എന്തായിരുന്നു ഈ യാത്രയുടെ സന്ദേശം?
text_fields‘കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ’ നടത്തിയ ജനകീയ പ്രതിരോധ യാത്ര 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ലഭിക്കുന്ന സന്ദേശമെന്ത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പാർട്ടിയിലെ അനിഷേധ്യ നേതാവായി ഉയർന്നിരിക്കുന്നു എന്നതാണ് ഉത്തരം. പാർട്ടിയാണ് മറ്റാരേക്കാളും വലുത് എന്ന കൃത്യമായ ധാരണ പ്രവർത്തകരിലേക്ക് കൈമാറുന്നതിൽ അദ്ദേഹം വിജയം കണ്ടിരിക്കുന്നു.
സി.പി.എമ്മിന്റെ ഘടനപ്രകാരം സംസ്ഥാന സെക്രട്ടറിക്കാണ് സർവാധികാരമെങ്കിലും പിണറായി വിജയൻ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ അപ്രമാദിത്വമായിരുന്നു പാർട്ടിയിലുടനീളം. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോ ഇടക്കാല സെക്രട്ടറിയായിരുന്ന എ. വിജയരാഘവനോ ഈ അപ്രമാദിത്വത്തെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ നിഴൽപറ്റി നടന്ന സെക്രട്ടറിമാർ എന്ന പ്രതിച്ഛായയും അവർക്കുണ്ടായിരുന്നു. എം.വി. ഗോവിന്ദനാകെട്ട, സംസ്ഥാനത്തെ മുഴുവൻ ഘടകങ്ങളെയും തന്നിലേക്ക് അടുപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നു, ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജില്ലാ സെക്രട്ടറിമാർ വരെയുള്ള മുഴുവൻ നേതാക്കളുമായി ശക്തമായ ബന്ധം ഉറപ്പിച്ചെടുക്കാനും യാത്രയിലൂടെ സാധിച്ചു.
കഴിഞ്ഞ കുറെക്കാലമായി എല്ലാ പരിപാടികളുടെയും കട്ടൗട്ടുകളിലും ബാനറുകളിലും പ്രധാനമുഖം പിണറായി വിജയനായിരുന്നു. ഈയിടെ കഴിഞ്ഞ കിസാൻസഭ സമ്മേളനത്തിൽപോലും അത് കണ്ടതാണ്. ജനകീയ പ്രതിരോധയാത്രയിൽ അത്തരമൊരു മുന്തിനിൽപ് ഒരിടത്തുമുണ്ടായില്ല. എവിടെയും എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ചിത്രമാണ്. തിരുവനന്തപുരത്ത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചിത്രവും കാണാം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തുടർച്ചയായി വീഴ്ചവരുന്നുവെന്നും അത് മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൊണ്ടാകാമെന്നും പഴികേട്ടിരുന്ന ഒരാളാണ് എം.വി. ഗോവിന്ദൻ മാസ്റ്ററെന്നത് ഇവിടെ ഓർത്തുപോകുന്നു.
നിയമസഭ സമ്മേളനം നടക്കുന്ന വേളയാണ് ഗോവിന്ദൻ മാസ്റ്റർ ജാഥക്കായി തിരഞ്ഞെടുത്തത്. മന്ത്രിമാരോ എം.എൽ.എമാരോ ഇൗ യാത്രയിൽ അനിവാര്യമല്ലെന്ന സൂചനയായാണ്, പാർട്ടിയിൽ പല നേതാക്കളും ഇതിനെ കണ്ടത്. ജാഥക്കിടയിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായെത്തി. ആരോപണെത്ത തള്ളിക്കളഞ്ഞ അദ്ദേഹം, സ്വപ്നെക്കതിരെ മാനനഷ്ടത്തിന് നോട്ടീസും അയച്ചു. എന്നാൽ, സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെലക്ടീവായി മാത്രമാണ് ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. സർക്കാറിന് വീഴ്ചപറ്റിയെന്ന് പാർട്ടി അണികൾ ഉൾപ്പെടെ ആരോപിക്കുന്ന ബ്രഹ്മപുരത്തെ വിഷപ്പുകപ്രശ്നത്തിൽ അദ്ദേഹം പ്രതികരിച്ചതേയില്ല. നിയമസഭയിലുണ്ടായ വിഷയങ്ങളിലും പാർട്ടിസെക്രട്ടറി നിശ്ശബ്ദനായിരുന്നു. അതൊക്കെ സർക്കാർ നോക്കെട്ട എന്ന മട്ടായിരുന്നു അദ്ദേഹത്തിന്.
വീണ്ടും ഒരു തലമുറ മാറ്റമാണ്, പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹർകിഷൻ സിങ് സുർജിത്തും ജ്യോതിബസുവും നയിച്ചിരുന്ന കാലഘട്ടത്തിനു ശേഷമാണ്, പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും നേതൃത്വം വന്നത്. ഈ കാലഘട്ടവും അവസാനിക്കുകയാണ്. കേരളത്തിൽ വി.എസിന്റെയും പിണറായിയുടെയും നേതൃകാലം തീരവെ പുതിയ നേതാവായി ഗോവിന്ദൻ മാസ്റ്റർ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. അതിന്റെ വിളംബരമാണ് ഈ ജാഥ.