ക്ഷാമ ബത്ത അവകാശമോ ഔദാര്യമോ?
text_fieldsക്ഷാമബത്ത ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക നേടിയെടുക്കുന്നതിനായി ജീവനക്കാരുടെ ഒരു സംഘടന ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം ഞെട്ടിപ്പിക്കുന്നതാണ്.
രണ്ടാം ലോകയുദ്ധാനന്തരം ‘ഭക്ഷ്യവില വർധന ബത്ത’ എന്ന പേരിൽ ഏർപ്പെടുത്തിയ സംവിധാനമാണ് പിൽക്കാലത്ത് ക്ഷാമബത്ത (Dearness Allowance) എന്ന പേരിൽ വ്യാപകമായത്. വിലക്കയറ്റത്തിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികൾക്കും ജീവനക്കാർക്കും പരിരക്ഷ നൽകുന്നതിനുള്ള ഉപാധിയാണിത്.
തൊഴിലാളികൾക്ക്/ജീവനക്കാർക്ക് ലഭിക്കുന്ന കൂലിയെ (വേതനത്തെ) രണ്ടുതരത്തിൽ കണക്കാക്കാം:
നാമമാത്ര/പണാധിഷ്ഠിത കൂലി (Nominal Wages): പണമായി ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ.
യഥാർഥ കൂലി (Real Wages): പ്രസ്തുത കൂലിക്ക് വാങ്ങാൻ കഴിയുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ.
ഇവ രണ്ടും തമ്മിലെ വ്യത്യാസം ലളിതമായ ഒരു സാങ്കൽപിക ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. ഒരാൾക്ക് 2024 ജനുവരി ഒന്നാം തീയതി ലഭിച്ചിരുന്ന കൂലി 100 രൂപയാണെന്നു സങ്കൽപിക്കുക. അന്നത്തെ അരിവില കിലോക്ക് 25 രൂപയായിരുന്നുവെങ്കിൽ അയാൾക്ക് ലഭിച്ചിരുന്ന കൂലി യഥാർഥത്തിൽ നാലുകിലോ അരിക്ക് തുല്യമായിരുന്നു. എന്നാൽ, 2025 ജനുവരി ഒന്നിന് അയാളുടെ കൂലി 150 രൂപയാവുകയും അരിവില കിലോക്ക് 50 രൂപയാവുകയും ചെയ്യുകയാണെങ്കിൽ അയാളുടെ യഥാർഥ കൂലി മൂന്നുകിലോ അരിക്ക് തുല്യമാണ്. അതായത്, പണാധിഷ്ഠിത കൂലി 100ൽ നിന്ന് 150ലേക്ക് വർധിച്ചെങ്കിലും യഥാർഥ കൂലി നാല് കിലോയിൽനിന്ന് മൂന്ന് കിലോയായി കുറയുകയാണ് ഉണ്ടായത്.
വില വർധിക്കുമ്പോഴും യഥാർഥ വേതനത്തിന് മാറ്റം ഉണ്ടാകാത്ത തരത്തിൽ പണാധിഷ്ഠിത കൂലിയിൽ വരുത്തുന്ന ആനുപാതിക വർധനവിനെയാണ് ക്ഷാമബത്ത എന്നതുകൊണ്ട് അർഥമാക്കുന്നത്. നമ്മൾ വാങ്ങുന്ന സാധനങ്ങളും സേവനങ്ങളും വ്യത്യസ്തമാകയാൽ ചില പ്രധാന വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഉപഭോക്തൃ വിലസൂചികയാണ് ക്ഷാമബത്ത നിർണയത്തിനായി ഉപയോഗിക്കുന്നത്.
ഉപഭോക്തൃ വിലസൂചികയിലുണ്ടാകുന്ന ഓരോ എട്ട് ശതമാനം വർധനക്കും ഒരു ഗഡു ക്ഷാമബത്ത എന്നതായിരുന്നു മൂന്നാം ശമ്പള കമീഷൻ നിർദേശിച്ച മാനദണ്ഡം. ഇതുതന്നെയാണ് കേരളവും സ്വീകരിച്ചത്. നാലാം ശമ്പള കമീഷൻ ഒരു ഗഡു എന്നത് അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനം എന്നാക്കിയതിനുപുറമെ, ക്ഷാമബത്ത നിർണയം വർഷത്തിൽ രണ്ടുതവണ (ജനുവരിയിലും ജൂലൈയിലും) ആക്കി നിജപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത വർധനയുടെ അതേ നിരക്കിലാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷാമബത്ത വർധന.
2019ൽ നിലവിൽ വന്ന ശമ്പള പരിഷ്കരണത്തെത്തുടർന്ന് 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പുതുക്കിയ ക്ഷാമബത്ത നിരക്കുകൾ നിലവിൽവന്നു. 2020 ജനുവരി ഒന്നിന് പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനമായിരുന്നു സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള ക്ഷാമബത്ത 2020 ജൂലൈ ഒന്നിന് മൂന്ന് ശതമാനവും, 2021 ജനുവരിയിൽ നാല് ശതമാനവും, ജൂണിൽ ഒരു ശതമാനവും, 2022 ജനുവരിയിലും ജൂണിലും മൂന്ന് ശതമാനം വീതവും, 2023 ജനുവരിയിൽ നാല് ശതമാനവും വർധിച്ചെങ്കിലും കേരളത്തിൽ 2021 ജനുവരിയിലെ വർധന പ്രാബല്യത്തിൽവന്നത് 2024 ഏപ്രിലിലും, ജൂണിലേത് 2024 ഒക്ടോബറിലും, 2022 ജനുവരിയിലേത് 2025 ഏപ്രിലിലും, 2022 ജൂണിലേത് 2025 ആഗസ്റ്റിലും, 2023 ജനുവരിയിലേത് 2025 ഒക്ടോബറിലുമായിരുന്നു.
2019 ജൂലൈ ഒന്നിന് സർക്കാർ സേവനത്തിൽ കയറിയ ഏറ്റവും താഴത്തെ വിഭാഗത്തിൽപ്പെടുന്ന ഒരു ജീവനക്കാരന് ഇതിന്മൂലമുണ്ടായ നഷ്ടം ഈ ലേഖകൻ കണക്കുകൂട്ടുകയുണ്ടായി. അയാളുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 23,000 രൂപയും വാർഷിക ഇൻക്രിമെന്റ് 700 രൂപയുമാണെന്നിരിക്കെ, പ്രസ്തുത ജീവനക്കാരന് 2019 ജൂലൈക്കും 2023 ജനുവരിക്കും ഇടയിൽ ഡി.എ നടപ്പാക്കുന്നതിന്റെ കാലതാമസം മൂലം കുടിശ്ശികയായത് 1,24,317 രൂപയാണ്. മുൻകാലങ്ങളിൽ ക്ഷാമബത്ത നടപ്പിലാക്കുന്നത് വൈകിയാൽ കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നതായിരുന്നു രീതി. എന്നാൽ 01-01-2021 മുതൽക്കുള്ള ഉത്തരവുകളിൽ കുടിശ്ശികയെക്കുറിച്ച് മിണ്ടാട്ടമേയില്ല. ഫലമാകട്ടെ, മുകളിൽ സൂചിപ്പിച്ച ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് 2,11,509 രൂപയാണ് കുടിശ്ശികയിനത്തിൽ നഷ്ടമായത്.
ഇവിടംകൊണ്ട് കഥ തീരുന്നില്ല. 2023 ജൂൺ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ അഞ്ചുതവണ കേന്ദ്ര സർക്കാർ ഡി.എ വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇവയെല്ലാം കൂടിയുണ്ടാക്കിയ മൊത്തം വർധന അടിസ്ഥാന ശമ്പളത്തിന്റെ 16 ശതമാനമാണ്. സംസ്ഥാന സർക്കാർ ഇതുവരെ ഇതിലൊന്നുപോലും നടപ്പിലാക്കിയിട്ടില്ല എന്നതിരിക്കെ, മുകളിൽ പറഞ്ഞ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഈ ഇനത്തിൽ ഇതുവരെയുണ്ടായിട്ടുള്ള നഷ്ടം 74,430 രൂപയാണ്. അതായത്, 2021 ജനുവരി മുതൽക്കുള്ള നാലര വർഷത്തിനിടയിൽ ഈ ജീവനക്കാരനുണ്ടായ മൊത്തം നഷ്ടം 1,98,747 രൂപ.
ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല എന്ന വാദമാണ് ഏറ്റവുമൊടുവിലായി സർക്കാർ മുന്നോട്ടുവെക്കുന്നതും ബഹുമാനപ്പെട്ട ഹൈകോടതി മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും. ഈ വാദം പുതിയതല്ലെന്നു മാത്രമല്ല, 1986ൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ‘നകുൽ ബെറിയും യൂനിയൻ ഓഫ് ഇന്ത്യയും’ തമ്മിലെ കേസിൽ വിശദമായി പരിശോധിച്ചതുമാണ്. ക്ഷാമബത്ത ഔദാര്യമല്ലെന്നും, പ്രത്യുത ജീവനക്കാരന്റെ ശമ്പളത്തിന്റെ ഭാഗമാണെന്നും, അതുകൊണ്ടുതന്നെ ക്ഷാമബത്ത നൽകാതിരിക്കുന്നത് ജീവനക്കാരുടെ അവകാശത്തിന്റെ ലംഘനമാണെന്നുമാണ് പ്രസ്തുത കേസിന്റെ വിധിയിൽ സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയത്.
2021ൽ കേരള ഹൈകോടതി തന്നെയും, ക്ഷാമബത്ത ജീവനക്കാരുടെ അനിഷേധ്യമായ അവകാശമാണെന്നും, അതിന്റെ നിഷേധം ജീവനക്കാരോടുള്ള വിവേചനവും ഭരണഘടനയുടെ അനുച്ഛേദം 14ന്റെ ലംഘനവുമാണെന്നും വിധിക്കുകയുണ്ടായി. ഏറ്റവും ഒടുവിലായി, 2025 മേയ് 16ന് പശ്ചിമ ബംഗാൾ സർക്കാറിനെതിരെ സംസ്ഥാന ജീവനക്കാരുടെ കോൺഫെഡറേഷൻ നൽകിയ സ്പെഷൽ ലീവ് പെറ്റീഷനിൽ ഇടക്കാല ഉത്തരവ് നൽകിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പൂർവകാല വിധികൾ ഉയർത്തിപ്പിടിച്ചുവെന്നു മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായുള്ള ക്ഷാമബത്തയുടെ 25 ശതമാനം മൂന്നു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണമെന്നും ഉത്തരവിട്ടു.
ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് വ്യാപകമായ അർഥം നൽകിക്കൊണ്ട്, അതിനെ മാന്യമായി ജീവിക്കാനുള്ള അവകാശം എന്ന് വ്യാഖ്യാനിച്ചത് ജസ്റ്റിസ് കൃഷ്ണയ്യർ ആയിരുന്നു. മാന്യമായി ജീവിക്കാനുള്ള അവകാശത്തിൽ പെടുന്നതാണ് മാന്യവും നീതിപൂർവകവും, ലഭിക്കുമെന്ന് ഉറപ്പുള്ളതുമായ കൂലിനിരക്ക്.
ക്ഷാമബത്ത അവകാശമല്ല എന്ന് പ്രഖ്യാപിക്കുമ്പോൾ സർക്കാർ ജീവനക്കാരെ മാത്രമല്ല അത് ബാധിക്കുന്നത് എന്നോർക്കണം. വിലവർധനക്ക് ആനുപാതികമായി കൂലിവർധന ആവശ്യപ്പെടുന്ന ഏതു തൊഴിൽ വിഭാഗത്തിന്റെയും വാദങ്ങളുടെ മുനയൊടിക്കുന്നതിനുള്ള ആയുധമായിട്ടായിരിക്കും ഇത് രൂപപ്പെടുക. കൂലിവർധനക്കുവേണ്ടിയും തൊഴിൽ ചൂഷണത്തിനെതിരെയും പടപൊരുതിയവരെന്ന് നിരന്തരം അവകാശപ്പെടുന്നവർ ഭരിക്കുമ്പോഴാണ്, ഭരണകൂടം തന്നെ തൊഴിൽ ചൂഷണത്തിനും അതിനെ വ്യവസ്ഥാപിതമാക്കുന്നതിനും ശ്രമിക്കുന്നതെന്നോർക്കണം.
(തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിങ് സ്കോളറും കണ്ണൂർ സർവകലാശാലയിലെ വിസിറ്റിങ് ഫാക്കൽറ്റിയുമായിരുന്നു ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

