നിലക്കാത്ത പോസിറ്റിവ് എനർജി
text_fieldsസി.ആർ. ഓമനക്കുട്ടൻ
മലയാളം ഇക്കാലത്ത് ആവശ്യപ്പെടുന്ന എഴുത്തുകാരനായിരുന്നു സി.ആർ. ഓമനക്കുട്ടൻ. 1976 മുതലുള്ള ആത്മബന്ധമാണ്. എറണാകുളത്തെത്തി ആദ്യം പരിചയപ്പെട്ടവരിൽ ഒരാളായ അദ്ദേഹവുമായി വൈകാരിക അടുപ്പമുണ്ടായിരുന്നു. എല്ലാം ദിവസവുമെന്ന പോലെ മഹാരാജാസ് ഹോസ്റ്റൽ പരിസരത്ത് ഒത്തുകൂടാറുണ്ടായിരുന്നു. വളരയേറെ പോസിറ്റിവ് എനർജി കൈമാറുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. അതിനെ തമാശ എന്ന് പറഞ്ഞാൽ പൂർത്തിയാകില്ല. എവിടെയും ഞങ്ങൾക്ക് ചിരിക്കാനുള്ള വക അദ്ദേഹം തരും. ഏത് കാര്യത്തെക്കുറിച്ചും പോസിറ്റിവായാണ് സംസാരിക്കുക. ചിരിക്കുക, ചിരിക്കുക, ചിരിക്കുക എന്നതായിരുന്നു രീതി.
എഴുതുന്നത് ആളുകളിലേക്ക് എങ്ങനെ എത്തുന്നുവെന്നതും അതിനോട് വായനക്കാർ എങ്ങനെ പ്രതികരിക്കുന്നുവെന്നതും പ്രധാനമാണ്. ആളുകളെക്കൊണ്ട് വായിപ്പിക്കാനും അവരിൽനിന്ന് പ്രതികരണം ലഭ്യമാക്കാനും കഴിയുംവിധമുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്ത്. അത് അങ്ങേയറ്റം പോസിറ്റിവായ പ്രതികരണമായിരിക്കുകയും ചെയ്യും. ആശയപരമായി എല്ലാവരിലേക്കും എത്തിക്കാനാകുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രചന.