Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്​മീരിനെ എന്തിനാണ്​...

കശ്​മീരിനെ എന്തിനാണ്​ തുറന്ന ജയിലാക്കിയത്​?

text_fields
bookmark_border
കശ്​മീരിനെ എന്തിനാണ്​ തുറന്ന ജയിലാക്കിയത്​?
cancel

ജമ്മു കശ്​മീരിനുള്ള പ്രത്യേകാധികാരം എടുത്തു കള​ഞ്ഞതോടെ താഴ്​വരയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരുടെയും ആത്​മാഭിമാനത്തിനാണ്​ മുറിവേറ്റതെന്നും ലക്ഷക്കണക്കിന്​ മനുഷ്യർ താമസിക്കുന്ന തുറന്ന ജയിലാണിപ്പോൾ അവിടെയുള്ളതെന്നും സി.പി.ഐ കശ്​മീർ മേഖല സെക്രട്ടറി ജി.എം. മിസ്​റാബ്​. മലപ്പുറത്ത്​ സി.പി.ഐ ദേശീയ സെമനാറിൽ സംബന്ധിക്കാൻ എത്തിയ അദ്ദേഹം ‘മാധ്യമ’ത്തിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ മനസു തുറന്നത്​.

നാലു വയസായ കുഞ്ഞിനോട്​ ചോദിച്ചാൽ പോലും ‘ആസാദി’ എന്ന്​ മറുപടി പറയുന്ന സാഹചര്യത്തിലേക്ക്​ കശ്​മീരി ജനത മാറിയെന്നതാണ്​ നരേന്ദ്ര മോദി സർക്കാറി​ന്‍റെ 370ാം വകുപ്പ്​ എടുത്തു കളഞ്ഞ നടപടിയുടെ അനന്തര ഫലം. പി.ഡി.പി, നാഷണൽ​ കോൺഫറൻസ്​, സി.പി.ഐ, സി.പി.എം തുടങ്ങിയ മുഖ്യധാര രാഷ്​ട്രീയ പാർട്ടികളെയൊന്നും ജനങ്ങൾക്കിപ്പോൾ വിശ്വാസമില്ല. എല്ലാവരും ചേർന്ന്​ അവരെ വഞ്ചിക്കുകയായിരുന്നു എന്ന തോന്നലാണ്​ ജനങ്ങൾക്കിടയിലുള്ളത്​. ഇത്രയും വർഷങ്ങൾകൊണ്ട്​ രാഷ്​ട്രീയ പാർട്ടികൾ ആർജിച്ചെടുത്ത വിശ്വാസം പാടെ തകർന്നിരിക്കുന്നു. എല്ലാ രാഷ്​ട്രീയപാർട്ടികളുടെയും കാലിനടിയിലെ മണ്ണ്​ ചോർന്നു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യ വാദത്തിന്​ ജനമനസുകളിൽ വേരോട്ടം ശക്​തിപ്പെടുകയാണ്​ ചെയ്യുന്നത്​. മോദി സർക്കാറി​ന്‍റെ തീരു​മാന​ം കൊണ്ടുണ്ടായ ഏക നേട്ടവുമിതാണ്​.

ആസാദി കശ്മീർ തിരിച്ചു വരുന്നു
പാക്കിസ്​ഥാനൊപ്പം പോകണമെന്ന തീവ്ര നിലപാടുള്ളവരും സ്വതന്ത്രമായി നിലനിൽക്കണമെന്ന ആശയം മുന്നോട്ടുവെക്കുന്നവരുമാണ്​ വിഘടനവാദികളിലുണ്ടായിരുന്നത്​. എന്നാലിപ്പോൾ സ്വതന്ത്ര കശ്​മീർ എന്ന ചി​ന്തയാണ്​ യുവാക്കൾക്കിടയിൽ കനപ്പെട്ടു വരുന്നത്​. വിഘടനവാദികളുടെ ആശയങ്ങൾ അരികുവത്​കരിക്കപ്പെടുകയും മുഖ്യധാരക്കൊപ്പം കശ്​മീരി യുവത മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്​ ഈ തിരിച്ചുപോക്കെന്ന്​ ആലോചിക്കണം. കലുഷമായിരുന്ന താഴ്​വരയിൽ സമാധാനാന്തരീക്ഷം ഏറെക്കുറെ തിരിച്ചു വന്നിരുന്നു. യുവാക്കൾ രാജ്യത്തി​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിൽ വിദ്യാഭ്യാസം​ നേടാനായി പുറത്തേക്ക്​ ഒഴുകാൻ തുടങ്ങിയിരുന്നു. കശ്​മീർ ആപ്പിൾ അടക്കം പഴവർഗങ്ങളുടെ കച്ചവടം ഒരുപാട്​ മെച്ചപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിച്ചു വരികയായിരുന്നു. എന്നാൽ ഇടിത്തീ പോലെ വന്ന കേന്ദ്ര സർക്കാർ തീരുമാനം എല്ലാം തകിടം മറിച്ചിരിക്കുന്നു. അത്യന്തം വികാരവിക്ഷുബ്​ധമാണ്​ ഒാരോ കശ്​മീരിയുടെയും മനസിപ്പോൾ​. താഴ്​വ​രയുടെ ഹൃദയത്തിന്​ നൊന്തിരിക്കുന്നു. പ്രതീക്ഷ നഷ്​ടപ്പെട്ട, വേദനയുടെ കടലിരമ്പവുമായാണ്​ അവർ ഓരോ ദിവസവും തള്ളി നീക്കുന്നത്​. അവരുടെ സ്വത്വ ബോധം വ്രണപ്പെട്ടിരിക്കുന്നു. ഫാറൂഖ്​ അബ്​ദുല്ലയും അദ്ദേഹത്തി​ന്‍റെ പിതാവ്​ ശൈഖ്​ അബ്​ദുല്ലയുമൊക്കെ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ്​ അവർ കരുതുന്നത്​. ഇന്ത്യൻ ഭരണകൂടം തങ്ങളും അവകാശങ്ങളും പ്രത്യേക പദവിയും തട്ടിയെടുക്കപ്പെട്ടു എന്ന ചിന്തയാണ്​ പരക്കെയുള്ളത്​.

photo: Associated Press

എല്ലാം തകിടം മറിഞ്ഞത് പൊടുന്നനെയാണ്
ആഗസ്​റ്റ്​ നാലിനാണ്​ എല്ലാം പൊടുന്നനെ തകിടം മറിഞ്ഞത്​. അതിന്​ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തന്നെ പുറത്തു നിന്ന്​ പട്ടാളം കൂടുതലായി വരാൻ തുടങ്ങിയിരുന്നു. എല്ലാ മുക്കിലും മൂലയിലും സൈന്യം നിലയുറപ്പിച്ചപ്പോൾ തന്നെ അരുതാത്തതെന്തോ നടക്കാൻ പോവുകയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്​തമായിരുന്നു. ആറ്​ ലക്ഷത്തിലധികം വരുന്ന അമർനാഥ്​ യാത്രികരോട്​ പെ​ട്ടെന്ന്​ തിരിച്ചു പോകാൻ ഭരണകൂടം ആവശ്യപ്പെട്ടു. തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കാതെയായിരുന്നു ഇത്​. ബിഹാർ, യു.പി, രാജസ്​ഥാൻ എന്നിവിടങ്ങളിൽ നിന്നായി പ​ഴത്തോട്ടങ്ങളിൽ ജോലിക്കു വരുന്ന മുഴുവൻ തൊഴിലാളികളെയും തിരിച്ചയച്ചു. എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. എന്നിട്ടാണ്​ കേ​ന്ദ്ര തീരുമാനം നടപ്പാക്കിയത്​.

ആഗസ്​റ്റ്​ അഞ്ചിന്​ ആൾ ഇന്ത്യ റേഡിയോയിലൂടെയാണ്​ ഞാനടക്കമുള്ളവർ 370ാം വകുപ്പ്​ എടുത്തു കളഞ്ഞ്​ ജമ്മു കശ്​മീരിനെ രണ്ടാക്കി വിഭജിച്ച്​ തീരുമാനം കേൾക്കുന്നത്​. പിന്നീടുള്ള ദിവസങ്ങളിൽ യുദ്ധ സമാനമായ സാഹചര്യമായിരുന്നു. എല്ലാ രാഷ്​ട്രീയ പാർട്ടി നേതാക്കളും അറസ്​റ്റു ചെയ്യപ്പെട്ടു. സർക്കാറിനെതിരെ ഒന്നും പറയുന്നില്ലെന്ന്​ എഴുതി നൽകിയവരെ മാത്രം വിട്ടയച്ചു. അല്ലാത്തവരെ തടവിൽ പാർപ്പിച്ചു. വീടുകൾ ഒറ്റ രാത്രി കൊണ്ട്​ തടവറകളായി, അതിന്നും തുടരുന്നു. കടകളെല്ലാം അടഞ്ഞു. വാർത്ത വിനിമയ ബന്ധങ്ങൾ വി​േഛദിക്കപ്പെട്ടു. വിദ്യാലയങ്ങളും ഓഫിസുകളും തുറന്നില്ല. നഗര വീഥികൾ വിജനമായി. പത്രങ്ങൾ അച്ചടി നിർത്തി. എല്ലായിടത്തും പട്ടാളം മാത്രമായി. അര കി.മീ അകലെയുള്ള ബന്ധുക്കളെ കാണാനോ ബന്ധപ്പെടാനോ കഴിയാത്ത അവസ്​ഥ. അനങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്​ സൃഷ്​ടിക്കപ്പെട്ടത്​.

തീവ്രവാദി ആക്രമണങ്ങൾ ഏറെ കണ്ട ഷോപ്പിയാനിലാണ്​ ഞാൻ താമസിക്കുന്നത്​. അവിടെ നിന്ന്​ രാത്രി തന്നെ വീടടച്ച് ശ്രീനഗറിലെ സുഹൃത്തുക്കളുടെ അടുത്തേക്ക്​ വരേണ്ടി വന്നു. 10,000 പേരെ കരുതൽ തടങ്കലിലാക്കിയതായി സർക്കാർ പറയുന്നു. എന്നാൽ 40000ലധികം പേരെയാണ്​ പിടികൂടിയതെന്നാണ്​ അനൗദ്യോഗിക കണക്ക്​. രാത്രിയാണ്​ അറസ്​റ്റ്​ നടക്കുക. അപ്പോൾ പിന്നെ രജിസ്​റ്റർ ചെയ്യേണ്ടതില്ലല്ലോ. കശ്​മീരികളായ പൊലീസുകാരോട്​ തോക്കുകൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടു. അവർക്ക്​ ലാത്തി നൽകി. ഒരു ലക്ഷത്തോളം കശ്​മീരികളാണ്​ പൊലീസിലുള്ളത്​. അവരെ പോലും കേന്ദ്ര സർക്കാറിന്​ ഭയമായിരുന്നു എന്നു വേണം കരുതാൻ.

photo: AFP

ഉറ്റവരെ ഒന്ന് ഫോണിൽ കിട്ടാൻ മണിക്കൂറുകൾ വരി നിൽക്കുന്നത് സങ്കൽപ്പിക്കാനാവുമോ?
മൂന്നു മാസ​ങ്ങൾക്ക്​ ശേഷമാണ്​ ജില്ല കലക്​ടർമാരുടെ ഓഫിസിൽ ലാൻറ്​ ഫോണ​ുകൾ പുനഃസ്​ഥാപിക്കപ്പെട്ടത്​. കശ്​മീരിന്​ പുറത്തും അകത്തുമുള്ള ബന്ധുക്കളുമായി സംസാരിക്കാനുള്ള ഏക മാർഗം ഇതുമാത്രമായിരുന്നു. ​​ഉറ്റവരോട്​ ഫോൺ ചെയ്യാനായി മണിക്കൂറുകൾ വരി നിൽക്കേണ്ട അവസ്​ഥ നിങ്ങൾക്ക്​ സങ്കൽപ്പിക്കാനാവുമോ. നാലു മാസത്തിന്​ ശേഷം ബി.എസ്​.എൻ.എൽ പോസ്​റ്റ്​ പെയ്​ഡ്​ കണക്ഷനുകൾ പുനഃസ്​ഥാപിക്കപ്പെട്ടു. കശ്​മീരിൽ വ​ളരെ കുറച്ചു പേർ മാത്രമാണ്​ ബി.എസ്​.എൻ.എൽ ഉപയോഗിക്കുന്നത്​. നവംബറിൽ കുട്ടികളെ വീട്ടിലിരുത്തിയാണ്​ പരീക്ഷ നടത്തിയത്​. ചോദ്യ​േപപ്പർ വീടുകളിലേക്ക്​ അയച്ചുകൊടുക്കുകയായിരുന്നു. അധ്യാപകർ അവിടെ ചെന്ന്​ മൂല്യ നിർണയം നടത്തി അവരെ പാസാക്കി വിട്ടു. ഒരു സംസ്​ഥാനത്തെ ജനങ്ങളെ ഇവ്വിധമാണ്​ മോദി സർക്കാർ നരകയാതന അനുഭവിപ്പിച്ചത്​. എന്നിട്ടദ്ദേഹം പുറത്തു പറയുന്നത്​ കശ്​മീരിൽ എല്ലാ ശാന്തമാണെന്നും ഒരു പ്രശ്​നവുമില്ലെന്നുമാണ്​. ഞങ്ങളുടെ ദുരിതം കാണാൻ ഒരു മാധ്യമങ്ങളും തയാറായില്ല. ആകെ എൻ.ഡി.ടി.വി മാത്രമാണ്​ എന്തെങ്കിലും നൽകിയത്​. ബാക്കി ദേശീയ മാധ്യമങ്ങളെല്ലാം സർക്കാർ ഭാഗത്തേക്കാണ്​ ചരിഞ്ഞത്​.

ആരോടെങ്കിലും ഇതൊന്ന് പറയണ്ടേ?
പത്തു മിനിറ്റ്​ സംസാരിക്കാമെന്ന്​ പറഞ്ഞ്​ തുടങ്ങിയ മിസ്​റാബ്​ ഒരു മണിക്കൂർ കഴിഞ്ഞു നിർത്താതെ തുടർന്നുകൊണ്ടിരുന്നു. സമയം അതിക്രമിച്ചപ്പോൾ അദ്ദേഹം എഴുന്നേറ്റ്​ കൊണ്ടു പറഞ്ഞു. ‘‘സുഹൃത്തേ, നിങ്ങളുടെ കുറെ സമയം ഞാൻ കവർന്നെടുത്തു. ഒന്നും വിചാരിക്കരുത്​. ഞങ്ങൾക്ക്​ പറയാനുള്ളത്​ ആരും കേൾക്കുന്നില്ല. മനസ്​ കിടന്നു വിങ്ങുകയാണ്​. ആരോടെങ്കിലും മനസിലെ വേദനയൊന്ന്​ പങ്കുവെക്കണ്ടേ? അതുകൊണ്ടാണ്​ ഇത്രയും നേരം സംസാരിച്ചത്’’​. തിളച്ചു മറിയുന്ന വികാരങ്ങൾ എനിക്കു മുന്നിൽ കോരി ഒഴിക്കുകയായിരുന്നു അദ്ദേഹം. നാലു മക്കളാണുള്ളത്​. രണ്ടു ​പെൺമക്ക​െള കല്യാണം കഴിപ്പിച്ചയച്ചു. രണ്ട്​ ആൺമക്കളും ബിരുദാനന്തര ബിരുദ ധാരികളാണ്​. അവർക്ക്​ ജോലിയില്ല. ഷോപ്പിയാനിലെ ചെറിയ ആപ്പിൾ തോട്ടമാണ്​ ഏക വരുമാന മാർഗം -മിസ്​റാബ്​ പറഞ്ഞു നിർത്തി.


Show Full Article
TAGS:kashmir lockdown kashmir detention Malayalam Article 
Next Story