Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാറ്റ വിപ്ലവത്തിന്റെ...

പാറ്റ വിപ്ലവത്തിന്റെ പിതൃത്വം ആർക്കാണ്?

text_fields
bookmark_border
പാറ്റ വിപ്ലവത്തിന്റെ പിതൃത്വം ആർക്കാണ്?
cancel
camera_alt

ഡൽഹി ജന്തർ മന്തറിലെ യുവ പ്രക്ഷോഭകർ

കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പാർലമെന്റ് മാർച്ചിനെ പെല്ലറ്റും ടിയർ ഗ്യാസും ലാത്തിയും ആണിയടിച്ച പട്ടികയും അടക്കമുള്ള ആയുധങ്ങൾ കൊണ്ട് ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും സിവിൽ വേഷത്തിൽ വന്ന അജ്ഞാത അക്രമികളും ചേർന്ന് അതിക്രൂരമായി നേരിട്ട ജൂലൈ ഇരുപതിലെ സായാഹ്നം. ജന്തർ മന്തറിലെ പന്തലുകൾ പൊളിച്ചുമാറ്റി സമരക്കാരെയെല്ലാം അടിച്ചോടിച്ചതോടെ പ്രക്ഷോഭം ഏറെക്കുറെ അവസാനിച്ചുവെന്ന് ചാനലുകൾ വിധിയെഴുതിയ നേരം.

തൽസ്ഥിതി അറിയാൻ വൈകുന്നേരം അഞ്ചര മണിക്ക് ഒന്ന് പോയി നോക്കിയതാണ്. അഞ്ചാറു ലൗഡ് സ്പീക്കറുകൾ കെട്ടിയ ഒരു ലോറി കേരള ഹൗസിന് തൊട്ടുമുന്നിൽ നിർത്തിയിട്ടിരിക്കുന്നു. പൊലീസ് അടിച്ചോടിച്ചിടത്ത് നിന്ന് തിരികെ വന്ന അമ്പതോളം ജെൻ സി സമരക്കാർ ലോറിക്ക് ചുറ്റിലും ഉണ്ട്. ലോറിക്ക് മുകളിൽ കയറി നിൽക്കുകയാണ് അഭിജീത് ദിപ്കെയും സൗരവ് ദാസും അശുതോഷ് രങ്കയും സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിയും. സമര വേദിയും പന്തലുകളും പൊളിച്ചുമാറ്റി ബാരിക്കേഡുകൾ നിരത്തി ഡൽഹി പൊലീസ് പ്രവേശനം തടഞ്ഞതുകൊണ്ട് കേരള ഹൗസിന് മുന്നിൽ ഒത്തുകൂടിയതാണവർ. ആ നടുറോഡിൽ നിന്നാണ് രാജ്യം ഉറ്റുനോക്കുന്ന സമരത്തിന്റെ ഭാവി എന്താകണമെന്ന ഗൗരവമേറിയ ചർച്ചയും തീരുമാനവും ഉരുത്തിരിഞ്ഞത്.

സി.ജെ.പി നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ മൈക്കിലൂടെ പറയുന്നു, ചുറ്റിലും ഉള്ളവർ തങ്ങൾക്ക് പറയാനുള്ളത് തിരിച്ചും പറയുന്നുണ്ട്. സ്വന്തം നിലക്കൊരു തീരുമാനമെടുക്കില്ലെന്നും അഭിജീതും സൗരവും അശുതോഷും ചുറ്റിലുമുള്ളവരോട് ആണയിട്ടു. വിജയത്തിന്റെ വക്കിലെത്തി നിൽക്കുന്ന നമ്മൾ ഇപ്പോൾ തിരിച്ചുപോകരുതെന്നും ഇത്രയും പേർ ഇപ്പോൾ തന്റെ കൂടെ ഇവിടെ ഇരിക്കാൻ തയ്യാറാണെങ്കിൽ സമരം തുടരാമെന്നും ദിപ്കെ പറയുന്നു.

സൗരവും അശുതോഷും ഇതിനോട് യോജിക്കുന്നു. ഇവിടെ ഇരിക്കണമെന്നു തന്നെയാണ് തങ്ങളുടെ അഭിപ്രായം എന്നു പറയുന്ന അവർ എന്നാൽ ഇനിയങ്ങോട്ട് ചില മുൻകരുതലുകൾ വേണ്ടിവരുമെന്ന് നേതാക്കളെ ഓർമിപ്പിക്കുന്നു. പാർലമെന്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്ത നേതാക്കൾക്ക് അടി കിട്ടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ നൂറുകണക്കിന് പ്രവർത്തകർ പരിക്കേറ്റ് ആശുപത്രികളിലാണെന്നും ഒരാൾ വിളിച്ചു പറഞ്ഞപ്പോൾ ഒരുപക്ഷേ യു.എ.പി.എ ആയിരിക്കാം സമരം നയിക്കുന്ന തങ്ങളെ കാത്തിരിക്കുന്നതെന്ന് സൗരവ് മറുപടി നൽകുന്നു. തങ്ങൾ ബോധപൂർവം അണികളെ വഴിയിലിട്ട് പോയതല്ലെന്നും ചർച്ചക്കെന്നപേരിൽ വിളിപ്പിച്ച് അവിടെ കൊണ്ടുപോയി ഇരുത്തി വഞ്ചിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

രണ്ട് നേതാക്കളെ ചർച്ചക്കെന്ന പേരിൽ വിളിച്ചുവരുത്തി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ വീട്ടിൽ കൊണ്ടുപോയി ഇരുത്തിയാണ് ഈ അക്രമങ്ങൾ അത്രയും അഴിച്ചുവിട്ടത്. മേലിൽ ചർച്ചക്ക് വിളിക്കുമ്പോൾ ഈ അബദ്ധം സംഭവിക്കരുതെന്നും ജന്തർ മന്തറിൽ വന്ന് ചർച്ച നടത്തിയാൽ മതിയെന്നും യുവജനങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെ തന്നെയാകാം എന്ന ധാരണയിൽ പൊലീസ് വേട്ട തൃണവൽഗരിച്ച് സമരവുമായി മുന്നോട്ടുപോകാനായി അവരുടെ തീരുമാനം. ഇനിയങ്ങോട്ട് സർക്കാരുമായുള്ള ചർച്ച പോലും എങ്ങനെ വേണമെന്ന് നിശ്ചയിച്ചാണ് ആ കൂടിയ അറുപതോളം പേർ സമരം തുടരാൻ തീരുമാനിച്ചത്-ജെൻ സി സമരക്കാരുടെ ജനാധിപത്യ ബോധത്തിന്റെ മനോഹര കാഴ്ച.

ആ തീരുമാനം ശരിയായിരുന്നു

ജന്തർ മന്തറിൽ വീണ്ടും വന്നിരിക്കാനുള്ള ജനാധിപത്യപരമായെടുത്ത ആ തീരുമാനം ശരിയെന്ന് കേവലം ഒരു മണിക്കൂർ കൊണ്ട് തെളിഞ്ഞു. പൊലീസ് അടിച്ചോടിച്ചവരെല്ലാം പല വഴികളിലൂടെ തിരികെ ജന്തർ മന്തറിലെത്തി. പാറ്റ പൊടിയും കണക്കെ അമ്പത് പേർ ആയിരമായും ആയിരം പതിനായിരമായും വീണ്ടും സമരഭൂമി നിറയാൻ നേരമധികം വേണ്ടിവന്നില്ല. അടിച്ചോടിച്ച പാറ്റകൾ തിരികെ വന്നതോടെ വലിച്ചടച്ച ബാരിക്കേഡുകൾ ഒന്നാകെ തുറന്നുകൊടുക്കാൻ നിർബന്ധിതരായി പൊലീസ്. പൊളിച്ചു നീക്കിയ പന്തലുകളും പുനഃസ്ഥാപിക്കപ്പെട്ടു. സമരത്തിന് തുടക്കം മുതൽ പിന്തുണ നൽകിപ്പോന്ന ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളുടെയും പ്രവർത്തകരും നേതാക്കളും തിരിച്ചെത്തി. പൊലീസ് അതിക്രമം അവരുടെ നിശ്ചയദാർഢ്യമേറ്റുകയും പരസ്പരം അടുപ്പിക്കുകയും ചെയ്തതോടെ സമരഭൂമി പൂർവാധികം സജീവമായി.

സമരം പൊളിക്കാൻ പഴയ തന്ത്രം

ആറുവർഷം മുമ്പ് ഡൽഹി സാക്ഷ്യം വഹിച്ച പൗരത്വ സമരം പൊളിക്കാൻ ഉപയോഗിച്ച അതേ മോഡസ് ഓപ്പറാൻഡിയാണ് പാറ്റ സമരം നിർത്തിവെപ്പിക്കാനും പ്രയോഗിച്ച് നോക്കിയത്. കല്ലുമായി വന്ന ലോറി തൊട്ട് സിവിൽ വേഷത്തിൽ വന്ന അജ്ഞാത ആയുധധാരികൾ വരെ ഡൽഹിയിലെ തെരുവുകളിൽ നിന്ന് സമരക്കാരെ അടിച്ചോടിച്ച് കലാപത്തിലെത്തിച്ച് ഒടുവിൽ സമര നായകരെല്ലാം കലാപക്കുറ്റത്തിന് ജയിലിലടക്കപ്പെടുന്ന അതേ തിരക്കഥ.

പൗരത്വ സമരത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലികളായ വിദ്യാർഥി നേതാക്കൾ ഇന്നും തടവറകൾക്കുള്ളിലാണ്. അതേമട്ടിൽ ജന്തർ മന്തറിലെ വിദ്യാർഥി സമര നേതാക്കളെ കലാപ കേസുകളിൽ കുടുക്കാനുള്ള സാധ്യത സംബന്ധിച്ച് നിയമവിദഗ്ധനായ കപിൽ സിബൽ മുന്നറിയിപ്പും നൽകി. എന്നാൽ പൗരത്വ സമരത്തെ നേരിടാൻ ഉപയോഗിച്ച അതേ സങ്കേതങ്ങളുപയോഗിച്ച് പാറ്റകളുടെ സമരത്തെയും നേരിടാം എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് അഭിജീതും കൂട്ടരും പൊളിച്ചുകളഞ്ഞത്. സമരത്തെ നയിച്ച മുഖങ്ങൾ തന്നെയായിരുന്നു അതിനു കാരണം. സമൂഹമാധ്യമങ്ങളിൽ നിന്ന് ആദ്യമായി മണ്ണിലിറങ്ങി ഒരു സമരം നടത്തും മുമ്പ് അതിന് പിന്തുണ തേടി മറ്റു രാഷ്ട്രീയ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് അഭിജീത് കത്തെഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ സംഘടനകളെല്ലാം സമരത്തിൽ പങ്കാളികളായത്.

അതേസമയം സമരത്തിന്റെ നിയന്ത്രണം സി.ജെ.പിയിലെ മൂവർ സംഘത്തിന്റെ കയ്യിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പി ഒരിക്കലും പ്രതീക്ഷിക്കാത്ത ഉപരിമധ്യവർഗത്തിന്റെയും ഹിന്ദുത്വചിന്താഗതിക്കാരുടെയും പിന്തുണ പോലും സമരത്തിന് ലഭിച്ചത്. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് അരവിന്ദ് കെജ്രിവാൾ അണ്ണാ ഹസാരെയെ വിളിച്ചതുപോലെ മഹാരാഷ്ട്രക്കാരനായ ദലിത് പശ്ചാത്തലത്തിൽ നിന്നുള്ള അഭിജീത് തന്റെ സമരത്തിന് സ്വതന്ത്ര മുഖം നൽകാൻ പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുകിനെ കൂടെക്കൂട്ടി. താൻ മാത്രമേ നിരാഹാരം ഇരിക്കാവൂ എന്ന ഉപാധി വാങ്ചുക് വെച്ചിരുന്നെങ്കിലും നേഹ ബോറ, മനീഷ് കുമാർ, അമീൻ അമിതോജ് എന്നീ ഐസ നേതാക്കളും ഒപ്പം നിരാഹാരമനുഷ്ഠിച്ചു.

തങ്ങളുടേതൊരു രാഷ്ട്രീയപാർട്ടി അല്ലാത്തതിനാൽ ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുള്ളവരെയും കൂടെക്കൂട്ടാം എന്ന നിലപാടിലായിരുന്നു അഭിജീത്. സകലരെയും ഞെട്ടിച്ച് ബി.ജെ.പി നേതാക്കളുടെ മക്കൾ പോലും സമരത്തിന് പിന്തുണയുമായി എത്തി. പാറ്റകളുടെ സമരം ഇൻസ്റ്റാഗ്രാമിൽ വ്യാപിച്ചതോടെ സമൂഹമാധ്യമ പിന്തുണ വേണമെങ്കിൽ സമരത്തെ പിന്തുണയ്ക്കണം എന്ന സാഹചര്യം സെലിബ്രിറ്റികൾക്ക് പോലും വന്നു. സ്വന്തം വോട്ട് ബാങ്കിൽ സി.ജെ.പി നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പതറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റയിൽ വന്ന് സെൽഫി വീഡിയോ ഇട്ടു. മോദിക്ക് ഇളക്കം തട്ടിയതിന്റെ പ്രത്യക്ഷ ലക്ഷണമായിരുന്നു അത്.

പ്രധാനെ വീഴ്ത്തിയതാര്?

വാങ്ചുകിനെ നിരാഹാരത്തിൽ നിന്ന് പിൻവലിപ്പിച്ച് സമരത്തിന്റെ ഗരിമ കുറച്ചാൽ സമരക്കാർ പിന്നാക്കം പോകുമെന്നാണ് സർക്കാർ കൂട്ടിയത്. അതിനായി പാതിരായ്ക്ക് ആശുപത്രിയിൽ എത്തി നിരാഹാരം അവസാനിപ്പിച്ചു നോക്കി. എന്നാൽ അവിടെയും സർക്കാറിന് തെറ്റി. വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചാലും പ്രധാനിന്റെ രാജിയില്ലാതെ ജന്തർ മന്തർ വിട്ടുപോകില്ലെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. പാറ്റകളുടെ സമ്മർദ്ദത്തിന് ശക്തി പകരാൻ ഇടതുപക്ഷ പാർട്ടികൾ പിന്തുണച്ചിട്ടും അകന്നുനിന്നിരുന്ന കോൺഗ്രസും നിലപാട് മാറ്റി.

പാറ്റകളോട് കാണിച്ച അതിക്രമത്തിനെതിരെ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ കോൺഗ്രസ് എം.പിമാരെ കൂട്ടി പോയി രാഹുൽ സമരത്തിനിരുന്നു. പിറ്റേന്ന് പ്രതിപക്ഷ എം.പിമാർക്കൊപ്പം ഗാന്ധി സ്മൃതിയിലുമെത്തി. ശനിയാഴ്ച രാവിലെ ഇടതുപക്ഷ വിദ്യാർഥി നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തി ഒരു തള്ള് കൂടി രാഹുൽ തള്ളി. പിന്തുണ നൽകി കൂടെ കൂടിയവരും പിന്നീട് വന്നുചേർന്നവരും പാറ്റകൾക്കൊപ്പം ചേർന്ന് തള്ളിയ തള്ളിലാണ് ധർമേന്ദ്ര പ്രധാൻ വീണുപോയത്.

സമരം തുടങ്ങിയതും നയിച്ചതും മറ്റുള്ളവരെ കൂടെക്കൂട്ടിയതുമെല്ലാം പാറ്റകളായിരുന്നു. പിന്തുണയേറിയതോടെ സി.ജെ.പി നിലപാട് കടുപ്പിക്കുകയും പ്രധാന്റെ രാജി പ്രധാന ആവശ്യമായി അവർ ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാൽ സമരം വിജയിച്ചതോടെ പിതൃത്വത്തിനുള്ള മത്സരത്തിലാണ് എല്ലാവരും. തങ്ങളായിരുന്നു സമരത്തിന്റെ എല്ലാമെല്ലാം എന്ന് സ്ഥാപിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ വരെ ഇറങ്ങിയിരിക്കുകയാണ്.

അതേസമയം സമരത്തിന്റെ പിതൃത്വം കേന്ദ്ര സർക്കാർ പതിച്ചു നൽകിയിരിക്കുന്നത് ഇവർക്കാർക്കുമല്ല, മുസ്‍ലിംക്കാണെന്നതാണ് വിചിത്രം. ഒറ്റയും തെറ്റയുമായി സമരത്തിൽ വന്ന മുസ്‍ലിംകളെ തെരഞ്ഞെടുത്ത് സമരത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം അവർക്ക് മേൽ ചാർത്തി നൽകി മറ്റൊരു വിദ്വേഷ അജണ്ടക്ക് തുടക്കമിട്ടിരിക്കുകയാണ് സർക്കാർ. സീലംപൂർ, ജാഫറാബാദ്, നിസാമുദ്ദീൻ, ജാമിഅ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സമരത്തിന് എത്തിയ മുസ്‍ലിംകളുടെ വിവരങ്ങൾ ശേഖരിച്ച് കേസിൽപ്പെടുത്തി തടവറയിലേക്കയച്ച് പൗരത്വ സമരകാലത്ത് ചെയ്തതാവർത്തിക്കുകയാണ് സംഘ് പരിവാർ ഭരണകൂടം. സമരക്കാർക്ക് ഭക്ഷണം വിളമ്പിയതിന് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ജുനൈദ് രക്ഷ തേടി ഒടുവിൽ പരമോന്നത കോടതിയുടെ വാതിക്കൽ മുട്ടിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi ProtestCockroach Janta PartyCJP Protest
News Summary - cjp protest
Next Story