Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറപ്പാക്കാനാകുമോ കവുങ്ങുകൃഷിയുടെ ഭാവി?

text_fields
bookmark_border
ഉറപ്പാക്കാനാകുമോ കവുങ്ങുകൃഷിയുടെ ഭാവി?
cancel

പതിറ്റാണ്ടുകളായി മലബാറിലെ കർഷകകുടുംബങ്ങളുടെ വരുമാനത്തിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും കവുങ്ങുകൃഷിക്ക് നിർണായക സ്ഥാനമുണ്ട്. 2023-24ൽ സംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ച ഏകദേശം 1.04 ലക്ഷം ടൺ അടയ്ക്കയിൽ 82 ശതമാനത്തിലധികവും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായിരുന്നു. മഞ്ഞളിപ്പും മഹാളിയും വിളവിലെ അസ്ഥിരതയും ഉയർന്ന പരിപാലനച്ചെലവും തൊഴിലാളിക്ഷാമവുമെല്ലാം ഈ മേഖലകളിലെ കർഷകരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. എന്നാൽ, രോഗനിയന്ത്രണവും ഉൽപ്പാദനവർധനവും പുതിയ ഇനങ്ങളും കൊണ്ടുമാത്രം കവുങ്ങുകൃഷിയുടെ ഭാവി സുരക്ഷിതമാകുമോ?

രോഗം മാത്രമാണോ പ്രശ്‌നം?

കവുങ്ങിലെ മഞ്ഞളിപ്പും മഹാളിയും ഗവേഷണവിധേയമാക്കേണ്ടതുതന്നെയാണ്. എന്നാൽ, രോഗാണുവിനെ മാത്രം തേടിപ്പോയാൽ രോഗകാരണം കണ്ടെത്താമെന്നല്ലാതെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമാകില്ല. പതിറ്റാണ്ടുകളായി വിളവെടുക്കുന്ന തോട്ടങ്ങളിലെ മണ്ണിന്റെ ജൈവാംശത്തിനും ഫലഭൂയിഷ്ഠതയ്ക്കും എന്തു സംഭവിച്ചു? നീർവാർച്ചയും കവുങ്ങുകളുടെ പ്രായവും കാലാവസ്ഥാവ്യതിയാനങ്ങളും വിളവിനെ എങ്ങനെ ബാധിക്കുന്നു? ചെലവുചുരുക്കലിന്റെ ഭാഗമായി കർഷകർ പരിപാലനത്തിൽ വരുത്തുന്ന വിട്ടുവീഴ്ചകൾ എന്തെല്ലാമാണ്?

ഇത്തരം ഘടകങ്ങളെല്ലാം പരസ്പരബന്ധിതമാണ്. അതിനാൽ രോഗബാധയ്ക്കൊപ്പം മണ്ണിന്റെ ആരോഗ്യം, പോഷകനില, വിളവ്, പരിപാലനച്ചെലവ്, കർഷകരുടെ അറ്റവരുമാനം എന്നിവയെല്ലാം ഒന്നിച്ച് വിലയിരുത്തുന്ന ദീർഘകാല സമഗ്രപഠനങ്ങളാണ് പരമ്പരാഗത കവുങ്ങുമേഖലകളിൽ നടക്കേണ്ടത്.

വിളവിന്റെ കണക്കുമാത്രം പോരാ

ഒരു പുതിയ ഇനം നിലവിലുള്ളതിനേക്കാൾ എത്ര കിലോ അധികവിളവ് നൽകുന്നു എന്നതുമാത്രമാവരുത് വിലയിരുത്തലിന്റെ മാനദണ്ഡം. ആ അധികവിളവ് നേടാൻ എത്ര തൊഴിലും ചെലവും വേണ്ടിവന്നു എന്നതും പരിശോധിക്കണം.

2023-24ലെ കണക്കനുസരിച്ച് കേരളത്തിൽ കവുങ്ങുകൃഷിയുടെ ശരാശരി പ്രവർത്തനച്ചെലവ് ഹെക്ടറിന് ഏകദേശം 1.51 ലക്ഷം രൂപയാണ്. ഇതിൽ പണിക്കൂലിമാത്രം 86,000 രൂപയിലധികം വരും. കണ്ണൂരിലും കാസർകോട്ടും ഈ ചെലവ് യഥാക്രമം 2.18 ലക്ഷവും 2.23 ലക്ഷവുമാണ്.

ഇത്രയും ചെലവേറിയ കൃഷിയിൽ വിളവിന്റെ അളവുമാത്രം വിജയത്തിന്റെ അളവുകോലാകരുത്. നാളത്തെ മികച്ച കവുങ്ങ് ഏറ്റവും കൂടുതൽ അടയ്ക്ക തരുന്ന ഒന്നാകണമെന്നില്ല; മറിച്ച്, കുറഞ്ഞ ചെലവിൽ കർഷകർക്ക് ഏറ്റവും സ്ഥിരതയുള്ള അറ്റവരുമാനം ഉറപ്പാക്കുന്ന ഒന്നായിരിക്കണം. ഇടവിളകളുടെ സംഭാവനയും തൊഴിൽ ആവശ്യകതയും വരുമാനത്തിലെ അനിശ്ചിതത്വവും ചേർത്തുവെച്ചുള്ള ഒരു പൂർണ കൃഷിമാതൃകയാണ് ഇവിടെ രൂപപ്പെടേണ്ടത്.

ഇന്ന് വിലയുണ്ട്; ഇരുപത് വർഷത്തിനുശേഷമോ?

രാജ്യത്ത് കവുങ്ങുകൃഷിയുടെ വിസ്തൃതി വലിയതോതിൽ കൂടുകയാണ്. കേന്ദ്ര സുഗന്ധവിള വികസന ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, 2024-25ലെ 10.40 ലക്ഷം ഹെക്ടറിൽനിന്ന് 2025-26 ആകുമ്പോഴേക്കും ഇത് 11.06 ലക്ഷം ഹെക്ടറായി വികസിക്കും. സമീപകാലത്തെ ഉയർന്ന വിപണിവിലയാണ് ഈ വ്യാപനത്തിന് പ്രധാന കാരണം. വില കൂടുമ്പോൾ കൃഷി വ്യാപിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, കവുങ്ങ് ഒരു ഹ്രസ്വകാല വിളയല്ല; ഇന്ന് നിക്ഷേപം നടത്തുന്ന കർഷകർ പതിറ്റാണ്ടുകളോളം ആ തോട്ടത്തിൽനിന്ന് ഉപജീവനം പ്രതീക്ഷിക്കുന്നുണ്ട്. ഉൽപ്പാദനം ക്രമാതീതമായി കൂടുമ്പോൾ ഭാവിയിൽ വിപണിക്ക് ഇത് ഉൾക്കൊള്ളാനാകുമോ? അന്നും ഇതേ ആവശ്യകതയും വിലസ്ഥിരതയും നിലനിൽക്കുമോ?

ഉൽപ്പാദനക്കണക്കുകൾക്കപ്പുറം അടയ്ക്കയുടെ വിപണന-മൂല്യശൃംഖലയെക്കുറിച്ചും കൃത്യമായ ധാരണ വേണം. ഉൽപ്പാദിപ്പിക്കുന്ന അടയ്ക്ക ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്? ഓരോന്നിന്റെയും വിപണിവിഹിതം എത്ര? അന്തിമ ഉപഭോക്താവിലെത്തുന്നതുവരെയുള്ള മൂല്യവർധനവിൽ കർഷകർക്ക് എത്രമാത്രം വിഹിതം ലഭിക്കുന്നുണ്ട്? ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമുണ്ടായാൽ മാത്രമേ കർഷകർക്ക് ഭാവിയെക്കുറിച്ച് ആത്മവിശ്വാസം ലഭിക്കൂ.

ആരോഗ്യപ്രശ്നം അവഗണിക്കാനാവില്ല

അടയ്ക്ക ചവയ്ക്കുന്നത് വായിലെ അർബുദത്തിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടയ്ക്കയെ മനുഷ്യരിൽ അർബുദമുണ്ടാക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പൊതുജനാരോഗ്യ ആശങ്കയെ ഒരു കാരണവശാലും അവഗണിക്കാനാവില്ല. ആരോഗ്യസംരക്ഷണവും കർഷകരുടെ ഉപജീവനവും പരസ്പരവിരുദ്ധമാകേണ്ടതില്ല; രണ്ടിനും നിലനിൽക്കാവുന്ന വഴികളാണ് കണ്ടെത്തേണ്ടത്. ഇതിനായി ആരോഗ്യപരമായി സുരക്ഷിതവും വാണിജ്യപരമായി ലാഭകരവുമായ ബദൽ വ്യാവസായിക ഉപയോഗങ്ങൾ വികസിപ്പിക്കണം.

ലബോറട്ടറി പരീക്ഷണങ്ങൾക്കപ്പുറം വലിയ തോതിൽ അടയ്ക്ക അസംസ്കൃതവസ്തുവായി ഉപയോഗിക്കാൻ കഴിയുമോ, വിപണിസാധ്യതയും ഉൽപ്പാദനക്ഷമതയും ഉണ്ടോ, കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാൻ കഴിയുമോ എന്നിവ തെളിയിക്കപ്പെടണം. ഇത്തരമൊരു വ്യവസായമാതൃക സൃഷ്ടിക്കുകയെന്നതാണ് ശാസ്ത്രരംഗത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി.

അടയ്ക്കയ്ക്കപ്പുറമുള്ള സാധ്യതകൾ

കവുങ്ങിന്റെ മൂല്യം അടയ്ക്കയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതില്ല. പാളയിൽനിന്നുള്ള ബയോപ്ലേറ്റുകൾ ഇതിനകം പ്രചാരത്തിലുണ്ട്. തൊണ്ട്, നാര് തുടങ്ങിയവ ഉപയോഗിച്ചുള്ള മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളും പരിശോധിക്കാവുന്നതാണ്. എന്നാൽ, ഉപോൽപ്പന്നങ്ങൾ വിപണിയിൽ മത്സരക്ഷമമാണോ എന്നും കർഷകർക്ക് യഥാർഥത്തിൽ അധികവരുമാനം നൽകുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം.

ഇതുകൊണ്ടുതന്നെ, ഇനവികസന ഗവേഷണത്തിന്റെ മുൻഗണനകളിലും മാറ്റം വരണം. ഉയർന്ന വിളവ്, രോഗപ്രതിരോധശേഷി, കുറഞ്ഞ ഉയരം എന്നിവയ്ക്കൊപ്പം ഉപയോഗയോഗ്യമായ പാളയുടെ ഗുണവും അളവും, നാരിന്റെ വ്യാവസായിക സവിശേഷതകളും പുതിയ ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാനദണ്ഡമാക്കണം. ഒരൊറ്റ ഉൽപ്പന്നത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം, ഒന്നിലധികം വരുമാനസാധ്യതകൾ തുറന്നുനൽകുന്ന കൃഷിരീതിയായി കവുങ്ങുകൃഷി പരിണമിക്കണം.

കേരളത്തിലെ പരമ്പരാഗത തോട്ടങ്ങളുടെ പ്രധാന പ്രതിസന്ധി പ്രായമേറിയ മരങ്ങളാണ്. എന്നാൽ, അവ ഒറ്റയടിക്ക് വെട്ടിമാറ്റി പുതിയവ നടുന്നത് ഭൂരിഭാഗം കർഷകർക്കും സാമ്പത്തികമായി താങ്ങാനാകില്ല; പുതിയവ കായ്ക്കുന്നതുവരെ കുടുംബത്തിന്റെ വരുമാനം നിലയ്ക്കും. അതുകൊണ്ട്, ഘട്ടംഘട്ടമായ പുനർനടീൽ, മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കൽ, രോഗനിയന്ത്രണം, അധ്വാനം കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ, കുരുമുളക് ഉൾപ്പെടെയുള്ള ആദായകരമായ ഇടവിളകൾ എന്നിവ സംയോജിപ്പിച്ച പുനരുജ്ജീവന പാക്കേജുകൾ രൂപപ്പെടുത്തണം. ഈ പരിവർത്തന കാലയളവിൽ കർഷകരുടെ വരുമാനം സംരക്ഷിക്കാനുള്ള സാമ്പത്തിക-നയ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

പുതിയ വെല്ലുവിളികൾ; കൂട്ടായ നയസമീപനം

പതിറ്റാണ്ടുകൾ നീളുന്ന ഒരു കൃഷിയെ സംബന്ധിച്ച് കർഷകരുടെ ആശങ്കകൾ സ്വാഭാവികമാണ്. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാർഷിക സർവകലാശാലകളിൽനിന്നു മാത്രമായി ലഭിക്കില്ല. കൃഷി, വിപണനം, ആരോഗ്യം, വ്യവസായം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകൾ പരസ്പരം കൈകോർക്കുന്ന ഒരു സമഗ്ര നയമാണ് ആവശ്യം. കൂടുതൽ അടയ്ക്ക ഉൽപ്പാദിപ്പിക്കാൻ വഴിയൊരുക്കുന്നതിൽ മാത്രമല്ല ഗവേഷണത്തിന്റെ വിജയം; മറിച്ച്, തങ്ങൾ നട്ടുവളർത്തുന്ന കവുങ്ങിന് വരുംതലമുറയിലും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നിലനിൽപ്പുണ്ടാകുമെന്ന് കർഷകർക്ക് ഉറപ്പുനൽകാൻ കഴിയുന്നിടത്താണ്.

(കാർഷിക സർവകലാശാല റിട്ട. പ്രഫസറാണ് ലേഖകൻ)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Can the future of zucchini farming be ensured
Next Story