Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതീരദേശ സുരക്ഷയും...

തീരദേശ സുരക്ഷയും ദുരന്തനിവാരണവും; പരിമിതികളും വെല്ലുവിളികളും

text_fields
bookmark_border
തീരദേശ സുരക്ഷയും ദുരന്തനിവാരണവും; പരിമിതികളും വെല്ലുവിളികളും
cancel

ജൂലൈ 31-ന് മുതലപ്പൊഴി, നീണ്ടകര, വിഴിഞ്ഞം മേഖലകളിലായി ഉണ്ടായ മൂന്ന് വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവങ്ങൾ സർക്കാർ സംവിധാനങ്ങളിലെ പോരായ്മകളെ വീണ്ടും വെളിവാക്കുന്നു. അവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നത് കാര്യക്ഷമമായ അടിയന്തര പ്രതികരണ സംവിധാനം കേരളത്തിൽ നിലവിലില്ല എന്നതിന്റെ കൂടി തെളിവാണ്.മാധ്യമശ്രദ്ധ ലഭിക്കുമ്പോഴോ, രാഷ്ട്രീയ വിഷയമാകുമ്പോഴോ മാത്രമേ ഇത്തരം സംഭവങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഊർജിതമാവുന്നുള്ളൂ.

തീരദേശത്തെ അപകട സാധ്യത വിലയിരുത്തി സായികൃഷ്ണൻ കെ., ആനന്ദ് കെ. വി., അഗിലൻ വി. എന്നിവർ 2024-ൽ നടത്തിയ പഠനപ്രകാരം തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങൾ അതീവ ദുർബലമേഖലകളാണ്. കേരള ഫിഷറീസ് മന്ത്രിയുടെ ഓഫീസ് 2026 ആഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015–2026 കാലയളവിൽ 469 മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും, 160 പേരെ കാണാതാവുകയും ചെയ്തു. ഇവയെ കേരള സർക്കാർ അപകട മരണ കേസുകളായി പരിഗണിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും, നിയമപരമായി മരണം സംഭവിച്ചതായി കണക്കാക്കണമെങ്കിൽ ഭാരതീയ സാക്ഷ്യ അധിനിയമം, 2023-ലെ വകുപ്പ് 111 പ്രകാരം ഏഴ് വർഷം പിന്നിട്ടിരിക്കണം.

2015–2026 കാലയളവിൽ 5072 രക്ഷാപ്രവർത്തനങ്ങളിലൂടെ 47,773 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതായി സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും, 2025–2026 കാലയളവിൽ മാത്രം 55 മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു. 143 മരണങ്ങൾ വിതച്ച ഓഖി ദുരന്തം പിന്നിട്ട് എട്ട് വർഷങ്ങൾക്കിപ്പുറവും തീരദേശത്തെ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ല.

മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ

ഓഖിക്ക് ശേഷം, കെ.എസ്.ഡി.എം.എ-യിൽ നിന്നുള്ള മുൻകൂർ മുന്നറിയിപ്പ് ജനങ്ങളിലെത്തിക്കുന്നതിനായി തീരദേശ പൊലീസ് മതസംഘടനകളുമായും ജാഗ്രതാ സമിതികളുമായും ഏകോപിച്ച് പ്രവർത്തിച്ചെങ്കിലും, മുന്നറിയിപ്പുകളുടെ കൃത്യത ചോദ്യചിഹ്നമായി തുടരുന്നു. മത്സ്യബന്ധനത്തിൽ നിന്ന് ലഭിക്കുന്ന ദിവസക്കൂലി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് നിർണായകമാണ് എന്നിരിക്കെ, കൃത്യതയില്ലാത്ത മുന്നറിയിപ്പുകൾ തൊഴിൽ നഷ്ടത്തിനും ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുന്നു.ഓഖിക്ക് ശേഷം ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായി മറൈൻ ആംബുലൻസുകൾ, മത്സ്യത്തൊഴിലാളികളെ തീരദേശ വാർഡൻമാരായി ഉൾപ്പെടുത്തി ശക്തിപ്പെടുത്തിയ തീരദേശ പൊലീസ് സംവിധാനങ്ങൾ എന്നിവ നിലവിൽ വന്നു.എങ്കിലും മറൈൻ ആംബുലൻസ് കടൽ പ്രക്ഷുബ്ധമാകുമ്പോൾ അമിതമായി ഉലയുന്നതിനാൽ അതിനുള്ളിലുള്ളവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുന്നതായി തീരദേശ പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രഥമശുശ്രൂഷാ സൗകര്യം ബോട്ടിലുണ്ടെങ്കിലും, അമിതമായ ഉലച്ചിൽ കാരണം ആംബുലൻസിലുള്ളവർക്ക് പോലും അസ്വസ്ഥത അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രഥമശുശ്രൂഷ ആര് നൽകും.

തിരച്ചിലിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും ആദ്യ പ്രതികരണ സംവിധാനമായി കണക്കാക്കപ്പെടുന്ന കോസ്റ്റൽ പൊലീസിനും ആവശ്യമായ ഇന്റർസെപ്റ്റർ ബോട്ടുകൾ, മതിയായ ഡോക്ക് സൗകര്യങ്ങൾ, മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ബാഗുകൾ, രക്ഷാപ്രവർത്തനത്തിനാവശ്യമായ മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ അപര്യാപ്തമാണ്. രക്ഷാദൗത്യങ്ങൾക്കായി കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ വാടകയ്ക്കെടുക്കേണ്ടിവരുന്ന സാഹചര്യം അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ പരിമിതിയാണ് വെളിവാക്കുന്നത്. നിലവിലുള്ള ബോട്ടുകളുടെ പരിപാലനം യഥാസമയം നടപ്പാക്കുകയും, പുതിയ പദ്ധതികളുടെ ആസൂത്രണത്തിൽ കോസ്റ്റൽ പൊലീസിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് നടത്തിയ ഏകോപിത രക്ഷാപ്രവർത്തനങ്ങൾ നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെങ്കിലും, ഈ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നയപരമായും ഭരണപരമായും ശക്തമായ ഇടപെടൽ അനിവാര്യമാണ്.

സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ ജി.പി.എസ് ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവ തകരാറിലാകുന്നു. സർക്കാർ നൽകുന്ന ജി.പി.എസ് ഉപകരണങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളും തമ്മിലുള്ള ഗുണനിലവാര വ്യത്യാസം കളിത്തോക്കും യഥാർഥ തോക്കും തമ്മിലുള്ളതുപോലെയാണെന്ന് ഒരു ജി.പി.എസ് മെക്കാനിക്ക് പറയുന്നു. ചെറുകിട മത്സ്യത്തൊഴിലാളികൾക്കിടയിൽ വയർലെസ്, ലൈഫ് ജാക്കറ്റുകൾ, ഡിസ്ട്രസ് അലർട്ട് ട്രാൻസ്മിറ്ററുകൾ മുതലായ സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗക്കുറവും കടലിലെ അപകടസാധ്യത വർധിപ്പിക്കുന്നു.

ദുരന്ത ലഘൂകരണ പരിശീലനങ്ങൾ

ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന വിവിധ പരിശീലന പരിപാടികളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം പരിമിതമാണ്. പരിശീലന പരിപാടികളെക്കുറിച്ചുള്ള അറിവില്ലായ്മ, ഫലപ്രാപ്തിക്കുറവ്, പരിശീലനത്തിൽ പങ്കെടുക്കുന്ന ദിവസത്തെ വരുമാന നഷ്ടം, മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്തത് തുടങ്ങിയ ഘടകങ്ങൾ ബോട്ട് ഉടമകളെയും ദിവസക്കൂലിക്കാരായ മത്സ്യത്തൊഴിലാളികളെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതായി കാണാം.

സർക്കാരിതര സംഘടനകളുമായി സഹകരിച്ച്, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തസാധ്യതാ ലഘൂകരണ പരിശീലന പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും, പരസ്പര ഏകോപനത്തിന്റെ അഭാവം ഇടപെടലുകളുടെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തുന്നു.

സാമൂഹിക മൂലധനവും സമൂഹ പങ്കാളിത്തവും

മത്സ്യത്തൊഴിലാളികളുടെ പലതരം ആവശ്യങ്ങളെ സർക്കാർ തലങ്ങളിലേക്ക് എത്തിക്കാൻ മത്സ്യത്തൊഴിലാളി സംഘടനകൾക്ക് കഴിയാത്തതും, കൂട്ടായ ആവശ്യങ്ങൾക്കുള്ള സാമൂഹിക മൂലധനം ഇപ്പോഴും മതസ്ഥാപനങ്ങളുടെ ഇടപെടലുകൾ മാത്രമായി ചുരുങ്ങുന്നതും ഈ മേഖലയിലെ പ്രശ്നങ്ങളെ ഒരു മുഖ്യധാരാ വിഷയമായി പരിഗണിക്കുന്നതിനും പരിഹരിക്കുന്നതിനും തടസ്സമാകുന്നു. എന്നാൽ, ദുരന്ത സാഹചര്യങ്ങളിൽ തീരദേശത്ത് വലിയ ഇടപെടലുകൾ നടത്താൻ ശക്തമായ ഒരു പൗരസമൂഹം കേരളത്തിൽ ഉണ്ടെന്നത് പ്രതീക്ഷ പകരുന്നു. തീരദേശ സമൂഹത്തിലെ സ്വയംസഹായ സംഘങ്ങളും പ്രാദേശികമായ സർക്കാരിതര സംഘടനകളും സമൂഹത്തിന് സാമ്പത്തികവും ഉപജീവനപരവുമായ പിന്തുണ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു മൂലധനമാണ്.

എന്നാൽ, മത്സ്യത്തൊഴിലാളികളുടെ ഒറ്റപ്പെട്ട തിരോധാനങ്ങളിലും മരണങ്ങളിലും വരെ കുടുംബാംഗങ്ങളും ബന്ധുക്കളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന സാഹചര്യങ്ങളും കേരളത്തിലുണ്ട്. ഇത്തരം പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാരിന്റെ ദുരന്തനിവാരണ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നത് എന്നത്, കൂടുതൽ സാമൂഹിക മൂലധനം ആവശ്യമാണ് എന്നതിനോടൊപ്പം തന്നെ ദുരന്തനിവാരണ സംവിധാനത്തിന്റെ പരാജയത്തെയും എടുത്തുകാട്ടുന്നു.

ദുരന്തത്തെ അതിജീവിക്കുക എന്നത് അപകടസമയത്തെ രക്ഷാപ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ദുരന്ത ശേഷം ഒരു കുടുംബം എത്ര വേഗം അതിജീവനപാതയിലേക്ക് എത്തും എന്നതിൽ ഭൂവുടമസ്ഥതയുടെയും മറ്റ് സാമ്പത്തിക സ്രോതസ്സുകളുടെയും പങ്ക് ഏറെ നിർണായകമാണ്. എന്നാൽ തീരദേശങ്ങളിൽ ഭൂമിയില്ലായ്മയും നിബന്ധനകൾക്ക് വിധേയമായ ഭൂമിയും നിരവധി കുടുംബങ്ങളുടെ യാഥാർഥ്യമാണ്. വർധിച്ചുവരുന്ന കടലേറ്റവും തീരശോഷണവും തീരദേശത്തെ വീടുകൾ നഷ്ടപ്പെടുന്നതിനും അതുവഴി ഭൂമി നഷ്ടപ്പെടുന്നതിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നതിനും ഇടയാക്കുന്നു. പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്ന 'പുനർഗേഹം' പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിലും, ഭൂമിയുടെ വിലയും നിർമാണച്ചെലവും കണക്കിലെടുക്കുമ്പോൾ ഈ തുക പല കുടുംബങ്ങൾക്കും പര്യാപ്തമല്ല.

വർധിച്ചുവരുന്ന കടബാധ്യതകളും അതിൽ സ്വകാര്യ പലിശക്കാരുടെ പങ്കും മറ്റൊരു ആശങ്കയാണ്. വായ്പ ലഭിക്കുന്നതിന് വിവിധ മാർഗ്ഗങ്ങൾ നിലവിലുണ്ടെങ്കിലും, എളുപ്പത്തിൽ വായ്പ ലഭ്യമാകുന്നതും സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കാനാകുന്നതും കണക്കിലെടുത്ത്, ഉയർന്ന പലിശനിരക്കിൽപ്പോലും സ്വകാര്യ പണമിടപാടുകാരിൽ നിന്ന് വായ്പ എടുക്കുന്നു. എന്നാൽ, ഇത്തരം വായ്പകളെ ആശ്രയിക്കുന്നത് പലപ്പോഴും ഇവരെ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നു. സാമ്പത്തിക സാക്ഷരതയും സുരക്ഷിതമായ വായ്പാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടത് ദുരന്തങ്ങളെ അതിജീവിക്കാൻ അത്യാവശ്യമാണ്.

മുന്നോട്ടുള്ള വഴികൾ

എഫ്.എ.ഒയുടെ 2015-ലെ സ്വമേധയാ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ചെറുകിട മത്സ്യത്തൊഴിലാളികളുടെ പരിശീലനം, ബോധവൽക്കരണം, തിരച്ചിൽ–രക്ഷാപ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനായി നിലവിലുള്ള സ്ഥാപനതല സംവിധാനങ്ങളെയും സമൂഹാധിഷ്ഠിത സംവിധാനങ്ങളെയും പ്രയോജനപ്പെടുത്തണം. കൂടാതെ, ചെറുകിട മത്സ്യബന്ധന വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങളും കടലിൽ അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അവരെ കണ്ടെത്തുന്നതിനുള്ള അടിയന്തര സംവിധാനങ്ങളും ലഭ്യമാക്കേണ്ടത് ഭരണകർത്താക്കളുടെ ഉത്തരവാദിത്തമാണെന്ന് മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ഇതിനു സമാനമായി 2020-ലെ ദേശീയ മത്സ്യബന്ധന നയവും മത്സ്യത്തൊഴിലാളികളുടെയും അവരുടെ വള്ളങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.

ദേശീയവും അന്തർദേശീയവുമായ നയങ്ങളും മാർഗനിർദ്ദേശങ്ങളും നിലവിലുണ്ടായിട്ടും അവയുടെ നടപ്പാക്കലിൽ വിടവുകൾ തുടരുന്ന സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന തരത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളുടെയും സർക്കാരിതര സംഘടനകളുടെയും സമൂഹത്തിന്റെയും ആത്മാർത്ഥവും ഏകോപിതവുമായ ഇടപെടലുകൾ അനിവാര്യമാണ്.

(തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disaster managementCoastal SecurityChallengesMadhyamam articleslimitations
News Summary - Coastal security and disaster management; limitations and challenges
Next Story