Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജീവന്‍ രക്ഷിക്കാത്ത...

ജീവന്‍ രക്ഷിക്കാത്ത ഒൗഷധങ്ങള്‍

text_fields
bookmark_border
ജീവന്‍ രക്ഷിക്കാത്ത ഒൗഷധങ്ങള്‍
cancel

മൈദ കലരാത്ത ഗോതമ്പുപൊടിയുള്ളത് ഏത് ബ്രാന്‍ഡിലാണ്, സാമ്പാറുണ്ടാക്കാനുള്ള പച്ചക്കറിയില്‍ കീടനാശിനിയുണ്ടോ, പാക്കറ്റ് പാലില്‍ മായമുണ്ടോ എന്നൊക്കെ ആലോചിച്ച് വേവലാതിപ്പെടുകയും വീട്ടുമുറ്റത്തെ കിണര്‍ വെള്ളം പോലും തിളപ്പിച്ചാറ്റി കുടിക്കുകയും ചെയ്യുന്ന നമ്മള്‍ രോഗശമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് എപ്പോഴെങ്കിലും അന്വേഷിച്ചു നോക്കിയിട്ടുണ്ടോ..?  പാലും പച്ചക്കറികളും മത്സ്യവും മാംസവുമെല്ലാം കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന നാം ജീവന്‍ രക്ഷക്ക് കഴിക്കുന്ന മരുന്നുകള്‍ അലസമായി ഏതെങ്കലും അലമാരിയില്‍ വെച്ച് പൂട്ടുകയോ അലക്ഷ്യമായി മേശപ്പുറത്ത് കൊണ്ടിടുകയോ ചെയ്യുകയാണ് പതിവ്.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പുലര്‍ത്തുന്ന മിനിമം ജാഗ്രത പോലും പലരും മരുന്നുകള്‍ വാങ്ങുമ്പോള്‍ പുലര്‍ത്താറില്ല എന്നതാണ് വാസ്തവം. ഇതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും അജ്ഞത തന്നെയാണ് അടിസ്ഥാന കാരണം. ഡോക്ടര്‍മാരെയും മരുന്നു കമ്പനികളെയും കണ്ണടച്ചു വിശ്വസിക്കുന്നവരാണ് സമൂഹത്തിലെ തൊണ്ണൂറു ശതമാനം പേരും. എന്നാല്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന വിലകൂടിയ മരുന്നുകള്‍ നമ്മുടെ രോഗം മാറ്റുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യുമെന്ന വിശ്വാസം അന്ധവിശ്വാസമായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി ചുറ്റിലും അരങ്ങേറുന്നത്. മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പ്രധാനപ്പെട്ട രണ്ട് വാര്‍ത്തകള്‍ ഈ അടുത്ത കാലത്തായി പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടെങ്കലും അതേക്കുറിച്ച് പ്രതികരിക്കാനോ ചര്‍ച്ച ചെയ്യാനോ നിര്‍ഭാഗ്യവശാല്‍ ആരും മുന്നോട്ട് വന്നിട്ടില്ല.

അമേരിക്ക ആസ്ഥാനമായ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (USFDA) എന്ന ഏജന്‍സി പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനമാക്കി വന്ന വാര്‍ത്തയാണ് അതിലൊന്ന്. ഇന്ത്യന്‍ വിപണികളില്‍ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന മരുന്നുകളില്‍ നല്ലൊരു ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്നായിരുന്നു ആ വാര്‍ത്തയുടെ കാതല്‍. ഫെബ്രുവരി 25 നാണ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തെ താപനില ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം വിവിധയിടങ്ങളില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന ഡ്രഗ് കണ്‍ട്രോളറുടെ മുന്നറിയിപ്പാണ് രണ്ടാമത്തെ വാര്‍ത്ത. മാര്‍ച്ച് രണ്ടാം വാരത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നത്.

ഇതില്‍ ആദ്യത്തെ വാര്‍ത്ത നമുക്കൊന്നു പരിശോധിച്ചുനോക്കാം. യു.എസ്. ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച അതിന്‍െറ വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മിച്ച മരുന്നുകള്‍ നിരസിക്കപ്പെടുകയും തിരിച്ചയക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി മുഖേന ശേഖരിച്ച മരുന്നുകളില്‍ ഭൂരിപക്ഷത്തിനും നിശ്ചിത നിലവാരമില്ലെന്ന് കണ്ടെത്തിയതായാണ് കോണ്‍ഫറന്‍സിലെ പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറ ഇന്ത്യയിലെ ഡയറക്ടര്‍ മാത്യു തോമസാണ്  ഇക്കാര്യം പറഞ്ഞത്. മരുന്നുകളുടെ കൂട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കിയ പാരസെറ്റമോള്‍ ഗുളികളില്‍ അതിലടങ്ങിയിരിക്കേണ്ട രാസപദാര്‍ഥത്തിന്‍െറ അംശം പേരിനു പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം തുറന്നടിക്കുയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതലായി വിറ്റഴിയുന്ന മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. ഗുണനിലവാരം കുറഞ്ഞതിനെ തുടര്‍ന്ന്  2014 ല്‍ ഇന്ത്യയിലെ 19 മരുന്നുകമ്പനികളെ താക്കീത് ചെയ്തുകൊണ്ട് USFDA കത്തയച്ച കാര്യവും അദ്ദേഹം പുറത്തുവിട്ടു.


ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം എത്രമാത്രം അപകടകരമായ അവസ്ഥയിലാണെന്ന് മനസ്സിലാക്കാന്‍ USFDA യുടെ കോണ്‍ഫ്രന്‍സില്‍ ഉയര്‍ന്ന  കാര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഗുണനിലവാരം കുറഞ്ഞ ചില മരുന്നുകള്‍ നിരോധിച്ചു കൊണ്ടുള്ള ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയുടെ അറിയിപ്പുകള്‍ വാര്‍ത്തകളായി ഇടക്കിടെ പത്രങ്ങളില്‍ വരാറുണ്ടെങ്കിലും ഭുരിപക്ഷം വായനക്കാരും അവയൊന്നും ശ്രദ്ധിക്കാറില്ലെന്നും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറച്ചുകാലം മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്താന്‍ തിരുവനന്തപുരത്തും എറണാകുളത്തും നിലവിലുള്ള ലബോറട്ടറികള്‍ക്ക് പുറമെ തൃശൂര്‍, കോഴിക്കോട്, കോന്നി എന്നിവിടങ്ങളില്‍ ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്സ് കൺട്രോളര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങള്‍ യാഥാര്‍ഥ്യമാവാന്‍ എത്രകാലം കാത്തിരിക്കണമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ച് എസ്.എം.എസ് സംവിധാനത്തിലൂടെ മരുന്ന് വില്‍പനക്കാരെ അറിയിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ മരുന്നുകളും പരിശോധനക്കുശേഷമേ വില്‍ക്കാവൂ എന്ന ആവശ്യം പ്രായോഗികല്ലെന്നും സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷനെ ഇതോടൊപ്പം അറിയിച്ചു. ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രം മരുന്നുകളുടെ വില്‍പനക്ക് അനുമതി നല്‍കുകയാണെങ്കില്‍ അത് മരുന്ന് ക്ഷാമത്തിന് കാരണമാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.

ദുര്‍ബല ഗര്‍ഭിണിയായപ്പോള്‍

‘സ്വതവേ ദുര്‍ബല, ഇപ്പോൾ ഗര്‍ഭിണി’ എന്ന ചൊല്ലിന് തുല്യമാണ് ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം ഈ അടുത്ത ദിവസം നല്‍കിയ മുന്നറിയിപ്പ്. സംസ്ഥാനത്തെ താപനില കുത്തനെ ഉയരുന്നത് അലോപ്പതി മരുന്നുകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നായിരുന്നു അത്. നിശ്ചിത താപനിലയില്‍ മരുന്നുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ അവയിലടങ്ങിയ രാസപദാര്‍ഥങ്ങളുടെ ഘടനയില്‍ മാറ്റം സംഭവിക്കുകയും അത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. നിര്‍മാണം കൊണ്ടുതന്നെ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഇത്തരത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക കൂടി ചെയ്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ പറയേണ്ടതില്ലല്ലോ.

ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചാല്‍ അത് രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സ്വകാര്യമേഖലയെ അപേക്ഷിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ ഇനിയും വേണ്ടത്ര കാര്യക്ഷമായിട്ടില്ല. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലെ മരുന്ന് സൂക്ഷിക്കുന്ന സംവിധാനങ്ങളും പരിമിതമാണ്. ഒന്നോ രണ്ടോ റഫ്രിജറേറ്ററുകളില്‍ ഒതുങ്ങുന്നതാണ് ഇവിടങ്ങളിലുള്ള സംവിധാനങ്ങള്‍. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന കാര്യത്തിലുള്ള ഉത്തരവാദിത്തം സംസ്ഥാന ഒൗഷധ നിയന്ത്രണ വിഭാഗത്തിനാണെങ്കിലും ഇക്കാര്യത്തില്‍ അവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കേരള ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ പറയുന്നത്.

നിലവില്‍ എല്ലാ ഒൗഷധ നിര്‍മാണ കമ്പനികളും അവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സൂക്ഷിക്കേണ്ട താപനിലയും മറ്റും പാക്കറ്റുകളുടെ മുകളിലും ലേബലുകളിലും പ്രിന്‍റ് ചെയ്യാറുണ്ടെങ്കിലും അവയെല്ലാം അതിന്‍െറ ഗൗരവത്തിലെടുക്കാന്‍ ഇനിയും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. പനി വന്നാല്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍ സിറപ്പ് മുതല്‍ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവക്ക് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകളും വലിയൊരളവ് ആന്‍റിബയോട്ടിക്കുകളും 30 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. ആസ്തമ, അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതേ താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. ഇത്തരത്തില്‍ ഓരോ തരത്തിലുള്ള ഒൗഷധം സൂക്ഷിക്കുന്നതിനും വ്യത്യസ്തമായ താപനില ആവശ്യമാണെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും നിര്‍മാണ മേഖലയില്‍ നിന്ന് ലോറികളിലും മറ്റും പൊരിവെയിലില്‍ ചുട്ടുപഴുത്താണ് ഇവ റോഡ് മാര്‍ഗം വിതരണക്കാരന്‍െറ പക്കലെത്തുന്നത്.

ഇത്തരത്തില്‍ നിര്‍ദിഷ്ട താപനിലയില്‍ സൂക്ഷിക്കാതെ ദിവസങ്ങളെടുത്താണ് പല മരുന്നുകളും ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നത്. ഇങ്ങിനെയുള്ള യാത്രയില്‍തന്നെ പല മരുന്നുകളുടെയും ഗുണനിലവാരം ഗണ്യമായി നഷ്ടപ്പെടുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഗോഡൗണുകളിലും മറ്റും താപനിയന്ത്രണമില്ലാതെ ഇവ അലക്ഷ്യമായി സൂക്ഷിക്കുന്നത്. ഇതുകൊണ്ടൊക്കത്തെന്നെയാണ് ഒരു ഡോക്ടര്‍ എഴുതിയ മരുന്ന് കഴിച്ചിട്ടും മാറാത്ത രോഗം മറ്റൊരു ഡോക്ടര്‍ ഇതേ മരുന്ന് ബ്രാന്‍ഡ് മാറി എഴുതുമ്പോള്‍ ഭേദമാവുന്നത്. ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം മരുന്നുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിക്കാത്തതുമൂലം അവ ഉപയോഗിക്കുന്ന വ്യക്തികളില്‍ രോഗശാന്തിക്ക് താമസമുണ്ടാക്കുകയോ രോഗം ഗുരുതരമാവാന്‍ ഇടവരുത്തുക്കയോ ചെയ്യാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആന്‍റിബയോട്ടിക്കുകള്‍ കൃത്യമായ അളവില്‍ രോഗിയുടെ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അവിടെയുള്ള രോഗാണുക്കള്‍ ഒൗഷധ പ്രതിരോധം കൈവരിക്കുകയും ചികിത്സ കൂടുതല്‍ സങ്കിര്‍ണമാക്കുകയും ചെയ്യുമെന്ന് പഠനങ്ങളും പറയുന്നു.

മരുന്നുകളുടെ ഗുണനിലവാരം നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അധികാരം അതാത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്സ് കണ്‍ട്രോളര്‍ അതോറിറ്റിക്കും മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടത്താനും അംഗീകാരം നല്‍കാനുമുള്ള അധികാരം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കുമാണ്. എന്നാല്‍ രാജ്യത്ത് വിപണിയിലുള്ള ലക്ഷക്കണക്കിന് മരുന്നുകളുടെ ഗുണപരിശോധനകള്‍ കൃത്യമായി നടത്താന്‍ ശേഷിയുള്ള സാങ്കതേിക സംവിധാനങ്ങള്‍ ഇനിയും നിലവിലില്ലാത്ത അവസ്ഥയാണ്. വിവിധ സംസ്ഥാനങ്ങളിലായി ചെറുതും വലുതുമായ പതിനായിരത്തിലധികം മരുന്നുല്‍പ്പാദന കമ്പനികളാണ് രാജ്യത്ത് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ മിക്കകമ്പനികളും ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവയാണെന്ന് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ മേഖലയിലുള്ളവര്‍ക്കും പകല്‍പോലെ വ്യക്തവുമാണ്.

ഉല്‍പ്പാദന ചെലവിന്‍െറ എത്രയോ ഇരട്ടി വിലയാണ് കമ്പനികള്‍ രോഗികളില്‍ നിന്ന് ഓരോ മരുന്നിനും ഈടാക്കുന്നത്. ഇങ്ങിനെ ലഭിക്കുന്ന ലാഭത്തില്‍ നല്ലൊരു ശതമാനം ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കീശയിലേക്കാണ് ഒഴുകുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്ന രഹസ്യവുമാണ്. ഒരേ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് വിവിധ കമ്പനികള്‍  വ്യത്യസ്ത വിലകള്‍ ഇടാക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചാല്‍ ഈ രംഗത്ത് നടക്കുന്ന അഴിമതി വ്യക്തമാകും. തന്നെ സമീപിക്കുന്ന രോഗിയുടെ ആരോഗ്യത്തേക്കാള്‍ തനിക്ക് ലഭിക്കുന്ന കമീഷനില്‍ കണ്ണുനട്ടിരിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നേടത്തോളം കാലം മരുന്നുകളുടെ ഗുണനിലവാരം ഏതെങ്കിലും തരത്തില്‍ ഉയരുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctordrugsmedicineUSFDA
News Summary - banned medicines indian medical field
Next Story