Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നമ്മൾ സ്മാർട്ടാകുമ്പോൾ ശ്രദ്ധിക്കുക!
cancel

ഒരു കമ്പ്യൂട്ടറിനെ ഉൾക്കൊള്ളണമെങ്കിൽ 1950 കാലഘട്ടത്തിൽ സാമാന്യം വലുപ്പമുള്ള ഒരു മുറി തന്നെ വേണമായിരുന്നു. എന്നാൽ ഇന്ന് മികച്ച സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടറായ സ്മാർട്ട് ഫോൺ നമ്മുടെ കൈപ്പിടയിലൊതുങ്ങുമെന്ന് മാത്രമല്ല, അപ്പോളോ 11 ലാൻഡിങ് മിഷൻ സമയത്ത് നാസ ഉപയോഗിച്ചിരുന്നതിനെക്കാള്‍ കമ്പ്യൂട്ടിങ് മികവുള്ളതാണ് ഇന്നത്തെ സ്മാർട്ഫോണുകൾ!

സ്മാർട്ട് ഫോണുകൾ ഇന്ന് ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. അധികം പേരും ഉറക്കമുണർന്ന ആദ്യ മിനിറ്റുകൾക്കുള്ളിൽ തങ്ങളുടെ ഫോണുകൾ പരിശോധിക്കുന്നവരാണ്. കൈയെത്തും ദൂരത്തു തന്നെ അതുണ്ടായിരിക്കാൻ നമ്മളേറെ ശ്രദ്ധിക്കുന്നു. ഫോണുകളുമായുള്ള നമ്മുടെ അറ്റാച്ചുമെന്റും വളരെ വൈകാരികമാണ്. നമ്മൾ പുറത്ത് പോകുമ്പോൾ വീട്ടിൽ ഫോൺ മറന്നാൽ പലർക്കും ഉയർന്ന ഉത്കണ്ഠ അനുഭവപ്പെടുന്നതും ഒരു യാഥാർഥ്യമാണ്. നമ്മോടൊപ്പം എല്ലായിടത്തും എപ്പോഴും നമ്മുടെ ഒരവയവം പോലെയായി ഇവ മാറിക്കഴിഞ്ഞു.

സ്മാർട്ട്‌ഫോണുകൾക്ക് അവയുടെ ഉടമസ്ഥരുടെ ശീലങ്ങളെ അറിയാവുന്നത് പോലെ മറ്റൊരൾക്കും അറിയില്ലെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല. നമ്മുടെ ശീലങ്ങളെയും ബന്ധങ്ങളെയും കുറിച്ച് നമ്മളുപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിൽ നിരവധി വിവരങ്ങളുണ്ട്. പക്ഷെ ആ ഡാറ്റ എത്രത്തോളം സുരക്ഷിതമാണ്‌? പ്രസ്തുത സ്വകാര്യ വിവരങ്ങളിലേക്ക് കടന്ന് ചെല്ലാൻ കഴിയുന്ന ഒരേയൊരാൾ ആ ഫോണിന്റെ ഉടമ മാത്രമല്ല! വാസ്തവത്തിൽ, ഒരാളുടെ മൊബൈൽ ഫോൺ അയാൾ ചെയ്യുന്നതെന്താണെന്ന് കൃത്യമായി അറിയുന്ന ഒരു ചാരനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഏത് സമയത്ത് എവിടെയായിരുന്നു? എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി സ്മാർട്ട് ഫോണുകളിൽനിന്നും ചോർത്തപ്പെടുന്നുണ്ട്. Mcafee റിപ്പോർട്ട് അനുസരിച്ച്, 80 ശതമാനം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളും നമ്മുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിക്കുകയും നമ്മുടെ അനുമതിയില്ലാതെ നമ്മുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ലൊക്കേഷൻ സ്വകാര്യതയെ കുറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടോ? നമ്മൾ എവിടെയാണെന്ന് അറിയാൻ ആർക്കാണിത്ര താല്പര്യം? ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. 2012 ൽ ഒരു റഷ്യൻ കമ്പനി 'ഗേൾസ് എറൗണ്ട് മി' എന്ന പേരിൽ ഒരു ആപ്ളിക്കേഷൻ പുറത്തിറക്കുകയുണ്ടായി.അത് ഉപയോക്താക്കൾക്ക് അവരുടെ സാമീപ്യത്തിലുള്ള ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ, ചെക്-ഇന്നുകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു സംവദനാത്മക മാപ്പ് നൽകി. എന്തിനേറെ പറയുന്നു, പ്രസ്തുത ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ, മാത്രമല്ല ആപ്പിൾ ആപ്ളിക്കേഷൻ സ്റ്റോർ പോലും അംഗീകരിച്ചു!


ഇതേപോലെ , നിങ്ങളുടെ ആന്‍ഡ്രോയിഡ്‌ ഫോണിൽ വിളിച്ച കോളുകൾ ആക്സസ് ചെയ്യാനും ടാർജറ്റ് ചെയ്ത പരസ്യങ്ങൾ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ സംഭാഷണവും ചുറ്റുമുള്ള ശബ്ദങ്ങളും ഉപയോഗിക്കാനും പര്യാപ്തമാക്കുന്ന സാങ്കേതിക വിദ്യ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. റൂമിലിരുന്ന് എ.ആർ റഹ്‌മാന്റെ സംഗീതം കേൾക്കുമ്പോൾ നിങ്ങൾ ഒരു കോൾ ചെയ്തുവെന്ന് കരുതുക; അടുത്ത തവണ നിങ്ങൾ എന്തെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു സംഗീത ആൽബത്തെക്കുറിച്ചുള്ള ഒരു പരസ്യം പോപ്പ് അപ്പ് ചെയ്തേക്കും. നമുക്ക് സൗജന്യ ഇ മെയിൽ സേവനം നൽകുന്നതിന് പകരമായി ടാർജറ്റ് ചെയ്ത പരസ്യം നമ്മളിലെത്തിക്കാൻ നമ്മുടെ മെയിലിന്റെ ഉള്ളടക്കം സ്കാൻ ചെയ്യാനുള്ള അവകാശം ഗൂഗിൾ പോലുള്ള കമ്പനികൾക്ക് അനുവദിച്ച് കൊടുക്കുന്ന സ്റ്റാൻഡേർഡ് കരാർ നമ്മളിൽ പലരും വായിച്ച് നോക്കാറില്ല . ഗൂഗിളിന്റെ ഈ വിവര ശേഖരണത്തെ കുറിച്ച് നമ്മളിൽപലരും അജ്ഞരോ അതല്ലങ്കിൽ മിക്കവാറും അവഗണിക്കുകയോ ചെയ്യുന്നു .

സാങ്കേതികവിദ്യയും സുരക്ഷയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും നമുക്ക് ചുറ്റും നിരീക്ഷണ വലയം തീർത്തിരിക്കുന്ന ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. സ്വകാര്യതയും സ്വകാര്യമായി സൂക്ഷിക്കുന്ന ഓർമ്മകൾ പോലും നമ്മുടെ കൈവിട്ട്പോയിക്കൊണ്ടിരിക്കുകയാണ്. ആരുടെയെങ്കിലും ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി അവരുടെ ഫോണിൽ നിന്നുള്ള ഡാറ്റയും ചിത്രങ്ങളും ഉപയോഗിച്ചു തന്നെ നിർമ്മിക്കാവുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഒന്നും രഹസ്യമായി അവശേഷിക്കാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ചുരുക്കത്തിൽ വ്യക്തിപരമായി കൈമാറ്റം ചെയ്യപ്പെടുന്ന ആശയവിനിമയങ്ങൾ മാത്രമേ തീർത്തും സുരക്ഷിതമെന്ന് പറയാനാവുള്ളൂ.

എല്ലായ്‌പ്പോഴും കണക്റ്റു ചെയ്ത്‌ പറയാനുള്ളതെല്ലാം തുറന്നു കാട്ടുന്നത് വളരെ മികച്ചതാണെന്ന് കരുതുന്ന സമൂഹമാധ്യമ ലൈവിന്റെ കാലമാണിത്. എന്നാൽ എല്ലാം അക്ഷരീയവും ദൃശ്യപരവുമായിരിക്കുമ്പോൾ എന്തു സംഭവിക്കും? ജീവിതത്തിലെ സൂക്ഷ്മത അപ്രത്യക്ഷമാകും. ഗൂഗിൾ ഇമേജുകളിൽ കണ്ടെത്താൻ കഴിയാത്ത 'ബഹുമാനം' പോലുള്ള ഒരു ആശയം നമ്മൾ എങ്ങനെ വിശദീകരിക്കും? അമൂർത്തത്തിന്റെ പ്രപഞ്ചം വിവരണാതീതമാണ്. ഒരു പ്രശസ്ത ഹ്യുമൻ കമ്പ്യൂട്ടർ ഇന്ററാക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വെളിപ്പെടുത്തിയ പ്രകാരം, പല വീഡിയോ ഗെയിംസിന്റെയും, ആപ്പുകളുടെയും ഉപയോക്താക്കളിൽ അഞ്ച് ശതമാനം പേർക്ക് മാത്രമേ പ്രസ്തുത ആപ്ലിക്കേഷൻ അവരുടെ ലൊക്കേഷനും മറ്റ് ഡാറ്റയും ശേഖരിക്കുകയും അത് പരസ്യകമ്പനികൾക്ക് വിൽക്കുന്നുവെന്നുള്ള കാര്യം അറിയാവുന്നത്. നമ്മുടെ ഭാവി സ്വഭാവവും നമ്മുടെ വാങ്ങലുകളും നർണ്ണയിക്കാൻ ഈ കമ്പനികൾ ഒരു പ്രവചന ഉപകരണമായി ഈ വിവരങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.


ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്‌, ലിങ്ക്ഡ്ഇൻ എന്നിവയെല്ലാം സേവനങ്ങൾ സൗജന്യമായി നമുക്ക് നൽകുന്നത് എങ്ങിനെയാണ്? പരസ്യങ്ങളിൽ നിന്ന് സമ്പാദിക്കുന്ന പണമാണ് ഇതിന് കാരണമെന്നാണ് മിക്കവരും കരുതുന്നത്. പക്ഷേ അത് അതിന്റെ ഒരു ഭാഗം മത്രമാണ്. വാസ്തവത്തിൽ, നമ്മൾ യഥാർത്ഥത്തിൽ അവരുടെ ഉപഭോക്താവല്ല. മറിച്ച്, നമ്മൾ അവരുടെ ഉൽപ്പന്നവും പ്രാഥമിക വരുമാനമാർഗ്ഗവുമാണ്. ഇന്ന് എല്ലാം ഐ ക്‌ളൗഡ്‌ അല്ലങ്കിൽ ഗൂഗ്ൾ ഉല്പന്നങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സൗജന്യ സേവനങ്ങൾക്കെല്ലാം നമ്മൾ നൽകുന്ന ഏറ്റവും വലിയ വില നമ്മുടെ സ്വകാര്യത തന്നെയാണ്!

ഗൂഗ്ൾ ഡ്രൈവിന്റെ നിബന്ധനകൾ അംഗീകരിക്കുന്നതോടെ അതിൽ സൂക്ഷിക്കുന്ന ഫോട്ടോകളുടെയും രേഖകളുടെയും മേലുള്ള പരമാധികാരം ഗൂഗ്ളിനാണെന്ന കാര്യം നമ്മളിൽ എത്രപേർക്കറിയാം. ബിന്യാമിൻ തന്റെ 'ആട് ജവിതം' ഗൂഗ്ൾ ഡോക്സ്ഉപയോഗിച്ചണ് എഴുതിയിരുന്നതെങ്കിൽ, വേണമെങ്കിൽ പുസതകത്തിന്റെ അവകാശം ചോദിച്ച് അതിന്മേലുള്ള വരുമാനം ഗൂഗിളിന്‌ ആവശ്യപ്പെടാം!

റാൻഡ് കോർപ്പറേഷൻ അടുത്തിടെ പുറത്തുവിട്ട ഒരു പഠന വിവരമനുസരിച്ച്, സൈബർ കൃത്യങ്ങൾ കൂടുതൽ സംഘടിതമായ രീതിയിലാണ് നടക്കുന്നത്. റഷ്യ, റുമാനിയ, ലിത്‌വാനിയ, ഉക്രൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സൈബർ കുറ്റവാളികൾ ധനകാര്യ സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെങ്കിൽ ചൈനീസ് സൈബർ കുറ്റവാളികൾ ബൗദ്ധിക വിവര ചോരണത്തിൽ വിദഗ്ധരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ന് എല്ലാം ആഗോളീകരിക്കപ്പെട്ടത്‌ പോലെ സൈബർ കുറ്റകൃത്യങ്ങളും രാജ്യാന്തര ശൃംഖലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ അവധിക്കാലത്തെക്കുറിച്ചോ യാത്രയെകുറിച്ചോ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ പോസ്റ്റ് ചെയ്യുമ്പോൾ നമ്മളെ അപകടപ്പെടുത്താനുള്ള സാധ്യതകളിലേക്കുള്ള വാതിലുകൾ നമ്മളറിയാതെ തുറന്ന് വെക്കുകയാണെന്ന് ഓർമ്മ വേണം. നമ്മുടെ ചങ്ങാതിമാരെ കൂടാതെ മറ്റ് പലരും അത് കാണുന്നുണ്ടെന്നകാര്യം കൂടി പരിഗണിക്കുക. സ്വകാര്യത പ്രശ്‌നങ്ങൾക്ക് പുറമേ, പുതിയ സാങ്കേതികവിദ്യകൾ ദൂരവ്യാപകമായ മറ്റു ചില പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്നോളജി, സിന്തറ്റിക് ബയോളജി തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം മനുഷ്യരാശിയുടെ മുന്നോട്ടുള്ള പാതയെ മാറ്റി മറിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഈ സാങ്കേതികവിദ്യകളിൽ പലതും നമ്മുടെ ജീവിതത്തിൽ എത്രമാത്രം വേണമെന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ഉദാഹരണത്തിന്, ഡ്രൈവറില്ലാ കാർ നമ്മുടെ നാട്ടിൽ അടുത്ത് പുറത്തിറങ്ങുമ്പോൾ ഈ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിൽ എത്രമാത്രം സുരക്ഷിതമാണെന്ന് നമ്മൾ തന്നെ ഉറപ്പ് വരുത്തണം. എളുപ്പത്തിൽ ഹാക്കു ചെയ്യാൻ കഴിയുന്ന ഒരു സിസ്റ്റം പ്രവർത്തിപ്പിക്കുന്ന കാറിൽ നമ്മുടെ കുടുംബത്തിന്റെ ജീവിതം ഏൽപ്പിക്കാമോ? പുതിയ സാങ്കേതികതയെ കണ്ണടച്ച് സ്വീകരിക്കാതെ ഏറെ ശ്രദ്ധയോടെ വേണം ഉപയോഗിക്കേണ്ടത്.


നമ്മൾ എങ്ങനെ ജീവിക്കണം, എന്താണ് മറ്റുള്ളവരുമായി പങ്കുവെക്കേണ്ടത്, സുതാര്യതയുടെ അപകടസാധ്യതകൾ വെളിപ്പെടുത്താൻ നമ്മൾ തെരഞ്ഞെടുക്കേണ്ട മാർഗ്ഗങ്ങൾ ഏതാണ്? എന്നിവയെല്ലാം തീരുമാനിക്കാനുള്ള അവകാശം നമ്മുടെ സ്വകാര്യതയ്ക്കുണ്ട്. എന്നാൽ ഇന്നത്തെ നിരീക്ഷണ മുതലാളിത്ത കാലത്ത് ആ അവകാശങ്ങൾ നമ്മുടെ അറിവോ ധാരണയോ സമ്മതമോ ഇല്ലാതെ നമ്മളിൽനിന്നും എടുത്ത് മാറ്റുകയും നമ്മുടെ സ്വഭാവം പ്രവചിക്കാൻ രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ഉൽ‌പ്പന്നങ്ങൾ‌ പിന്നീട് "ബിഹേവിയറൽ‌ ഫ്യൂച്ചർ‌ മാർ‌ക്കറ്റുകൾ‌" എന്ന് വിളിക്കുന്ന പുതിയ മാർ‌ക്കറ്റുകളിലേക്ക് വിൽ‌ക്കപ്പെടുന്നു.

ഓരോ ഘട്ടത്തിലും, നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ജീവിതം മറ്റുള്ളവരുമായികൂടുതൽ‌ തുറന്നുകാട്ടപ്പെടുന്നു. തീരുമാന അവകാശങ്ങൾ നഷ്‌ടപ്പെടുമ്പോൾ‌, സ്വകാര്യതയും സ്വയം നിർണ്ണയാവകാശവും നഷ്ടപ്പെടും. പ്രസ്തുത അവകാശങ്ങൾ പാടെ അപ്രത്യക്ഷമാകില്ല, അവ നമ്മളിൽ നിന്നും നഷ്ടമായി മറ്റൊരു വിഭാഗത്തിന്റെ കൈകളിലേക്ക് പോകും. ഒരുകാലത്ത് നമ്മുടേതായിരുന്ന 'തീരുമാന അവകാശങ്ങൾ' സ്വരൂപിക്കുന്ന കമ്പനിയുടെ ഒരു ഉദാഹരണമാണ് ഗൂഗിള്‍. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിൽ എന്ന പോലെ പോലെ അതിന്റെ ഇന്ത്യൻ വകഭേദങ്ങൾ വേറെയും കാണും. തീരുമാന അവകാശങ്ങൾ അടിസ്ഥാനപരമായി രാഷ്ട്രീയമാണ്. അതിനാൽ ഞങ്ങൾ അധികാരപ്പെടുത്താത്ത സ്ഥാപനങ്ങളിൽ ഇവ രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണങ്ങളാണ്.

വിവര യുഗം സ്വകാര്യതയെയും സുരക്ഷയെയും അപകടത്തിലാക്കുന്നു എന്ന ധാരണ വ്യാപകമാണ്.എന്നാൽ സൈബർ സുരക്ഷയെക്കുറിച്ച് ലോകമേറെ ചർച്ച ചെയ്യുമ്പോഴും സൈബർലോകത്ത് സ്വകാര്യത സംരക്ഷിക്കപ്പെടാൻ ക്രിയാത്മകമായ ചുവടുവെപ്പുകളുണ്ടാവുന്നില്ല. സ്വകാര്യതയെ പ്രതിരോധിക്കാനും പരിരക്ഷിക്കാനും മനുഷ്യാവകാശമായി പ്രഖ്യാപിക്കാനും കഴിയുന്ന രാഷ്ട്രീയ പശ്ചാത്തലം ആഗോളതലത്തിൽ രൂപപ്പെടേണ്ടതുണ്ട്. അതല്ലങ്കിൽ വിവര യുഗത്തിലെ സ്വകാര്യത പരി രക്ഷിക്കുക എന്നത് വ്യാവസായിക യുഗത്തിലെ പരിസ്ഥിതിയുടെ സംരക്ഷണം പോലെ വെറും ജല രേഖയായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social MediaArtificial IntelligenceCyber Safety
Next Story