നീറ്റ് റദ്ദാക്കലാണ് ഒരേയൊരു പരിഹാരം
text_fieldsനീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം
സത്യത്തിൽ ചോദ്യപേപ്പർ ചോർന്നതല്ല, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്ന സംവിധാനം തന്നെയാണ് നിലവിലെ കുഴപ്പങ്ങൾക്ക് കാരണം.നീറ്റ് മാത്രമല്ല; സെൻട്രൽ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി), നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) തുടങ്ങിയ മിക്ക ദേശീയ പരീക്ഷകളും അഴിമതി വളർത്തുകയും, അസമത്വത്തെയും വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തെയും നിലവാരത്തർച്ചയെയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഈ വർഷം 20 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 50 ശതമാനത്തോളം പേർ യോഗ്യത നേടിയെങ്കിലും, ആറ് ശതമാനത്തോളം പേർക്ക് മാത്രമാണ് സബ്സിഡിയുള്ള-സാമ്പത്തിക ബാധ്യത കുറഞ്ഞ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുക. ഘടനാപരമായിത്തന്നെ തകരാറുകളുള്ള നീറ്റ്, വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തെ വൻതോതിൽ കച്ചവടവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. വൻതുക ചെലവഴിച്ച് സ്വകാര്യ കോച്ചിങ് സെന്ററുകളിൽ പഠിക്കാൻ ശേഷിയുള്ള നഗരങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് ഇത് വലിയ മുൻതൂക്കം നൽകി. അതിനൊപ്പം സർക്കാർ സ്കൂളുകളിലും സ്റ്റേറ്റ് ബോർഡുകളിലും പഠിക്കുന്ന ദുർബല വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ തഴയപ്പെടുന്നതിനും വഴിവെച്ചു. കോച്ചിങ് ഫാക്ടറികൾ ഈടാക്കുന്ന അമിത ഫീസ് താങ്ങാൻ കഴിയാത്ത നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ പാസാവുക എന്നത് സ്വപ്നം കാണാൻ പോലുമാവാത്ത സാഹചര്യമാണ്.
ഒരൊറ്റ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയെ മാത്രം ആശ്രയിച്ച് നടത്തുന്ന പ്രവേശന നടപടികളിലൂടെ, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെത്തന്നെയാണ് ഈ സംവിധാനം നിഷേധിക്കുന്നത്. കേന്ദ്രീകൃത പരീക്ഷാരീതികൾ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയ കോത്താരി കമീഷനും (1966), യശ്പാൽ കമീഷനും (1993) വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും സ്വയംഭരണാവകാശം ഉറപ്പാക്കണമെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും തിരഞ്ഞെടുപ്പ്, കോഴ്സുകളുടെയും ഗവേഷണ വിഷയങ്ങളുടെയും രൂപകൽപ്പന എന്നിവയിൽ ഈ സ്വയംഭരണം പാലിക്കപ്പെടണമെന്ന് കോത്താരി കമീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം സ്വയംഭരണ തത്ത്വങ്ങളെ നീറ്റ് അട്ടിമറിക്കുന്നു.
ഇത് ലളിതമായ ഒരു പ്രവേശന പരീക്ഷയല്ല; സഹസ്രകോടികൾ മറിയുന്ന വൻ വ്യവസായമായി മാറിയിരിക്കുന്നു. നീറ്റ് സൃഷ്ടിച്ച കടുത്ത മത്സരാന്തരീക്ഷം വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിലേക്ക് നയിക്കുകയും, വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എൻജിനീയറിങ് അല്ലെങ്കിൽ മെഡിക്കൽ ബിരുദം നേടുന്നത് ജീവിതവിജയത്തിലേക്കുള്ള വാതിലാണ് എന്നാണ് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുബോധം. എന്നാൽ, രാജ്യത്തെ തൊഴിൽ സാഹചര്യം അതീവ ദയനീയമാണ്. അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, 25 വയസ്സിന് താഴെയുള്ള യുവജനങ്ങളിൽ 40 ശതമാനവും തൊഴിൽരഹിതരാണ്. മെഡിക്കൽ, എൻജിനീയറിങ് ബിരുദധാരികൾക്ക് പോലും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന അവസ്ഥയാണിവിടെ.
ജൂലൈയിലെ പ്രക്ഷോഭ വേളയിൽ തമിഴ്നാട്ടിലെ വിദ്യാർഥികൾ ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രമാണ്: ‘‘നീറ്റ് റദ്ദാക്കുക’’. ആ പരീക്ഷാസംവിധാനം തന്നെ നീതിയുക്തമല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഈ ആവശ്യം ഉയർത്തിയത്. നീറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ റിട്ടയേർഡ് ഹൈകോടതി ജഡ്ജി എ.കെ. രാജന്റെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പൊതു പ്രവേശന പരീക്ഷകളുടെ രീതികളും പോരായ്മകളും, നീറ്റിന്റെ യോഗ്യതയും സാധുതയും, തമിഴ്നാട്ടിലെ അക്കാദമിക്, സാമൂഹിക-സാമ്പത്തിക സ്ഥിതിയിലും മറ്റ് ആരോഗ്യപരിപാലന സേവനങ്ങളിലും നീറ്റ് വരുത്തിയ ആഘാതങ്ങളും സമിതി പഠനവിധേയമാക്കി.
തപാൽ വഴിയും ഇ-മെയിൽ വഴിയുമായി സമിതിക്ക് ലഭിച്ച 86,342 അഭിപ്രായങ്ങളിൽ 65,007 എണ്ണവും നീറ്റിന് എതിരായിരുന്നു; 18,966 പേർ മാത്രമാണ് നീറ്റിനെ പിന്തുണച്ചത്. സമിതി സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 2010-11ൽ സ്റ്റേറ്റ് ബോർഡിൽ പഠിച്ച 2,332 വിദ്യാർഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചപ്പോൾ സി.ബി.എസ്.ഇ സിലബസ് പഠിച്ച 14 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. എന്നാൽ നീറ്റ് നടപ്പാക്കിയതോടെ ചിത്രം മാറി. 2020-21ൽ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 1,604 വിദ്യാർഥികൾ എം.ബി.ബി.എസ് പ്രവേശനം നേടി. ജാതിപരമായും വർഗപരമായും സമൂഹത്തിലെ താഴ്ന്ന തട്ടിൽ നിന്ന് വരുന്ന സ്റ്റേറ്റ് ബോർഡ് വിദ്യാർഥികൾ പുറന്തള്ളപ്പെട്ടു.
വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ നീറ്റ് ദുർബലപ്പെടുത്തുകയും, പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച് ധനികർക്കും വരേണ്യവർഗത്തിനും നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് സമിതി വിലയിരുത്തി. അതിനാൽ തമിഴ് മീഡിയം സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്കും സ്റ്റേറ്റ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും നീറ്റ് എതിരാണെന്ന് സമിതി നിഗമനത്തിലെത്തി.
നീറ്റ് തുടരുകയാണെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ തമിഴ്നാട്ടിലെ ആരോഗ്യപരിപാലന രംഗം തകരുകയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ സർക്കാർ ആശുപത്രികളിലോ നിയമിക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥയുണ്ടാകുമെന്നും സമിതി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. ആവശ്യമായ നിയമപരവും നിയമനിർമ്മാണപരവുമായ നടപടികളിലൂടെ എല്ലാ തലങ്ങളിലുമുള്ള മെഡിക്കൽ പ്രവേശനങ്ങളിൽ നിന്നും നീറ്റ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തിരുന്നു.
വിദ്യാഭ്യാസ മന്ത്രി രാജി വെച്ചതുകൊണ്ടോ വരുംവർഷങ്ങളിൽ ചോദ്യപേപ്പർ ചോർച്ച തടഞ്ഞതുകൊണ്ടോ, ഉന്നതതല സമിതിയെ നിയോഗിച്ചതുകൊണ്ടോ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കൊണ്ടുവന്നതുകൊണ്ടോ പരിഹരിക്കാവുന്നതല്ല നീറ്റ് വരുത്തിവെച്ച പരിക്കുകൾ. രാജ്യത്തെ വിദ്യാർഥികളുടെയും ആരോഗ്യപരിപാല രംഗത്തിന്റെയും നന്മ ആഗ്രഹിക്കുന്നവർ നീതിരഹിതവും അസമത്വം നിറഞ്ഞതും പക്ഷപാതപരവുമായ നീറ്റ് റദ്ദാക്കുന്നതിന് വേണ്ടി ശബ്ദമുയർത്തുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

