കോടതികളേ, ഇതു നാണക്കേടാണ്
text_fieldsഈ പരിപാടി നടക്കുന്ന ഹാളിലേക്ക് കയറിയപ്പോൾ ഞാൻ ആമിറിനെ (കവിയും ആക്ടിവിസ്റ്റുമായ ആമിർ അസീസ്) കണ്ടു. ഹായ് പറഞ്ഞ എന്നെ കെട്ടിപ്പിടിച്ച് അവൻ പറഞ്ഞു, ‘‘എന്നെ അറിയാമെന്ന് പറയരുത്, താങ്കൾ എന്നെ ഒരിക്കലും കണ്ടിട്ടില്ല’’. നിന്നെ മാത്രമല്ല ഇവിടെ ഇരിക്കുന്ന ഓരോരുത്തരും എനിക്ക് പരിചിതരാണെന്ന് ഞാൻ അവനോട് പറഞ്ഞു. നമ്മൾ പങ്കുവെക്കുന്ന വേദനകളാണ് പരസ്പരം തിരിച്ചറിയാൻ സഹായിക്കുന്നത്. നാം കാത്തുവെക്കുന്ന പോരാട്ട വീര്യമാണ് പരസ്പരം അറിയാൻ നമ്മെ സഹായിക്കുന്നത്.
ഇന്ന് ഞാൻ ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാനല്ല ആഗ്രഹിക്കുന്നത്. ഉമർ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കുറച്ച് മാസങ്ങൾക്കുമുമ്പ് ഞാൻ ഡൽഹിയിൽ പറഞ്ഞതുതന്നെ ഞാൻ ആവർത്തിക്കുന്നു. ഈ രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണ്. അവർ മുസ്ലിംകളെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നു. അവർ ആദിവാസികളെ, ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നു. അതാണ് അവരുടെ അജണ്ട.
നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെ ക്കുറിച്ചുമൊക്കെ നിങ്ങൾ സംസാരിച്ചേക്കാം. പക്ഷേ, അവർക്ക് അതൊന്നും പ്രശ്നമല്ല. അവർക്ക് മനസ്സാക്ഷിയില്ല. വൈകിക്കിട്ടുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന് നമ്മൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഈ രാജ്യത്ത് നമുക്ക് സ്വന്തമായി പൊലീസ് സ്റ്റേഷനുകൾ ഉണ്ടായി. പക്ഷേ, കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയക്കാരും നിയമവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പൊലീസ് സ്റ്റേഷനുകൾ സൃഷ്ടിച്ചു. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ പോലും ഭയമായിരുന്നു. കുട്ടികൾക്ക് പൊലീസിനെ ഭയമായിരുന്നു.
എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് അല്ലെങ്കിൽ ഒന്നര പതിറ്റാണ്ട് മുമ്പുവരെ, ഒരു അതിക്രമം നടക്കുമ്പോൾ, ആരെങ്കിലും നമ്മളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ എപ്പോഴും ഒരു വാക്ക് കേൾക്കാറുണ്ടായിരുന്നു. ‘‘കോടതിയിൽ കാണാമെന്ന്’’. കാരണം കോടതി നമ്മളുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു. ഭരിക്കുന്ന സർക്കാറിന്റെയോ ഒരു മതസ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാൽ ഇന്ന്, ഈ വേദിയിൽനിന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങൾ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്.
നമ്മൾ എല്ലാവരും പോരാടുന്നത് ബി.ജെ.പിയോടാണ്. എന്നാൽ, യഥാർഥത്തിൽ നമ്മൾ പോരാടേണ്ടത് ആർ.എസ്.എസിനോനാണ്. ഹിറ്റ്ലർ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഒരു രാഷ്ട്രീയ വിശകലന വിദഗ്ധനോട് സംസാരിച്ചു. മുസ്സോളിനി എന്തുകൊണ്ട് പരാജയപ്പെട്ടു? കാരണം അവർ ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി. ഇവിടെ ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല.
ഞാൻ പഞ്ചതന്ത്ര കഥ വായിക്കുകയായിരുന്നു. ഒരു കുളവും അതിനുള്ളിൽ നിങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു രാക്ഷസനും ഉണ്ട്. പക്ഷേ, അതിനു മുകളിൽ ഒരു താമരയുണ്ട്. നിങ്ങൾ താമരയുമായാണ് പോരാടുന്നത്. എന്നാൽ, ആ താമരയെ നയിക്കുന്ന ആഴത്തിലുള്ള ശക്തിയോട് പോരാടുക. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒന്നോ രണ്ടോ അംഗങ്ങളുടെ പേരുകൾപോലും അവകാശപ്പെടാൻ കഴിയാത്ത ഒരു സംഘടന ഈ രാജ്യത്തുണ്ട്.
അടുത്തിടെ, പ്രധാനമന്ത്രി മോദിയുടെ ഇ-മെയിൽ വിലാസത്തിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. നിങ്ങളിൽ മിക്കവർക്കും അത് നവംബർ 26ന് (ഭരണഘടന ദിനം) അത് ലഭിച്ചിട്ടുണ്ടാകും. നുണകൾ നിറഞ്ഞ ഒരു കത്ത്. മനോഹരമായ നുണകൾ. ഈ രാജ്യത്തിന് ഒരു ഭരണഘടന ഇല്ലായിരുന്നെങ്കിൽ താൻ ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അംബേദ്കറും മഹാത്മാഗാന്ധിയുമൊക്കെ മഹാന്മാരായ മനുഷ്യർ ആണെന്ന് അതിൽ പറയുന്നു.
അപ്പോഴാണ് അതിന്റെ തലേദിവസം രാമക്ഷേത്രത്തിൽ പതാക ഉയർത്തുമ്പോൾ, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആർ.എസ്.എസ് മേധാവിയും അവിടെ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ഞാൻ ഓർത്തത്. ഞാൻ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ല, പക്ഷേ ഇപ്പോഴും അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്, അതിനാൽ എനിക്ക് നമ്മുടെ പ്രധാനമന്ത്രിയെ ബഹുമാനിക്കണം. ഞാൻ ഇങ്ങനെ വെറുതെ നോക്കി ഇരിക്കുകയായിരുന്നു. ആ പതാകയോട്, ഹിന്ദുത്വ എന്ന അദ്ദേഹത്തിന്റെ ആശയത്തോട് അദ്ദേഹത്തിന് എത്ര ബഹുമാനമാണുള്ളത്.
ഈ വ്യക്തിക്ക് നമ്മുടെ ദേശീയ പതാകയോട് ശരിക്കും അത്രയും ബഹുമാനമുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ അജണ്ട വളരെ വ്യക്തമാണ്. അവരുടെ അജണ്ട വംശഹത്യയാണ്. അവരുടെ അജണ്ട മനുസ്മൃതി നടപ്പാക്കലാണ്, ഭരണഘടന മാറ്റുക എന്നതാണ്, കാരണം അവർക്ക് അത് ഇഷ്ടമല്ല. ഉമറും ഞാനും നിങ്ങളുമടക്കമുള്ള എല്ലാവരും രണ്ടാം തരം പൗരന്മാരാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച ബോധമുള്ളവർ ആയിരിക്കാനും ജാഗ്രത പാലിക്കാനുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഇന്ന് അവർ മുസ്ലിംകളെ വേട്ടയാടാൻ വരുന്നു. നാളെ അവർ നിങ്ങളുടെ അടുത്തേക്ക് വരും. ഒരേയൊരു മാർഗം നമ്മുടെ ശബ്ദമുയർത്തുന്നത് തുടരുക എന്നതാണ്, കാരണം കാലഗണന (chronology) വളരെ വ്യക്തമായി മനസ്സിലാക്കണം.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. 13 പേരെയും അറസ്റ്റ് ചെയ്തു. ആയുധം കണ്ടെത്തി. ഗൗരി-പൻസാരെ- ദഭോൽക്കർ- കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ ഒരു പരമ്പരയുടെ ഭാഗമായിരുന്നു എന്ന് തെളിയിക്കപ്പെടുകയും ചെയ്തു. അവർ എല്ലാവരും ആർ.എസ്.എസിനെതിരെ സംസാരിച്ചവർ ആയിരുന്നു. അതേ ആർ.എസ്.എസ് തന്നെയാണ് ജാമ്യം ലഭിച്ച് പുറത്തുവരുന്ന പ്രതികൾക്ക് മാലയിടുന്നത്, ദയവായി അത് കാണുക. ബലാത്സംഗികൾ പുറത്തുപോകുന്നു.
അവരുടെ അജണ്ട വളരെ വ്യക്തമാണ്. ജനാധിപത്യത്തെ കൊല്ലുക എന്നതാണ്. എല്ലാ സംവിധാനങ്ങളെയും ഇല്ലാതാക്കുക. ഇപ്പോൾ നമ്മൾ ഉണരേണ്ട സമയമാണിത്. നമ്മുടെ ശബ്ദം ഉയർത്തുക. നമ്മൾ ഇവിടെയുണ്ടെന്ന് അവരോട് പറയുക, ഞങ്ങൾ ഭയപ്പെടുന്നില്ല. ഞങ്ങൾ സത്യം സംസാരിക്കുന്നത് തുടരും. നിങ്ങൾക്ക് ഞങ്ങളോട് 100 തവണ കള്ളം പറയാൻ കഴിയുമെങ്കിൽ നമ്മൾ ആയിരം തവണ സത്യം വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും.
ഹൈദരാബാദിൽ എ.പി.സി.ആർ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്
(വിവർത്തനം: ഇബ്നു അലിയാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

