്പ് തുടങ്ങിയ നിർണായക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളെ അവർ ദുർബലപ്പെടുത്തി. ഉദ്ഘാടന ദിവസം മുതൽ തങ്ങൾക്കുനേരെ വരുന്ന കാര്യങ്ങളെ നേരിടാൻ ഡെമോക്രാറ്റുകൾ തയാറാണെന്ന് ഞാൻ കരുതുന്നില്ല. ഡോണൾഡ് ട്രംപ് ഉദ്ഘാടന പ്രസംഗം നടത്തുന്ന സമയത്ത് എടുക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവുകളും നടപടികളും ആളുകളെ ഞെട്ടിക്കും, അവർ അതിന് സജ്ജരാണെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ നവംബറിൽ ഇലക്ടറൽ കോളജിലും ദേശീയതലത്തിലെ ജനകീയ വോട്ടിങ്ങിലും വിജയിച്ച ട്രംപിന്റെത് എക്കാലത്തെയും വലിയ രാഷ്ട്രീയ തിരിച്ചുവരവാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.
വാഗ്ദാനങ്ങൾ പാലിക്കേണ്ടി വരുമ്പോൾ
എന്നാൽ, രാഷ്ട്രീയ മധുവിധു എന്നെന്നേക്കുമായി നിലനിന്നേക്കില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിമിഷം മുതൽ വാഗ്ദാനങ്ങൾ പാലിക്കാനുള്ള സമ്മർദത്തിലാകും ട്രംപ്. സമ്പദ്വ്യവസ്ഥയിൽ, 2017ലെ നികുതിയിളവുകൾ നീട്ടുക, വൻതോതിലുള്ള താരിഫുകൾ ചുമത്തുക, എണ്ണ ഉൽപാദനം വർധിപ്പിക്കുക എന്നിവ അദ്ദേഹത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നു. സംഭവിച്ചേക്കാവുന്ന സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളുടെ നാശത്തെക്കുറിച്ചും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കുടിയേറ്റത്തിന്റെ ഭാവി
കുടിയേറ്റത്തെക്കാൾ പ്രാധാന്യം കൽപിക്കപ്പെട്ട ഒരു വിഷയവും അദ്ദേഹത്തിന്റെ പ്രചാരണത്തിലുണ്ടായിരുന്നില്ല. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം അതിർത്തി സുരക്ഷയുടെ പേരിൽ മെക്സികോയിലും കാനഡയിലും സമ്മർദം ചെലുത്താനും തുടങ്ങി.
അടുത്തിടെ രാജ്യത്ത് പ്രവേശിച്ചവരും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും അതല്ലെങ്കിൽ രാജ്യത്ത് തുടരാൻ യോഗ്യരല്ലെന്ന് കോടതികൾ നിർണയിച്ചവരുമായ ഒരു ദശലക്ഷം കുടിയേറ്റക്കാരിലാവും ട്രംപ് ടീം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി സഖ്യകക്ഷികൾ പറഞ്ഞു. എന്നാൽ, വമ്പിച്ചതും ചെലവേറിയതുമായ പ്രക്രിയകളുമായി പദ്ധതി നടത്തിപ്പ് കൂട്ടിമുട്ടും, വ്യാപകമായ പ്രതിഷേധത്തിനും കാരണമാവും.
ഉദ്യോഗസ്ഥ ‘ശുചീകരണം’
തന്റെ അജണ്ടക്ക് തടസ്സമാകുമെന്നും വിശ്വസ്തരല്ലെന്നും കരുതുന്ന ഫെഡറൽ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ ഉള്ള ശ്രമം ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഉറച്ചുകഴിഞ്ഞു. രാഷ്ട്രീയ എതിരാളികൾ, മാധ്യമപ്രവർത്തകർ, ‘ഡീപ് സ്റ്റേറ്റ്’ എന്ന് കരുതപ്പെടുന്നവർ എന്നിവരുൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ പ്രതികാരത്തിനായി നിയമപരമായ ഭീഷണിയോ മറ്റ് മാർഗങ്ങളോ പ്രയോഗിക്കപ്പെട്ടേക്കാം.
സാംസ്കാരിക യുദ്ധവും
ട്രംപ് ഒരു സാംസ്കാരിക യുദ്ധവുമാരംഭിക്കും. നിർണായകമായ വംശീയ സിദ്ധാന്തം, ട്രാൻസ്ജെൻഡർ അവകാശങ്ങൾ, വാക്സിൻ, മാസ്ക് മാൻഡേറ്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കരുതുന്ന സ്കൂളുകൾക്കുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിൽ സംശയാലുവായി തുടരുന്ന അദ്ദേഹം ബൈഡന്റെ അജണ്ട മാറ്റുകയും പാരീസ് കരാറിൽനിന്ന് പിന്മാറുകയും ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വിദേശനയം
അതേസമയം, ഈ ‘ന്യൂനോർമൽ അവസ്ഥ’യോട് എങ്ങനെ പ്രതികരിക്കാമെന്നത് സംബന്ധിച്ച തിടുക്കപ്പെട്ട കണക്കുകൂട്ടലിലാണ് വിദേശനേതാക്കൾ. ശക്തരുമായുള്ള ട്രംപിന്റെ അടുപ്പത്തെയും വ്യക്തിബന്ധങ്ങൾക്ക് നൽകുന്ന ഊന്നലിനെയും കുറിച്ച് ആദ്യ ഊഴത്തിൽതന്നെ അവർ പഠിച്ചുവെച്ചിരിക്കുന്നു.
റഷ്യക്ക് ഇളവുകൾ അനുവദിച്ചുകൊണ്ട് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ പദ്ധതി. ഗസയിലെ യുദ്ധം പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ‘അമേരിക്കയാദ്യം’ എന്ന അദ്ദേഹത്തിന്റെ സമീപനം വർധിച്ച വേറിട്ടുനിൽപിനും നാറ്റോപോലുള്ള സഖ്യങ്ങൾ ദുർബലമാകാനുള്ള സാധ്യതക്കും കാരണമായേക്കും. എന്നിരുന്നാലും അടുത്ത ആഴ്ചകളിൽ പനാമ കനാൽ പിടിച്ചെടുക്കാനും ഗ്രീൻലാൻഡ് വാങ്ങാനും കാനഡയെ 51ാമത്തെ യു.എസ് സംസ്ഥാനമാക്കി മാറ്റാനും അദ്ദേഹം ആലോചിച്ചു.
‘ഒളിഗാർക്കി’ അമേരിക്ക
ട്രംപിന്റെ രണ്ടാം വരവിൽ മറ്റൊരു പ്രധാന വ്യത്യാസം കോർപറേറ്റ് അമേരിക്ക മുട്ടുകുത്തി വണങ്ങി നിൽക്കുന്നുവെന്നതാണ്. പ്രത്യേകിച്ച്, സിലിക്കൺ വാലിയിലെ ടെക് ഭീമന്മാർ. ട്രംപിന്റെ വിജയത്തെ സഹായിക്കുന്നതിനായി ഏകദേശം 200 മില്യൺ ഡോളർ ചെലവഴിച്ച ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്ക് സർക്കാറിതര ടാസ്ക് ഫോഴ്സായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി അല്ലെങ്കിൽ ഡോഗെയുടെ പ്രധാന ഉപദേഷ്ടാവായി ഉയർന്നിരിക്കുന്നു. ഓപൺ എ.ഐയുടെ സാം ആൾട്ട്മാൻ, ആമസോണിന്റെ ജെഫ് ബെസോസ്, ടിക് ടോക്കിന്റെ ഷൌ സി ചെവ്, ആപ്പിളിന്റെ ടിം കുക്ക്, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മെറ്റയുടെ മാർക്ക് സുക്കർബർഗ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
വസ്തുതാ പരിശോധനക്കായി തേഡ് പാർട്ടി ചെക്കറുകൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് ഫേസ്ബുക് പ്രഖ്യാപിച്ചതോടെ, ഉണ്ടാകുന്ന വ്യാജവിവരങ്ങളുടെ കുത്തൊഴുക്ക് ജനാധിപത്യ സംരക്ഷണത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്കയുണ്ട്. യൂനിവേഴ്സിറ്റി ഓഫ് വിർജീനിയ സെന്റർ ഫോർ പൊളിറ്റിക്സ് ഡയറക്ടർ ലാറി സബാറ്റോ പറഞ്ഞു: ‘കുറച്ച് നാശങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. അതെത്രയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ആവുംവിധത്തിൽ പോരാടാനും ഞങ്ങൾക്ക് കഴിയില്ല, കാരണം പോരാടാൻ ഞങ്ങളെ സഹായിക്കാൻ സാധിക്കുന്ന സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ആളുകൾ ആഴത്തിൽ നിപതിക്കുകയും ഭയംകൊണ്ട് വിറക്കുകയും ഞരങ്ങുകയും ചെയ്യുന്നു. ഫേസ്ബുക്കിനെയും ബെസോസിനെയും കുറിച്ചാണ് ഞാൻ പറയുന്നത്-അവരുടെ മാറ്റം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അവരുടെ ദൈവം പണമാണ്, ആ ദൈവം അവരോട് പറയുന്നതെന്തും കൂടുതൽ പണം സമ്പാദിക്കാനുള്ള വഴിയാണ്, അതാണ് അവർ ചെയ്യുന്നത്’.
ഈ ആഴ്ച തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, അമേരിക്കയിൽ ഒളിഗാർക്കിയുടെയും സാങ്കേതിക വ്യവസായ ഗ്രൂപ്പുകളുടെയും ഉയർച്ചയെക്കുറിച്ച് ജോ ബൈഡൻ കൃത്യമായി മുന്നറിയിപ്പ് നൽകി. വരേണ്യവർഗത്തിനെതിരെ സാധാരണക്കാരുടെ പക്ഷത്താണെന്ന അവകാശവാദത്തെ ദുർബലപ്പെടുത്തുമെന്നതിനാൽ ഈ സഖ്യം ട്രംപിനെ രാഷ്ട്രീയമായി ബാധിക്കുമെന്ന് ചില ഡെമോക്രാറ്റിക് തന്ത്രജ്ഞർ വിശ്വസിക്കുന്നു.
വലുതെന്തോ വരാനുണ്ട്
എഴുത്തുകാരനും പ്രക്ഷേപകനുമായ ചാർലി സൈക്സ് പറയുന്നു: ഇത് ആദ്യ ടേമിന്റെ തുടർച്ചയല്ല. ട്രംപ് 2.0ലെ മാറ്റങ്ങൾ സമൂലമായിരിക്കും, നയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കാര്യത്തിൽ നമ്മളത് ഇതിനകം കണ്ടുകഴിഞ്ഞു. സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ട്രംപിന്റെ ആദ്യ ഊഴം താരതമ്യേന സാധാരണമായിരുന്നുവെന്ന് തോന്നിപ്പോകും. ‘ട്രംപിന്റെ പെരുമാറ്റത്തിൽ നിങ്ങൾക്കത് കാണാനാവും. ഏതാണ്ടെല്ലാ ദിവസവും അദ്ദേഹം നമ്മുടെ സമൂഹത്തിന്റെ ഘടനയെ തകർക്കുകയും അമേരിക്കൻ സമൂഹത്തിലെ വിഭജനങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ആക്രമണങ്ങൾ പല മുന്നണികളിലായിരിക്കും എന്നതാണ് വെല്ലുവിളിയുടെ ഭാഗം. അത് എല്ലായിടത്തും ഒരേസമയത്തായിരിക്കും ആദ്യദിവസം മുതൽ ആരംഭിക്കുകയും ചെയ്യും.
(ദ ഗാഡിയന്റെ വാഷിങ്ടൻ ബ്യൂറോ ചീഫാണ് ഡേവിഡ് സ്മിത്ത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

