Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമഹാമാരികളെ മറികടന്ന...

മഹാമാരികളെ മറികടന്ന പ്രാതിനിധ്യചിന്ത: ഡോക്ടർ പൽപ്പുവിന്റെ ജനായത്ത സമരങ്ങൾ

text_fields
bookmark_border
മഹാമാരികളെ മറികടന്ന പ്രാതിനിധ്യചിന്ത: ഡോക്ടർ പൽപ്പുവിന്റെ ജനായത്ത സമരങ്ങൾ
cancel

അപരനുവേണ്ടി അഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു
- നാരായണഗുരു

മഹാമാരി ബാധിച്ച ജനതയുടെ സേവനത്തിനായി 1896 ൽ ബംഗളൂരില്‍ സ്വന്തം വിൽപ്പത്രം എഴുതി പ്ലേഗ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കിറങ്ങിയ നിർഭയനായ മനുഷ്യസ്​നേഹിയായിരുന്നു ഡോക്ടർ പൽപ്പു. ഇന്ന് കോവിഡ് മഹാമാരിയും ഇന്ത്യൻ സമഗ്രാധിപത്യവും അതിന്റെ പ്രാദേശിക സംസ്​കാര വരേണ്യ കുത്തകവാദങ്ങളും സാമൂഹ്യ സന്തുലനത്തെ ഇല്ലാതാക്കുമ്പോൾ, സത്യത്തിനും നീതിക്കും വേണ്ടി തെന്നിന്ത്യയിലെമ്പാടും അർപ്പിത സേവനം ചെയ്ത ഡോക്ടറുടെ ജീവിതസമരം സമകാലികമാകുന്നു. ലോകത്തെ ചികിൽസിച്ചു സൗഖ്യമാക്കുന്ന ഒരു പൂർവ വൈദ്യനെ അക്ഷരാഭിവാദ്യം ചെയ്താണ് അമരസിംഹനെന്ന സിംഹളബുദ്ധഭിക്ഷു അമരകോശം തുടങ്ങുന്നത്. ലോകനാഥനായ അത്തരമൊരപൂർവ വൈദ്യനായിരുന്നു പദ്മനാഭൻ പൽപ്പു. സാമൂഹ്യ നീതിയുടേയും സാമൂഹ്യ പ്രാതിനിധ്യത്തിന്റേയും നിർണായകമായ ജനായത്ത സംസ്​കാരത്തെയാണ് ഡോക്ടർ പൽപ്പുവിന്റെ വിമോചന രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നത്. പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയായ സാമൂഹ്യ നീതി ചിന്തയുടെ ജനായത്ത പ്രയോഗമാണദ്ദേഹത്തിന്റെ ജീവിതസ്​മരണയെ അനശ്വരമാക്കുന്നത്.

രണ്ടു തലമുറ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്ത അവർണ കുടുംബത്തിൽ നിന്നാണ് പൽപ്പു ലോകോത്തരനായ പൊതുജനാരോഗ്യ വിദഗ്ധനും സാമൂഹ്യ ജനായത്ത പ്രക്ഷോഭകനുമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഉയർന്നു വരുന്നത്. പിതാവ് തിരുവനന്തപുരം പേട്ടയിലെ തച്ചക്കുടി പപ്പു എന്നറിയപ്പെട്ട മാതിക്കുട്ടി ഭഗവതി തിരുവിതാംകൂറിലെ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ ഈഴവരിലൊരാളായിരുന്നു. മാതാവ് മാതാപെരുമാൾ സാക്ഷരയായ സ്​നേഹനിധിയായ സ്​ത്രീയായിരുന്നു. മാതിയും മാതുവും മാതായുമെല്ലാം കേരളമക്കളുടെ പേരുകളിലേക്കു വരുന്നത് ബുദ്ധ മാതാവായ മഹാമായയോടുള്ള ആദരവിന്റെ ചരിത്ര വംശാവലിയിലാണ്. മാത മഹാമായ എന്ന മായാദേവിയെ സുചിപ്പിക്കുമ്പോൾ കോത ഗോദമനെന്ന മകനെ അടുപ്പത്തിൽ അടയാളപ്പെടുത്തുന്നു. പാലി ഭാഷയുമായുള്ള അശോക കാലം മുതലുള്ള ബന്ധത്തിലൂടെയാണ് കേരളത്തിലേക്ക് മാതമംഗലങ്ങളും കോതമംഗലങ്ങളും കോതായങ്ങളുമെല്ലാം വന്നത്. സിന്ധുമഹാസാഗരത്തെ കളിത്തൊട്ടിലാക്കിയ ലോകസഞ്ചാരികളായ സംഘക്കാരായ ഈഴവരുടെ പ്രബുദ്ധ മുൻമുറക്കാരെ കുറിച്ച് ബഹുജനങ്ങളെ ഓർമിപ്പിച്ചത് സി.വി. കുഞ്ഞിരാമനും മുമ്പ് പൽപ്പു തന്നെയാണ്. സംഘത്തിന്റെ ഇഴയടുപ്പമുള്ള പൂമരമായ ഈഴച്ചെമ്പകത്തിനടിയിലാണ് അദ്ദേഹം അന്ത്യാഭിലാഷ പ്രകാരം പേട്ടയിൽ ഇന്നും പള്ളികൊള്ളുന്നത്. ഹോർത്തൂസ്​ മലബാറിക്കസ്​ ഡച്ചുകാർക്കു വേണ്ടി സാധ്യമാക്കിയ കടക്കരപ്പള്ളി ഇട്ടി അച്ചുതനേയും വാഗ്ഭട ഭിക്ഷുവിന്റെ അട്ടമാഗ്ഗാനുസാരിയായ അഷ്​ടാംഗഹൃദയത്തിനു ഭാഷയിൽ വ്യാഖ്യാനമെഴുതിയ ഉപ്പോട്ടു കണ്ണനേയും പോലുള്ള ഭിഷഗ്വര ബഹുഭാഷാ പണ്ഡിതരായ സംഘക്കാരുടെ പ്രബുദ്ധ പാരമ്പര്യത്തിലാണ് ഡോക്ടറും സ്​ഥാനപ്പെടുന്നത്. ഫ്രാൻസിൽ പോയപ്പോഴും ഗോതമനെ കുറിച്ചുള്ള പുസ്തകങ്ങളാണ് തന്നെ സഹായിച്ച ബഹുഭാഷാ പണ്ഡിതരായ െപ്രാഫസർമാർക്ക് അദ്ദേഹം കൊടുത്തത്. കേരള പുത്തരായി മൂലൂരും കറുപ്പനും സഹോദരനും ചമൽക്കാരം ചെയ്ത ഗുരുവിനോടുള്ള ഡോക്ടറുടെ സ്​നേഹാദരങ്ങളും കേരളത്തിന്റെ പ്രബുദ്ധതയുടെ അടിത്തറയിലൂന്നിയായിരുന്നു. ദേശീയതലത്തിൽ ഏറെ പുരസ്​കരിക്കപ്പെട്ട വിവേകാനന്ദനോട് ആദരം പൂലർത്തിയപ്പോഴും അദ്ദേഹത്തിന്റെ സംസ്​കാര ദേശീയവാദത്തോടും നവഹിന്ദുത്വത്തോടും തികഞ്ഞ വിമർശ വിഛേദവും പാലിച്ചു. ഗുരുവും സഹോദരനും വിപൂലീകരിച്ച മതേതര സാഹോദര്യ മാനവിക സമുദായ ഭാവനയിലൂടെ ബോധോദയം നേടിയ ലോക പൗരനായുമാണ് ഡോക്ടർ സ്വയം സ്​ഥാനപ്പെട്ടത്.

ജെ. രഘു, ഉദയകുമാർ തുടങ്ങിയ മുൻനിര വിമർശ ചിന്തകർ തന്നെ അതിനെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്. അഭിഭാഷകനാകാനുള്ള ആംഗല പരിജ്ഞാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കഷ്​ടപ്പെട്ടു നേടി പണിയെടുത്തുണ്ടാക്കിയ പണമടച്ച് പരീക്ഷയ്ക്കപേക്ഷിച്ചിട്ടും ജാതിയുടെ പേരിൽ തച്ചക്കുടി പപ്പുവിന് അവസരം നിഷേധിക്കുകയായിരുന്നു. അടച്ചപണവും ഖജനാവിലേക്കു കണ്ടുകെട്ടി. പിന്നീട് പല കരാറുപണികളും ചെയ്താണ് തച്ചക്കുടി പപ്പു കുടുംബം പുലർത്തിയത്. അന്ന് ദുർലഭമായിരുന്ന ആംഗല പരിജ്ഞാനമുണ്ടായിരുന്നിട്ടും തിരുവിതാംകൂർ വർണാശ്രമ ഭരണകൂടത്തിൽ നിന്നും താൻ നേരിട്ട ജാതി വിവേചനത്തിൽ മനംനൊന്ത ആ പിതാവ് തന്റെ കുട്ടികളെ കൂടുതൽ വിദ്യാഭ്യാസം ചെയ്യിക്കാൻ കഷ്​ടപ്പെട്ടു. മൂത്തമകനെ ചിലവേറിയ ആംഗലവിദ്യാഭ്യാസത്തിനു വിട്ടതിനാൽ മധ്യമനായ പൽപ്പുവിനേയും അതിനു വിടാൻ കഴിഞ്ഞില്ല. സ്വന്തമായി പഠിപ്പിച്ചു പണം കണ്ടെത്തി കൊണ്ടാണ് പൽപ്പു പലപ്പോഴും മട്രിക്കുലേഷൻ വരെ പഠിച്ചത്. ബ്രിട്ടീഷുകാരനായ സായിപ്പ് മി. ഫെർനാണ്ടസിന്റെ അകമഴിഞ്ഞ സഹായങ്ങളും അദ്ദേഹത്തിനുണ്ടായി. എന്നാൽ പിതാവിന്റെ അനുഭവമാണ് പുത്രന്മാർക്കും തിരുവിതാംകൂറിൽ ഉണ്ടായത്. മൂത്തവനും ഇളയവനും ജാതിഹിന്ദു ഭരണകൂടം ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും ജാതിയുടെ പേരിൽ നിഷേധിക്കുകയാണുണ്ടായത്. അവർ ജാതിയിത്രയും തീണ്ടാത്ത ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മദ്രാസ്​ സർവീസിലേക്കു പോയി അവിടെയാണ് തൊഴിലും ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. മദ്രാസ്​ മെഡിക്കൽ കോളേജിൽ നിന്നാണ് തന്റെ ആദ്യ മെഡിക്കൽ ബിരുദം പൽപ്പു പൂർത്തിയാക്കുന്നത്. മാതാപെരുമാൾ തന്റെ ആഭരണങ്ങൾ വിറ്റായിരുന്നു മകനെ അഞ്ചുവർഷത്തോളം മദ്രാസിൽ പഠിക്കാനയച്ചത്.

ലൈസൻഷിയേറ്റ് ഇൻ മെഡിസിൻ ആൻഡ് സർജറി (മദ്രാസ്​), ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് (കാന്റര്‍ബറി), ഫെലോ ഓഫ് ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ലണ്ടൻ), പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് (പാരീസ്​) സന്ദർശിച്ചു നടത്തിയ പരിശീലനം എന്നിങ്ങനെ ലോകോത്തരമായ വൈദ്യശാസ്​ത്ര വിദ്യാഭ്യാസമായിരുന്നു പൽപ്പു നേടിയത്. കൊളോണിയൽ ആധുനികതയുടെ ഗുണഫലങ്ങളെ തന്റെ നാട്ടിലെ അടിസ്​ഥാന ജനതയുടെ വിമോചനത്തിനായി ഉപയോഗിച്ച ഇമ്മാതിരി വിമോചനവിഷയികൾ ലോക ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. നമുക്കു സന്യാസം തന്ന ഗുരുക്കന്മാരെന്നു ഗുരു 1914ൽ ബ്രീട്ടീഷുകാരെ കുറിച്ചു പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാകുന്നത് ഡോക്ടറെ സംബന്ധിച്ചാകും. ചുരുക്കത്തിൽ ഇന്ത്യനധീശത്തമായ വർണാശ്രമധർമത്തിൻ കീഴിൽ ഞെരിഞ്ഞ്, ഭാഗ്യവശാൽ ഇംഗ്ലീഷിനേയും ആധുനിക വിദ്യാഭ്യാസത്തേയും വളരെ കഷ്​ടപ്പെട്ടു സ്വായത്തമാക്കിയ കുടുംബത്തിൽ നിന്നാണ് ഡോക്ടർ പൽപ്പു ലോകത്തിനു തന്റെ സംഭാവനകൾ നൽകിയതെന്നു പറയാം. മ്ലേഛന്റെ ഭാഷ എന്ന് പലരും ജാതിഹിന്ദു ബ്രാഹ്മണിക ശൈലിയിൽ അപരവൽക്കരിച്ചിരുന്ന ആംഗലമാണ് ബ്രിട്ടീഷ് പാർലന്റിൽ പോലും ഈഴവരുടേയും അടിസ്​ഥാന അവർണ ബഹുജനങ്ങളുടേയും രാഷ്ട്രീയ പ്രാതിനിധ്യത്തേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിപ്പിക്കാൻ പൽപ്പുവിന് സഹായമായത്. ആദ്യം ബാരിസ്റ്റർ ജി.പി. പിള്ള വഴിക്കും പിന്നീട് ദാദാബായ് നവറോജി വഴിയും ഡോക്ടർ കേരളത്തിലെ അവർണർ അനുഭവിക്കുന്ന സാമൂഹ്യ രാഷ്ട്രീയ വിവേചനത്തെ ലോകസമക്ഷം തുറന്നു കാട്ടി. തെന്നിന്ത്യയിലെ എല്ലാ ആംഗല പത്രങ്ങളിലും എഴുതി. 1896 ൽ തിരുവിതാംകോട്ടെ ഈഴവർ മലയാളത്തിലും പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് റസിഡന്റിനും കീഴിൽ ഭരിച്ചിരുന്ന തിരുവിതാംകൂറിനെ കുറിച്ച് നിരവധി അന്വേഷണങ്ങൾ അങ്ങനെ പാർലമെന്റിൽ നിന്നുണ്ടായി.

പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം സാമൂഹ്യ നീതി സങ്കൽപ്പത്തിലടിയുറച്ചതും ജനായത്തത്തിന്റെ അടിത്തറയുമാണ്. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ ജനായത്തമില്ല. കുത്തക ജാതിഹിന്ദു സഖ്യങ്ങളുടെ അമിത പ്രാതിനിധ്യമായിരുന്നു ഇന്ന് ദേവസം ബോര്‍ഡിലെന്ന പോലെ അന്ന് തിരുവിതാംകൂറിലെ അവസ്​ഥ. ''പരദേശി ബ്രാഹ്മണർ'' എന്നു വിളിക്കപ്പെട്ട തമിഴ് ബ്രാഹ്മണരായിരുന്നു ഉദ്യോഗസ്​ഥ വൃന്ദങ്ങളിൽ മുഖ്യം. അന്യസംസ്​ഥാനവാദത്തിന്റെ തുടക്കവും മലയാളി സ്വത്വരാഷ്ട്രീയവും ഉടലെടുക്കുന്നതും ഈ സാഹചര്യങ്ങളിലാണ്. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യം ഉയർത്തിയ മലയാളി സഭയും മലയാളി മെമോറിയലുമായി ഡോക്ടർ പൽപ്പു സഹകരിക്കുന്നത് പ്രാതിനിധ്യവാദമെന്ന ജനായത്ത സംസ്​കാരത്തിന്റെ ഭാഗമായാണ്. 1891 ൽ മലയാളി സഭയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട മലയാളി മെമോറിയലിൽ മൂന്നാം പേരുകാരനായി ഒപ്പിടുകയും അതിനു ഉദാരമായി സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു ഡോക്ടർ. പക്ഷേ മലയാളി മെമോറിയൽ കേവലം മലയാളി ശൂദ്രരെന്ന് അന്ന് വിളിക്കപ്പെട്ടിരുന്ന നായന്മാരുടെ പ്രാതിനിധ്യമേ ഉറപ്പു വരുത്തിയുള്ളു. അവർക്ക് അമിത പ്രാതിനിധ്യം ഉറപ്പായതോടെ അവരുടെ പ്രാതിനിധ്യവാദവും പുരോഗമന രാഷ്ട്രീയവും അസ്​തമിക്കുകയും ചെയ്തു. അവർണരും ഈഴവരാദി പിന്നാക്ക സമുദായങ്ങളും അധികാരത്തിനു പുറത്തു തന്നെ നിറുത്തപ്പെട്ടു. അങ്ങനെയാണ് 1896 ലെ ഈഴവ മെമോറിയൽ അദ്ദേഹം പതിമൂവായിരത്തിലധികം നികുതിദായകരെ ഒപ്പിടുവിച്ചു കൊണ്ട് അഞ്ചുരൂപ ശമ്പളത്തിൽ പോലും തങ്ങളാരുമില്ലെന്നും തങ്ങൾക്കും ന്യായമായ പ്രാതിനിധ്യം വിദ്യാഭ്യാസ പൊതു സേവന രംഗത്തു വേണമെന്നുമുള്ള നീതിയുകതമായ ചരിത്രപരമായ ആവശ്യം ഉന്നയിച്ചത്. ഈ സാമൂഹ്യ പ്രാതിനിധ്യവാദത്തിന്റെ ജനായത്ത രേഖയാണ് കേരളത്തിെന്റെ മാഗ്നാകാര്‍ട്ട. കേരള ആധുനികതയുടേയും നവോത്ഥാനത്തിന്റെയും ആധാരവും അന്തസത്തയും ഈ സാമൂഹ്യ ജനായത്ത പ്രാതിനിധ്യവും സമഭാവനയുമാണ്. പ്രാതിനിധ്യമില്ലെങ്കിൽ ജനായത്തമില്ല എന്നു പറയുന്ന പോലെ 1896 ലെ ഈഴവ മെമോറിയലില്ലെങ്കിൽ ആധുനിക കേരളവുമില്ല. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ബറോഡ, കോൽഹാപൂർ, മൈസൂർ, മദ്രാസ്​ സർവീസുകളിലേതു പോലുള്ള സാമൂഹ്യ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതികളിലേക്ക് ബഹുജനഹിതത്തിലേക്കായി ചിന്തിക്കാനെങ്കിലും കേരളത്തിലെ ബഹുജനങ്ങൾക്കും ജനനേതാക്കൾക്കുമായത്. സാമൂഹ്യ നീതിയുടെ ഈ ശകതമായ സമര മാതൃകകൾ ഇന്ത്യൻ ഭരണഘടനാ ശില്പിയായ അംബേദ്കറെ പോലും സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് സഹോദരനിലും സി. കേശവനിലും ഈ അടിസ്​ഥാന ജനായത്ത ചിന്തയായ സാമൂഹ്യ പ്രാതിനിധ്യവാദം നിവർത്തന പ്രക്ഷോഭത്തിലും മനുഷ്യാവകാശ പ്രഖ്യാപനത്തിലും വരെ യുക്തിയുക്തമായി വികസിക്കുന്നത് കാണാം. ഈ രീതിയിൽ നോക്കുമ്പോൾ ഇന്ന് സാമ്പത്തിക സംവരണവാദമെന്ന നീതിവിരുദ്ധവും ചരിത്രവിരുദ്ധവും സ്​ഥിതിവിവരക്കണക്കുകൾക്കു വിരുദ്ധവും ഭരണഘടനയുടെ സാമൂഹ്യ നീതി സങ്കൽപ്പത്തിന് കടകവിരുദ്ധവും അമിത പ്രാതിനിധ്യപരവുമായ കുത്തകവൽക്കരണ പരിപാടിയിലൂടെ അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ജനായത്തത്തിനും നമ്മുടെ നിർമാണഘടനയ്ക്കും സാമൂഹ്യ സാധൂകരണവും ശകതിയും പകരാൻ പൽപ്പുവിന്റെ ജനായത്തപരമായ പ്രാതിനിധ്യചിന്തയും സാമൂഹ്യ രാഷ്ട്രീയവും ഏറെ നിർണായകമായി വന്നിരിക്കുന്നു.

ഡോക്ടർ ജീവാർപ്പണം ചെയ്തു ഗുരുവിന്റെ പേരിലും ആധ്യക്ഷത്തിലും കെട്ടിപ്പടുത്ത പ്രസ്​ഥാനം ജാത്യാഭിമാനത്തിലേക്കു ചുരുങ്ങുന്നതു കണ്ട് ഗുരു മനസ്സിലും പ്രവൃത്തിയിലും അതിനെ വിട്ടതായി 1928 ൽ പൽപ്പുവിനു കത്തെഴുതി. തുടർന്ന് ഡോക്ടർക്കും ഇത്തരം അപചയം മനസ്സിലാവുകയും അദ്ദേഹം പെരുച്ചാഴികൾ എന്ന ഉപമ ഇത്തരം സങ്കുചിത മനസ്സുകളെ സൂചിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. ഏതായാലും അടിസ്​ഥാന ജനതയുമായുള്ള സാഹോദര്യവും അവരുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്നതിൽ ബഹുജന സാമൂഹ്യ പ്രസ്​ഥാനങ്ങൾ ആത്മവിചിന്തനവും ആത്മവിമർശവും നടത്തേണ്ട സന്ദർഭമാണിത്. സത്യവും നീതിയും പുലരട്ടെ.

(ഡോ. അജയ് ശേഖർ, ഇംഗ്ലീഷ് വിഭാഗം, കാലടി സംസ്​കൃത സർവകലാശാല)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Palpu
Next Story