സൂര്യാതപമേറ്റ് ഉമ്മൻചാണ്ടി 

Oommen Chandy Solar Case
ഉമ്മൻ‌ചാണ്ടി

ജനകീയനും അതിവേഗ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ‌ചാണ്ടി സമർഥനായ രാഷ്ട്രീയക്കാരനാണെന്നാണ് ജനം പൊതുവിൽ കരുതിയിരുന്നത്. കെ. കരുണാകരനെ പോലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെക്കാലം അതികായനായി നില കൊണ്ടയാളെ നിലം പരിശാക്കുകയും എ.കെ ആന്‍റണിയെ കേരള രാഷ്ട്രീയത്തിൽ നിന്ന് കെട്ടുകെട്ടിക്കുകയും ചെയ്ത കൗശലക്കാരനാണ് ഉമ്മൻ‌ചാണ്ടി. അങ്ങനെ ഒരാൾ നിയമിച്ച  കമീഷൻ അദ്ദേഹത്തെ തന്നെ പ്രതിക്കൂട്ടിലാക്കി സർക്കാറിന് റിപ്പോർട്ട് നൽകി എന്നിടത്താണ് സോളാർ കമീഷന്‍റെ പ്രാധാന്യം വർധിക്കുന്നത്.
 
സോളാർ വിവാദം കത്തിപ്പടർന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടി തന്നെയാണ് ജസ്റ്റിസ് ശിവരാജൻ കമീഷനെ നിയമിച്ചത്. സർക്കാറിനെതിരെ എൽ.ഡി.എഫ് സെക്രട്ടറിയറ്റ് ഉപരോധം അടക്കം സമരപരിപാടികൾ നടത്തിയപ്പോൾ സമ്മർദത്തിന് വഴങ്ങിയായിരുന്നു ഈ നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിനെ കമീഷന്‍റെ അന്വേഷണ വിഷയങ്ങളിൽ ഉൾപ്പെടുത്തുക കൂടി  ചെയ്തതോടെ ഊണും ഉറക്കവും വെടിഞ്ഞു മണിക്കൂറുകളോളം കമീഷൻ ഓഫിസിൽ തെളിവെടുപ്പിന് ഇരുന്നു കൊടുക്കേണ്ട ഗതികേടും ഉമ്മൻചാണ്ടിക്ക് വന്നു ചേർന്നു. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിക്കും ഇങ്ങിനെ സ്വയം കുഴിച്ചകുഴിയിൽ ചാടേണ്ടി വന്നിട്ടില്ല.

saritha

കല്ലേലി ശ്രീധരൻ നായർ എന്ന ക്വാറി ഉടമയുടെ പരാതി പുറത്തു വന്നതോടെയാണ് സോളാർ വിവാദം വാർത്താ മാധ്യമങ്ങളിൽ തലക്കെട്ടായത്. കേരളം കണ്ട ഏറ്റവും വലിയ ഈ സാമ്പത്തിക-ലൈംഗിക അപവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കോൺഗ്രസിന്‍റെ ഒരു ഡസനിലേറെ വരുന്ന മുതിർന്ന നേതാക്കളാണ്. മേമ്പൊടിക്ക് ഒരു കേരളാ കോൺഗ്രസ് നേതാവും. എന്താണ് സോളാർ തട്ടിപ്പ് എന്ന് കണ്ടെത്താൻ വലിയ ഗവേഷണമൊന്നും വേണ്ട. ഇല്ലാത്ത പദ്ധതികളുടെ പേര് പറഞ്ഞു കുറേ ആളുകളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ അടിച്ചെടുത്തു. പഴയ ആട്, തേക്ക്, മാഞ്ചിയത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ആട്, തേക്ക്, മാഞ്ചിയം ഒരു സാധാരണ ബിസിനസ് തട്ടിപ്പായിരുന്നെങ്കിൽ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കൾ മുഖ്യ വേഷം കെട്ടി ആടിയ ഒന്നാണ് 'സോളാർ' എന്ന വ്യത്യാസമേയുള്ളൂ. 

ഭാര്യയെ കൊല  ചെയ്ത കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേർന്ന് ഉണ്ടാക്കിയ 'ടീം സോളാർ' എന്ന തട്ടിക്കൂട്ട് കമ്പനി കേരളത്തെ സമ്പൂർണ സോളാർ സംസ്ഥാനമാക്കാൻ ഇറങ്ങി പുറപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് സരിത പദ്ധതി അവതരിപ്പിച്ചപ്പോൾ അദ്ദേഹം അതിൽ വീണു പോയി. അതോടെ സംസ്ഥാന സർക്കാറിന്‍റെ 'സോളാർ ബ്രാൻഡ് അംബാസഡർ' ആയി 'സരിത' സ്വയം മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ്, മന്ത്രിമാർ, എം.എൽ.എമാർ, കോൺഗ്രസ് നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സരിതയുടെ ആളുകളായി. 

oommen aryaden

സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലുമെല്ലാം സരിതക്ക് സമ്പൂർണ സ്വാതന്ത്ര്യം. വീടുകളിലും ഓഫിസുകളിലും സോളാർ പാനലുകൾ സ്ഥാപിക്കാനും കാറ്റാടി പാടങ്ങളിൽ ഷെയർ നൽകാനും ടീം സോളാറിൽ ഭാഗഭാക്കാക്കാനും പലരിൽ നിന്നുമായി സരിത ലക്ഷങ്ങൾ വാങ്ങി. ഇങ്ങിനെ വാങ്ങിയെടുത്ത പണം തന്‍റെ പക്കൽ നിന്ന് മുഖ്യമന്ത്രി അടക്കം രാഷ്ട്രീയ നേതാക്കൾ തട്ടിയെടുത്തു എന്നാണ് സരിതയുടെ പരാതി. മുഖ്യമന്ത്രിക്കു മാത്രം കൊടുത്തത് 2 കോടി 16 ലക്ഷം രൂപ. പണം വാങ്ങിയെന്നു മാത്രമല്ല, തന്നെ മന്ത്രിമാർ ലൈംഗികമായി ഉപയോഗിച്ചെന്നും സരിത കമീഷന് മുന്നിൽ പരാതിപ്പെട്ടു. അതു മുഖവിലക്കെടുത്തു കമീഷൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് സർക്കാർ നിയമനടപടികളിലേക്ക് നീങ്ങുകയാണ്.

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എവിടെയാണ് പിഴച്ചു പോയതെന്ന അന്വേഷണം ചെന്നെത്തുക അദ്ദേഹത്തിന്‍റെ വിശ്വസ്തരായ 'എ' ഗ്രൂപ്പ് നേതാക്കളിലാണ്. സരിത ചതിക്കില്ലെന്നും കൂടെ നിൽക്കുമെന്നും പൂർണ ഉറപ്പ് ഉണ്ടെങ്കിലേ സാധാരണ നിലയിൽ സ്വന്തം ഓഫിസിനെ വരെ ഉൾപ്പെടുത്തിയ ജുഡീഷ്യൽ അന്വേഷണം അദ്ദേഹം പ്രഖ്യാപിക്കാൻ ഇടയുള്ളൂ. അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ സരിത വിശ്വസ്തയായിരുന്നു. ഉമ്മൻ‌ചാണ്ടി തനിക്കു പിതൃതുല്യൻ എന്നാണ് അവർ ഒരിക്കൽ പറഞ്ഞത്. അതേ, സരിത പിന്നീട് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു. ആര്യാടൻ മുഹമ്മദ് അടക്കം മറ്റു മന്ത്രിമാർക്കും ഇതേ ആരോപണങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. 

രണ്ടു ഡസനിൽപരം വഞ്ചനാകേസുകൾ സരിതക്കെതിരെ വിവിധ കോടതികളിൽ ഉണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും പണം തിരിച്ചു കൊടുത്തു അവർ ഒത്തു തീർത്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സരിതക്ക് ഇത്രയേറെ പണം എവിടുന്ന് കിട്ടി എന്ന ചോദ്യം ന്യായം. ജയിലിൽ ചെയ്യുന്ന ജോലിക്ക് ഇത്രയേറെ കൂലി കിട്ടില്ലല്ലോ. പണം വന്ന സ്രോതസ്സ് കണ്ടെത്താൻ വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല. സോളാർ കമീഷന് മുന്നിൽ കൊടുക്കേണ്ട മൊഴി ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ തമ്പാനൂർ രവി സരിതയെ പഠിപ്പിക്കുന്നതിന്‍റെ ഓഡിയോ വരെ ജനം കേട്ടതാണ്. എന്നിട്ടും സരിത കൈവിട്ടു പോയി എന്നിടത്താണ് ഉമ്മൻചാണ്ടിയുടെ ദുര്യോഗം. പെണ്ണൊരുമ്പെട്ടാൽ ഒരു ഉമ്മനും തടുക്കാൻ കഴിയില്ല. 

ഉമ്മൻചാണ്ടിയെ കെ.പി.സി.സി പ്രസിഡന്‍റാക്കാൻ അദ്ദേഹത്തിന്‍റെ അനുചരർ ചരട് വലിക്കുന്നതിനിടയിലാണ് സോളാർ റിപ്പോർട്ട് പൊട്ടി വീണിരിക്കുന്നത്. പ്രസിഡന്‍റാകാൻ താൻ ഇല്ലെന്ന് ഉമ്മൻ‌ചാണ്ടി കട്ടായം പറഞ്ഞതിനു പിന്നിൽ വരാനിരിക്കുന്ന അത്യാഹിതം അദ്ദേഹം മുൻകൂട്ടി കണ്ടു എന്ന് കരുതേണ്ടി വരും. 'എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ വൈരാഗ്യമാണ് സോളാർ റിപ്പോർട്ടിൽ' എന്ന ഉമ്മൻചാണ്ടിയുടെ വാദം സാമാന്യ ബുദ്ധിയുള്ള ആർക്കും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. കാരണം ഈ കമീഷനെ വെച്ചത് എൽ.ഡി.എഫ് അല്ല,  അദ്ദേഹം തന്നെയാണ്.    

COMMENTS