Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹാദിയ എന്ന ആൺകുട്ടിയും...

ഹാദിയ എന്ന ആൺകുട്ടിയും കാവിക്കോമരങ്ങളും

text_fields
bookmark_border
ഹാദിയ എന്ന ആൺകുട്ടിയും കാവിക്കോമരങ്ങളും
cancel
camera_alt?????????????????????? ?????????????? ??????????????????????????? ?????????????????? ??????????????????????? ???????? ????????????????????? ??????????????

വിശ്രുത ഇറ്റാലിയൻ നാടകകൃത്തായ ഡാരിയോ ഫോയുടെ ‘അരാജകവാദിയുടെ മരണം’ എന്ന കൃതിയിൽ ‘മുഴുക്കിറുക്ക്​’ അഭിനയിക്കുന്ന ആൾമാറാട്ടക്കാരനെ ‘കൈകാര്യം’ ചെയ്യാൻ തുനിയുന്ന പൊലീസുകാരനെ സഹജീവനക്കാരൻ തടയുന്നു. ആൾ ഭ്രാന്തനാണ്​; ഇറ്റലിയിൽ ഭ്രാന്തൻമാരെന്നാൽ ഇന്ത്യയിൽ വിശുദ്ധ പശുക്കളെപോലെയാണ്​. തൊട്ടാൽ വിവരമറിയും നമ്മൾ രണ്ടുപേരുടെയും തൊപ്പി തെറിക്കും.

ഫോ ഇതെഴുതുന്ന കാലത്ത്​ ഇന്ത്യയിൽ പശുക്കളെ ഇന്നത്തെപ്പോലെ വിശുദ്ധയായി കണ്ടിരുന്നെങ്കിലും പശുഭ്രാന്തിന്​ ഇന്നുള്ള നിയമപരിരക്ഷയുണ്ടായിരുന്നില്ല. അഥവാ അന്നത്തെ പശുഭ്രാന്തൻമാർ യോഗീ ആദിത്യാനന്ദ ശൈലിയിൽ, മുസ്​ലിം സ്​ത്രീകളുടെ ശവമാടങ്ങൾ മാന്തി അവരിൽ ഭോഗാസക്​തി തീർക്കണമെന്ന്​ പറയാൻ പോന്ന ‘പവറോ’ പക്വതയോ ആർജിച്ചിരുന്നില്ല. നേടിയിരുന്നെങ്കിൽ ഇന്ത്യയിലെ പശുക്കളെപ്പോലെ എന്നതിന്​ പകരം ഇവിടത്തെ പശുഭ്രാന്തന്മാരെപ്പോലെ സംരക്ഷിക്കപ്പെടുന്നവരാണ്​ ഇറ്റലിയിലെ സാദാകിറുക്കൻമാരെന്ന്​ അദ്ദേഹം എഴുതുമായിരുന്നു.

നമ്മുടെ ആർഷപ്രോക്​ത സംസ്​കൃതിയിലും അതി​​​​െൻറ സുരഭിലമായ സഹിഷ്​ണുതയുടെ പാരമ്പര്യത്തിലും അഭിമാനിക്കുന്ന ആർക്കും കരയുകയോ ചിരിക്കുകയോ വേണ്ടതെന്നറിയാത്ത മഹാ നിമിഷങ്ങൾക്കാണ്​ ഇൗ നവംബർ 25 സാക്ഷ്യം വഹിച്ചത്​. പലർക്കും അത്​ നിരാശയുടെ ദിവസമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാലാൾ പട്ടാളത്തിലൊന്നും വൻശക്​തികളെ വിറപ്പിക്കാൻപോന്ന വ്യോമനാവിക സേനകളും എല്ലാമുണ്ടായിട്ടും നാട്ടുകാരെയും വീട്ടുകാരെയും വട്ടംകറക്കിയ ഹാദിയ എന്ന പെൺകുട്ടിയെ വായമൂടിക്കെട്ടി വരുതിയിൽ നിർത്തുകയെന്ന രാഷ്​ട്ര സുരക്ഷയെ ബാധിക്കുന്ന നിർണായക ദൗത്യം നാമേൽപ്പിച്ചത്​ അന്തിമയങ്ങു​​േമ്പാൾ കാക്കിവലിച്ചൂരി കാവിയുടുക്കുന്ന നാലാംകൂലി പൊലീസുകാരെയാണ്​. സംഗതി ആകെ ‘കൊളാപ്​സാ’വാൻ മറ്റെന്ത്​ വേണം? ഉറി ആക്രമണവേളയിൽ സാക്ഷാൽ ഡോൺ ക്ലിക്​സോട്ടിനെപ്പോലും അതിശയിപ്പിക്കുന്ന സാഹസികതയോടെ കാര്യങ്ങൾ നേരിട്ട അജിത്​ ​ഡൊവാലിനെപ്പോലെ ഒരാളുണ്ടായിരുന്നെങ്കിൽ, പരമോന്നത കോടതിയിൽ നടക്കാൻപോകുന്ന മൊഴിയെടുക്കലിനെ അപ്രസക്​തമാക്കുംവിധം ഇങ്ങിനെ വായ തുറക്കാൻ ഹാദിയയെ അനുവദിക്കുന്ന സ്​ഥിതി ഉണ്ടാകുമായിരുന്നില്ല.

Hadiya

 

ഏതായാലും നമ്മുടെ പൊലീസിനെ അടച്ചാക്ഷേപിച്ച്​ കൂടാ. ഹാദിയയുടെ വായമൂടി​ക്കെട്ടാനും അവരെ ജനിച്ചുവീണ സനാതന വിശ്വാസപരിസരത്തിലേക്ക്​ തിരിച്ചുകൊണ്ടുപോവാനും അവർ പഠിച്ചമുറ മുപ്പത്തെട്ടും പയറ്റിയതാണ്​. തങ്ങൾക്കിടയിലുണ്ടായിരുന്ന വേദക്കാരെ ആദ്യമേ പടിയടച്ച്​ പിണ്ഡംവെച്ചു. ഹാദിയയെപ്പോലെ ഒരഭ്യസ്​ഥവിദ്യയെ കാര്യങ്ങൾ പറഞ്ഞ്​ ബോധ്യപ്പെടുത്താൻ പൊലീസുകാരുടെ കുഞ്ഞ്​ മസ്​തിഷ്​കങ്ങൾ മതിയാവില്ലെന്ന്​ മനസ്സിലാക്കി രാഹുൽ ഇൗശ്വർ മുതൽ ജാമിദ ടീച്ചർവരെയുള്ളവരു​ടെ തല​ച്ചോറുകൾ ‘ഒൗട്ട്​സോസ്​’ ചെയ്​തു. എന്തിനധികം, ഹാദിയ വിമാനത്തിലോ തീവണ്ടിയിലോ ഡൽഹിക്ക്​ പോവുക എന്ന ലളിതമായ ചോദ്യംപോലും കുന്തംതറച്ച മാണ്ഡവ്യമുനിയുടെ മൗനത്തോടെ അവർ നേരിട്ടു. പക്ഷെ, ഹാദിയ എന്ന ആൺകുട്ടി ഒരു നിമിഷാർദ്ധംകൊണ്ട്​ പറയാനുള്ളതെല്ലാം അരവീർപ്പിന്​ പറഞ്ഞ്​ തീർത്തപ്പോൾ അതെല്ലാം ഭസ്​മമായിപ്പോയി. 

ഇവിടെ പ്രശ്​നം ഹാദി​യയെന്ന ഏക വചനത്തിനപ്പുറം നീളുന്നു. ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാൻ ഒരു വ്യക്​തിക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്​ തടയിടാനാണ്​ ഒരു പുരോഗമന സർക്കാർ ഇത്രയും കാലം നികുതിദായക​​​​െൻറ പണമുപയോഗിച്ച്​ ​ശ്രമിച്ചുകൊണ്ടിരുന്നത്.​ പക്വതയാർന്ന ഒരു ജനാധിപത്യ വ്യവസ്​ഥിതിയിലെന്നല്ല, പരമ്പരാഗത മതകീയ സമൂഹങ്ങളിൽപോലും ഇത്രയും ഹിംസാത്​മകമായ നടപടികളുണ്ടാവാറില്ല. ഉമറ്​ബ്​ൻ അബ്​ദുൽ അസീസി​​​​െൻറ കാലത്ത്​ വിദൂരസ്​ഥരായ ഒരു ഗോത്രവിഭാഗം തങ്ങൾ ഇസ്​ലാമിൽനിന്ന്​ പുറത്തുപോകുമെന്ന്​ ഭീഷണി മുഴക്കി. സക്കാത്തിന്​ പകരം ജിസ്​യ നിർബന്ധമാക്കി അവർക്ക്​ ഇഷ്​ടമുള്ള വിശ്വാസം തെരഞ്ഞെടുക്കാനായിരുന്നു ഖലീഫ നൽകിയ ഉത്തരവ്​.

Hadiya Rahul Eswwar

ഒരർഥത്തിൽ ഇന്ത്യൻ സെക്യുലറിസം മൃദുഹിന്ദുത്വവുമായുള്ള പല രാജിയാവലുകളുടെയും കഥയാണ്​. രാഹുൽ ഇൗശ്വറിനൊപ്പം പ​െങ്കടുത്ത ഒരു ടി.വി സംവാദം ഒാർക്കുന്നു. പ്രലോഭനങ്ങളിലൂടെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ മതംമാറ്റം നടത്തുന്നുവെന്നും ഇത്​ തടയേണ്ടതാണെന്നും വിവേകാനന്ദൻ മുതൽ അച്യുതാനന്ദൻവരെയുള്ളവരെ ഉദ്ധരിച്ചുകൊണ്ട്​ രാഹുൽ വാദിച്ചു. ഉൗഴം വന്നപ്പോൾ ഞാൻ പറഞ്ഞു. പ്രലോഭനത്തിലൂടെ ആളുകളെ ചേർക്കലും ചേർന്നവരെ പിടിച്ചുനിർത്തലും വല്ല മതവും ചെയ്യുന്നുണ്ടെങ്കിൽ അത്​ ബ്രാഹ്​മണ മതമാണ്​ (മത പരിവർത്തനത്തി​​​​െൻറ പേറ്റൻറ്​ തന്നെ ഹിന്ദുമതത്തിന്​ അവകാശപ്പെട്ടതാണെന്ന്​ കാണിച്ചുകൊണ്ടുള്ള ‘ഒൗട്ട്​ലുക്ക്​’ സ്​റ്റോറി വരുന്നതിന്​ ഏതാനും വർഷങ്ങൾക്കുമുമ്പാണ്​ സംവാദം നടന്നത്​). സഹസ്രാബ്​ദങ്ങളായുള്ള അടിച്ചമർത്തലുകളുടെയും ഭൗതിക- ബൗദ്ധിക ദ്രവ്യനിഷേധത്തിലൂടെയും പതാളവത്​കരിക്കപ്പെട്ട ഒരു ജനതിയുടെ ഉന്നമനം ലക്ഷ്യംവെച്ചാണ്​ നാം സംവരണംപോലുള്ള പദ്ധതികൾ ആവിഷ്​കരിച്ചത്​. അമേരിക്കയിൽ കറുത്തവരെയും അമരിന്ത്യക്കാരെയും ലക്ഷ്യമാക്കി ഇത്തരം സോദ്യമങ്ങൾ (Affmative actions) ഉണ്ട്​. പക്ഷെ, അവിടത്തെ കറുത്തവനും അമരിന്ത്യനും ഏത്​  മതവും സ്വീകരിക്കാനും ഏത്​ ദൈവത്തെ പൂജിക്കാനും അധികാരമുണ്ട്​. ഇന്ത്യയിലെ ദലിത​​​​െൻറ അവസ്​ഥയോ? ഹാദിയയെപ്പോലെ, മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക്​ പകരം ഒരു ദൈവം മതിയെന്ന്​ കരുതി അവൻ ക്ഷേത്രത്തിന്​ പകരം പള്ളിയിൽ പോകാൻ തീരുമാനിച്ചാൽ അവ​​​​െൻറ സംവരണാനുകൂല്യങ്ങളത്രയും എടുത്ത്​ മാറ്റപ്പെടും. മറ്റൊരർഥത്തിൽ പറഞ്ഞാൽ റേഷൻ മുതൽ ഉദ്യോഗംവരെയുള്ള മേഖലകളിലെ ആനുകുല്യങ്ങൾ അനുഭവിക്കണമെങ്കിൽ ഇന്ത്യയിലെ ദലിതർക്ക്​ രാഹുൽ ഇൗശ്വറിനെപ്പോലുള്ളവർ പ്രതിനിധാനം ചെയ്യുന്ന ഉപരിവർഗമേൽക്കോയ്​മ തത്വശാസ്​ത്രത്തെ മനസ്സാ, വാചാ, കർമണാ ഉൾക്കൊണ്ട്​ മാനസികാടിമത്വത്തി​​​​െൻറ നിത്യതടങ്കലിൽ കഴിയേണ്ടിയിരിക്കുന്നു.

hadiya-case-SC

​െഎ.എസ്​ എന്ന ഉമ്മാക്കി കാട്ടിയാണ്​ എൻ.​​െഎ.എ അടക്കമുള്ള നികുതിപ്പണ്ടങ്ങൾ ഹാദിയയുടെ തടങ്കലിനെ ന്യായീകരിക്കുന്നത്​. ഹാദിയ ലൗവ്​ജിഹാദി​​​​െൻറ ഇരയാണെന്നും ഒരു  പാസ്​പോർട്ട്​ പോലുമില്ലാത്ത അവർ, മനുഷ്യർ മാലിന്യവും കബന്ധങ്ങളും തിന്ന്​ പശിയടക്കുന്ന സിറിയയെ മനസ്സിൽ ധ്യാനിച്ച്​ സ്വർഗത്തിൽ ധരിക്കേണ്ട ഹൂർലിൻ പർദക്ക്​ കസവ്​ തുന്നുകയുമാണെന്ന്​ കരുതാൻ മർക്കണ്ടായ കട്​ജു അമിതാഭ്​ ബച്ചനെ പറ്റി പറഞ്ഞപോലെ -ഒരുവേള ഇത്​ കൂടുതൽ ചേരുക നമ്മ​ുടെ സുരേഷ്​ഗോപിക്കായിരിക്കും- തല​യിൽ ആൾപാർപ്പില്ലാതിരുന്നാൽ പോര, ചെകുത്താൻ പാർപ്പുണ്ടാവണം. 

ഇത്തരക്കാർ  പറയുന്നത്​ കേട്ട്​, സുപ്രീംകോടതി ഹാദിയയെ രഹസ്യഹിയറിങിന്​​ വിധേയമാക്കുകയും അവരുടെ സ്വാതന്ത്ര്യത്തിന്​ ഇനിയും കൂച്ച്​ വിലങ്ങുകൾ പണിയുകയും ചെയ്​താൽ, നിയമം ഒരു കഴുതയാണെന്ന ചാൾസ്​ ഡിക്കൻസി​​​​െൻറ പഴയ പ്രസ്​താവന തിരുത്തി, നിയമം പശുക്കൾ തെളിക്കുന്ന കഴുതയാണെന്ന്​ നമുക്ക്​ പറയേണ്ടി വരും.

വാൽക്കഷ്​ണം: തനിക്ക്​ മുസ്​ലിമാകണമെന്ന്​ ആഗ്രഹം പ്രകടിപ്പിച്ച ഒരു സുഹൃത്തിനോട്​ വൈക്കം മുഹമ്മദ്​ ബഷീർ പറഞ്ഞു. ‘നോ വേക്കൻസി’. നമ്മോട്​ വല്ല സുഹൃത്തുക്കളും ഇങ്ങനെ പറഞ്ഞാൽ നമുക്ക്​ ഒാടാം. അല്ലെങ്കിൽ എൻ.​​െഎ.എ നമ്മെ ഒാടിക്കും.

(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleislamhadiya casemalayalam newssupreme court
News Summary - The Boy Hadiya and RSS - Article
Next Story