Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജനാധിപത്യത്തിന് വേണം...

ജനാധിപത്യത്തിന് വേണം ഹെൽത്ത് ചെക്കപ്പ്

text_fields
bookmark_border
kappan
cancel
മാ​ധ്യ​മം ജേ​ണ​ലി​സ്റ്റ് യൂ​നി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ. രാ​ജേ​ഷ് സ്മാ​ര​ക പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​സി ജോ​സ​ഫ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം

കഴിഞ്ഞ മാസം എനിക്കൊരു ആരോഗ്യപ്രശ്നമുണ്ടായി. നടക്കാൻ പോകുമ്പോഴൊക്കെ പൊടുന്നനെ ഇരുട്ട് പടരുന്നതുപോലെ തോന്നും. ചെയ്യുന്ന ജോലിയുടെയും കാലഘട്ടത്തിന്റെയുമൊക്കെ സ്വഭാവം വെച്ച് ഒരുതരം പേടി ഉടലെടുക്കുന്നതാണോ എന്നൊരു സംശയമായി. പ്രമുഖ ഗായകൻ കെ.കെയുടെ മരണം നമുക്ക് ഓർമയുണ്ടല്ലോ. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി അതിനുള്ള ഗുളിക കഴിച്ച് മുന്നോട്ടുപോയ അദ്ദേഹം പെട്ടെന്ന് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. എന്റെ മനസ്സിലെ ഡോക്ടർ പലതും വിലയിരുത്തിയിട്ടും കൃത്യമായ ഒരു തീരുമാനത്തിലെത്താനായില്ല. വീട്ടിൽവെച്ച് ഒരു ദിവസം തലകറങ്ങിയതോടെ ആശുപത്രിയിൽ പോയി പരിശോധന നടത്തി. അപ്പോഴാണ് പ്രശ്നകാരണം വ്യക്തമായത്- രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് സാരമാം വിധത്തിൽ കുറഞ്ഞിരിക്കുന്നു.

ഞാൻ പതിവായി ആരോഗ്യപരിശോധനകളൊന്നും നടത്താറില്ല. കൃത്യമായ സമയത്ത് നേരാംവണ്ണം ആഹാരം കഴിക്കാത്തതും, ആന്തരികമായി സംഭവിച്ച ഒരു ക്ഷതവും കോവിഡാനന്തര പ്രശ്നങ്ങളുമെല്ലാം ചേർന്ന് വരുത്തിവെച്ച ഒരു ആരോഗ്യ അടിയന്തരാവസ്ഥയായിരുന്നു അത്.

നമ്മുടെ ശരീരത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് ജനാധിപത്യത്തിന്റെയും അവസ്ഥ. അതിൽ കൃത്യമായ, കാര്യക്ഷമമായ ആരോഗ്യപരിശോധന വേണ്ടതുണ്ട്. ഹീമോഗ്ലോബിനും ബി.പിയുമെല്ലാം കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തളർച്ചകൾ തടയാൻ വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശങ്ങൾ സ്വീകരിക്കാതെ നമ്മൾ നമ്മുടേതായ നിഗമനത്തിൽ ജീവിക്കുമ്പോൾ ശരീരത്തെ രോഗങ്ങൾ കീഴടക്കുമെന്നതുപോലെ ജനാധിപത്യത്തെ ശരിയാം വണ്ണം പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യാതിരിക്കെ എനിക്ക് ഇരുട്ട് എന്ന് തോന്നിയതുപോലെ ജനാധിപത്യത്തിൽ കയറിപ്പറ്റുന്ന ക്രിമിനലുകളും രാഷ്ട്രീയക്കാർ എന്ന് ഭാവിക്കുന്ന തെമ്മാടികളും രാജ്യശരീരത്ത് കയറിപ്പറ്റുകയും നമ്മുടെ ഭരണകൂടങ്ങളേറ്റെടുക്കുകയും ചെയ്യും. അങ്ങനെ ജയിലിൽ കിടക്കേണ്ടവരും സാമ്പത്തിക അഴിമതി നടത്തിയതിന് വലിയ ശിക്ഷക്ക് അർഹരാകേണ്ടവരുമൊക്കെ രാജ്യത്തെ വലിയ ഹീറോകളായി മാറുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ആ കപടവീരന്മാർ വന്ന് രാജ്യത്തെ നയിക്കുകയും അവരെ പ്രകീർത്തിക്കാൻ നമ്മുടെ സ്ഥാപനങ്ങൾ മുന്നോട്ടുവരുകയും ചെയ്യുന്ന സാഹചര്യമാണിവിടെ. ജനാധിപത്യത്തിന്റെ ആരോഗ്യപരിശോധനയിൽ നാം ഉപേക്ഷ വിചാരിച്ച് ഉറങ്ങിയ കാലത്ത് കടന്നുകൂടിയ ഇവർ ലിബറൽ ഡെമോക്രസിയായിക്കൊണ്ടിരുന്ന നമ്മുടെ രാജ്യത്തെ ഒരു ഇലക്ടറൽ ഓട്ടോക്രസിയാക്കി ക്രമേണ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് കുറെ കാരണങ്ങളുണ്ട്.

നമ്മുടെ പൊലീസ് സേനകൾ മാഫിയ സംഘങ്ങളായി മാറുകയും സിദ്ദീഖ് കാപ്പനെപോലുള്ള പത്രക്കാരനെ പിടികൂടി ജയിലിലിടുകയും അയാൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഏജൻസി വിഡ്ഢിത്തങ്ങൾ പറയുകയും ചെയ്യുന്നു. സി.ബി.ഐയും ഇ.ഡിയുമെല്ലാം വലിയ ഓപറേഷനുകൾ എന്ന പേരിൽ രാജ്യം മുഴുവൻ കറങ്ങി നടക്കുന്നുണ്ട്. പ്രതിപക്ഷത്തിന് ഫണ്ട് നൽകുന്നവരെ തപ്പിയും ഭരണകൂടത്തിന് വേണ്ടപ്പെട്ടവർക്ക് താൽപര്യമുള്ള ബിസിനസ് സെക്ടറുകളിൽ നല്ല രീതിയിൽ ബിസിനസ് നടത്തുന്നവരെ പേടിപ്പെടുത്താനുമെല്ലാം നടക്കുന്ന മാഫിയ സംഘങ്ങളായി മാറും. അത് നമ്മുടെ ജനാധിപത്യത്തിൽ വളരുന്ന കാൻസറായിത്തീരും. അങ്ങനെ നമ്മുടെ ഏജൻസികളും മുഖ്യധാരാമാധ്യമങ്ങളുമെല്ലാം ജനാധിപത്യത്തെ കാർന്നു തിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞ കാലമാണിത്. ഇതേക്കുറിച്ച് ശരിയാംവിധത്തിൽ നാം തിരിച്ചറിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും? നിലവിലെ ഭരണം ഒരു ദിവസം തീരും, ശേഷം വരുന്നവർ ഇതിനേക്കാൾ ഭീതിദമായിരിക്കും. അവർ രാജ്യത്തിന്റെ ജനാധിപത്യത്തെതന്നെ അട്ടിമറിച്ചേക്കും. ജനാധിപത്യ അട്ടിമറി മോദിയിൽ തുടങ്ങിയതല്ല. നമ്മുടെ തലമുറയും നമുക്ക് മുമ്പുള്ള തലമുറയും ജനാധിപത്യത്തിനുവേണ്ടി സമയം ചെലവാക്കാത്തതുകൊണ്ട്, യഥാസമയം ആരോഗ്യ പരിശോധന നടത്താത്തതുകൊണ്ട് ഉണ്ടായ ജീർണതയുടെ ചതുപ്പുകളിൽ നിന്ന് വളർന്നു വന്ന താമരകളാണ് ഇന്ന് നമുക്ക് മുന്നിലുള്ള പല നേതാക്കളും ഏജൻസികളും.

എത്ര വളച്ചൊടിച്ചാലും സ്ഥിതിവിവരക്കണക്കുകൾ കണക്കുകൾ തന്നെയാണ്. അതിൻ പ്രകാരം സി.ബി.ഐക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമെല്ലാം അവധി നൽകിയാൽ ഇന്ത്യൻ ജനാധിപത്യം ഇതിലേറെ മികവുറ്റ നിലയിലെത്തും. കാരണമെന്തെന്നാൽ ഇ.ഡി 1500ഓളം ഇടങ്ങളിൽ പരിശോധന നടത്തി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഏഴ് കേസുകളേ ഇതിനകം വിധിയായിട്ടുള്ളൂ. അതിൽ .5 ശതമാനം മാത്രമാണ് കുറ്റവാളികളെന്ന് വിധിക്കപ്പെട്ടിട്ടുള്ളൂ. അത്തരമൊരു ഏജൻസി നമുക്ക് ആവശ്യമില്ല.

സി.ബി.ഐയുടെ കൺവിക്ഷൻ റേറ്റ് മൂന്ന് ശതമാനമാണ്. ആ ഏജൻസിയും നമുക്ക് ആവശ്യമില്ല. നമ്മുടെ ജയിലുകളിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും നിരപരാധികളാണെന്ന് നമ്മുടെ കോടതികൾ ഇടക്കിടെ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അങ്ങനെയെങ്കിൽ ജയിലുകളും ആവശ്യമില്ല. നമുക്ക് വേണ്ടത് ഒരു പുതിയ ജനാധിപത്യമാണ്. അത്തരമൊരു ജനാധിപത്യം പടുത്തുയർത്തണമെന്നുണ്ടെങ്കിൽ വാർത്തക്കുറിപ്പുകൾ തിരുത്തിയെഴുതി വാർത്തകളുണ്ടാക്കുന്നതോ ഏതെങ്കിലും രാഷ്ട്രീയക്കാരുടെയോ വ്യവസായിയുടെയോ വീമ്പ് വാർത്തയാക്കി നിരത്തുന്നതോ അല്ല മാധ്യമപ്രവർത്തനം എന്ന് തിരിച്ചറിയണം. അത്തരമൊരു ബോധം ഇല്ലാത്തതു കൊണ്ട് ഇപ്പോൾ നമ്മുടെ രാജ്യത്ത് ജനാധിപത്യത്തെ 'പിന്തുണക്കാൻ' വളരെ എളുപ്പമാണ് . ഭരണകൂടവുമായി ബന്ധമുള്ള ഒരു മുതലാളി, ഇവിടെ നിന്ന് കട്ടുണ്ടാക്കുന്ന പണം മൊറീഷ്യസ്, മാൾട്ട പോലുള്ള നികുതി ബാധ്യതയില്ലാത്ത രാജ്യങ്ങളിലെത്തിച്ച്, അവിടെ നിന്ന് ഈ പണം തിരിച്ച് ഇന്ത്യയുടെ ഓഹരിക്കമ്പോളത്തിലിറക്കുകയും ഓഹരി വില ഉയർത്തുകയും ചെയ്യുന്നു. നമ്മെപ്പോലുള്ളവർ അതിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തുമ്പോൾ ലാഭമുണ്ടാക്കിയ മുതലാളി അതിൽ നിന്ന് അൽപം ചെലവിട്ട് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ഭരിക്കുന്ന പാർട്ടിക്ക് നൽകുന്നു. ഭരിക്കുന്ന പാർട്ടി ആ പണവുമായി സംസ്ഥാനങ്ങളിലേക്ക് പോയി 'ഓപറേഷൻ മിഡ്നൈറ്റും' 'ഓപറേഷൻ ലോട്ടസു'മെല്ലാം നടത്തുന്നു. ഇത് നമ്മുടെ നാട്ടിലെ യാഥാർഥ്യമാണ്. ഇതേക്കുറിച്ച് മനസ്സിലാക്കാതെ നമ്മൾ വെറും നിസ്സാര രാഷ്ട്രീയ, വർഗീയ ചർച്ചകളിൽ മുഴുകുന്നു.

വൈകുന്നേരങ്ങളിലെ ടി.വി ചർച്ചകളിൽ അവതാരകന്റെ അലറിവിളിയും അവസാനം നൽകുന്ന വിധിതീർപ്പും കണ്ട് നമ്മളെല്ലാം മധ്യവർഗ ആശ്വാസത്തിലമരുന്നു. പിറ്റേ ദിവസവും ഇത്തരം വിഡ്ഢിത്തങ്ങൾക്ക് മുന്നിൽ ചടഞ്ഞിരിക്കുന്ന കോമാളികളായി നാം മാറിയിരിക്കുന്നു. ജനാധിപത്യത്തിനായി നാം സമയം ചെലവിടാത്തിടത്തോളം കാലം സർക്കാർ രേഖകളിൽ പലപേരുകളിൽ അറിയപ്പെടുന്ന ഏജൻസികൾ നമ്മെത്തേടി വരും. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ പരമമായ കടമയാണ്, അതിനായി നാം സമയം കണ്ടെത്തുക തന്നെ വേണം. നമ്മെ നയിക്കേണ്ടത് രാജ്യത്തിന്റെ ഭരണഘടന മാത്രമാണ് എന്ന് മറക്കാതിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fascismdemocracyJosy Josephmedia activist
News Summary - Democracy needs a health checkup Lecture by media activist Josy Joseph
Next Story