കാത്തിരിക്കുന്ന ദുരന്തങ്ങൾ!
text_fieldsറഷ്യ-യുക്രെയ്ൻ യുദ്ധം ചൈനയുടെ മുന്നിൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. റഷ്യയുടെ ശക്തിക്ഷയം, മോസ്കോയെ പാശ്ചാ ത്യശക്തികളിൽനിന്നും അകറ്റുന്നതിനും ബെയ്ജിങ്ങുമായി അടുപ്പിക്കുന്നതിനും കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈന ആഗ്രഹിക്കുന്നതും ഇതുതന്നെ. കുറച്ചു കാലമായി ബെയ്ജിങ് പിന്തുടരുന്ന നയം തന്നെയാണത്. യുദ്ധം രാഷ്ട്രീയ, സാമ്പത്തിക, സൈനിക രംഗങ്ങളിലെല്ലാം പുതിയ ചലനങ്ങൾ ഉളവാക്കിയിട്ടുണ്ട്
അന്താരാഷ്ട്രകാര്യ വിദഗ്ധനായ. ഫ്രഞ്ച് നയതന്ത്ര ശാസ്ത്രജ്ഞൻ ബെട്റാൻഡ് ബാഡിയുടെ അഭിപ്രായത്തിൽ 2022-നെ പിടിച്ചുലച്ച നാലു സംഭവങ്ങൾ ഇപ്പോഴും ലോകത്തെ പിന്തുടരുന്നുണ്ട്! അവയിലൊന്നാമത്തേത്, അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങിയതാണ്.
രണ്ടാമത്തേത്, 2022 ഫെബ്രുവരിയിൽ തുടങ്ങി ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം! മറ്റൊന്ന്, ചൈനയുടെ സൈനികവും നയതന്ത്രപരവുമായ സമ്പർക്കങ്ങളിൽ വന്ന മാറ്റമാണ്! അവസാനമായി, ആഗോളാടിസ്ഥാനത്തിൽ വലതുപക്ഷതീവ്രവാദം കൈവരിച്ചുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങൾ.
അഫ്ഗാനിസ്താനിൽനിന്ന് പരാജിതരെപ്പോലെ അമേരിക്ക പിൻവാങ്ങിയതാണ് റഷ്യക്ക് യുെക്രയ്നെ ആക്രമിക്കാൻ ധൈര്യം നല്‍കിയതെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിപ്രായം. മറ്റൊരുവിധം പറഞ്ഞാൽ, ഇനിയൊരു യുദ്ധത്തിന് അടുത്തൊന്നും അമേരിക്ക സന്നദ്ധമാവുകയില്ലെന്ന് ലോകരാഷ്ട്രങ്ങൾ മനസ്സിലാക്കിയെന്നു സാരം.
വർഷങ്ങൾക്കു മുമ്പ് റഷ്യയിലെ അമേരിക്കൻ അംബാസഡറായിരുന്ന ജോർജ് എഫ്. കനാൻ ‘റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളും’(Russia and the West) എന്ന ഗ്രന്ഥത്തിൽ നാറ്റോ സഖ്യം കിഴക്കോട്ട് വിപുലീകരിക്കപ്പെടുന്നതിലൂടെ പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് ഒരു നേട്ടവും ലഭിക്കാനില്ലെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. അത് സംഘര്‍ഷങ്ങൾക്കും സംഘട്ടനങ്ങൾക്കും നാന്ദി കുറിക്കുമെന്നും അദ്ദേഹം താക്കീത് നല്‍കി.
ഇപ്പോൾ സംഭവിച്ചിരിക്കുന്നതും അതുതന്നെ! റഷ്യൻ ആക്രമണത്തിൽ യുെക്രയ്ൻ തകര്‍ന്നു കൊണ്ടിരിക്കുന്നു. യുദ്ധത്തിന് വേദിയൊരുക്കിയ യൂറോപ്യൻ രാഷ്ട്രങ്ങളാകട്ടെ സാമ്പത്തികത്തകർച്ചയാൽ തകർന്നടിയുന്നു. ഇന്ധനപ്രതിസന്ധി, അഭയാർഥിപ്രവാഹം, തൊഴിൽ രാഹിത്യം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ അവരെ വരിഞ്ഞുമുറുക്കുന്നു!
അമേരിക്കയും റഷ്യയും തമ്മിലെ ബലാബലം ഏഷ്യാവൻകരയെ സൈനിക പരീക്ഷണങ്ങൾക്കുള്ള വേദിയാക്കിമാറ്റിയിരിക്കുന്നു. ഇങ്ങനെയൊരു യുദ്ധം ചൈനയും തായ്‍വാനും തമ്മിലും നടക്കാനിരിക്കുന്നതായി പ്രവചിക്കുന്നവരുമുണ്ട്.
ഇതോടെ ഏഷ്യയും യുദ്ധമേഖലയായി മാറും. അമേരിക്ക തായ്‍വാനിലേക്ക് യുദ്ധസാമഗ്രികളും ആയുധങ്ങളും കയറ്റിയയക്കുകയാണെന്ന് റിപ്പോർട്ടുകൾ കാണുന്നു. ചൈനയുടെ താക്കീതുകളും തായ്‍വാന്റെ പ്രതികരണങ്ങളും കൂട്ടിവായിക്കുമ്പോൾ യുദ്ധം പടിവാതിലിലെത്തിയെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
അമേരിക്കൻ പ്രതിനിധിസഭ സ്പീക്കറായിരുന്ന നാൻസി പെലോസി ചൈനയുടെ താക്കീതുകൾ അവഗണിച്ച് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടത്തിയ തായ്‍വാൻ സന്ദര്‍ശനം വലിയ കോളിളക്കം സൃഷ്ടിച്ചത് ഓർക്കുമല്ലോ.
അമേരിക്ക തായ്‍വാനെ പിന്തുണക്കുന്നതും അവർക്ക് ആയുധങ്ങൾ നല്‍കുന്നതും ഭീഷണിയായി കരുതുന്ന ചൈന, പെലോസി സ്ഥലം വിട്ടയുടനെ തായ്‍വാൻ കടലിടുക്കിനു ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തി തായ്‍വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന പ്രഖ്യാപനം ആവർത്തിച്ചു.
അവർ തായ്പേയിയുടെ ആകാശത്തുകൂടി മിസൈലുകൾ തൊടുത്തു വിട്ടു, ഡ്രോണുകൾ പറത്തി, പടക്കപ്പലുകൾ പായിച്ചു. അങ്ങനെ ഒരു യുദ്ധപ്രതീതി സൃഷ്ടിക്കപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ അർധചാലക ചിപ്പ് (semiconductors) ഉൽപാദന കേന്ദ്രമാണ് തായ്‍വാൻ. അതിനാൽ, തായ്‍വാനു നേരെയുള്ള ആക്രമണം ലോക സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിച്ചേക്കും. മിക്ക രാഷ്ട്രങ്ങൾക്കുമെന്നതുപോലെ അമേരിക്കക്കും തായ്‍വാനുമായി നയതന്ത്ര ബന്ധമില്ലെന്നാണ് അറിയുന്നത്.
എന്നാൽ, ചൈനയുടെ ആക്രമണമുണ്ടായാൽ അമേരിക്ക സൈനികമായി ഇടപെടുമെന്നും തായ്‍വാനെ രക്ഷിക്കുമെന്നും 2022 സെപ്റ്റംബറിൽ ബൈഡൻ പ്രസ്താവിക്കുകയുണ്ടായി! എന്നാൽ, തായ്‍വാനെ വരുതിയിലാക്കാൻ ചൈന സൈനികമായി ഇടപെടുമോ ഇല്ലയോ എന്ന് ഇതുവരെയും വ്യക്തമായി പറഞ്ഞിട്ടില്ല.
റഷ്യ-യുക്രെയ്ൻ യുദ്ധം ചൈനയുടെ മുന്നിൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. റഷ്യയുടെ ശക്തിക്ഷയം, മോസ്കോയെ പാശ്ചാത്യശക്തികളിൽ നിന്നും അകറ്റുന്നതിനും ബെയ്ജിങ്ങുമായി അടുപ്പിക്കുന്നതിനും കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൈന ആഗ്രഹിക്കുന്നതും ഇതുതന്നെ! കുറച്ചു കാലമായി ബെയ്ജിങ് പിന്തുടരുന്ന നയം തന്നെയാണത്. യുദ്ധം രാഷ്ട്രീയ, സാമ്പത്തിക, സൈനിക രംഗങ്ങളിലെല്ലാം പുതിയ ചലനങ്ങൾ ഉളവാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിനും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമായ നയം സ്വീകരിച്ചുകൊണ്ട് മാറിനില്‍ക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇത് അമേരിക്കയും യൂറോപ്പും മനസ്സിലാക്കുകയാണ്.
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള അവിഭാജ്യ ഘടകമാണത്. എന്നാൽ, 2010- മധ്യം മുതലേ ലോകവ്യാപകമായി വലതുപക്ഷ തീവ്രവാദം ശക്തമായിവരുകയാണ്. അതുവരെയും ആഗോളീകരണത്തെ പാടിപ്പുകഴ്ത്തിയവരൊക്കെയും പിറകിലേക്ക് തള്ളപ്പെടുന്നു. വലതുപക്ഷ കക്ഷികൾ അധികാരത്തിലേറുന്നു.
എല്ലാ വലതുപക്ഷ തീവ്രവാദവും ഒരേ രാഷ്ട്രീയ വിചാരധാര ഉൾക്കൊള്ളുന്നുവെന്നു പറയുന്നത് കാര്യങ്ങൾ ലളിതവത്കരിക്കുകയാകും! എന്നാൽ, എല്ലാ വലതുപക്ഷ കക്ഷികൾക്കും അവയെ കോർത്തിണക്കുന്ന ചില പൊതു ഘടകങ്ങൾ ഉണ്ടെന്നത് ശരിയാണ്.
ജനപിന്തുണ നേടാനായി ദേശീയവികാരം ഉജ്ജീവിപ്പിക്കുന്നതിലാണ് ഈ പാർട്ടികളെല്ലാം ഊന്നുന്നത്. ഇവരിൽ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രതികാരത്തിന്റെ പ്രത്യയശാസ്ത്രം വളർന്നുവരുന്നതായി കാണുന്നു.
മത-രാഷ്ട്ര സങ്കൽപങ്ങളൊക്കെയും മനുഷ്യരെ സ്നേഹിക്കുന്നതിനും കൂട്ടിയിണക്കുന്നതിനും സഹായിക്കുമ്പോൾ വലതുപക്ഷ തീവ്രവാദം പരസ്പരം വെറുപ്പ് ഉൽപാദിപ്പിക്കുന്നതിന് ശ്രമിക്കുകയാണ്. 2016ൽ ബ്രിട്ടനിൽ, ബ്രെക്സിറ്റ് അംഗീകാരം നേടി. അമേരിക്കയിൽ, ഡോണൾഡ് ട്രംപ് അധികാരത്തിലേറി.
ട്രംപിന്റെ ഭരണകാലം വർണവെറിയുടെ പേരിലുള്ള അക്രമങ്ങൾക്ക് കുപ്രസിദ്ധമായിരുന്നല്ലോ. പരാജയപ്പെട്ട ട്രംപും അനുയായികളും ‘കാപിറ്റോൾ ഹിൽ’സിൽ കാട്ടിക്കൂട്ടിയ അക്രമങ്ങൾ മറക്കാവതല്ല. പരാജിതനായ ജെയർ ബോൾസൊനാറോ (Jair Bolsonaro) ബ്രസീലിൽ കാഴ്ചവെച്ചതും അതുതന്നെ! തീവ്രവലതുപക്ഷം ഫാഷിസവുമായി രാജിയാകുമ്പോൾ അത് സ്വാതന്ത്ര്യംതന്നെ അപകടത്തിലാക്കുന്നു.
ജനാധിപത്യം ജനങ്ങൾക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നതിനാണെന്ന യാഥാർഥ്യം രാഷ്ട്രീയ നേതാക്കൾക്ക് ബോധ്യപ്പെടുകയും അതിനായി അർപ്പണബോധത്തോടെയും രാജ്യസ്നേഹത്തോടെയും അവർ പ്രവര്‍ത്തന നിരതരാവുകയും ചെയ്താൽ മാത്രമേ ലോകവും ലോകരും വലതുപക്ഷ തീവ്രവാദത്തിൽ നിന്നും ഫാഷിസ്റ്റ് കക്ഷികളിൽനിന്നും രക്ഷപ്പെടുകയുള്ളൂ!