Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഭീമാകൊറെഗാവും പൗരത്വ...

ഭീമാകൊറെഗാവും പൗരത്വ സമരവും രാഷ്ട്രീയത്തടവുകാരുടെ മോചനവും

text_fields
bookmark_border
bhima-koregaon1
cancel

രാജ്യത്തെ പ്രമുഖ അകാദമിഷ്യർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയ ഭരണകൂട വിമർശകരായ ബുദ്ധിജീവികളെ അന്യായമായി ജയിലിലടച്ച ഭീമാ കൊറേഗാവ് കേസ് മൂന്ന് വർഷം പിന്നിടുകയാണ്. 2018 ജൂൺ 6നാണ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്.

പേഷ്വാ ഭരണത്തെ തോല്‍പ്പിച്ച ഭീമാ കൊറെഗാവ് യുദ്ധത്തിന്‍റെ 200ാം വാര്‍ഷികാഘോഷത്തെ തുടർന്നായിരുന്നു അറസ്റ്റുകളുടെ തുടക്കം. കാലങ്ങളായി മഹാരാഷ്ട്രയിലെ പ്രബല ദലിത് വിഭാഗമായ മെഹര്‍ സമുദായം ആഘോഷിക്കുന്നതാണ്​ ഭീമാ കൊറെഗാവ് വിജയം. 1818 ജനുവരി 1ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷ്വ ബാജിറാവു രണ്ടാമന്‍റെ സവർണ സൈന്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേര്‍ന്ന് ദലിതുകൾ ഉൾപ്പെട്ട സേന പരാജയപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ 199ാം വാര്‍ഷികാചരണം യാതൊരു പ്രശ്നവുമില്ലാതെ നടന്നു.

പ്രകോപനമില്ലാതെ അക്രമം

2018 ൽ യുദ്ധ വാര്‍ഷികം ആഘോഷിക്കുന്നതിന് എതിരേ ചില സംഘടനകള്‍ രംഗത്തിറങ്ങി. രാജവംശത്തിലെ ഉദയസിങ് പേഷ്വക്കൊപ്പം അഖില ഭാരതീയ ബ്രാഹ്മണ മഹാ സംഘ് തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് വാര്‍ഷികാഘോഷങ്ങള്‍ക്കെതിരേ അന്ന് പ്രസ്താവനകളിറക്കിയത്. ഇതിനെ തുടർന്ന് 2018 ജനുവരി 1ന് ഭീമ കൊറെഗാവിൽ 200ാം വിജയാഘോഷത്തിന് എത്തിയ ലക്ഷക്കണക്കിന് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുകൾ ഉൾപ്പെടുന്ന ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവർണ ഭീകരർ ഒരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ദലിതൻ ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. അക്രമങ്ങൾക്കെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അന്ന് പ്രതിഷേധമുയരുകയും ചെയ്‌തിരുന്നു.

മാവോവാദമാരോപിച്ച്​ വേട്ട

സംഘ പരിവാര്‍ സംഘടനകളാണ് ദലിതര്‍ക്ക് നേരെ അതിക്രമം നടത്തിയത് എന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ദേശീയ മാധ്യമങ്ങള്‍ ഈ അതിക്രമത്തെ സംഘര്‍ഷം എന്ന് വിളിക്കുകയും ദലിത് വിരുദ്ധ ഭരണകൂട ഭാഷ്യം പ്രചരിപ്പിക്കുകയുമായിരുന്നു. ഭീമ കൊറേഗാവ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടന്ന ദലിത് ബന്ദിനെ തുടര്‍ന്ന് അഞ്ഞൂറിലേറെ ദലിതരെയാണ് മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു പിഴ ചുമത്തി ജയിലിലടച്ചത്. അതേ അവസരത്തില്‍ തന്നെ മുംബൈ നഗരത്തിലെ ചേരികളില്‍ നിന്ന് വ്യാപകമായി ദലിതര്‍ അറസ്റ്റു ചെയ്യപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളായ സാംബാജി ദിസെ, മിലിന്‍ഡ് എക്‌ബോട്ടെ എന്നീ സംഘപരിവാർ ഗുണ്ടകളെ പൊലീസ് തൊട്ടില്ല. 2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബി.ജെ.പി സഖ്യ സർക്കാർ ഭരിക്കുമ്പോഴാണ് ഭീമ കൊറെഗാവ് അറസ്റ്റ് അരങ്ങേറിയത്.

ഫാ. സ്റ്റാൻ സാമി

ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ലെ, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ്, പ്രഫ. സായിബാബ തുടങ്ങിയ 13 ഓളം പേരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് പൊലീസ് മറാത്ത ഹിന്ദുത്വ അക്രമികളെയും ദലിതർക്ക് നേരെ അവർ നടത്തിയ അക്രമങ്ങളെയും ന്യായീകരിച്ചത്. അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നായിരുന്നു തിരക്കഥ.

വിയോജിപ്പിന്‍റെ സ്വരം ദലിത് ആദിവാസി മർദിതരിൽ ‍ നിന്നാണെങ്കില്‍ മാവോവാദവും, മുസ്‌ലിംകളില്‍ നിന്നാണെങ്കില്‍ ഇസ്‌ലാമിക ഭീകരവാദവുമാരോപിച്ച് അടിച്ചമര്‍ത്തുകയെന്ന സൂത്രവാക്യമാണ് ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയമേലാളരും പൊലീസും മാധ്യമങ്ങളും കുറെ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സമിതിയുടെ മുന്നണി പ്രവർത്തകരെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്ന ബുദ്ധിജീവികളെയുമാണ് പ്രധാനമായി ഭരണകൂടം ലക്ഷ്യം വെച്ചത്.

ദലിത് പ്രസ്ഥാനങ്ങളെ മാവോവാദി പ്രവര്‍ത്തനമാക്കി മുദ്രകുത്താനുള്ള നിഗൂഢ അജണ്ടയുടെ കൂടി ഭാഗമായിരുന്നു ഇതെന്ന് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് പിന്നാലെ വ്യക്തമായി. ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിന്നീട് സായിബാബയുടെ മോചനത്തിന് വേണ്ടിയുള്ള കമ്മറ്റിയിൽ പ്രവർത്തിച്ചതിനാണ് പ്രഫ. ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടത്. 2020 ജൂലൈ 28 നാണ് ബാബുവിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

ജനകീയ സമരങ്ങളിൽ ഏർപ്പെട്ടവരെയും മുസ്​ലിം - ദലിത് - ആദിവാസി നേതാക്കളെയും ഭീകര നിയമങ്ങളും രാജ്യദ്രോഹക്കുറ്റവും കെട്ടിച്ചമച്ച് വേട്ടയാടുന്നതിനെതിരെ 2008 മുതൽ പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സിന്‍റെ (സി.ആർ.പി.പി) സംഘാടകരും മുന്നണി പ്രവർത്തകരുമായിരുന്നു ഇവരിലേറെയും.

പ്രഫ. എസ്​.എ.ആർ. ഗീലാനി

ഇന്ത്യയിലുടനീളം ഭരണകൂട അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തികളെയും സംഘടനകളെയും യു.എ.പി.എ ചുമത്തി വേട്ടയാടുന്നതിനെതിരെ ശക്തമായ ഒരു അഖിലേന്ത്യാ സമര സഖ്യം കൂടിയാണ് സി.ആർ.പി.പി. ദലിത് - ആദിവാസി-മുസ്‌ലിം - മാവോയിസ്റ്റ് - കാശ്മീരി രാഷ്ട്രീയത്തടവുകാർക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഭീകര നിയമങ്ങൾക്കെതിരെ വളർന്നു വരുന്ന ജനകീയ പ്രതിഷേധവും ഭരണവർഗത്തെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നവരിൽപ്പെട്ടരാണ് പ്രഫ. സായിബാബ, പ്രഫ. എസ്.എ.ആർ. ഗീലാനി, റോണ വിൽസൺ, പ്രഫ. ഹാനി ബാബു എന്നിവർ. ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ നിയമ പോരാട്ടങ്ങളെയും മോചന ശ്രമങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഇവരുടെ പ്രശംസനീയമായ പ്രവർത്തനങ്ങൾ ഭരണകൂട ഭീകരതയുടെ ക്രൂരതയും കപടവാദങ്ങളും തുറന്ന് കാണിക്കാനും ജനശ്രദ്ധയിലെത്തിക്കാനും തുടങ്ങി. ഹിന്ദുത്വ മോദി സർക്കാർ ഇവർക്കെതിരെ പലതരത്തിലുള്ള അന്വേഷണ നാടകങ്ങളും വേട്ടയാടൽ നീക്കങ്ങളും നടത്തി.


മരണപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ പ്രഫ. ഗീലാനിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സമ്മതിക്കാതെ കേസും നിയന്ത്രണങ്ങളും കൊണ്ട് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. സി.ആർ.പി.പിയുടെ മഹാരാഷ്ട്രയിലെ മുന്നണി പ്രവർത്തകരായിരുന്നു അഡ്വ. സുരേന്ദ്ര ഗാഡ്​ലിങ്, പ്രഫ. ഷോമ സെൻ തുടങ്ങിയവർ. 2019 ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിലും മറ്റും രാജ്യത്തുടനീളം നടന്നുവരുന്ന അന്യായ അറസ്റ്റുകളുടെയും അനിശ്ചിതകാല വിചാരത്തടവിന്‍റെയും പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ ഭീമ കൊറെഗാവ് കേസും അറസ്റ്റുകളും ഭരണകൂടം നടത്തിയ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു എന്ന് അനുമാനിക്കാം.

ജനകീയ പ്രതിരോധങ്ങൾ തകർക്കാനുള്ള നീക്കം

പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങൾ, കർഷകമാരണ ബില്ലുകൾക്കെതിരായ പ്രക്ഷോഭങ്ങൾ അടക്കം രാജ്യത്തുടനീളം കോർപറേറ്റ് - ഹിന്ദുത്വ ഫാഷിസ്റ്റ് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രതിരോധങ്ങളിലെ സജീവ പങ്കാളികളെയും ആശയപരമായി അനുകൂലിക്കുന്ന മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയുമെല്ലാം കള്ളകേസുകൾ അടിച്ചേല്പിച്ച് നിശ്ശബ്ദരാക്കാനുള്ള തുടർച്ചയായ നീക്കത്തിന്‍റെ സംഘടിത തുടക്കമായിരുന്നു ഭീമ കൊറേഗാവ് അറസ്റ്റുകൾ. ഭരണകൂടത്തിനെതിരെ പ്രതിപക്ഷ സ്വരമുയർത്തുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കലും ഇന്ത്യയിൽ സ്വേച്ഛാധിപത്യപരമായി ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ട അടിച്ചേല്പിക്കുകയുമാണ് ലക്ഷ്യം. കോവിഡ് ആരോഗ്യ അടിയന്തിരാവസ്ഥയെ മറയാക്കി കേന്ദ്ര സർക്കാർ നടത്തിവരുന്ന നിഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റമുണ്ടായില്ലെങ്കിൽ സാമാന്യ സ്വാതന്ത്ര്യം പോലും അട്ടിമറിക്കപ്പെടാനുള്ള സാധ്യതയാണ് പ്രകടമാവുന്നത്.

കെട്ടിച്ചമച്ച കേസുകൾക്കും അന്യായ തടവുകൾക്കും ഇരയാക്കപ്പെടുന്ന രാഷ്ട്രീയ-സമര പ്രവർത്തകരുടെ വിശാലസഖ്യവും നിയമങ്ങൾ പ്രയോഗിച്ചുള്ള അടിച്ചമർത്തലിനെതിരായ ജനകീയ പ്രക്ഷോഭവും സമാന്തരമായി വളർത്തിയെടുക്കാതെ ഇന്ത്യയിലെ ജനങ്ങൾ വിവിധ പോരാട്ടങ്ങളിലൂടെ കാലങ്ങളായി നേടിയെടുത്ത സ്വതന്ത്ര്യവും അവകാശങ്ങളും ഇനിയും കാത്ത് സൂക്ഷിക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonCitizenship Amendment Actpolitical prisoners
News Summary - Bhima Koregaon, CAA protest and Release of Political Prisoners
Next Story