Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ കുറ്റങ്ങൾക്കെതിരെയും ഉയരണം ഒരു ‘തൂഫാൻ’

text_fields
bookmark_border
സൈബർ കുറ്റങ്ങൾക്കെതിരെയും ഉയരണം ഒരു ‘തൂഫാൻ’
cancel
camera_alt

പ്രതീകാത്മക ചിത്രം 

ഇന്ന് കുട്ടികളുടെ കൈയിലുള്ള മൊബൈൽ ഫോൺ പഠനോപകരണമാണ്; യുവജനങ്ങൾക്ക് അത് തൊഴിലുപാധിയും കുടുംബങ്ങൾക്ക് ആശയവിനിമയ സംവിധാനവുമാണ്. എന്നാൽ ജാഗ്രതയില്ലെങ്കിൽ, കുറ്റവാളികൾക്ക് സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനുള്ള വാതിലായി അത് മാറും.

ലഹരിക്കെതിരെ കേരള പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിമാഫിയകൾക്കെതിരെ സമൂഹത്തിൽ വലിയൊരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ കുരുക്കാൻ മാഫിയകൾ പുതിയ തന്ത്രങ്ങൾ മെനയുകയാണെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും, ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആയിരത്തിലധികം കേസുകളും പന്തീരായിരത്തോളം അറസ്റ്റുകളും രേഖപ്പെടുത്താനായത് ശ്രദ്ധേയമായ നേട്ടമാണ്. ഇതേ മാതൃകയിൽ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും നിയമനടപടിയോടൊപ്പം ശക്തമായ ബോധവൽക്കരണവും ഉൾപ്പെടുന്ന ഒരു സംസ്ഥാനതല ജനകീയ കാമ്പയിൻ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇന്ന് പഠനം, ജോലി, ബാങ്കിങ്, വിനോദം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒഴിച്ചുകൂടാനാവാത്തതായി മാറി. എന്നാൽ, സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും ആശങ്കാജനകമായ രീതിയിൽ പെരുകുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020-ൽ രജിസ്റ്റർ ചെയ്തത് നാന്നൂറിലധികം കേസുകളായിരുന്നെങ്കിൽ, 2023-ൽ അത് മൂവായിരത്തിലധികമായി. 2026 ജൂലൈ വരെ മാത്രം 1500-ലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാണക്കേട് ഭയന്നോ നിയമസാധ്യതകൾ അറിയാതെയോ പരാതിപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇതിന്റെ ഇരട്ടിയിലധികമാണ്.

സാമ്പത്തിക തട്ടിപ്പുകൾക്കുമപ്പുറം

പലരും സൈബർ കുറ്റകൃത്യമെന്നു കേൾക്കുമ്പോൾ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ, ഇതിന്റെ വ്യാപ്തി അതിലും വലുതാണ്. സൈബർ അധിക്ഷേപങ്ങൾ, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കൽ, വ്യാജ അക്കൗണ്ടുകൾ, സ്വകാര്യവിവര മോഷണം, വ്യാജ ജോലിവാഗ്ദാനങ്ങൾ, സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി നടത്തുന്ന ഭീഷണിപ്പെടുത്തലുകൾ, ഓൺലൈൻ വഞ്ചനകൾ, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കമ്പ്യൂട്ടറുകളിലെ ഫയലുകൾ മരവിപ്പിച്ച് പണം തട്ടുന്ന റാൻസംവെയർ ആക്രമണങ്ങൾ തുടങ്ങി ദിനംപ്രതി പുതിയ രൂപങ്ങളിലാണ് ഈ കുറ്റകൃത്യങ്ങൾ അരങ്ങേറുന്നത്.

കുട്ടികളും സ്ത്രീകളും നേരിടുന്ന ഭീഷണി

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും സജീവമായ കുട്ടികളെയും കൗമാരക്കാരെയുമാണ് ചതിക്കുഴികൾ ഏറെയും ലക്ഷ്യമിടുന്നത്. അപരിചിതർ സൗഹൃദം നടിച്ച് വ്യക്തിഗത വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും നേടിയെടുക്കുകയും, പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിക്കുകയാണ്. കെണികളിൽ അകപ്പെടുന്ന കുട്ടികൾ പലപ്പോഴും ഭയം കാരണം രക്ഷിതാക്കളോട് കാര്യങ്ങൾ തുറന്നുപറയാറില്ല. “വീട്ടിലറിഞ്ഞാൽ എന്തുണ്ടാകും?” എന്ന ഭയമാണ് അവരെ നിശ്ശബ്ദരാക്കുന്നത്. തുറന്നു സംസാരിക്കാൻ സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാവണം.

സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുക, നിരന്തരം ശല്യപ്പെടുത്തുക, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ വലിയ മാനസികാഘാതമാണ് ഉണ്ടാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇരയെ കുറ്റപ്പെടുത്തുന്ന സമീപനം ഇനിയെങ്കിലും മാറ്റണം. “നീ എന്തിനാണ് ചിത്രം അയച്ചത്?” എന്ന ചോദ്യത്തിന് പകരം അവർക്ക് തുണയായി നിൽക്കാൻ കുടുംബത്തിനും സമൂഹത്തിനും കഴിയണം.

വ്യക്തിസുരക്ഷ കുടുംബസുരക്ഷയാണ്

സൈബർ കുറ്റകൃത്യങ്ങൾ വ്യക്തിയെ മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെ ഭദ്രതയെയും ബാധിക്കും. സാമ്പത്തിക തട്ടിപ്പ് വീടിന്റെ സാമ്പത്തികഭദ്രതയെ തകർക്കുമ്പോൾ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ കുടുംബത്തിന്റെ സാമൂഹികജീവിതത്തെയും മനസമാധാനത്തെയും ബാധിക്കുന്നു. മൊബൈൽ ഫോൺ പരിശോധിക്കുന്നതിൽ മാത്രം രക്ഷിതാക്കളുടെ ജാഗ്രത ഒതുങ്ങരുത്. ഓൺലൈൻ ലോകത്തെ ചതിക്കുഴികൾ തിരിച്ചറിയാൻ കുട്ടികളെ സജ്ജരാക്കണം. എന്തു പ്രശ്നമുണ്ടായാലും കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്ക് നൽകാൻ സാധിക്കണം.

തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?

സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ആദ്യ നിമിഷങ്ങളിലെ പ്രതികരണം നിർണായകമാണ്. തട്ടിപ്പ് തിരിച്ചറിഞ്ഞാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ cybercrime.gov.in എന്ന പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. ബാങ്കുമായി ഉടനടി ബന്ധപ്പെട്ട് ഇടപാടുകൾ തടയുകയും വേണം. ഇന്റർനെറ്റ് നിയമങ്ങൾ ബാധകമല്ലാത്ത ഇടമല്ല. ഇൻഫർമേഷൻ ടെക്നോളജി നിയമം, ഭാരതീയ ന്യായ സംഹിത തുടങ്ങിയവ പ്രകാരം കർശനമായ നിയമനടപടികൾ നിലവിലുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക സംരക്ഷണവുമുണ്ട്.

ഉയരട്ടെ സാമൂഹിക പ്രതിരോധം

ലഹരി യുവതലമുറയെ തകർക്കുന്ന സാമൂഹികവിപത്താണെങ്കിൽ, സ്വകാര്യതയെയും സാമ്പത്തികഭദ്രതയെയും ലക്ഷ്യമിടുന്ന ആധുനികകാലത്തെ വലിയ ഭീഷണിയാണ് സൈബർ കുറ്റകൃത്യങ്ങൾ. ഇത് പൊലീസിന്റെയോ സാങ്കേതികവിദഗ്ധരുടെയോ മാത്രം ചുമതലയല്ല; സർക്കാർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബങ്ങൾ, പൗരർ എന്നിവർ ഒത്തുചേർന്നുള്ള ജനകീയ പ്രതിരോധമാണ് ഇതിന് പരിഹാരം.

ഇന്ന് കുട്ടികളുടെ കയ്യിലുള്ള മൊബൈൽ ഫോൺ പഠനോപകരണമാണ്; യുവജനങ്ങൾക്ക് അത് തൊഴിലുപാധിയും കുടുംബങ്ങൾക്ക് ആശയവിനിമയ സംവിധാനവുമാണ്. എന്നാൽ ജാഗ്രതയില്ലെങ്കിൽ, കുറ്റവാളികൾക്ക് സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനുള്ള വാതിലായി അത് മാറും. ലഹരിയിൽ നിന്ന് പുതുതലമുറയെ കാത്തുസൂക്ഷിക്കുന്നതുപോലെ, ഡിജിറ്റൽ ചതിക്കുഴികളിൽ നിന്ന് അവരെ സംരക്ഷിക്കാൻ ‘സുരക്ഷിത ഡിജിറ്റൽ കേരളം’ എന്ന ലക്ഷ്യത്തോടെയുള്ള ഒരു പുതിയ സാമൂഹിക മുന്നേറ്റത്തിന് നാം തുടക്കം കുറിക്കേണ്ടതുണ്ട്. ഈ നിയമസഭാ സമ്മേളന വേളയിൽ ഇതേക്കുറിച്ച് ഗൗരവമായ ആലോചനകൾ നടത്താൻ സർക്കാരും ജനപ്രതിനിധികളും തയ്യാറാവണം

(പട്ടാമ്പി കോടതിയിൽ അഭിഭാഷകയും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമാണ് ലേഖിക)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Combating Cybercrimes: The Need for an 'Operation Toofan'
Next Story