Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസി.ബി.ഐ ഇനി...

സി.ബി.ഐ ഇനി തേജസ്വിക്ക് പിന്നാലെ

text_fields
bookmark_border
Bihar Deputy Chief Minister Tejashwi Yadav
cancel
camera_alt

ലാലു ​പ്രസാദ് യാദവും തേജസ്വി യാദവും                                                  -ഫയൽ ചിത്രം

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഒരപേക്ഷ നൽകിയിരിക്കുന്നു ഡൽഹിയിലെ പ്രത്യേക കോടതി മുമ്പാകെ-ഇന്ത്യൻ റെയിൽവേസ് കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐ.ആർ.സി.ടി.സി) ബന്ധപ്പെട്ട ഒരു കേസിൽ നിലവിലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് നാലുവർഷം മുമ്പ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

ഒഡിഷയിലും ഝാർഖണ്ഡിലും ഐ.ആർ.സി.ടി.സി ഉടമസ്ഥതയിലുണ്ടായിരുന്ന ഓരോ ഹോട്ടൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രസിഡന്റ് ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ (2004-2009) സ്വകാര്യ നടത്തിപ്പുകാർക്ക് നിയമവിരുദ്ധമായി നൽകി എന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ലാലു, പത്നി റാബ്റി ദേവി എന്നിവർക്കൊപ്പം അവരുടെ പുത്രനായ തേജസ്വിക്കും കോടതി ജാമ്യം അനുവദിച്ചത്.

ഈ കേസിൽ 2017 ജൂലൈ ഏഴിന് ലാലുവിന്റെ പട്നയിലുള്ള വീട് സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു. അന്ന് ജനതാദൾ (യു), ആർ.ജെ.ഡി, കോൺഗ്രസ് എന്നിവർ ചേർന്ന മഹാസഖ്യത്തിന്റെ ബാനറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും തേജസ്വി ഉപമുഖ്യമന്ത്രിയുമായിരുന്നു. ഈ കേസിന്റെ പേരിലാണ് അഴിമതിവിരുദ്ധ പോരാളി എന്ന തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിൽ കണിശക്കാരനായ നിതീഷ് മഹാസഖ്യം വിട്ട് ബി.ജെ.പി പാളയത്തിലേക്ക് മടങ്ങിയത്.

കുറ്റപത്രം നൽകി ഒരുവർഷം കഴിഞ്ഞപ്പോൾ ആരോപിതർക്കെല്ലാം സി.ബി.ഐ ജാമ്യം അനുവദിച്ചു. പിന്നെ അഞ്ചുവർഷത്തേക്ക് ഈ കേസിനെ പറ്റി ഒരു സംസാരവും കേൾക്കാനുണ്ടായിരുന്നില്ല. ഇപ്പോഴിതാ നിതീഷ് ബി.ജെ.പി പാളയം പൊളിച്ച് പഴയ സഖ്യം പുനഃസ്ഥാപിച്ചതും കേസ് പൊന്തിവന്നിരിക്കുന്നു.

സി.ബി.ഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു, കേസന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെയാണ് ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ സി.ബി.ഐ തേജസ്വിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവ ബി.ജെ.പിയുടെ എക്സ്റ്റൻഷൻ ഓഫിസുകളാണ് എന്ന് തേജസ്വി ആരോപിക്കുന്ന വാർത്തസമ്മേളനത്തിന്റെ വിഡിയോയാണ് തെളിവായി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതി തേജസ്വിയുടെ മറുപടിതേടിയിട്ടുണ്ട്.

സി.ബി.ഐ നീണ്ട ഉറക്കത്തിലായിരുന്നു. നിതീഷ് തേജസ്വിയോടൊപ്പം ചേർന്നതോടെ ഉറക്കം നഷ്ടപ്പെട്ട അവർ തേജസ്വിയെ ഉന്നമിടുന്നത് ബി.ജെ.പിയുടെ ഇംഗിതം സംരക്ഷിക്കാനാണെന്ന് ആർ.ജെ.ഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി ആരോപിക്കുന്നു.

മഹാസഖ്യം പൊളിക്കാൻ ബി.ജെ.പി തേജസ്വിക്കെതിരെ സി.ബി.ഐയെ ഉപയോഗിച്ചു എന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും അഞ്ചു വർഷത്തിനിടെ തേജസ്വിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ അവർക്കായിട്ടില്ലെന്നും ജനതാദൾ (യു) ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജനും പറയുന്നു. ഇതേ നിലപാടുതന്നെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വരെ പ്രകടിപ്പിക്കുന്നത്.

ലാലു ജയിലിലായിരുന്ന 2020ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ തേജസ്വി നയിച്ചത് അസാമാന്യമായ ഒരു പോരാട്ടം തന്നെയായിരുന്നു. പ്രധാനമന്ത്രി മോദി സംസ്ഥാനത്തെ 42 വേദികളിൽ വന്ന് പ്രസംഗിക്കുകയും തേജസ്വിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുകയുമെല്ലാം ചെയ്തിട്ടും ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

നിതീഷ് പോയതോടെ 2024ൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എന്നത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന 'ഹിന്ദുരാഷ്ട്ര' ലക്ഷ്യത്തോട് ബിഹാറിന് വലിയ പ്രതിപത്തിയില്ലെന്നാണ് പറഞ്ഞുകേൾവി. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ചെയ്തതുപോലെ അതിപിന്നാക്ക വിഭാഗങ്ങളുടെയും (ഇ.ബി.സി) മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) വോട്ട് അടിത്തറ സ്വന്തമാക്കാൻ അവർക്കിവിടെ സാധിച്ചിട്ടുമില്ല.

അഴിമതിയാരോപണം വരുന്ന വഴി

മദ്യനയത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് റെയ്ഡ് ചെയ്തതിന്റെയും വഖഫ് ബോർഡ് നിയമനത്തിൽ ക്രമക്കേടാരോപിച്ച് ഓഖ്‍ല എം.എൽ.എ അമാനത്തുല്ലാ ഖാനെ ഡൽഹി പൊലീസിന്റെ അഴിമതിവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതിന്റെയും പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിപ്പാർട്ടിയെന്നാണ് അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയെ വിശേഷിപ്പിച്ചത്. നിതീഷ് മഹാസഖ്യത്തിൽ ചേർന്നതുമൂലമുള്ള തിരിച്ചടിക്കുള്ള പകപോക്കലാണ് സി.ബി.ഐ നടപടിയെന്ന് ആർ.ജെ.ഡി ആരോപിച്ചതുപോലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആപ്പ് ഉയർത്തുന്ന വെല്ലുവിളി തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.

ബിഹാറിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ബിനോദ് തവാരെക്കെതിരെ കടുത്ത അഴിമതിയാരോപണങ്ങളും ജനതാദൾ (യു) മുന്നോട്ടുവെക്കുന്നുണ്ട്. 2015ൽ മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്കൂളുകളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ ചങ്ങാതി മുതലാളിക്ക് 191 കോടിയുടെ കരാർ നൽകിയതുൾപ്പെടെ ഒട്ടേറെ സാമ്പത്തിക ആരോപണങ്ങളാണുള്ളത്.

എന്താണ് അവരുടെ പ്രശ്നം?

1989 നവംബർ ഒമ്പതിനാണ് തേജസ്വി യാദവ് ജനിച്ചത്. അതായത് ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയാകുമ്പോൾ ഇപ്പോഴത്തെ ബിഹാർ ഉപമുഖ്യമന്ത്രിക്ക് വെറും 14 ആണ് പ്രായം. ലാലു കേന്ദ്രമന്ത്രിയായിരിക്കെ ഉണ്ടായ ഒരു ആരോപണത്തെച്ചൊല്ലി അന്ന് പ്രായപൂർത്തിപോലുമായിട്ടില്ലാത്ത മകനെ പ്രതിചേർക്കുന്നത് മനസ്സിലാവുന്നില്ലെന്ന് ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ പറയുന്നു. അതിലേറെ അപഹാസ്യമായ കാര്യം 2009ൽ മന്ത്രിസ്ഥാനമൊഴിഞ്ഞ ലാലുവിനും പത്നിക്കും മകനുമെതിരെ എട്ടുവർഷം കഴിഞ്ഞ് സി.ബി.ഐ കേസെടുത്തതാണ്.

ലാലു മന്ത്രിയായിരിക്കെ ഐ.ആർ.സി.ടി.സിയുടെ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്ന് 2008-09 കാലത്ത് ചില ബി.ജെ.പി നേതാക്കൾ ആരോപണമുന്നയിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുകയും ആരോപണങ്ങൾ വ്യാജമെന്നുകണ്ട് 2011ൽ കേസ് അവസാനിപ്പിക്കുകയും ചെയ്തതാണ്. അതേ കേസ് 2017ൽ സി.ബി.ഐ വീണ്ടും ഏറ്റെടുത്തതെങ്ങനെ എന്നതുപോലും അവ്യക്തമാണ്.

ഈ കുറിപ്പുകാരനുമായി സംസാരിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം കൂടി പ്രസ്താവ്യമാണ്: ലാലു രണ്ട് ഐ.ആർ.സി.ടി.സി ഹോട്ടലുകൾ വിറ്റഴിച്ചതിലെ ഗുണഭോക്താക്കൾ എന്ന് കാണിച്ചാണ് ഭാര്യ റാബ്റിക്കും മകൻ തേജസ്വിക്കുമെതിരെ സി.ബി.ഐ കുറ്റപത്രം നൽകിയത്. അപ്പോൾ എന്തുകൊണ്ടാണ് മകൾ മിസാഭാരതി, മകൻ തേജ്പ്രതാപ് യാദവ്, കുടുംബത്തിലെ മറ്റംഗങ്ങൾ എന്നിവരെയൊക്കെ വിട്ടുകളഞ്ഞത്?ലാലുവിന്റെ രാഷ്ട്രീയപിൻഗാമി എന്നതാണോ തേജസ്വിയുടെ കുറ്റം?

(മുതിർന്ന മാധ്യമപ്രവർത്തകനും ഇൻവെർട്ടിസ് സർവകലാശാലയിൽ ജേണലിസം അധ്യാപകനുമാണ് ലേഖകൻ)
Show Full Article
TAGS:CBI Tejashwi Yadav central govt 
News Summary - CBI is after Bihar Deputy Chief Minister Tejashwi Yadav
Next Story