തെരഞ്ഞെടുപ്പ്​കാലത്തെ ബജറ്റ്​ മാജിക്​

വിഷ്​ണു.ജെ
13:33 PM
30/01/2019

തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയ്​ക്ക്​ ഒരു പ്രത്യേകതയുണ്ട്​. അത്​ തെരഞ്ഞെടുപ്പ്​ കഴിയുന്നതോടെ തട്ടിൻപുറത്താകും എന്നതാണ്​. ഏതാണ്ട്​ പ്രകടനപത്രിക പോലെയാണ്​ തെരഞ്ഞെടുപ്പ്​ മൂക്കിന്റെ തുമ്പത്തുനിൽക്കുമ്പോഴുള്ള ബജറ്റ്​ അവതരണവും. സമ്പൂർണ ബജറ്റ്​ ഇനി വരാനിരിക്കുന്ന സർക്കാറി​​​​​ന്റെ ബാധ്യതയാണ്​. തങ്ങൾ തന്നെ അധികാരത്തിൽ വന്നാലും ആ ഹ്രസ്വകാല ബജറ്റിൽ പറഞ്ഞതൊക്കെ അട്ടത്ത്​ വെച്ച്​ പുതിയ ബജറ്റി​​​​ന്റെ പണി ​ നോക്കാം. ഇനി എതിർകക്ഷികളാണ്​ വരുന്നതെങ്കിൽ അവരായി അവരുടെ പാടായി. 

2019 ഏപ്രിലിൽ മിക്കവാറും ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കും. അപ്പോൾ തെരഞ്ഞെടുപ്പിനെ സഹായിക്കുന്ന ജനപ്രിയ ബജറ്റ്​ അവതരിപ്പിച്ചാൽ ഒരു വെടിക്ക്​ രണ്ട്​ എന്ന കണക്കുമാവും. ധനകാര്യമന്ത്രി അരുൺ ജെയ്​റ്റിലിയുടെ അസാന്നിധ്യത്തിൽ പീയുഷ്​ ഗോയൽ തുറക്കുന്ന ബജറ്റ്​ പെട്ടിയിൽ തെരഞ്ഞെടുപ്പിനെ മയക്കാൻ പോന്ന മാന്ത്രിക നമ്പറുകൾ എമ്പാടുമുണ്ടാകുമെന്നാണ്​ പൊതുവെ വിലയിരുത്തൽ. വോട്ട്​ ലക്ഷ്യമാക്കിയ വൻ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്നുറപ്പാണ്​​. 

thomas-issac

 

പ്രതിസന്ധിയിൽ ഗതികെട്ട്​ ഒടുവിൽ പ്രതിഷേധ ജ്വാലയിൽ രാജ്യ തലസ്​ഥാനം സ്​തംഭിപ്പിച്ച കർഷകരെ ഒപ്പം കൂട്ടാൻ പോന്ന പൊടിക്കൈകളാവും ബജറ്റിൽ ഏറെയും. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാങ്കിങ്​ മേഖലയെ പിടിച്ചുകയറ്റാനും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ഒപ്പം, ബി.ജെ.പിയിൽ നിന്ന്​ അകലുന്ന മധ്യവർഗത്തെയും കർഷകരെയും പിടിച്ചുനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ധനകാര്യ വകുപ്പി​​​​​​​െൻറ ചുമതല കൈയാളുന്ന ഗോയലിനുണ്ടാകും.

എന്നാൽ, കേരളത്തിൽ സ്ഥിതി വ്യതസ്തമാണ്. തെര​ഞ്ഞെടുപ്പിനെക്കാൾ,  പ്രളയം തകർത്തെറിഞ്ഞ ഒരു നാടിനെ പുനർനിർമിക്കുക എന്ന വലിയ ദൗത്യമാണ്​ ധനമന്ത്രി ടി. എം തോമസ്​ ​ ഐസകിന്​ മുന്നിലുള്ളത്​. പ്രളയാനന്തര കേരള പുനർനിർമാണത്തിൽ എൽ.ഡി.എഫ്​ സർക്കാർ പരാജയപ്പെട്ടുവെന്ന്​ ഇപ്പോൾ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്​. ഈയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഇത്തരം വാദങ്ങളുടെയെല്ലാം മുനയൊടിച്ച്​ ക്ലീൻ ഇമേജ്​ സൃഷ്​ടിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക. ഇതിനൊപ്പം കഴിഞ്ഞ വർഷം കിഫ്​ബി വഴി പ്രഖ്യാപിച്ച പദ്ധതികളുടെയെല്ലാം പ്രവർത്തന പുരോഗതി റിപ്പോർട്ടും ജനങ്ങൾക്ക്​ മുന്നിൽവെക്കേണ്ടി വരും. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തെ കരകയറ്റാൻ തോമസ്​ ​ ഐസക്​ എന്ത്​ മാജിക്കാണ്​ കരുതിവെച്ചിരിക്കുന്നതെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Piyush-Goel-53

ഗോയലി​​​​​ന്റെ തലവേദനകൾ 

തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ തന്നെയാവും പിയൂഷ്​ ഗോയലി​​​​​ന്റെ ബജറ്റിൽ ഇടംപിടിക്കുക. ബി.ജെ.പി സർക്കാറിന്റെ എക്കാലത്തെയും വോട്ട്​ ബാങ്കായ മധ്യവർഗത്തെ പ്രീതിപ്പെടുത്തേണ്ട ബാധ്യതുണ്ട്​ പീയുഷ്​ ഗോയലിന്​. അതുകൊണ്ടു തന്നെ ഏറെ നാളായി പറഞ്ഞു​ കേൾക്കുന്ന, 
ആദായ നികുതി പരിധി ഉയർത്താനുള്ള സാധ്യതകൾ ഏറെയാണ്​. പരിധി ഉയർത്തിയാൽ മധ്യവർഗ കുടുംബങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്ന്​ കേന്ദ്രസർക്കാർ കണക്ക്​ കൂട്ടുന്നു.

 രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് കാർഷിക മേഖലയിലെ പ്രശ്​നങ്ങൾ​. കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷം കാർഷിക മേഖലയിലെ പ്രശ്​നം ഉയർത്തികൊണ്ടു വരുന്നുണ്ട്​. ഈയൊരു സാഹചര്യത്തിൽ കാർഷിക മേഖലക്കായി പ്രത്യേക പാക്കേജോ വായ്​പകൾ എഴുതി തള്ളുന്നതിനുള്ള പദ്ധതിയോ പ്രഖ്യാപിച്ചേക്കാനാണ്​ സാധ്യത.

Kerala flood

 സാർവത്രികമായി മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റിലുണ്ടാവും. കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമെന്ന്​ രാഹുൽ ഗാന്ധി നിരന്തരം ആവർത്തിക്കുന്നുണ്ട്​. ഇതിന്റെ മുനയൊടിക്കാൻ ബജറ്റിൽ എന്തെങ്കിലും ചെയ്​തേ മതിയാകൂ. പ്രതിപക്ഷ ഈ പ്രചരണത്തിന്​ ബജറ്റിലൂടെ മറുപടി നൽകാനാകും പിയൂഷ്​ ഗോയലി​​​​​ന്റെ ശ്രമം. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള നീക്കങ്ങളും ഇക്കുറി ബജറ്റിലുണ്ടാവും.  പ്രതിസന്ധിയിലായ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിസന്ധി നീക്കാനുമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നാണ്​ സൂചന.

പുനർനിർമാണത്തി​​​​​ന്റെ ബജറ്റ്​ പ്രത്യാശകൾ 

പ്രളയാനന്തര പുനർനിർമാണത്തിന്​ ഊന്നൽ കൊടുക്കുന്ന പദ്ധതികളാവും ഇക്കുറി കേരള ബജറ്റിൽ ഉണ്ടാവുക. പുനർനിർമാണത്തിന്​ പണം കണ്ടെത്താനായി അധിക സെസ്​ പിരിക്കാൻ ജി.എസ്​.ടി കൗൺസിൽ കേരളത്തിന്​ അനുമതി നൽകിയിട്ടുണ്ട്​. ഉൽപന്നങ്ങൾക്ക്​ മേൽ ഒരു ശതമാനം സെസ്​ പിരിക്കാനാവും സാധ്യത. സാധാരണയായി നികുതിക്ക്​ മുകളിൽ സെസ്​ പിരിക്കുന്ന രീതിയാണ്​ പൊതുവിൽ കണ്ടു വരാറ്​. ഇതിൽ നിന്നും വ്യത്യസ്​തമായി സെസ്​ പിരിക്കുന്നതോടെ അത്​ ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന്​ കാരണമാവും. അതിനാൽ തന്നെ നിത്യോപയോഗ സാധനങ്ങളെ ഒഴിവാക്കി റ​ഫ്രിജറേറ്റർ, എയർ കണ്ടീഷണർ, സിഗരറ്റ്​, കാറുകൾ തുടങ്ങിയ ആഡംബര ഉൽപന്നങ്ങൾക്ക്​ അധിക സെസ്​ ചുമത്താനാണ്​ സാധ്യത.

ജി.എസ്​.ടിയിൽ 28, 18 ശതമാനം നികുതി നിരക്കുകളിൽ വരുന്ന ചില ഉൽപന്നങ്ങൾക്ക്​ സർക്കാർ അധിക സെസ്​ ചുമത്തും. അധിക സെസ്​ സാമ്പത്തിക രംഗത്ത്​ എന്ത്​ പ്രതികരണമുണ്ടാക്കുമെന്നതും ​പരിഗണിക്കേണ്ടി വരും. ഉൽപന്നങ്ങൾക്ക്​ മേലുള്ള അധിക സെസ്​ കേരളത്തിൽ മാത്രമാവും ഉണ്ടാവുക. ഇത്​മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ ഉൽപന്നങ്ങൾ വില കുറച്ച്​ വാങ്ങുന്ന പ്രവണത മടങ്ങി വരുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്​. ഇത്​ കൂടി പരിഗണിച്ചാവും അധിക സെസിൽ അന്തിമ തീരുമാനമെടുക്കുക. കരുതലോടെ മാത്രമേ തോമസ്​ ​ ഐസകിന്​ ഇക്കാര്യത്തിൽ മുന്നോട്ട്​ പോവാൻ സാധിക്കുകയുള്ളു.

kifbi-23

നികുതി പിരിവും കിഫ്​ബിയും

ജി.എസ്​.ടി നടപ്പിലായതിന്​ ശേഷം നികുതി പിരിവിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തത്​ കേരള സമ്പദ്​വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്​. ജി.എസ്​.ടി പിരിവിൽ 30 ശതമാനമെങ്കിലും വളർച്ചാ നിരക്ക്​ കൈവരിക്കാനാണ്​ കേരളം ലക്ഷ്യമിടുന്നത്​. എന്നാൽ പരമാവധി 13 ശതമാനം വരെ വളർച്ച നിരക്കിൽ​ എത്തിക്കാനെ കേരളത്തിന്​ സാധിച്ചിട്ടുള്ളു. ഇത്​ മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ്​ സൂചന. റവന്യു വരുമാനത്തിലും കേരളത്തിൽ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. ഇതു കൂടി മുന്നിൽ കണ്ട്​ മാത്രമേ ബജറ്റ്​ അവതരണം സാധ്യമാകു.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി ഇക്കുറിയും കിഫ്​ബി തന്നെയാവും ​ ഐസക്കിന്​ മുന്നിലുള്ള പോംവഴി. കിഫ്​ബിയിലുടെ പണം കണ്ടെത്തി നടപ്പാക്കുന്ന പദ്ധതികൾ ഇക്കുറിയും ബജറ്റിൽ ഇടംപിടിക്കും. കിഫ്​ബിയുടെ പ്രോഗ്രസ്​ റിപ്പോർട്ട്​ ബജറ്റിൽ സർക്കാറിന്​ അവതരിപ്പിക്കേണ്ടി വരും. കിഫ്​ബി പൂർണ പരാജയമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും തോമസ്​ ​ ഐസക്കിൽ നിന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​.

agriculture-sector-26
 

പ്രതീക്ഷയോടെ കാർഷിക-അടിസ്ഥാന സൗകര്യമേഖല
പ്രളയത്തിൽ തകർന്ന കാർഷിക, അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിന്​ ബജറ്റിൽ നല്ല പ്രാധാന്യം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യ​ങ്ങളുടെ പുനർ നിർമാണത്തിനായി പ്രത്യേക ഫണ്ട്​ അനുവദിക്കും​. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്​ നൽകുന്ന തുക ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​. ഗ്രാമീണ മേഖലയിലെ തൊഴിൽ ഉറപ്പാക്കാനായുള്ള പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിലുണ്ടാകും. ​പ്രളയത്തി​​​​​ന്റെ പശ്​ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്​ കൂടുതൽ പണം ലഭിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തുന്നുണ്ട്​.

Loading...
COMMENTS