Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്ത്യക്കിപ്പോൾ...

ഇന്ത്യക്കിപ്പോൾ വേണ്ടത്​ മണ്ഡല പുനർനിർണയമല്ല

text_fields
bookmark_border
ഇന്ത്യക്കിപ്പോൾ വേണ്ടത്​ മണ്ഡല പുനർനിർണയമല്ല
cancel

ഈയിടെ ഉദ്​ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെൻറ്​ മന്ദിരത്തിൽ 888 സീറ്റുകളുണ്ട്​. അതൊരു നിസ്സാര വിവരമല്ലേ എന്ന്​ തോന്നാമെങ്കിലും ഒരു രാഷ്​ട്രീയ ഹിമപാതം സൃഷ്​ടിക്കാനുള്ള കരുത്തുണ്ടെന്ന്​ മനസ്സിലാക്കുക​. അടുത്ത തവണ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുന്നതിനൊപ്പം ഓരോ സംസ്ഥാനത്തിലെയും സീറ്റുകളുടെ എണ്ണവും പുനഃക്രമീകരിക്കാൻ ബി.ജെ.പിക്ക്​ വലിയ താൽപര്യമുണ്ടെന്ന ഊഹാപോഹവും സജീവമായിട്ടുണ്ട്. അത്​ വെറുമൊരു ഊഹമല്ല, സാധ്യതതന്നെയാണ്​.

543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ട രണ്ട്​ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുമാണ്​ നിലവിൽ ലോക്​സഭയുടെ അംഗബലം. ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന പരമാവധി സീറ്റുകളുടെ എണ്ണം 552 ആണ്​. ഈ സീറ്റുകൾ ജനസംഖ്യവിഹിതാനുസരണം വിവിധ സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണം എന്നത്​ ആർട്ടിക്കിൾ 81 വിശദീകരിക്കുന്നുമുണ്ട്​. അപ്പോൾ ചോദ്യമിതാണ്​: രാജ്യ ജനസംഖ്യയിൽ വിവിധ സംസ്ഥാനങ്ങളുടെ പങ്ക് മാറ്റത്തിന് വിധേയമാകുമ്പോൾ എന്ത് സംഭവിക്കും?

പത്തുവർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്​ ആനുപാതികമായി ഒരു പുനഃപരിശോധനക്ക്​ ഭരണഘടന വ്യവസ്​ഥ ചെയ്യുന്നുണ്ട്​. 1961ലെയും 1971ലെയും ജനസംഖ്യാ കണക്കെടുപ്പിന്​ ശേഷം അതിൻപ്രകാരം മണ്ഡല പുനർവിഭജനം നടത്തുകയുണ്ടായി. എന്നാൽ, 1976ൽ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അത്​ അവസാനിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സീറ്റ്​ വിഹിതം 2001ലെ സെൻസസ് കഴിയുംവരെ മരവിപ്പിച്ചതായി വ്യവസ്​ഥ ചെയ്​തു. പിന്നീടത്​ 2026 കഴിയുംവരെ നീട്ടി.

ഈ മരവിപ്പിക്കൽ തീരുമാനം നിലനിൽക്കുമെന്നാണ്​ അവസാനത്തെ വിപുലീകരണശേഷം പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്​. എന്നാൽ, പുതിയ സീറ്റുകൾ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കുന്നതിൽ അതീവ താൽപര്യമാണ്​ ബി.ജെ.പി പ്രകടിപ്പിക്കുന്നത്​. ഒന്നുകിൽ ചില സംസ്​ഥാനങ്ങൾക്ക്​ അധികം സീറ്റ്​ അനുവദിക്കുന്നതിനായി മറ്റു ചില സംസ്​ഥാനങ്ങളിലെ ലോക്​സഭ സീറ്റുകൾ വെട്ടിച്ചുരുക്കിയേക്കാം. അതല്ലെങ്കിൽ ലോക്​സഭയുടെ അംഗസംഖ്യ വർധിപ്പിച്ച്​ ഒരു സംസ്​ഥാനത്തി​ന്റെയും സീറ്റുകളിൽ കുറവുവരുത്താതെ ജനസംഖ്യാവർധനയുള്ള ചില സംസ്​ഥാനങ്ങൾക്ക്​ അധിക സീറ്റുകൾ നൽകിയേക്കാം.

കേരളത്തിനിപ്പോഴുള്ള 20 സീറ്റുകൾ നിലനിർത്തിനൽകാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ടാമത്​ പറഞ്ഞ രീതി പ്രകാരം ലോക്‌സഭയുടെ അംഗസംഖ്യ 850 സീറ്റുകൾക്കപ്പുറം വികസിപ്പിക്കേണ്ടതുണ്ട്. പുതിയ മന്ദിരത്തിലെ സീറ്റുകളുടെ എണ്ണക്കൂടുതൽ കാണു​മ്പോൾ ബി.ജെ.പി എന്തൊക്കെയോ കോപ്പുകൂട്ടുന്നുണ്ട്​ എന്ന ഊഹം ബലപ്പെടാനും കാരണമിതാണ്​.

ഹിന്ദി ഹൃദയഭൂമിയുടെ ഭൂരിപക്ഷം

ഈ നിർദേശത്തിന്​ വലിയ പ്രത്യാഘാത സാധ്യതകളുണ്ട്​. 2026ൽ ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയുടെ ആനുപാതികമായി ലോക്‌സഭ സീറ്റുകൾ പുനർനിർണയിക്കപ്പെട്ടാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെല്ലാംതന്നെ വൻ നഷ്​ടമാണ്​ സംഭവിക്കുക. ഏറ്റവും വലിയ നഷ്​ടക്കാർ കേരളമല്ലാതെ മറ്റാരുമാവില്ല. നിലവിലെ 20 സീറ്റുകളിൽനിന്ന്​ എ​ട്ടെണ്ണം കുറഞ്ഞേക്കും.

മറ്റു പ്രധാന നഷ്​ടക്കാരായ സംസ്​ഥാനങ്ങളും അവർക്ക്​ നഷ്​ടമായേക്കാവുന്ന സീറ്റുകളും ഇനി പറയുന്നു. തമിഴ്​നാട്​ (എട്ട്​​), ആന്ധ്ര+തെലങ്കാന (എട്ട്​), പശ്ചിമബംഗാൾ (നാല്), ഒഡിഷ (മൂന്ന്​), കർണാടക (രണ്ട്​), പഞ്ചാബ്​, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ് ​(ഒന്നുവീതം) സീറ്റുവർധനാനേട്ടമുണ്ടാക്കുന്നത്​ മുഴുവൻ വടക്കേ ഇന്ത്യയിലെ ഹിന്ദി സംസ്​ഥാനങ്ങളാണ്​. ഉത്തർപ്രദേശ് ​(11 സീറ്റ്​), ബിഹാർ (10), രാജസ്​ഥാൻ (ആറ്​), മധ്യപ്രദേശ്​ (നാല്​) എന്നിങ്ങനെയാണ്​ മാറ്റം. ഡൽഹി, ഹരിയാന, ഗുജറാത്ത്​, ഛത്തിസ്​ഗഢ്​, ഝാർഖണ്ഡ്​ സംസ്​ഥാനങ്ങൾക്ക്​ ഓരോ സീറ്റ്​ വീതം വർധിക്കും. മഹാരാഷ്​ട്ര, അസം, ജമ്മു-കശ്​മീർ എന്നിവിടങ്ങളിൽ സീറ്റുനിലയിൽ മാറ്റമുണ്ടാവില്ല.

ജനസംഖ്യാനുപാതികമായി സീറ്റുകൾ പുനർവിതരണം നടത്തിയാൽ ഹിന്ദി സംസ്ഥാനങ്ങൾക്ക് ഇതരസംസ്ഥാനങ്ങളുടെ ചെലവിൽ 33 സീറ്റുകളുടെ ​നേട്ടമുണ്ടാകും. ഇവിടെയാണ്​ പ്രശ്​നത്തി​ന്റെ മർമം. ഇപ്പോൾ തന്നെ ആകെയുള്ള 543 സീറ്റിൽ 259 എണ്ണവും ‘ഹിന്ദി ഹൃദയഭൂമി’യിലാണ്​​.

സീറ്റുകൾ കുറക്കാതെ അംഗസംഖ്യ 848 ആക്കി ഉയർത്തി ജനസംഖ്യാനുപാതിക വർധന വരുത്തിയാലോ? കേരളത്തി​ന്റെ 20​ നിലനിൽക്കും. അതേസമയം, യു.പിയുടെ വിഹിതം 143ഉം ബിഹാറി​ന്റേത്​ 79ഉം രാജസ്​ഥാ​ന്റെ സീറ്റുകൾ 50ഉം ആയി ഉയരും. ഇതുകൊണ്ട്​ ആർക്കാണ്​ നേട്ടമുണ്ടാവുക എന്നത്​ ആലോചിച്ച്​ തലപുണ്ണാക്കേണ്ടതില്ലല്ലോ.നേരുപറഞ്ഞാൽ ഈ നിർദേശം യുക്​തിരഹിതമൊന്നുമല്ല, മറിച്ച്​ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന പരമോന്നത ജനാധിപത്യ തത്ത്വത്തിന് അനുസൃതമാണുതാനും.

നിലവിലെ സീറ്റുനിർണയ രീതി ആ തത്ത്വത്തിന്​ എതിരാണെന്നും വേണമെങ്കിൽ വാദിക്കാം. യു.പിയിലെ 30 ലക്ഷം ആളുകൾക്ക്​ ഒരു പാർലമെൻറ് അംഗമാണുള്ളതെങ്കിൽ തമിഴ്​നാട്ടിലെ 18 ലക്ഷം പേർക്ക്​ ഒരു ലോക്​സഭാംഗമുണ്ടെന്ന്​ പറയാം. അത്തരം സാഹചര്യം പരിഗണിച്ചാണ്​ പത്തു വർഷം കൂടുമ്പോൾ പുനരവലോകനം നടത്താൻ ഭരണഘടന വ്യവസ്​ഥ ചെയ്​തത്​. സാധാരണഗതിയിൽ ഒരു ജനാധിപത്യവാദി ഇത്തരം വ്യവസ്​ഥയെയും മണ്ഡല പുനർവിന്യാസത്തെയും പിന്തുണക്കുകയാണ്​ വേണ്ടത്​.

കുടുംബാസൂത്രണ പദ്ധതികൾ വിജയകരമായി നടപ്പാക്കി സംസ്​ഥാനങ്ങൾക്ക്​ ദോഷമായി മാറുമെന്നുള്ള, മണ്ഡല പുനർവിന്യാസത്തിനെതിരെ ഉയരുന്ന ഏറ്റവും വലിയ വാദം മോശമായ ഒന്നാണ്​.ജനന-മരണനിരക്കുകളിലെ പ്രവണതകൾ സമൃദ്ധിയുടെയും സാക്ഷരതയുടെയുമെല്ലാം ഭാഗമായി രൂപപ്പെടുന്നതാണ്​. അല്ലാതെ കേവലമൊരു കുടുംബാസൂത്രണ നയം കൊണ്ട്​ സംഭവിക്കുന്നതല്ല. മാത്രമല്ല, ഈ വാദഗതി പട്ടികജാതി-വർഗങ്ങൾ, ദലിതുകൾ, മുസ്​ ലിംകൾ, ദരിദ്രർ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെയും ഉപയോഗിക്കപ്പെ​ട്ടേക്കാം. ആഗോളതലത്തിൽ സംസാരിക്കു​മ്പോൾ ഇന്ത്യപോലുള്ള ദരിദ്രരാജ്യങ്ങൾക്കെതിരെയും.

നിർദേശം ഫെഡറൽ തത്ത്വങ്ങൾക്കെതിര്​

ഈ നീക്കം എതിർക്കപ്പെടേണ്ടതി​ന്റെ ഏറ്റവും വലിയ കാരണം അത്​ ഭരണഘടനയുടെ അടിസ്​ഥാനഘടനയായി അംഗീകരിക്കപ്പെട്ട ഫെഡറൽ സംവിധാനത്തിന്​ വിരുദ്ധമാണ്​ എന്നതാണ്​. ഈ വിലപേശലിൽ നേട്ടമുണ്ടാക്കുന്നവരും നഷ്​ടംപറ്റുന്നവരും സമകാലിക ഇന്ത്യയിലെ ഭൂമിശാസ്ത്രപരവും ഭാഷാപരവും സാമ്പത്തിക-രാഷ്ട്രീയപരവുമായ ഭിന്നരേഖയുടെ രണ്ട് വശങ്ങളിൽ കുടികൊള്ളുന്നവരാണ്​.

നേട്ടക്കാരെല്ലാം ഇന്ത്യയുടെ വടക്കുഭാഗങ്ങളിലാണ്​. നഷ്​ടക്കാരാവ​ട്ടെ, തെക്കും കിഴക്കും കഴിയുന്നവർ. നേട്ടമുണ്ടാക്കുന്നവർ ഭൂരിഭാഗവും ഹിന്ദി സംസാരിക്കുന്നവർ. അഹിന്ദിക്കാർ (ഒഡിയ, ബംഗാളി, പഞ്ചാബി ഉൾപ്പെടെ) നഷ്​ടവശത്താണ്​.സാമ്പത്തികവളർച്ചയുടെ എൻജിനുകളായി വിലയിരുത്തപ്പെടുന്ന ഈ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ വിവേചനപരമായ നികുതിവ്യവസ്ഥയാണ്​ നിലനിൽക്കുന്നത്​ എന്ന വൈമുഖ്യം പുലർത്തുന്നവരാണ്​. വിശിഷ്യാ ജി.എസ്​.ടി നിലവിൽവന്നശേഷം.

അവസാനമായി, കൂടുതൽ സീറ്റുകൾ സ്വന്തമാവാൻ സാധ്യതയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും (അല്ലെങ്കിൽ പ്രത്യയശാസ്ത്രപരമായി പ്രാദേശികമല്ലാത്ത സംസ്ഥാന പാർട്ടികൾ) തമ്മിൽ നേർക്കുനേരാണ്​ മത്സരം. അതേസമയം നഷ്​ടം പറ്റുന്ന സംസ്ഥാനങ്ങളിലധികവും പ്രാദേശിക പാർട്ടികൾക്ക്​ ആധിപത്യമുള്ളവയാണ്​.

ഈ ഘടകങ്ങൾ പാരസ്​പര്യത്തോടെ വന്നിരുന്നുവെങ്കിൽ അത് വൈവിധ്യങ്ങളുടെ രാഷ്ട്രീയ മാനേജ്മെന്റിനെ സഹായിക്കുമായിരുന്നു. എന്നാൽ, ഒന്ന്​ മറ്റൊന്നിനുമേൽ കവിഞ്ഞുകിടക്കുന്നത്​ നല്ല കാര്യമല്ല. ഈ പശ്ചാത്തലത്തിൽ ജനസംഖ്യാടിസ്ഥാനത്തിലെ സീറ്റുവിഭജനം ഇതിനകംതന്നെ അമിതമെന്ന്​ വിലയിരുത്തപ്പെടുന്ന ഉത്തരേന്ത്യൻ​​/ ഹിന്ദി ആധിപത്യം എന്ന ധാരണയെ ശക്​തിപ്പെടുത്തും.

ഏതെങ്കിലും ഘടകത്തിന്​ മറ്റൊന്നിനുമേൽ ആധിപത്യമില്ല എന്നതുൾപ്പെടെ ഇന്ത്യൻ യൂനിയനെ ബന്ധിപ്പിച്ചുനിർത്തുന്ന ഒരു അലിഖിത ഫെഡറൽ ഉടമ്പടിയുടെ ലംഘനമാകുമിത്​. അതുപോലെ, സഭയിൽ ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സംഖ്യാപരമായ മുൻതൂക്കം ഫെഡറൽ തുല്യതക്ക്​ ഭീഷണിയാവും.

ഒരു മുറിവുകൂടി താങ്ങാനാവില്ല

രാഷ്ട്രീയം എന്നത് ഒരൊറ്റ തത്ത്വത്തിന്റെ ലളിത പ്രയോഗമല്ല. ഗൗരവമേറിയ ഏതൊരു ധാർമിക തെരഞ്ഞെടുപ്പിലും തത്ത്വങ്ങൾക്കിടയിൽ തീർപ്പുകൽപിക്കപ്പെടേണ്ടതുണ്ട്​. ഈ വിഷയത്തിൽ ജനാധിപത്യ തത്ത്വത്തേക്കാൾ തൂക്കം കൽപിക്കേണ്ടത്​ ഫെഡറൽ തത്ത്വത്തിനാണ്​. നമ്മുടെ രാജ്യം എത്തിനിൽക്കുന്ന ഈ ചരിത്രസന്ധിയിൽ ഫെഡറൽ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകതന്നെ വേണം.

ഈ ഘട്ടത്തിൽ ഒരുവിസമ്മതം അല്ലെങ്കിൽ അവ്യക്തതപോലും ഇന്ത്യയുടെ ഐക്യത്തെ തകർക്കും. പ്രത്യേകിച്ച്,​ നമ്മുടെ ദേശീയ ഐക്യം കനത്ത വർഗീയ അതിക്രമത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ. ഒരു ഹ്രസ്വകാല തെരഞ്ഞെടുപ്പ്​ പ്രലോഭനത്തി​നുവേണ്ടി ഇന്ത്യ എന്ന സമൂഹത്തിന്​ മേൽ ഒരു മുറിവുകൂടി സൃഷ്​ടിക്കുന്ന നടപടിക്ക്​ ബി.ജെ.പി വഴങ്ങില്ല എന്ന്​ നമുക്ക്​ പ്രത്യാശിക്കാം.

(പ്രമുഖ തെരഞ്ഞെടുപ്പ്​ വിശകലന വിദഗ്​ധനും ആക്​ടിവിസ്​റ്റുമായ ലേഖകൻ theprint.inൽ എഴുതിയതി​ന്റെ സംഗ്രഹ വിവർത്തനം​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiaconstituency redistricting
News Summary - at this time not need constituency redistricting For India
Next Story