സി.ആർ. ഓമനക്കുട്ടൻ; മറക്കാൻ കഴിയാത്ത സുഹൃത്ത്
text_fieldsഒരിക്കൽ കണ്ടാൽ നമുക്ക് ഇഷ്ടപ്പെടുന്ന, പിന്നീട് ഒരിക്കലും മറക്കാനാകാത്ത സുഹൃത്താണ് സി.ആർ. ഓമനക്കുട്ടൻ. അദ്ദേഹം പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈയിടെ അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ശിഷ്യരും സുഹൃത്തുക്കളുമൊക്കെ ചേർന്ന് വലിയതോതിൽ ആഘോഷിച്ചത് പത്രത്തിൽ കണ്ടിരുന്നു. അത് കണ്ട് ഞാൻ അദ്ദേഹത്തെ ഒന്ന് വിളിക്കാൻ തീരുമാനിച്ചു.
സാധാരണ ജന്മദിനാശംസകൾ പറയാൻ ആരെയും വിളിക്കാറില്ല. എന്നാൽ, അദ്ദേഹത്തെ വിളിക്കാൻ തോന്നി. കാരണം, വിളിക്കുമ്പോൾ അദ്ദേഹം അതിനെക്കുറിച്ച് നർമരസത്തോടെ കുസൃതി കലർത്തി എന്തെങ്കിലുമൊക്കെ പറയും. അതൊക്കെ വളരെ വ്യത്യസ്തമായ രീതിയിൽ കാണുന്നയാളായിരുന്നു. അത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അന്ന് അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല.
കോട്ടയത്തുണ്ടായിരുന്ന കാലത്തും അതിനുശേഷവും എനിക്ക് ഓമനക്കുട്ടനുമായി വലിയ ബന്ധമുണ്ടായിരുന്നു. നല്ല സൗഹൃദമായിരുന്നു അത്. എന്തുമേതും നർമരസത്തോടെ കാണാനും പറയാനും എഴുതാനുമുള്ള കഴിവാണ് ഓമനക്കുട്ടനോട് ഉണ്ടായിരുന്ന സൗഹൃദത്തിന്റെ പ്രധാന കാരണം.
സീരിയസായ കാര്യങ്ങൾപോലും പോസിറ്റിവായി ലാഘവത്തോടെ അദ്ദേഹത്തിന് പറയാൻ കഴിയുമായിരുന്നു. കോട്ടയത്തെ പഴയ പ്രമാണിമാരെ പലരെയും കുറിച്ച് ഒരു കാർട്ടൂണിസ്റ്റ് കാണുന്നതുപോലെ കണ്ട് അദ്ദേഹം വിവരിക്കും. അപ്പോഴൊക്കെ ഓമനക്കുട്ടൻ കാർട്ടൂണും വരക്കണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ആർട്ടിസ്റ്റ് ശങ്കരൻകുട്ടി ഓമനക്കുട്ടന്റെ വലിയ സുഹൃത്തായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ചില തമാശകൾ പറയാറുണ്ടായിരുന്നുവെന്നതും ഇപ്പോൾ ഓർമിക്കുന്നു. ഓമനക്കുട്ടന്റെ മകൻ അമൽ നീരദ് എന്റെ മകന്റെ ക്ലാസ് മേറ്റായിരുന്നു.
പിറന്നാളിന്റെ വലിയ ഒരു ആഘോഷം കഴിഞ്ഞ് പെട്ടെന്ന് അദ്ദേഹം പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത് ഏറ്റുവാങ്ങാൻ അദ്ദേഹം കാത്തിരുന്നതുപോലെ തോന്നി.