ചെങ്ങന്നൂർ എന്ന പരീക്ഷണ ശാല

കെ.ബാബുരാജ്
07:08 AM
10/03/2018

തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതി തീരുമാനിക്കുന്നതിനു മുമ്പേ ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പി​​​​െൻറ കേളികൊട്ടുയർന്നു. ദേശീയ മാധ്യമങ്ങൾ ഇതു വലിയ ആഘോഷമാക്കാനുള്ള പുറപ്പാടിലാണ്. ത്രിപുരക്ക് പിന്നാലെ ബി.ജെ.പി കേരളത്തിലും വേരുറപ്പിക്കാൻ പോകുന്നു എന്ന പ്രചാരണം ആർ.എസ്.എസ് അനുകൂല മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ത്രിപുരയിൽ തോറ്റ സി.പി.എമ്മിനു കേരളത്തിലും തിരിച്ചടി നൽകി സംസ്ഥാനത്തു സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ പരീക്ഷണ ശാലയായാണ് ചെങ്ങന്നൂരിനെ ബി.ജെ.പി കാണുന്നത്. 2016 ൽ ജയിച്ച സി.പി.എമ്മിലെ കെ.കെ രാമചന്ദ്രൻ നായരുടെ മരണമാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിക്കഴിഞ്ഞു. സി. പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാനെയാണ് എൽ.ഡി.എഫ് നിർത്തുക. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരൻപിള്ള തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി. കോൺഗസ് കഴിഞ്ഞ തവണ മത്സരിപ്പിച്ച പി.സി വിഷ്ണുനാഥ്‌ സ്വയം പിൻവാങ്ങിയ സാഹചര്യത്തിൽ ഡി.വിജയകുമാറിനാണ്​ കോൺഗ്രസ്​ ടിക്കറ്റ് ലഭിക്കുക. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാണ്ടി​​​​െൻറ തീരുമാനം വരാനുണ്ട്. 

ഡി.വിജയകുമാർ
 

ചെങ്ങന്നൂരി​​​​െൻറ പൊതുസ്വഭാവം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് അനുകൂലമായിരുന്നു. 1991 മുതൽ 2001 വരെ മൂന്നു തവണ ശോഭന ജോർജ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മണ്ഡലമാണിത്. കോൺഗ്രസ് വിട്ടു ഡി.ഐ.സി യിൽ ചേർന്ന ശോഭന 2005 ൽ എം.എൽ.എ സ്ഥാനം രാജിവെച്ചു. 2006 ലെ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ പി.സി വിഷ്ണുനാഥിനെ നിർത്തി കോൺഗ്രസ് വിജയിപ്പിച്ചു. 2011ലും വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2016 ൽ 7893 വോട്ടുകൾക്ക് രാമചന്ദ്രൻ നായരോട് വിഷ്ണു തോറ്റു . സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശോഭനക്ക് അന്ന് 3996 വോട്ടുകളേ ലഭിച്ചുള്ളൂ. മണ്ഡലത്തിൽ 20 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകളിൽ ഗണ്യമായ പങ്ക്‌ ശോഭന പിടിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. ക്രിസ്ത്യൻ വോട്ടുകൾ പൊതുവിൽ കോൺഗ്രസിനെയാണ് തുണച്ചത്.

യു.ഡി.എഫ് മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്ന ചെങ്ങന്നൂരിൽ 2006 ലും 2011 ലും ജയിച്ച കോൺഗ്രസിലെ പി.സി വിഷ്ണു നാഥിനെ 2016ൽ 7983 വോട്ടിനാണ് രാമചന്ദ്രൻ നായർ പരാജയപ്പെടുത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതു ബി.ജെ.പിയുടെ പ്രകടനമായിരുന്നു. പി.എസ് ശ്രീധരൻ പിള്ള ഇരു മുന്നണികളെയും ഞെട്ടിച്ചു തൊട്ടു പിന്നിലെത്തി. രാമചന്ദ്രൻ നായർ 52880 , വിഷ്ണുനാഥ്‌ 44987 , ശ്രീധരൻ പിള്ള 42682 എന്നിങ്ങനെയായിരുന്നു വോട്ട് നില. 2011 ൽ വിഷ്ണുനാഥ്‌ സി പി എമ്മിലെ സി എസ് സുജാതയെ 13000 വോട്ടുകൾക്ക് തോൽപിച്ചപ്പോൾ അന്ന് ബി ജെ പി സ്ഥാനാർഥിയായിരുന്ന ബി രാധാകൃഷ്ണമേനോന് കിട്ടിയത് 6062 വോട്ടുകളായിരുന്നു. പോൾ ചെയ്തതിൽ 4.84 ശതമാനം മാത്രം.അതു 36.38 ശതമാനമായാണ് ആയാണ് പിള്ള ഉയർത്തിയത്. 

saji-cheriyan
സജി ചെറിയാൻ
 

വോട്ടിങ്​ ശതമാനം പരിശോധിക്കുമ്പോൾ എൽ.ഡി.എഫിനും യു ഡി എഫിനും സാരമായ വോട്ടു ചോർച്ച സംഭവിച്ചതായി കാണാം.യു ഡി എഫിന്റെ വോട്ട് 2011 ൽ നിന്നു 2016 ൽ എത്തിയപ്പോൾ 51. 98 ൽ നിന്ന് 30 .89 ആയി ഇടിഞ്ഞു. എൽ ഡി എഫിന്റേത് 42 .01 ശതമാനത്തിൽ നിന്നു 30 .89 ആയി. ബി ജെ പിയുടേത് 4.84 ശതമാനത്തിൽ നിന്നു 29 .36 ലേക്ക് കുതിച്ചുയരുകയും ചെയ്തു. അതായത് യു.ഡി.എഫ് വോട്ടിൽ 21 .09 ശതമാനത്തി​​​​െൻറയും എൽ.ഡി.എഫ് വോട്ടിൽ 11.12 ശതമാനത്തി​​​​െൻറയും കുറവ് സംഭവിച്ചു. ബി ജെ പി വോട്ടിലാകട്ടെ, 24 .52 ശതമാനത്തി​​​​െൻറ വർധനവും. ഇരു മുന്നണികളുടെയും വോട്ടുകൾ ബി ജെ പിയിലേക്ക് ചോർന്നു എന്നാണ് അർഥശങ്കയില്ലാതെ ഇതു വ്യക്തമാക്കുന്നത്. കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന വിഷയമാണിത്.

സിറ്റിങ് സീറ്റ് എന്ന നിലയിൽ സി.പി.എമ്മിനു എന്തു വില കൊടുത്തും ചെങ്ങന്നൂർ നില നിർത്തേണ്ടതുണ്ട്. രണ്ടു വർഷം തികക്കുന്ന പിണറായി സർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. എന്നാൽ, രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാണ് പാർട്ടിയും സർക്കാരും. എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നും സർക്കാരിനു മുന്നോട്ടു വെക്കാനില്ല. സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. എല്ലാം ശരിയാകും എന്നു പറഞ്ഞു അധികാരത്തിലെത്തിയിട്ട് ഒന്നും ശരിയാക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ. ഉമ്മൻ‌ചാണ്ടി സർക്കാരിനെ അപേക്ഷിച്ചു അഴിമതിയുടെ കാര്യത്തിൽ വലിയ കുറവുണ്ടായി എന്നതു മാത്രമാണ് എടുത്തു പറയാവുന്ന ഒന്ന്. എന്നാൽ, തുടരെത്തുടരെ മൂന്നു മന്ത്രിമാർ രാജി വെച്ചത് സർക്കാരിന്റെ പ്രതിശ്ചായയെ ബാധിച്ചു . വിവാദങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ കൂടപ്പിറപ്പായി മാറി. മുന്നണിയിലെ പ്രധാന പാർട്ടികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലെ മൂപ്പിളമ പോര് മന്ത്രിസഭാ ബഹിഷ്കരണത്തിൽ വരെയെത്തി.

ശുഹൈബ്
 

ഇതിനെല്ലാം അപ്പുറത്തു സി.പി.എമ്മിനെ വേട്ടയാടുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണ്.പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 9 രാഷ്ട്രീയ കൊലകൾ നടന്നു കഴിഞ്ഞു. കൊല ചെയ്യപ്പെടുന്നത് ആരാണെങ്കിലും അതിൽ ഒരു ഭാഗത്തു സി പി എമമുണ്ട് . ഏറ്റവുമൊടുവിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ അരുംകൊലയോടെ പാർട്ടി പൊതുജന മധ്യത്തിൽ തുറന്നു കാട്ടപ്പെട്ടു. സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കന്മാർ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും സജീവ പാർട്ടിക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചെങ്ങന്നൂരിൽ സി.പി.എം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമിതാണ് . കോൺഗ്രസിന്റെ പ്രചാരണത്തിന്റെ കുന്തമുന ഷുഹൈബ് വധത്തിലാണ് കേന്ദ്രീകരിക്കുക. പത്തു ശതമാനത്തിനു മേൽ മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ഈ വോട്ടുകൾ ആകർഷിക്കാൻ സി.പി.എമ്മിനു കഴിഞ്ഞിരുന്നു. ഇത്തവണ അതത്ര എളുപ്പമല്ല. 

ക്രിസ്ത്യൻ വോട്ടുകൾ മണ്ഡലത്തിലെ പ്രധാന സ്വാധീന ഘടകങ്ങളിലൊന്നാണ്. കോൺഗ്രസിനാണ് മുൻകാലങ്ങളിൽ ഈ വോട്ടുകൾ സ്ഥിരമായി ലഭിച്ചിരുന്നത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥി ശോഭനാ ജോർജിനു അതിൽ ചെറിയൊരു ശതമാനം ലഭിച്ചു. വിഷ്ണുനാഥിന്റെ വോട്ടിൽ അതിന്റെ കുറവ് അനുഭവപ്പെടുകയും ചെയ്തു. സജി ചെറിയാന് അനുകൂലമായി ക്രിസ്ത്യൻ വോട്ടുകൾ വീഴുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. കെ.എം മാണിയോട് ഇപ്പോഴും സി.പി.എം തുടരുന്ന മൃദുല നയത്തിനു പിന്നിൽ ചെങ്ങന്നൂർ പേടിയാണുള്ളത്. എന്നാൽ മണ്ഡലത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ കേരള കോൺഗ്രസിനേക്കാൾ സ്വാധീനം കോൺഗ്രസിനു തന്നെയാണെന്നാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്.

Sreedharan-Pillai

എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും വേരുകളുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂരമായിരുന്നു നയമെങ്കിലും ഇടതുപക്ഷത്തോട് പൊതുവിൽ അനുഭാവമാണ് എൻ.എസ്.എസ് പുലർത്തിയത്. എന്നാൽ ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയോടായിരുന്നു ആഭിമുഖ്യം കാണിച്ചത്. അതിന്റെ പ്രതിഫലനമായിരുന്നു പിള്ളക്ക് കിട്ടിയ വർധിച്ച വോട്ട്. ഈഴവ സമുദായത്തിൽ സി.പി.എമ്മിനു ആഴത്തിൽ വേരോട്ടമുണ്ട്. ബി.ഡി.ജെ.എസ് രൂപീകരിച്ചു വെള്ളാപ്പള്ളി നടേശൻ അതിൽ വിള്ളൽ വീഴ്ത്തിയത് തെക്കൻ ജില്ലകളിൽ എൻ.ഡി.എ സ്ഥാനാർഥികൾക്ക് പൊതുവിൽ വോട്ടു ഉയരാൻ കാരണമായി. ചെങ്ങന്നൂരിലും അതിന്റെ അനുരണനങ്ങളുണ്ടായി. വാഗ്ദാനം ചെയ്ത പദവികൾ ലഭിക്കാത്തതിൽ ക്ഷുഭിതനായ വെള്ളാപ്പള്ളി കുറച്ചായി ബി.ജെ.പിക്കെതിരെ പരസ്യ പ്രതികരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മൈക്രോ ഫിനാൻസ് കേസുകൾ കാരണം പിണറായി സർക്കാരിനോടു നേർക്ക് നേരെ ഏറ്റുമുട്ടാനുള്ള ജാള്യതയും നടേശനുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്ന് രാജ്യസഭയിലെത്തിച്ചു വാഗ്ദാനം പാലിക്കുമെന്ന ഉറപ്പു ഇതിനിടെ ബി.ജെ.പി ദേശീയ നേതൃത്വം ബി ഡി ജെ എസിനു നൽകിയിട്ടുണ്ടത്രെ.


എൽ.ഡി.എഫും യു.ഡി.എഫും ഒരുങ്ങുന്നതിനു മുമ്പോ ബി.ജെ.പി ഉപതെരഞ്ഞെടുപ്പിനു തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ സംസ്ഥാനത്തു ഉടനെ എത്തുമെന്നാണ് വിവരം. പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടു വരണമെന്നാണ് സംസ്ഥാന നേതൃത്വത്തി​​​​െൻറ ആഗ്രഹം. സാധാരണ ഉപ തെരഞ്ഞെടുപ്പുകൾക്കു പ്രധാനമന്ത്രിമാർ പോകാറില്ല . എന്നാൽ, ചെങ്ങന്നൂരിൽ നരേന്ദ്രമോദി വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. അത്രമേൽ പ്രാധാന്യമാണ് ബി.ജെ.പി ഈ ഉപതെരഞ്ഞെടുപ്പിനു നൽകുന്നത്. അതിനു വേണ്ടി ആളും അർഥവും എത്ര വേണമെങ്കിലും ഇറക്കാൻ അവർ ഒരുക്കമാണ് . ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം ഇല്ലാതാക്കാൻ ഡി. വിജയകുമാറിന്റെ സ്ഥാനാർഥിത്വം ഒരു പരിധി വരെ കാരണമായേക്കാം. വിജയകുമാർ വരുന്നത് ശ്രീധരൻ പിള്ളയുടെ സാധ്യതകളെ വെല്ലു വിളിച്ചു കൊണ്ടാണ്. തീ പാറുന്ന ഒരു ത്രികോണ മത്സരമാണ് ചെങ്ങന്നൂരിൽ കാണാൻ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഡ്രസ് റിഹേഴ്സൽ അവിടെ കാണാനായേക്കാം. 

Loading...
COMMENTS