Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകൊറോണ, വോമെൻ ഹ്വയ്​ ദാ...

കൊറോണ, വോമെൻ ഹ്വയ്​ ദാ പെയ്​ നി

text_fields
bookmark_border
കൊറോണ, വോമെൻ ഹ്വയ്​ ദാ പെയ്​ നി
cancel
camera_alt

ചിത്രീകരണം: വിനീത്​ എസ്​. പിള്ള

നേരം പുലരുന്നതേയുള്ളൂ. പക്ഷേ, ഫോണുകൾ നിർത്താതെ ബെല്ലടിക്കുന്നുണ്ട്​​. പ്രാണവായുവും അവശ്യമരുന്നുകളും രോഗകിടക്കകളും തേടിയുള്ള വിളികളാണത്​. ഈ രോദനങ്ങൾ കേൾക്കാനും മറുപടി നൽകാനുമായി പത്തോളം പേരുണ്ട്​. ട്വിറ്ററിലെ സന്ദേശങ്ങൾ നോക്കുന്നവർ, ആശുപത്രി കിടക്കകളുടെയും മറ്റു​ സൗകര്യങ്ങളുടെയും വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യുന്നവർ, നിരന്തരം വരുന്ന അഭ്യർഥനകളും വിവരങ്ങളും ഫീൽഡിലുള്ളവർക്ക്​ കൈമാറുന്നവർ... ഡല്‍ഹി റെയ്‌സീന റോഡിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്​ ഒരുക്കിയിരിക്കുന്ന 'വാർ റൂമി​'ലെ ഒരു ദിവസം തുടങ്ങുകയാണ്​.


ഐ.സി.യു, ഓക്‌സിജന്‍ കിടക്കകള്‍, സിലിണ്ടറുകള്‍, പ്ലാസ്​മകൾ, അവശ്യമരുന്നുകള്‍, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം... എന്നിങ്ങനെ നൂറുകണക്കിന്​ ആവശ്യങ്ങളാണ്​ ഒരു ദിവസം ഈ 'ചെറുസൈന്യം' കൈകാര്യം ചെയ്യുന്നത്​. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന ഈ കോവിഡ്​ പോരാളികളുടെ ദൗത്യം പുലര്‍ച്ച നാലു മണിയോടെയാണ്​ പലദിവസങ്ങളിലും അവസാനിക്കുക‌. ഇതിനെല്ലാം നേതൃത്വം നൽകി, സഹായത്തിന്‍റെ മറുവാക്കായി 'രാജ്യത്തിന്‍റെ ഓക്​സിജൻ മാൻ' ഒരു ഫോൺകോളിന്​ അപ്പുറത്തുണ്ട്. ആയിരങ്ങളുടെ പ്രാണൻ തിരികെ നൽകിയ ശ്രീനിവാസ്​, നിങ്ങളെ മറ്റെന്ത്​ പേരിട്ട്​ വിളിക്കും ഈ നാട്​...

******

''2020ലെ ലോക്​ഡൗണിൽ ഓക്​സിജൻ സിലിണ്ടറുകൾ ആവശ്യ​പ്പെട്ട്​ മാസത്തിൽ 100 കോളുകളാണ്​ വന്നിരുന്നത്​. ഇപ്പോഴത്​ ദിവസം 15,000 ആണ്​. 4000 പേരെ സഹായിക്കാനുള്ള ശേഷിയേ ഞങ്ങൾക്കുള്ളു. ബാക്കിയുള്ളവരോട്​ മനസ്സ്​ കല്ലാക്കി,​ സഹായിക്കില്ല എന്നു​ പറയേണ്ടി വരുകയാണ്​'' -ഗുരുഗ്രാമിലെ ​​​ഹേംകുണ്ഡ്​ ഫൗണ്ടേഷന്‍റെ നേതൃനിരയിലുള്ള ഹർഥീരത്​ സിങ്ങിന്‍റെ വാക്കുകളിൽ ഈ രാജ്യം അനുഭവിക്കുന്ന മൊത്തം ഭീകരതയുണ്ട്​.


ഓക്​സിജൻ സിലിണ്ടറുകളും ഭക്ഷണവും മറ്റ്​ അവശ്യ സാധനങ്ങളും ആവശ്യക്കാരിലേക്ക്​ എത്തിക്കുന്നതിൽ സജീവമാണ്​ ഹേംകുണ്ഡ്​ ഫൗണ്ടേഷൻ. ഗുരുദ്വാരകളിലെ ലങ്കറുകളിലാണ്​ ഓക്​സിജനും ഭക്ഷണവുമെല്ലാം ഒരുക്കിയിരിക്കുന്നത്​. വിശന്നു​ കയറി ചെല്ലുന്ന ഏതൊരാൾക്കും ഒരുനേരത്തെ ഭക്ഷണം ഒരുക്കി കാത്തിരുന്നിരുന്ന ലങ്കറുകൾ ഇപ്പോൾ പ്രാണവായുവിന്‍റെ വിരുന്നാണൊരുക്കുന്നത്​. ഒരു ഭാഗത്ത്​ കർഷകരു​ടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഭരണകൂടത്തിനെതിരെ പൊരുതു​േമ്പാൾ മറുഭാഗത്ത്​ ആപത്​ഘട്ടത്തിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്​ കൈത്താങ്ങ്​ ആകാനും സിഖ്​ സമൂഹം രംഗത്തുണ്ട്​.

രക്ഷപ്പെടി​ല്ലെന്ന്​ വിധിയെഴുതി ആശുപത്രികൾ ഉപേക്ഷിച്ചവരെ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവന്ന കഥകളും പറയാനുണ്ട്​ ഹേംകുണ്ഡ്​ ഫൗ​ണ്ടേഷന്​. 'ദിവസവും നാലും അഞ്ചും പേരാണ്​ കൺമുന്നിൽ മരിച്ചുവീഴുന്നത്​. ശവസംസ്​കാരത്തിനുള്ള സൗകര്യം ഒരുക്കി തരുമോയെന്ന്​ വിലപിച്ച്​ നൂറുകണക്കിന്​ കോളുകളാണ്​ ഒരു ദിവസം ലഭിക്കുന്നത്​. ചില ആശുപത്രികൾ ഗുരുതരാവസ്​ഥയിലുള്ള രോഗികളെ ഉപേക്ഷിക്കാറുണ്ട്​, രക്ഷപ്പെടാൻ സാധ്യതയുള്ള മ​റ്റൊരു രോഗിക്ക്​ കിടക്ക നൽകാനെന്ന പേരിൽ. കൊട്ടിയടച്ച ആശുപത്രി വാതിലുകളിൽനിന്ന്​ നിരവധി രോഗികളെ ഏറ്റെടുത്ത്​ ജീവിതത്തിലേക്ക്​ കൈപിടിച്ചു കയറ്റാൻ ഞങ്ങൾക്കായി ​'- രണ്ടു തവണ കോവിഡ്​ ബാധിച്ചിട്ടും പതറാതെ മഹാമാരിക്കെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന ഹർഥീരത്​ സിങ്​ പറയുന്നു. ഇപ്പോൾ മണിക്കൂറിൽ 400 ലിറ്റർ ഓക്​സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു പി.എസ്​.എ പ്ലാൻറ്​​ സ്​ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്​ ഹേംകുണ്ഡ്​ ഫൗണ്ടേഷൻ.

******

റിയാലിറ്റി ഷോ വേദിയിൽ തന്‍റെ ഗ്രാമം മുഴുവൻ ലോക്​ഡൗണിൽ പട്ടിണിയിലാണെന്ന്​ വിലപിക്കുകയാണ്​ ഉദയ്​ എന്ന യുവാവ്​. അവിടെ അതിഥിയായെത്തിയ സെലബ്രിറ്റി ഉടൻ പറയുന്നു- ''ഉദയ്, ലോക്​ഡൗൺ അത് ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം അല്ലെങ്കിൽ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമത്തിൽ ഞാൻ ഭക്ഷണമെത്തിക്കും. ലോക്​ഡൗൺ എത്രനാൾ നീണ്ടാലും ആർക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ല''- തിയറ്ററിലാണെങ്കിൽ ആരാധകർ എഴു​േന്നറ്റുനിന്ന്​ കൈയടിക്കുമായിരുന്ന ഈ സീൻ സിനിമയിൽ നിന്നല്ല, യഥാർഥ ജീവിതത്തിൽ നിന്നാണ്​. ഈ സീനിലെ നായകനാക​ട്ടെ, തിരശ്ശീലയിലെ വില്ലനും- ബോളിവുഡ്​ താരം സോനു സൂദ്​.


'ഡാൻസ്​ ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോളാണ്​ മധ്യപ്രദേശിലെ നീമുച്​ എന്ന ഗ്രാമം ലോക്​ഡൗണിൽ പട്ടിണി കിടക്കില്ലെന്ന്​ ഈ 'റിയൽ ലൈഫ്​ സൂപ്പർ ഹീറോ' ഉറപ്പ്​ നൽകിയത്​. കോവിഡ്​ വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്​ സോനു സൂദ്​. കോവിഡ്​ ഒന്നാം തരംഗ സമയത്ത്​ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ വീടണയാൻ സഹായിച്ചാണ്​ സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തിൽ നായകനായത്​. രണ്ടാം തരംഗത്തിന്‍റെ സമയത്തും കിടക്കകളും ഓക്​സിജൻ സിലിണ്ടറുകളും മറ്റും നൽകി സേവനരംഗത്ത്​ കർമനിരതനാണ്​ ഈ താരം.

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ ഫ്രാൻസിൽ നിന്നും ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിച്ച്​ ഡൽഹിയിലും മഹാരാഷ്​ട്രയിലുമൊക്കെ സ്​ഥാപിക്കാനുള്ള പദ്ധതിയുമായി തിരക്കിലാണ് ​നടനിപ്പോൾ. പിറന്ന മണ്ണ്​ ശവപ്പറമ്പാകു​േമ്പാൾ വിദേശത്തെ ഉല്ലാസ കേന്ദ്രങ്ങളിൽ ഉന്മാദിക്കാൻപോയ ബോളിവുഡ്​ താരങ്ങൾക്കിടയിലെ യഥാർഥ ഹീറോ നിങ്ങളല്ലാ​െത മറ്റാരാണ്​, സോനു സൂദ്​...

******

ബംഗളൂരുവിൽ കോവിഡ്​ ബാധിച്ച്​ മരിച്ച 60കാരനായ ഒരു ഹൈന്ദവ സഹോദരന്‍റെ ചിതാഭസ്​മം അദ്ദേഹത്തി​ന്‍റെ മക്കളുടെ അഭ്യർഥനപ്രകാരം കാവേരി നദിയിൽ നിമജ്ജനം ചെയ്യാനായി ശ്രീരംഗപട്ടണത്തിലേക്ക്​ പോകു​േമ്പാൾ സാദ്​ ഖയ്യൂമിനും രാഹുൽ ജോർജിനും നല്ല ഭയമുണ്ടായിരുന്നു. കാരണം, ഇതു കർണാടകയാണ്​. തങ്ങളുടെ മതത്തിൽപെട്ടവരുടെ ശവസംസ്​കാരവും മറ്റും അന്യമതസ്​ഥർ ചെയ്യരുതെന്ന നിലപാടുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനം. പ്രതിഷേധം ഭയന്ന്​ ഒറ്റപ്പെ​ട്ടൊരു സ്​ഥലം കണ്ടെത്തി ഹൈന്ദവാചാരപ്രകാരം അവർ ആ ചിതാഭസ്​മം ഒഴുക്കി. സ്നാനസമയത്ത് ഉരുവിടേണ്ട അഭിഷേക മന്ത്രവും ഇരുവരും പഠിച്ചിരുന്നു. കോവിഡ്​ ബാധിച്ചതിനാൽ പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾ ചെയ്യാൻ സാധിക്കാത്തവരെ സഹായിക്കുന്ന അനേകം വളൻറിയർമാരിൽപ്പെട്ടവരാണ്​ ഖയ്യൂമും രാഹുലുമെല്ലാം.

''അന്ത്യകർമ ജിഹാദ്​ എന്ന്​ അവർ വിളിക്കുമെങ്കിലും ഇതു​ ​ഞങ്ങൾക്ക്​ ചെയ്യാതിരിക്കാനാകില്ലായിരുന്നു. ഹൈന്ദവ മന്ത്രം ഉരുവിടു​​േമ്പാൾ ആത്മീയമായ സംഘർഷങ്ങൾ ഞങ്ങൾക്ക്​ അനുഭവപ്പെട്ടില്ല. കാരണം, ഇതു ചെയ്യാൻ ഞങ്ങളല്ലാതെ മറ്റാരുമില്ലെന്ന്​ ഞങ്ങൾക്കറിയാമായിരുന്നു'' -സമൂഹത്തെ ആവശ്യത്തിൽ സഹായിക്കലാണ്​ തങ്ങളുടെ മതം പഠിപ്പിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഖയ്യൂമും രാഹുലും പറയുന്നു.

******

''കഴിഞ്ഞ വർഷം കോവിഡ്​ മഹാമാരിയുടെ പേരിൽ ഞങ്ങളെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ ഞങ്ങളെ അഭിനന്ദിക്കുകയാണ്​''- ആ​ന്ധ്രപ്രദേശിലെ തിരുപ്പതി നഗരത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ സംസ്കാര ചടങ്ങ്​ നടത്താൻ തയാറെടുക്കുന്നതിനിടെ തബ്​ലീഗ്​ ജമാഅത്തി​െൻറ സജീവ പ്രവർത്തകനായ ജെ.എം.ഡി ഗൗസിന്‍റെ വാക്കുകളിൽ അഭിമാനം.


തിരുപ്പതി യുനൈറ്റഡ് മുസ്‌ലിം അസോസിയേഷന് കീഴിൽ മുസ്​ലിമുകളും അല്ലാത്തവരുമായ 60ഓളം വളൻറിയർമാരാണ്​ ഉള്ളത്​. ഓട്ടോ ഡ്രൈവർമാർ, ഹോട്ടൽ തൊഴിലാളികൾ, ദിവസവേതനക്കാർ എന്നിവരെല്ലം ഇക്കൂട്ടത്തിലുണ്ട്​. മതവും ജാതിയും നോക്കാതെ, അവരവരുടെ മതാചാര ചടങ്ങുകൾ പ്രകാരം ദിവസേന കുറഞ്ഞത് 15 മൃതദേഹങ്ങളെങ്കിലും സംസ്​കരിക്കുന്നുണ്ട്​​ ഇവർ.

''2020 മാർച്ചിൽ ഞങ്ങളിൽ കുറച്ചുപേർ ഡൽഹിയിലെ തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പോയിരുന്നു. അന്ന് കോവിഡ്​ വ്യാപിച്ചതോടെ​ നിരവധി പേരാണ്​ ഞങ്ങളെ കുറ്റപ്പെടുത്തിയത്​. ഇപ്പോൾ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി. സാഹോദര്യത്തോടും അനുകമ്പയോടും കൂടി ഇൗ ദുരിതത്തിൽനിന്ന്​ നമുക്ക്​ രക്ഷപ്പെടാനാകുമെന്ന്​ പ്രതീക്ഷിക്കാം'' -ഗൗസ്​ പറയുന്നു.

******

ഓക്​സിജൻ ക്ഷാമം മൂലം ആശുപത്രികൾ മുറ്റത്തുതന്നെ നിർത്തു​േമ്പാൾ പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ നൽകുന്ന അവസാനശ്വാസവുമെടുത്ത്​ ​പിടഞ്ഞു മരിക്കുന്നവരുടെ കരൾപിളർക്കുന്ന ദൃശ്യങ്ങൾക്കിടയിൽ പ്രത്യാശയുടെ ജീവവായു നൽകുന്ന സംഭവങ്ങളിൽ ചിലത്​ മാത്രമാണിത്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ പുണ്യനദികളിൽ ഒഴുക്കേണ്ടിവരുന്ന Digital Indiaയോട്​ 'Dig it all India' (അവയെല്ലാം കുഴിച്ചിടൂ) എന്ന്​ ലോകം വിളിച്ചുപറയുന്ന, പ്രതീക്ഷയറ്റ ഈ കെട്ട കാലം ജന്മം നൽകിയത്​ ഇങ്ങനെ അനേകമനേകം കോവിഡ്​ പോരാളികൾക്കാണ്.



പുന്നപ്രയിൽ ശ്വാസംകിട്ടാതെ പിടഞ്ഞ കോവിഡ്​ രോഗിയെ ബൈക്കി​ലിരുത്തി ജീവിതത്തിലേക്ക്​ ഓടിച്ചുകൊണ്ടുപോയ അശ്വിനും രേഖയും മുതൽ മരണത്തോട്​ മല്ലടിക്കുന്ന കോവിഡ്​ രോഗിക്ക്​ പ്ലാസ്​മ നൽകാനായി റമദാൻ വ്രതം മുറിച്ച ഇന്ദോറിലെ നൂറി ഖാൻ വരെ​ ദേശമോ ജാതിയോ വർണമോ നോക്കാതെ കോവിഡ്​ സേനയിൽ അണിനിരന്ന ആയിരങ്ങൾ. പ്രാണവായു നൽകിയതിന്‍റെ പ്രതിഫലമായ 85 ലക്ഷം രൂപ പുണ്യനാളുകളിലെ തന്‍റെ 'ഓക്സിജൻ സകാത്ത്​' ആണെന്നു പറഞ്ഞ നാഗ്​പുരിലെ വ്യവസായിയായ പ്യാരേഖാൻ മുതൽ ഭാര്യയുടെ ആഭരണം വിറ്റ്​ ഓക്​സിജൻ സിലിണ്ടർ ഘടിപ്പിച്ച്​ ഓ​ട്ടോ 'ഓമ്പുലൻസ്​' ആക്കിയ ഭോപാലിലെ ജാവേദ്​ ഖാൻ​ വരെ ഈ സേനയിലെ പടയാളികളാണ്​.


കോവിഡുമായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും വിശ്രമിക്കാനും രോഗികളെ കൊണ്ടുപോകാനും തന്‍റെ 12 വാനിറ്റി വാനുകൾ നൽകിയ മുംബൈയിലെ വ്യവസായി കേതൻ റാവൽ, നാലായിരത്തിലേറെ കോവിഡ് രോഗികളെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാൻ ഓക്​സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിന്​ 22 ലക്ഷം രൂപയുടെ ആഡംബരകാർ വിറ്റ മുംബൈ മലാഡിലെ ഷാനവാസ്​ ശൈഖ്​, തന്‍റെ കാറിൽ കോവിഡ്​ രോഗികൾക്കാവശ്യമായ ഓക്​സിജൻ സിലിണ്ടറുകളുമായി പട്​നയിലെ റോഡുകളിലൂടെ പായുന്ന ഗൗരവ്​ റായ്, വർഷങ്ങളായി ഓക്​സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തു​േമ്പാഴും സ്വന്തം ജീവൻ വകവെക്കാതെ ആഭരണങ്ങൾ വിറ്റ 80,000 രൂപക്ക്​ ഓക്​സിജൻ സിലിണ്ടറുകൾ കോവിഡ്​ രോഗികൾക്ക്​ നൽകിയ മുംബൈ മാൽവാനിയിലെ അധ്യാപികയായ റോസിയും ഭർത്താവ്​ പാസ്​കൽ സാൽഡാൻഹയും... കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികൾ ഇങ്ങനെ എത്രയെത്ര. മഹാമാരിക്കാലത്ത്​ വിശക്കുന്നവർക്ക്​ ഭക്ഷണമെത്തിക്കുന്ന മുംബൈയിലെ ഹീന മാണ്ഡവ്യയും മകൻ ഹർഷ്​നെയും പോലെ ഇന്ത്യയൊട്ടുക്ക്​ എ​​ത്രയോ എത്രയോ പേർ...

,

കൊറോണയോടാണ്​, മനുഷ്യസ്​നേഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഒരു വൈറസും ഇൗ ഭൂമുഖത്തില്ല എന്ന്​ ജീവിതംകൊണ്ടു കാണിച്ചുതരുന്ന ആയിരക്കണക്കിന്​ പോരാളികളുള്ള ഈ മണ്ണ്​, നിനക്ക്​ മനസ്സിലാകുന്ന ഭാഷയിൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുണ്ട്​. അതിതാണ്​- കൊറോണ, വോ മെൻ ഹ്വയ്​ ദാ പെയ്​ നി (കൊറോണ, ഞങ്ങൾ നിന്നെ തോൽപിച്ചിരിക്കും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonu soodcovidfrontline warriorsoxgen zakatharteerath singhhemkunt foundationsrinivas vb
News Summary - covid frontline warriors
Next Story