ദിലീപ് ചാലക്കുടിയിലെ ഭൂമി സ്വന്തമാക്കിയത് എങ്ങനെ?

  • ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടിൽ നടപടിയുണ്ടായില്ല

  • സംരക്ഷിച്ചത് മുൻ കലകട്ർ എം.എസ് ജയ 

  • സർവേ ഡയറക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ റിപ്പോർട്ടും അട്ടിമറിച്ചു

ആർ.സുനിൽ  
20:48 PM
17/07/2017

നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ്​ പൊലീസ്​ കസ്​റ്റഡിയിൽ ആയ ശേഷമാണ്​ ചാലക്കുടിയിൽ സർക്കാർ ഭൂമി കൈയേറിയ സംഭവം പുറത്തുവരുന്നത്​. മുന്നാറിൽ നടന്ന ഭൂമി കൈയേറ്റത്തിനു സമാനമാണ്​ ചാലക്കുടിയി​ൽ ദിലീപ്​ നടത്തിയ കൈയേറ്റമെന്നാണ്​ സർക്കാർ രേഖകൾ തന്നെ ഇപ്പോൾ വ്യക്​തമാക്കുന്നത്​.

ലാൻഡ് റെവന്യു കമീഷണറുടെ റിപ്പോർട്ടിന്‍റെ പകർപ്പ്
 

മൂന്നാറിൽ എസ്.രാജേന്ദ്രൻ എം.എൽ.എ ഭൂമി കൈയേറിയെന്ന് നിയമസഭയിൽ റവന്യു മന്ത്രി വിവാദ വെളിപ്പെടുത്തൽ നടത്തിയത് ലാൻഡ് റവന്യു കമ്മീഷണരുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു.  മന്ത്രി എം.എം.മണിയും പി.സി.ജോർജും അടക്കമുള്ളവർ ഇക്കാര്യം ഇപ്പോഴും അംഗീകരിക്കാൻ തയാറായിട്ടില്ല. റവന്യു രേഖകളുടെ പിൻബലത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ റിപ്പോർട്ട് നൽകിയത്. അതിനെ മറികടക്കാൻ അധികാരം ഉപയോഗിക്കാമെങ്കിലും നിയമപരമായി മറികടക്കുക സാധ്യമല്ല. മൂന്നാറിൽ നടക്കുന്ന കൈയേറ്റങ്ങളിലധികവും വ്യാജരേഖകൾ ചമച്ചാണ് നടത്തുന്നത്. ഇതിന് സമാനമാണ് നടൻ ദിലീപ് ചാലക്കൂടിയിൽ നടത്തിയ ഭൂമി കൈയേറ്റമെന്ന് ലാൻഡ് റവന്യു കമ്മീഷണർ എം.സി.മോഹൻദാസ് 2015 ജൂൺ ആറിന് ഇതുസംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച്​ രണ്ടു വർഷമായിട്ടും നടപടിയുണ്ടായില്ലെന്നത് റവന്യു വകുപ്പിന് മേൽ നടനുള്ള സ്വാധീനത്തി​​െൻറ തെളിവാണ്.

ലാൻഡ് റെവന്യു കമീഷണറുടെ റിപ്പോർട്ടിന്‍റെ പകർപ്പ്

തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ (മുൻ മുകുന്ദപുരം താലൂക്കിൻെറ ഭാഗം) കിഴക്കെ ചാലക്കുടി വില്ലേജിൽ 680/1, 681/1 എന്നീ സർവേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്​ണൻ എന്ന ദിലീപ് വാങ്ങിയത്. സർക്കാർവക ഭൂമിയിൽ കൃത്രിമ ആധാരങ്ങൾ ഉണ്ടാക്കി അനധികൃത നിർമാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കലക്​ടർക്ക്​ ആദ്യം ലഭിച്ച പരാതി. സർക്കാർവക തോടും ദേവസ്വം ഭൂമിയും  കൈയേറിയെന്നും പരാതിക്കരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. 

കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാൻ വക വസ്തുക്കളാണ് സർവേ നമ്പർ 680ൽ ഉൾപ്പെട്ടസ്ഥലം. അത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻെറ ഊട്ടുപുര നിന്നിരുന്ന സ്ഥലമാണ്. സർവേ നമ്പർ 680/1 ലെ സ്ഥലം തോട് പുറമ്പോക്കാണ്. ഇപ്പോൾ  ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡി​​െൻറ കീഴിലാണ്. റോഡി​​െൻറ വികസനവുമായി ബന്ധപ്പെട്ട് 680/1ൽ നിന്ന് 23 സ​െൻറ് സർക്കാർ ഏറ്റെടുത്തിരുന്നു. ബാക്കി വസ്തു ക്ഷേത്രവുമായി ബന്ധമില്ലാതെ കിടന്നു. ആ ഭൂമിക്ക് കള്ള പ്രമാണമുണ്ടാക്കി കൈയേറ്റം നടത്തിയെന്നായിരുന്നു കലക്ടർക്ക് നൽകിയ പരാതിയിൽ സന്തോഷ്​ ചൂണ്ടിക്കാണിച്ചത്.
      
പരാതിയിൽ അന്നത്തെ കലക്ടർ എം.എസ്. ജയ നടപടി സ്വീകരിക്കാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം കലക്ടർ അന്വേഷണം നടത്തി തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു 2013 ജൂലൈ മൂന്നിലെ കോടതി ഉത്തരവ്. അതോടെ ജില്ലാ ഭരണകൂടം ചലിച്ചു തുടങ്ങി. ഈ സർവേ നമ്പരുകളിൽ പുറമ്പോക്ക് വസ്തുക്കളില്ലെന്ന് സർവേയർ റിപ്പോർട്ട് നൽകി. അതി​​െൻറ അടിസ്ഥാനത്തിൽ 2013 ജൂലൈ 24ന് കലക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി ഉത്തരവും ഇറക്കി. 

ഈ ഉത്തരവ് ഇറക്കുമ്പോൾ കലക്ടറുടെ മേശപ്പുറത്ത് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചാലക്കുടി അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ട് കൂടി ഉണ്ടായിരുന്നു എന്നതാണ്​ കൗതുകകരമായ കാര്യം.  ബി.ടി.ആർ രേഖകൾ പ്രകാരം പണ്ടാരവക പാലിയത്ത് പുത്തൻ കോവിലകത്തി​​െൻറ 17.5 സ​െൻറും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തി​​െൻറ 17.5 സ​െൻറ്​ ഭൂമിയും അദ്ദേഹം കണ്ടത്തി.  സെറ്റിൽമ​െൻറ് രജിസ്​റ്റർ പ്രകാരം തോട് പുറമ്പോക്കായി 35 സ​െൻറ് സ്ഥലവുമുള്ളതായി തഹസിൽദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ റിപ്പോർട്ട് അട്ടിമറിച്ച് ‘തോട് പുറമ്പോക്കിൽ ഉൾപ്പെടുന്ന ഭൂമിയല്ല’ എന്ന സർവേയറുടെ റിപ്പോർട്ടിൻെറ മാത്രം അടിസ്ഥാനത്തിൽ കലക്ടർ എം.എസ്.ജയ  പരാതി തള്ളി ഉത്തരവിറക്കുകയായിരുന്നു.

സർവേ ഡയറക്ടറുടെ റിപ്പോർട്ട് 
അതേസമയം, സർവേ ഡയറകട്ർ നടത്തിയ അന്വേഷണം ഭൂമി കൈയേറ്റത്തി​​െൻറയും വ്യജരേഖ നിർമ്മിക്കലി​​െൻറയും ചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു.  ചാലക്കുടി വില്ലേജിലെ വിവാദമായ 680/1, 681/1 എന്നീ സർവേ നമ്പരുകളിലെ ഭൂമിയുടെ 2005ന് മുമ്പുള്ള തണ്ടപ്പേരുകൾ വില്ലേജ് ഓഫിസിൽനിന്ന്​ അപ്രത്യക്ഷമായി. അതിനാൽ വലിയതമ്പുരാൻ കോവിലകം വസ്തുവിൽനിന്ന് നിയമാനുസൃതമാണോ ദിലീപിന് 98.42 സ​െൻറ് (39.37 ആർ.)ഭൂമി ലഭിച്ചതെന്ന് പരിശോധിക്കാൻ സാധിക്കില്ല. അവകാശ പ്രമാണങ്ങളുടെ മുന്നാധാരങ്ങളുടെ ആധികാരികതയും പരിശോധിക്കുന്നതിന് ഉന്നതതല റവന്യു സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സജി, പോൾ, അഗസ്റ്റിൻ, ഫിലിപ്പ്  എന്നിവരിൽ നിന്ന് എട്ടു ആധാരങ്ങളിലായാണ്​ 93.37 സ​െൻറ് ദിലീപ് വാങ്ങിയത്. അതിന് കരം ഒടുക്കുന്നതായി സർവേ ഡയറക്ടറും റിപ്പോർട്ട് നൽകി.

മുൻ തൃശൂർ ജില്ലാ കലക്ടർ എം.എസ് ജയ
 

എന്നാൽ, ബി.ടി.ആർ പ്രകാരം പോക്കുവരവ് നടപടികൾ സ്വീകരിച്ചതിൻെറ ഫയലുകൾ വില്ലേജ് ഓഫിസിൽ ലഭ്യമല്ലാത്തതിനാൽ സ്ഥലം മുൻ കൈവശക്കാരുടെ പേരിൽ എങ്ങനെ എത്തിയെന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു സർവേ ഡയറക്ടറുടെ നിർദേശം. 

തൊട്ടുപിന്നാലെ മധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കലക്ടറും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ദിലീപ് കരം ഒടുക്കുന്ന ഭൂമി 2188, 2189, 2190, 2191, 2278 എന്നീ മുൻ തണ്ടപ്പേരിൽനിന്ന് വന്നിട്ടുള്ള സ്ഥലമാണ്. ആ തണ്ടപ്പേരുകൾ വന്നിട്ടുള്ളത് 14776ൽ നിന്നാണ്. ആ തണ്ടപ്പേരോ, അതിൻെറ മുൻ തണ്ടപ്പേരുകളോ കിഴക്കെ ചാലക്കുടി വില്ലേജിൽ ലഭ്യമല്ല. അത്തരം പഴയ രേഖകൾ നശിപ്പിച്ചതായാണ്​ കണ്ടെത്തിയിരിക്കുന്നത്​.  ഇൗ ഭൂമി കൈമാറ്റം ഉന്നതല റവന്യു സംഘം അന്വേഷിക്കണമെന്ന് അദ്ദേഹവും നിർദേശിച്ചു.     

പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ലാൻഡ് റവന്യു കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെട്ടത്.  ഈ ഭൂമി സംബന്ധിച്ച് 2005ന് മുമ്പുള്ള തണ്ടപ്പേരുകൾ വില്ലേജ്​ ഒാഫീസിൽ ഇല്ലെന്ന് കമ്മീഷണറുടെ അന്വേഷണത്തിലും വ്യക്തമായി. ടി.ആർ. ചട്ടപ്രകാരം പോക്കുവരവ് നടപടികൾ സ്വീകരിച്ചതിൻെറ ഫയലുകളും രജിസ്റ്ററുകളും ലഭ്യമല്ല. അതിനാൽ കൊച്ചിൻ ദേവസ്വം ബോർഡിൻെറ രേഖകൾ അടക്കം പരിശോധിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് കലക്ടർക്ക് 2015 ജൂൺ ആറിന് റിപ്പോർട്ട് നൽകി. അതി​​െൻറ തുടർ നടപടി തടഞ്ഞത് ആരാണ്? രാഷ്ട്രീയ നേതൃത്വത്തി​​െൻറ ഇടപെടലില്ലാതെ തുടർ അന്വേഷണം തടയില്ല. ജില്ലാ ഭരണകൂടത്തിന്മേൽ ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായപ്പോഴായിരിക്കാം ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട് ചുവപ്പ് നാടയിൽ കുടങ്ങിയതെന്ന് വ്യക്തം. 

മൂന്നാറിലും അട്ടപ്പാടിയിലുമെല്ലാം വ്യാജ രേഖയുണ്ടാക്കി ഭൂമി കൈയേറ്റം നടത്തുന്ന അതേ രീതിയിലാണ് ചാലക്കുടിയിലും കൈയേറ്റം നടത്തിയത്​. ഭൂമി സംബന്ധിച്ച് പഴയ രേഖകളെല്ലാം വില്ലേജ് ഓഫിസിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിനാൽ കൈയേറ്റം തെളിയിക്കുക അസാധ്യമാവും.
 

COMMENTS