Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യേശുദാസ്​ തെറ്റിച്ച ഈണങ്ങൾ...
cancel

നമ്മൾ കേൾക്കുന്ന ഒാരോ യേശുദാസ്​ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമായി ഒരു സാധാരണ ശ്രോതാവിന്​ അനുഭവപ്പെടും. എത്ര കേട്ടാലും മതിവരാത്തത്രയും വശ്യ മനോഹരമായി അര നൂറ്റാണ്ട്​ പിന്നിട്ടും ദാസേട്ട​​​​​​െൻറ ശബ്​ദം നമുക്കൊപ്പമുണ്ട്​. മലയാളിക്ക്​ യേശുദാസ്​ കഴിഞ്ഞേ മറ്റേത്​ ശബ്​ദവുമുള്ളു. അദ്ദേഹം പാടിയ ഒാരോ പാട്ടും അതിലെ ഒാരോ വരികളും സംഗതികളും നമ്മുടെ മനസ്സിലുണ്ട്​. സംഗീത സംവിധായകർ അദ്ദേഹത്തിനായി ചിട്ടപ്പെടുത്തിയ ഇൗണങ്ങളുടെ ഒാരോ വളവിലും തിരിവിലും അദ്ദേഹം മനസ്സർപ്പിച്ച്​ നൽകിയ പാട്ടുകൾ ഇനിയും എത്രകാലം കടന്നാലും നമ്മുടെ ഒാർമകളിൽനിന്ന്​ ഇറങ്ങിപ്പോവില്ല.

‘പല്ലവി’യുടെ റെക്കോർഡിങ്ങിനിടയിൽ യേശുദാസിന്​ ട്യൂൺ പറഞ്ഞുകൊടുക്കുന്ന സംഗീത സംവിധായകൻ കണ്ണൂർ രാജൻ. സമീപം എസ്​. രാജേന്ദ്ര ബാബു
 

1977ൽ പുറത്തിറങ്ങിയ ‘പല്ലവി’ എന്നന്ന ചിത്രത്തിലെ ‘ദേവീക്ഷേത്ര നടയിൽ.…’  എന്ന ഗാനമാണ് കണ്ണൂര്‍ രാജൻറെ കമ്പോസിംഗ് അസിസ്റ്റന്റായി ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന റെക്കോഡിംഗ്. പരത്തുള്ളി രവീന്ദ്രന്റെ ഗാനരചന. ഭരണി സ്റ്റുഡിയോയിൽ. കണ്ണന്‍ സാറാണ് അതു റെക്കോഡ് ചെയ്തത്. ആഴ്ചകള്‍ക്കു മുമ്പു തന്നെ ‘പല്ലവി’യിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു. പാട്ടുകളുടെ ഈണം ഹൃദിസ്ഥമാക്കി സ്റ്റുഡിയോയിൽ  റെക്കോഡിംഗിനു മുമ്പ് ഉപകരണ സംഗീതത്തിന്റെ റിഹേഴ്‌സലിനായി പാടുകയും ഗായകരെ ഈണം പഠിപ്പിക്കുകയുമാണ് കമ്പോസിംഗ് അസിസ്റ്റന്റിന്റെ കര്‍ത്തവ്യം. ഭരണി സ്റ്റുഡിയോയുടെ ഹാളിൽ പ്രധാന അസിസ്റ്റന്റായ ഗുണസിംഗ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വോയിസ് റൂമിൽ കണ്ണുര്‍ രാജന്‍ യേശുദാസിനെ ‘ദേവീക്ഷത്ര നടയിൽ.…’ എന്ന ഗാനം പഠിപ്പിക്കുന്നു. പാട്ട്​ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ പാട്ടിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എനിക്കു ബോധ്യപ്പെട്ടു. കണ്ണൂര്‍ രാജനെ ഞാനത് ഓർമിപ്പിച്ചു. ‘സാരമില്ല... തിരുത്തിയാൽ യേശു ചൂടാവും. ചൂടായാൽ  റെക്കോഡിംഗ് മുടങ്ങും..’ എല്ലാം ഭംഗിയായി പൂര്‍ത്തിയാകണമെന്ന പ്രാര്‍ത്ഥനയിലാണ് കണ്ണൂര്‍ രാജന്‍. ഏറെക്കാലത്തെ കാത്തിരിപ്പിന്‍െറ ഫലമായി അദ്ദേഹത്തിന്​ കിട്ടിയതാണ്​ ‘പല്ലവി’. യഥാര്‍ത്ഥ ഈണത്തിനു ഭംഗം സംഭവിച്ച നിരാശയിൽ ഞാനും. ഇത്തരം സാഹചര്യം ഇനിയുമുണ്ടായാൽ അപ്പോള്‍ ഓർമിപ്പിക്കാന്‍ അദ്ദേഹം എന്നോട്​ നിർദേശിക്കുകയും ചെയ്തു.

‘അഭിനന്ദനം’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ്ങിനിടയിൽ യേശുദാസിനൊപ്പം ലതിക, രാന്ദ്രേബാബു എന്നിവർ
 

ഐ.വി. ശശിയുടെ ‘അഭിനന്ദനം’ ആയിരുന്നു അടുത്ത ചിത്രം. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചയിതാവ്. പ്രസാദ് സ്റ്റുഡിയോയിൽ 9-9 (രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണി വരെ) കോള്‍ഷീറ്റിൽ യേശുദാസ് മൂന്നു പാട്ടുകള്‍ പാടണം. സ്റ്റുഡിയോയിൽ ആദ്യ ഗാനത്തിന്‍െറ റിഹേഴ്‌സൽ തുടങ്ങി.  ‘പുഷ്പതൽപത്തിൽ നീ വീണുറങ്ങി..’. വോയിസ് റൂമിൽ യേശുദാസിനെയും ലതികയെയും കണ്ണൂര്‍ രാജന്‍ പാട്ട് പഠിപ്പിക്കുന്നു. പിന്നണിഗാന രംഗത്ത് ലതികയുടെ ആദ്യഗാനമാണത്. ഞാന്‍ സമീപത്തിരുന്ന്​ ഹാർമോണിയം വായിക്കുന്നു. പാട്ടിന്‍െറ ഓരോ ഘടകവും എനിക്ക് മനഃപാഠമാണ്. ‘ദേവീക്ഷേത്ര നടയിൽ..’ എന്ന പാട്ടിനു  സംഭവിച്ചതുപോലെ ഇവിടെയും ഈണത്തിന്​ ഭംഗം സംഭവിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടു. യേശുദാസ് ദേഷ്യപ്പെടുമോ എന്ന ഭയത്തിലായിരുന്നു കണ്ണൂര്‍ രാജന്‍. അപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കിലും വൈകാതെ യേശുദാസ് മൂഡ് ഓഫ് ആയി. തബല വായിച്ചുകൊണ്ടിരുന്ന ബാലനാണ് അതിന്‍െറ തിക്തഫലം അനുഭവിച്ചത്. റിഹേഴ്‌സലിനിടയിൽ ഒന്നു ചിരിച്ചതിന് യേശുദാസ് ബാലനെ വോയിസ് റൂമിൽ നിന്ന്​ ശകാരിച്ച് പുറത്താക്കി. രംഗം വഷളായി. അതോടെ പാട്ടിന്‍െറ പ്രധാനപ്പെട്ട പല സംഗതികളും ഭാവവും ഒക്കെ നഷ്ടമായി.    

യേശുദാസി​​​​​​െൻറ കോപത്തിന്​ അപ്പോൾ ഇരയായത്​ തബല ബാലൻ (വലത്തേയറ്റം) ആയിരുന്നു
 

മിക്ക സംഗീത സംവിധായകര്‍ക്കും ഇതേ സാഹചര്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്​. ഈണം ശ്രദ്ധയോടെ മനസ്സിലാക്കി കൃത്യമായി പാടാനുള്ള ക്ഷമ യേശുദാസ് കാണിക്കുന്നില്ല എന്നതായിരുന്നു മുഖ്യ പരാതി. മലയാള സിനിമയ്ക്ക് യേശുദാസ് അവിഭാജ്യഘടകമായിരുന്നതിനാൽ വസ്തുത ഉന്നയിക്കാന്‍ ആരും തയാറായതുമില്ല. രാപ്പകൽ തപസ്സിരുന്ന്​ രാകിമിനുക്കിയെടുക്കുന്ന തങ്ങളുടെ ഈണങ്ങള്‍ യേശുദാസ് അശ്രദ്ധയോടെ തെറ്റിച്ചു പാടുന്നുവെന്ന പരാതി സംഗീത സംവിധായകര്‍ മനസ്സിലൊതുക്കി. പൂച്ചയ്ക്കു മണി കെട്ടാന്‍ ആരും മുന്നോട്ടുവന്നുമില്ല.. സ്വന്തം പാട്ടുകള്‍ നന്നായി പാടാന്‍ കഴിവുള്ള സംഗീത സംവിധായകര്‍ക്കു മാത്രമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുള്ളത്. പാടാന്‍ അറിയാത്ത സംഗീത സംവിധായകര്‍ക്ക് (അങ്ങനെയുമുണ്ട്​ ചിലര്‍) ഇതൊന്നും ബാധകമായിരുന്നില്ല.. അവര്‍ പാട്ടിനു വേണ്ടി പൂര്‍ണമായും ഗായകനെ തന്നെ ആശ്രയിക്കുന്നതു കൊണ്ട്​ ഗായകന്‍ എങ്ങനെ പാടിയാലും അവര്‍ക്കു തൃപ്തിയാണ്.  

സംഗീത സംവിധായകൻ ജോൺസണും കുടുംബവും
 

സംഗീത സംവിധായകൻ ജോൺസണ്​ സ്വന്തം പാട്ടുകളുടെ ശേഖരത്തിൽ യേശുദാസിന്‍െറ പാട്ടുകള്‍ സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. പകരം ട്രാക്ക് പാടിയ നടേഷ് ശങ്കറിന്‍െറ പാട്ടുകളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന്​ ഒരവസരത്തിൽ അദ്ദേഹം എന്നോടു പറയുകയുണ്ടായി. പാട്ടിന്‍െറ എല്ലാ  സൂക്ഷ്മാംശങ്ങളും നടേശന്‍െറ ആലാപനത്തിൽ വ്യക്തവും കൃത്യവുമായിരിക്കുമത്രെ. റെക്കോഡിംഗ് കഴിഞ്ഞാൽ യേശുദാസിന്‍െറ ശബ്ദമിശ്രണത്തിനു ജോൺസൺ പങ്കെടുത്തിരുന്നില്ല. ഒരിക്കൽ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘നമ്മുടെ ട്യൂൺ കൃത്യമായൊന്നും കേട്ടു പഠിച്ചു ദാസേട്ടന്‍ പാടില്ല.. അദ്ദേഹത്തിനു തോന്നിയതു പോലെ പാടുന്നതു കേട്ട്​ മിണ്ടാതിരിക്കാന്‍ എനിക്കുമാവില്ല.. അപ്പോള്‍ ഞാന്‍ ഇടപെടും. പിന്നെ പിണങ്ങേണ്ടി വരും. എന്തിനാ പൊല്ലാപ്പ്​. അദ്ദേഹത്തിന് ഇഷ്ടമുള്ളതുപോലെ പാടാനാണെങ്കിൽ അവിടെ എന്‍െറ ആവശ്യമില്ലല്ലോ ..’

‘പല്ലവി’യുടെ റെക്കോർഡിങ്ങിനിടയിൽ യേശുദാസിന്​ ട്യൂൺ പറഞ്ഞുകൊടുക്കുന്ന എസ്​. രാജേന്ദ്ര ബാബു
 

ജോൺസന്‍െറയും രാജാമണിയുടേയും കൂടെ വളരെക്കാലം സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നടേഷ് ശങ്കര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആന്ദോളനം’. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങള്‍ അതിമനോഹരമായി നടേശന്‍ ചിട്ടപ്പെടുത്തി എടപ്പാള്‍ വിശ്വനാഥന്‍ എന്ന ഗായകനെക്കൊണ്ട്​ ട്രാക്ക് പാടിച്ചുവച്ചു. ഇതിലെ മൂന്നു ഗാനങ്ങള്‍ യേശുദാസ് പാടണമെന്നും തീരുമാനമായി. എല്ലാ ഗാനങ്ങളും മികച്ചതായിരുെന്നങ്കിലും ‘രണ്ടു ചന്ദ്രനുദിച്ച രാത്രി…’ എന്നാരംഭിക്കുന്ന ഗാനം അതിമനോഹരമായിരുന്നു. യേശുദാസ് പാടാനുള്ള സമ്മതവും തീയതിയും നൽകിയതോടെ നടേശന്‍ സന്തോഷത്തിലായി. ഈണമൊരുക്കുന്ന ആദ്യഘട്ടം മുതൽ ഒപ്പമുണ്ടായിരുന്ന എന്നെയും നടേശന്‍ റെക്കോഡിംഗിനു ക്ഷണിച്ചു. എനിക്കു പങ്കെടുക്കാനായില്ലെങ്കിലും അനുഭവത്തിന്‍െറ വെളിച്ചത്തിൽ ചില കാര്യങ്ങള്‍ ഞാന്‍ നടേശനെ ഓര്‍മപ്പെടുത്തി. ‘ദാസേട്ടന് അലോസരമുണ്ടാക്കുന്ന യാതൊന്നും സ്റ്റുഡിയോയിൽ സംഭവിക്കാതെ നോക്കണം. ഈണം വളരെ കൃത്യമായൊന്നും അദ്ദേഹം പാടിയെന്നു വരില്ല.. നിസ്സാര സംഗതികളാണ് നഷ്ടപ്പെടുന്നതെങ്കിൽ വിട്ടുകളയണം. അദ്ദേഹത്തിനു ദേഷ്യം വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കരുത്. ഇതു നിന്‍െറ ആദ്യചിത്രമാണെന്ന കാര്യം മറക്കരുത്...’

യേശുദാസിന്​ നിർദേശങ്ങൾ നൽകുന്ന നടേശ്​ ശങ്കർ
 

റെക്കോഡ് ചെയ്ത പാട്ടുകള്‍ കേള്‍ക്കാനുള്ള ആവേശത്തോടെ അടുത്ത ദിവസം രാവിലെ തന്നെ ഞാൻ നടേശന്‍െറ സാലിഗ്രാമം തിലകര്‍ സ്ട്രീറ്റിലുള്ള വീട്ടിലെത്തി. നിരാശാഭരിതമായിരുന്നു ആ മുഖം. തനിക്ക് ഏറെ പ്രിയപ്പെട്ട ‘രണ്ടു ചന്ദ്രനുദിച്ച രാത്രി…’ എന്നഗാനം യേശുദാസ് അശ്രദ്ധയോടെ പാടിവച്ചതിലെ നിരാശയിലായിരുന്നു നടേശന്‍. പാട്ടു കേട്ടപ്പോള്‍ എനിക്കും വിഷമം തോന്നി. പാട്ടിന്റെ കൃത്യമായ ഈണം ശ്രോതാക്കള്‍ അറിയാതെ പോകുമല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ ഒരു പോംവഴി നിർദേശിച്ചു.  ‘അതേ ഗാനം കൃത്യമായ ഈണത്തിൽ ഒരു ഗായികയെക്കൊണ്ടു കൂടി പാടിച്ച് കസറ്റിൽ  ഉള്‍പ്പെടുത്തുക. സംഗീത സംവിധായകന്റെ കഴിവും പാട്ടിന്‍െറ യഥാര്‍ത്ഥ ഈണവും കേട്ടാൽ അറിയാവുന്നവര്‍ സത്യം മനസ്സിലാക്ക​​െട്ട..’ പിന്നീട് സുജാതയെ കൊണ്ട്​ അതേ ഗാനം യാതൊരു തെറ്റും സംഭവിക്കാതെ പാടിച്ച് കസറ്റിൽ ഉള്‍പ്പെടുത്തി. നടേശനു സന്തോഷമായി. 

യേശ​ുദാസ്​ പാടിയ പാട്ടുകൾ ഒരു കേഴ്​വിക്കാരന്​ മികച്ചതായി അനുഭവ​െപ്പടുമ്പോഴും അതി​​​​​​െൻറ സംഗീതസംവിധായകന്​ അങ്ങനെയാവണമെന്നില്ല
 

 

ഈ സംഭവം അറിഞ്ഞ ജോൺസൺ പിന്നീട് യേശുദാസ് പാടുന്ന ഗാനങ്ങള്‍ ഒരു ഗായികയെക്കൊണ്ട് വീണ്ടും പാടിക്കുന്നതു ശീലമാക്കി. യേശുദാസ് ഈണം തെറ്റിച്ചാലും കൃത്യമായ ഈണം എന്താണെന്ന്​ ശ്രോതാക്കള്‍ അറിയണമല്ലോ. ക്രമേണ മറ്റു ചില സംഗീതസംവിധായകരും ഈ രീതി പതിവാക്കി. സിനിമയിൽ ഉപയോഗിക്കാതെ ചില നല്ല ഗാനങ്ങള്‍ മറ്റൊരു ഗായകനോ ഗായികയോ കസറ്റിൽ ആവര്‍ത്തിച്ചു പാടുന്ന പ്രവണത ഉണ്ടായത് അങ്ങനെയാണ്. സിനിമാ സംഗീതരംഗത്ത് ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അണിയറ രഹസ്യം!

യേശുദാസ്​ പാടിയ പാട്ടുകൾ ഒരു കേഴ്​വിക്കാരന്​ മികച്ചതായി അനുഭവപ്പെടുമ്പോഴും അതി​​​​​​െൻറ സംഗീതസംവിധായകന്​ അങ്ങനെയല്ല. അയാൾ ഉദ്ദേശിച്ച സംഗതികളും ഭാവങ്ങളും പാട്ടിൽ ഉൾ​ച്ചേർന്നില്ലെന്നും വരും. യേശുദാസ്​ എന്ന മഹാപ്രതിഭയോട്​ തിരുത്തിപ്പറയാൻ ആർക്കും അന്ന്​ ധൈര്യവുമുണ്ടായിരുന്നില്ല. ‘പ്രാണസഖി ഞാൻ വെറുമൊരു ...’ എന്ന പാട്ട്​ യേശുദാസ്​ പാടിയതും ബാബുരാജ്​ പാടിയതും കേൾക്കുമ്പോൾ ആ ഭാവവ്യത്യാസം നമുക്ക്​ മനസ്സിലാവും...

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yesudskodambakkamkadhakalkannur rajanrajendrababu
News Summary - destorted tunes by yesudas kodambakkam kadhakal
Next Story