അനർഹമായത് നേടിയോ മുസ്‍ലിംകൾ?
text_fieldsകേരള രാഷ്ട്രീയത്തിൽ മുസ്ലിം സമുദായം അനർഹമായ സ്വാധീനം ചെലുത്തുന്നെന്ന ആരോപണം കുറച്ച് കാലമായി മാധ്യമചർച്ചകളിലും അഭിപ്രായ പ്രകടനങ്ങളിലും വ്യാപകമാണ്. പ്രാതിനിധ്യത്തിന്‍റെ കണക്കുകൾ പരിശോധിക്കുമ്പോൾ, പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെ ഉന്നയിക്കപ്പെടുന്ന ഇത്തരം ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ബോധ്യമാവും. കേരളത്തിലെ രണ്ടു പ്രധാന മുന്നണികൾ-എൽ.ഡി.എഫും യു.ഡി.എഫും- ന്യൂനപക്ഷ പ്രാതിനിധ്യത്തെ ഏത് രീതിയിലാണ് വീക്ഷിച്ചത് എന്നതിനെ കണക്കുകളുടെ അടിസ്ഥാനത്തിൽ അപഗ്രഥനം ചെയ്താൽ അനർഹമായ കാര്യങ്ങൾ നേടിയിട്ടില്ലെന്നു മാത്രമല്ല, മറ്റു പ്രബല ജാതി-മത സമുദായങ്ങളെ അപേക്ഷിച്ച്, ജനസംഖ്യാനുപാതമനുസരിച്ച് ഏറ്റവും കുറഞ്ഞ പ്രാതിനിധ്യമാണ് കേരള രാഷ്ട്രീയത്തിൽ മുസ്ലിംകൾക്കുണ്ടായത്.
സാമുദായിക വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും രണ്ട് വ്യത്യസ്ത നിലപാടുകളുള്ളവരാണ്. ബഹുസ്വര രാഷ്ട്രീയമുൾക്കൊള്ളുന്ന യു.ഡി.എഫ് സമുദായ താല്പര്യങ്ങളെയും ജാതി-മതാടിസ്ഥാനത്തിലുള്ള പങ്കുവെക്കലുകളെയും പ്രകടമായി അംഗീകരിക്കുമ്പോൾ, വർഗ രാഷ്ട്രീയത്തിലൂന്നിയ ഇടതുപക്ഷത്തിന് പ്രത്യക്ഷമായൊരിക്കലും സമുദായ അസ്തിത്വത്തെ അംഗീകരിക്കാൻ കഴിയില്ല. എന്നാലും പ്രായോഗിക രാഷ്ട്രീയത്തിൽ സമുദായങ്ങളെയും സമുദായ താല്പര്യങ്ങളെയും ഇടതു-വലതു ഭേദമെന്യേ മുന്നണികളും പാർട്ടികളും പരിഗണിക്കാറുണ്ട്. മുന്നണികൾക്കിടയിലെ ഈ സമീപനവ്യത്യാസങ്ങൾ മുസ്‍ലിം പ്രാതിനിധ്യത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
മുന്നണി സംവിധാനങ്ങൾ വ്യവസ്ഥാപിത രീതികളിലേക്ക് വന്നതു മുതലുള്ള കണക്കുകളനുസരിച്ച് മുസ്‍ലിംകൾക്ക് ജനസംഖ്യാനുപാതികമായി മന്ത്രിസഭകളിൽ പ്രാതിനിധ്യം നൽകിയത് യു.ഡി.എഫ് മുന്നണിയാണ്. 1982 മുതൽ 2016 വരെയുള്ള യു.ഡി.എഫ് മന്ത്രിസഭകളിൽ ജനസംഖ്യയിൽ 26.5 ശതമാനം വരുന്ന മുസ്‍ലിംകൾക്ക് ശരാശരി 25 ശതമാനം പ്രാതിനിധ്യമാണ് ലഭിച്ചത്. മുന്നണിക്കകത്തെ മുസ്‍ലിം ലീഗിന്‍റെ സ്ഥിര സാന്നിധ്യമാണ് സമുദായപ്രാതിനിധ്യം ഉറപ്പുവരുത്താൻ സഹായകമായത്. എന്നാൽ, പദവികൾ ജാതി-സമുദായാടിസ്ഥാനത്തിൽ ഭാഗിക്കുന്ന യു.ഡി.എഫ് മറ്റു സമുദായങ്ങൾക്കും ജന-സംഖ്യാനുപാതത്തിലോ അതിലുപരിയോ നൽകിയിട്ടുണ്ടെന്നത് അടിവരയിടേണ്ടതാണ്.
അതേസമയം, മുസ്‍ലിം രാഷ്ട്രീയകാര്യം മുഴുവൻ മുസ്‍ലിം ലീഗിലേക്ക് ചുരുങ്ങുന്ന യു.ഡി.എഫ് സംവിധാനത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ പരിമിതി കൂടി വെളിപ്പെടുന്നുണ്ട്. എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യമവകാശപ്പെടുന്ന കോൺഗ്രസ്, മുസ്‍ലിം സമുദായത്തിൽ നിന്ന് വരുന്നവർക്ക് വേണ്ടത്ര പരിഗണന നൽകാറില്ല. 1982 മുതൽ 2016 വരെ നിലവിൽ വന്ന എല്ലാ യു.ഡി.എഫ് മന്ത്രിസഭകളിലും മുസ്‍ലിം ലീഗിന് പുറമെ, കോൺഗ്രസിൽ നിന്ന് ഒരു മുസ്‍ലിം മന്ത്രി എന്ന രീതിയാണ് മുന്നണി പിന്തുടരുന്നത്. ക്രൈസ്തവ, നായർ വിഭാഗങ്ങൾക്ക് പല പാർട്ടികളിൽ നിന്നും പ്രാതിനിധ്യം വരാറുണ്ടെങ്കിലും, മുസ്‍ലിം ജനപ്രതിനിധികൾക്ക് ചില പരിമിതികൾ യു.ഡി.എഫിനകത്തും നിലനിൽക്കുന്നെന്ന് വ്യക്തമാവുന്നു.
തുല്യതയും സാമൂഹികനീതിയും രാഷ്ട്രീയ മുദ്രാവാക്യമാക്കുന്ന എൽ.ഡി.എഫിന്‍റെ മുസ്‍ലിം ന്യൂനപക്ഷ പ്രാതിനിധ്യത്തോടുള്ള നിലപാട് കൂടുതൽ സങ്കീർണമാണ്. ചരിത്രപരമായി എൽ.ഡി.എഫിന് യു.ഡി.എഫിനെക്കാൾ കുറഞ്ഞ ന്യൂനപക്ഷ വോട്ടുകളേ ലഭിക്കാറുള്ളൂ. പക്ഷേ, തിരഞ്ഞെടുപ്പുകളിൽ 30-40 ശതമാനം മുസ്‍ലിം വോട്ടുകൾ കിട്ടുന്ന ഇടതുപക്ഷം സമുദായത്തിന് ശരാശരി 12 ശതമാനം മന്ത്രി പദവികളേ 1982 മുതൽ 2025 വരെ നൽകിയിട്ടുള്ളൂ. 1980 മുതൽ തുടർച്ചയായി എൽ.ഡി.എഫ് മന്ത്രിസഭകളിൽ പരമാവധി രണ്ട്, ചിലപ്പോൾ ഒന്ന്, മുസ്‍ലിം മന്ത്രിമാരാണ് ഉണ്ടാവാറുള്ളത്. നിലവിലെ മന്ത്രിസഭയിൽ പോലും അപൂർവമായാണ് അത് രണ്ടര എന്ന രൂപത്തിലെത്തിയിരിക്കുന്നത്. ജാതി-മത വീതം വെപ്പിനെ നഖശിഖാന്തം വിമർശിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ടാവും മുസ്‍ലിം പ്രാതിനിധ്യത്തിന്റെ പരമാവധി പരിധി രണ്ടിൽ നിശ്ചയിച്ചത്?
വർഗരാഷ്ട്രീയത്തിന് നൽകുന്ന ഊന്നലും പ്രത്യക്ഷമായ സമുദായാധിഷ്ഠിത പ്രതിനിധാനത്തോടുള്ള ആശയപരമായ എതിർപ്പുമാണ് ഈ മാതൃകക്ക് എൽ.ഡി.എഫ് പറയാറുള്ള ന്യായീകരണം. എന്നാൽ, പാർട്ടിയും മുന്നണിയും തന്നെ ഈ സ്ഥാപിത ആശയങ്ങളിൽ നിന്നും വലിയ രീതിയിൽ പിന്നോട്ട് പോയിട്ടുണ്ട്. എന്തുകൊണ്ട് ഈ നിലപാട് മുസ്‍ലിം പ്രാതിനിധ്യത്തെ മാത്രം ബാധിച്ചെന്നത് അന്വേഷണാത്മകമാണ്. പൊതുമരാമത്ത്, വ്യവസായം പോലുള്ള പ്രധാന വകുപ്പുകൾ മുസ്‍ലിംമന്ത്രിമാർക്ക് ഇടതുപക്ഷ സർക്കാറുകൾ നൽകുന്നത് ശ്രദ്ധേയമാണെങ്കിലും, ജനസംഖ്യാനുപാതത്തിൽ ഒരു പ്രത്യേക ജനവിഭാഗത്തെ കാലങ്ങളോളം അവഗണിക്കുന്നതിനെ ഇടതുപക്ഷത്തിന് ന്യായീകരിക്കാൻ കഴിയുകയില്ല.
കേരളം ഭരണസ്ഥിരത കൈവരിച്ച 1982 മുതലുള്ള കണക്കുകളനുസരിച്ച്, ജനസംഖ്യാനുപാതികമായി ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം കിട്ടിയ പ്രബല സമുദായം മുസ്‍ലിംകളാണ്. 2011ലെ സെൻസസ് പ്രകാരം 26.6 ശതമാനം വരുന്ന മുസ്‍ലിംകൾക്ക് 1982 മുതൽ 2026 വരെ നിലവിൽവന്ന മന്ത്രിസഭകളിൽ കിട്ടിയ പ്രാതിനിധ്യം കേവലം 17.25 ശതമാനം മാത്രമാണ്. ഇതേ കാലയളവിൽ കേരളത്തെ പ്രതിനിധീകരിച്ച നിയമസഭാംഗങ്ങളിൽ, 20.79 ശതമാനം അംഗങ്ങളാണ് മുസ്‍ലിം ജനവിഭാഗത്തിൽ നിന്നുള്ളത്. മറ്റു പ്രബല സമുദായങ്ങളായ ക്രൈസ്തവർക്കും ഈഴവർക്കും നായർക്കും ജനസംഖ്യാനുപാതത്തെക്കാൾ പ്രാതിനിധ്യം മന്ത്രിസഭകളിലും നിയമനിർമാണ സഭകളിലും നൽകുമ്പോഴാണ് മുസ്‍ലിം സമുദായത്തിന് ആനുപാതിക പ്രാതിനിധ്യം പോലും അനുവദിക്കപ്പെടാതെ പോകുന്നത്.
മുസ്‍ലിം വിഭാഗങ്ങൾ എന്തോ അനർഹമായി നേടിയെടുക്കുന്നെന്ന വാദം വാസ്തവവിരുദ്ധമാണെന്നു മാത്രമല്ല, ചില നിക്ഷിപ്‌ത താല്പര്യങ്ങളും അതിനു പിന്നിലുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ പാർലമെന്‍ററി രാഷ്ട്രീയത്തിലേക്ക് അവസാനം പ്രവേശിച്ച പ്രബല സമുദായമെന്ന നിലക്ക് മുസ്‍ലിംകൾ നേരിടുന്ന പ്രാതിനിധ്യപ്രതിസന്ധിക്ക് പരിഹാരം കാണാൻ മതേതര മൂല്യത്തിൽ വിശ്വസിക്കുന്ന രണ്ട് മുന്നണികളും ബാധ്യസ്ഥരാണ്. കേരള രാഷ്ട്രീയത്തിലെ ഇത്തരം തെറ്റുകൾ തിരുത്തുന്നതിന് പകരം, മുസ്‍ലിംകൾ എന്തോ അനർഹമായത് നേടിയെടുക്കുന്നെന്ന തെറ്റിദ്ധാരണയെ പിന്താങ്ങുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവൃത്തികളും മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തീർത്തും ആശങ്കജനകമാണ്.
(അധ്യാപകനും സാമൂഹികശാസ്ത്ര ഗവേഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

