തെലങ്കാനയിൽ കോൺഗ്രസ് പ്രതീക്ഷയിലാണ്
text_fieldsരമേശ് ചെന്നിത്തല പി.സി. വിഷ്ണുനാഥ്
തെലങ്കാനയിൽ ഇത് കൊയ്ത്തുകാലമാണ്. നഗരപരിധി കഴിഞ്ഞാൽ ദേശീയപാതയുടെ വശങ്ങളിലായി കർഷകർ നെല്ലുണക്കുന്നത് കാണാം. തിളക്കുന്ന വെയിൽച്ചൂടിനൊപ്പം തെലങ്കാനയുടെ രാഷ്ട്രീയരംഗത്തും താപമുയരുകയാണ്. ആദ്യഘട്ടത്തിൽ ഭരണകക്ഷിയായ ബി.ആർ.എസിന് വലിയ വെല്ലുവിളി തീർക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയ ബി.ജെ.പിക്ക് പിന്നാലെ ഇപ്പോൾ തട്ടകത്തിലെ പ്രധാന എതിരാളി എന്ന പട്ടം കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നു. ത്രികോണ മത്സരം എന്നതിനപ്പുറം ബി.ആർ.എസും കോൺഗ്രസും എന്ന നിലയിലേക്ക് തെലങ്കാന രാഷ്ട്രീയം നീങ്ങുകയാണ്. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് എ.ഐ.സി.സി പ്രത്യേക നിരീക്ഷകനായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥും അവിടെയുണ്ട്. ഇരുവരും മാധ്യമം ലേഖകൻ ബിനോയ് തോമസിനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു
തെലങ്കാനയിലെ കോൺഗ്രസ് പ്രതീക്ഷകൾ പങ്കുവെച്ച് രമേശ് ചെന്നിത്തല...
പ്രത്യേക നിരീക്ഷകന്റെ റോളിലാണല്ലോ; പഴയ സഹപ്രവർത്തകനായ കെ.സി.ആർ എതിരാളിയും. എന്തു തോന്നുന്നു?
വിവിധ കേന്ദ്രങ്ങളെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഏകോപിപ്പിക്കുക എന്നതാണ് പ്രധാന പ്രവൃത്തി. ഏതാനും ദിവസമായി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളുമായെല്ലാം കൂടിക്കാഴ്ച നടത്തിവരുകയാണ്. ശുഭാപ്തി വിശ്വാസം നൽകുന്നതാണ് ഓരോ കൂടിക്കാഴ്ചയും.
കെ.സി.ആറുമായി ദീർഘനാളത്തെ വ്യക്തിബന്ധവും രാഷ്ട്രീയപ്രവർത്തന ബന്ധവുമുണ്ട്. എന്നാൽ, നിലവിൽ സംസ്ഥാനത്ത് അദ്ദേഹം നേതൃത്വംനൽകുന്ന സർക്കാർ ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന, അടിമുടി അഴിമതി നിറഞ്ഞ സർക്കാറിനോടും മുഖ്യമന്ത്രിയോടും പോരാടാൻ വ്യക്തിബന്ധം തടസ്സമല്ല.
കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തുമോ?
ഇത്തവണ ഭരണം പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. അഴിമതിയിൽ മുങ്ങിയ തെലങ്കാനയിൽ ജനങ്ങൾ കോൺഗ്രസിനെ അഭയമായി കാണുന്നുവെന്നാണ് നിലവിലെ സാഹചര്യം കാണിക്കുന്നത്. രാഹുൽ ഗാന്ധി പറഞ്ഞതുപോലെ ശക്തമായ കോൺഗ്രസ് കാറ്റ് തെലങ്കാനയിൽ ആഞ്ഞടിക്കും.
പ്രചാരണരംഗത്തെ വെല്ലുവിളികൾ
വലിയ ചെലവുള്ളതാണ് തെലങ്കാനയിലെ പ്രചാരണം. ബി.ആർ.എസ് പണമിറക്കി ധൂർത്തടിച്ച് അത്തരത്തിൽ ആക്കിത്തീർത്തതാണെന്നു പറയാം. സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് തങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങൾ അമർച്ചചെയ്യാൻ പണവും ആയുധമാക്കുന്ന സാഹചര്യം. ഇതൊക്കെ മറികടന്ന് വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനായി എന്നത് വലിയ നേട്ടമാണ്.
ഉവൈസിയെപോലുള്ളവർ ബി.ജെ.പിക്കു വേണ്ടി കോൺഗ്രസ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇറക്കി വെല്ലുവിളി തീർക്കുന്നുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും കോൺഗ്രസ് എന്ന വികാരം പ്രവർത്തകരിൽ ജ്വലിച്ചാൽ വിജയം സുനിശ്ചിതമാണ്. അത് നിലവിൽ ദൃശ്യവുമാണ്.
പി.സി വിഷ്ണുനാഥിന്റെ വാക്കുകളിലൂടെ...
ദീർഘനാളായി തെലങ്കാനയിൽ സജീവമാണല്ലോ; എന്താണ് തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ?
കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവിടെയുണ്ട്. കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. നിലവിൽ പാർട്ടിക്ക് അധികാരത്തിലെത്താൻ എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. 24നുശേഷം രാഹുൽ, പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ സംസ്ഥാനത്ത് സജീവമാകുന്നതോടെ വലിയ ഓളമുണ്ടാകും. കോൺഗ്രസ് ഭരണം പിടിക്കും.
സംഘടനാതലത്തിൽ ആ ഉണർവ് പ്രകടമാണോ? മുൻകാലങ്ങളിൽ കോൺഗ്രസിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്കിന് സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് തെലങ്കാന.
തീർച്ചയായും, വലിയ ഉണർവിനാണ് പാർട്ടി സാക്ഷ്യം വഹിക്കുന്നത്. താഴേത്തട്ട് മുതൽ അത് പ്രകടവുമാണ്. സംസ്ഥാനത്ത് ഒരു ഘട്ടത്തിൽ 150ഓളം പ്രധാന നേതാക്കന്മാർ കോൺഗ്രസ് വിട്ടിരുന്നു. ഇന്ന് അവരിൽ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന് മാത്രമല്ല, പുതിയ കരുത്തരായ നേതാക്കൾ ഉയർന്നുവരുകയും ചെയ്യുന്നു. വിജയശാന്തിയടക്കമുള്ളവർ കഴിഞ്ഞ ദിവസം പാർട്ടിയിൽ തിരിച്ചെത്തിയില്ലേ? ബി.ജെ.പിയിൽ പോയ കോമട്ട് റെഡ്ഡി, വെങ്കട്ട് റെഡ്ഡി അടക്കമുള്ളവർ നിലവിൽ കോൺഗ്രസിലുണ്ട്.
വൈകാരികമാണ് തെലങ്കാനയുടെ രാഷ്ട്രീയം. നോമിനേഷനിൽ വിമതരുമായി ചർച്ച നടത്തി അനുനയമുണ്ടാക്കുകയായിരുന്നു ഇവിടെ ശ്രമകരമായ ദൗത്യം. കെ.സി. വേണുഗോപാൽ അടക്കമുള്ളവർ ഇവിടെ തങ്ങി അനുനയ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. വലിയൊരു പങ്ക് ആളുകളെയും പിൻവലിപ്പിക്കാനായി.
സംസ്ഥാനത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ഒ.ബി.സി സമുദായങ്ങളെ അവഗണിക്കുന്നെന്ന് ഉവൈസിയുൾപ്പെടെ എതിരാളികൾ കോൺഗ്രസിനെതിരെ ആക്ഷേപമുയർത്തുന്നുണ്ട്
തെറ്റാണ്. വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. സാമൂഹിക സന്തുലനം ഉറപ്പുവരുത്തി എല്ലാ സമുദായത്തിനും പ്രാധാന്യം ഉറപ്പുവരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. ആരോപണമുന്നയിക്കുന്ന ബി.ആർ.എസിന്റെ സ്ഥാനാർഥിപ്പട്ടിക നോക്കൂ, താരതമ്യം ചെയ്താൽ ഒ.ബി.സി സമൂഹങ്ങളിൽനിന്ന് കൂടുതൽ സ്ഥാനാർഥികൾ കോൺഗ്രസിനുള്ളതായി കാണാം.
ഉവൈസി ബി.ജെ.പിക്ക് ഒത്താശ ചെയ്യുകയാണ്. നോക്കൂ, യു.പിയിലും മഹാരാഷ്ട്രയിലും ബിഹാറിലുമെല്ലാം വലിയ രീതിയിൽ സ്ഥാനാർഥികളെ ഇറക്കിയ ഉവൈസിയുടെ പാർട്ടി സ്വന്തം തട്ടകത്തിൽ മത്സരിക്കുന്നത് ഏതാനും സീറ്റുകളിലാണ്. അത് കോൺഗ്രസിന് ശക്തമായ സ്ഥാനാർഥികൾ ഉള്ളിടങ്ങളുമാണ്.
ജൂബിലി ഹിൽസിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ മത്സരിക്കുന്നിടത്ത് ഉവൈസിയുടെ പാർട്ടിക്ക് സ്ഥാനാർഥിയുണ്ട്. എന്നാൽ ബി.ജെ.പിയെ സംരക്ഷിക്കുന്ന രീതിയിൽ പല മണ്ഡലങ്ങളിലും ആ പാർട്ടിക്ക് സ്ഥാനാർഥിയില്ലെന്നും കാണാം. കോൺഗ്രസ് ഇതെല്ലാം കടന്ന് മുന്നോട്ടുപോകും.