അവരെ പൊരിവെയിലിൽ നിർത്തിയിട്ട് എന്തു വനിതദിനം?
text_fieldsആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കുക എന്നതാണ് കേരളത്തില്‍ ഇത്തവണ വനിതദിനത്തില്‍ ചെയ്യേണ്ട പ്രഥമകാര്യം. അവര്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്. വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് സര്‍ക്കാർ ചര്‍ച്ചക്ക് തയാറാകണം, മുഖ്യമന്ത്രിതന്നെ നേരിട്ട് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികളെ കണ്ടു സംസാരിക്കണം. കഴിയുന്നത്ര ആനുകൂല്യങ്ങളും വേതന വര്‍ധനയും നല്‍കുകയാണ് വേണ്ടത്. കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നല്ല പ്രവര്‍ത്തനത്തിലൂടെ ചേര്‍ത്തുപിടിച്ച ഒരു തൊഴില്‍ മേഖലയെ, അവിടെ അഹോരാത്രം പണിയെടുക്കുന്ന അമ്മമാരെയും സഹോദരിമാരെയും വെയിലത്തും മഴയത്തും നിര്‍ത്തിയിട്ട് എന്തു വനിതദിനം?
സമസ്ത തൊഴില്‍ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുവരുന്നുവെന്നത് സമൂഹവും സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും അതിഗൗരവമായി കാണേണ്ട വിഷയമാണ്. ജനസംഖ്യയില്‍ പുരുഷന്മാരെക്കാള് വനിതകളുള്ള സംസ്ഥാനം, സ്കൂള്‍ പഠനത്തിലും സാക്ഷരതയിലും രാജ്യത്ത് മുന്നില്‍. ഉന്നത പഠനത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കി. ഇതാണ് മലയാളി സ്ത്രീയുടെ പ്രധാനനേട്ടം. ആരോഗ്യ സര്‍വകലാശാല നടത്തുന്ന എം.ബി.ബി.എസ് മുതല്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ വരെയുള്ള വൈദ്യശാസ്ത്ര പഠന കോഴ്സുകളുടെ നിലകൂടി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കാണാനിടയായി. ആകെ വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടും പെണ്‍കുട്ടികള്‍! എന്തൊരു അഭിമാനകരമായ നേട്ടമാണിത്. ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഗവേഷണ രംഗത്തും സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.
ഇങ്ങനെയൊക്കെയായിട്ടും തൊഴില്‍രംഗത്ത് സ്ത്രീ പ്രാതിനിധ്യം കുറയുന്നെങ്കില്‍ അത് സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടണം. അത് സാമൂഹികവും സാമ്പത്തികവുമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. തൊഴിലെടുക്കുന്നില്ലെങ്കില് വരുമാനമില്ല, വീടിന് പുറത്തെ ലോകവുമായി ബന്ധമില്ല, സ്വാതന്ത്ര്യം കുറയും, സമൂഹത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകാതെ ഒറ്റപ്പെട്ടുപോകും. അത് വ്യക്തിപരമായ തിരിച്ചടിയും സമൂഹത്തിന്റെ പിറകോട്ടുള്ള പോക്കുമായി മാറും. പരമ്പരാഗത മേഖലകളായ അധ്യാപനം, നഴ്സിങ് തുടങ്ങിയവക്ക് പുറത്ത് എന്തെല്ലാം പഠിക്കാനും പ്രവര്‍ത്തിക്കാനും സ്ത്രീക്ക് കഴിയുന്നു? എന്താണ് തൊഴില്‍ ചെയ്യുന്നതില്‍നിന്ന് വനിതളെ പിന്നോട്ടടിക്കുന്നത്?
അതോടൊപ്പം വേതനത്തിലെ വിവേചനംകൂടി നോക്കുക. കെട്ടിടത്തൊഴിൽ രംഗത്ത് പുരുഷന് ആയിരം രൂപയാണ് ലഭിക്കുന്നതെങ്കിൽ അതേ ജോലിയെടുക്കുന്ന വനിതക്ക് കിട്ടുന്നത് 700 രൂപ. വലിയൊരു ഐ.ടി സ്ഥാപനത്തിലെ ടീം ലീഡര്‍മാരായ സ്ത്രീക്കും പുരുഷനും രണ്ട് ശമ്പളം. ഇത് കേരളത്തിലും നമ്മുടെ രാജ്യത്തും മാത്രമല്ല, ലോകത്തെമ്പാടുമുള്ള അവസ്ഥയാണ്. ഇത് മാറണ്ടേ? വേണമെന്ന് പറഞ്ഞൊഴിയും മുമ്പ്, നമ്മള് പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ട്രേഡ് യൂനിയനുകള്‍ ഇതിനായി കൃത്യമായി ഇടപെടുകയും പോരാടുകയും വേണം.
ഇനി തൊഴിലിടത്തിലെ സമത്വം, അവസരങ്ങള്‍- ഡോക്ടറേറ്റുള്ള ഉന്നത യോഗ്യതയുള്ളവരോ സെയില്‍സ് രംഗത്തെ തൊഴിലാളിയോ അധ്യാപികയോ നഴ്സോ ആരുമാകട്ടെ, അവരെ തുല്യരായി കാണാന്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് തൊഴിലുടമകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അത്ര എളുപ്പമല്ല. കിട്ടിയ അവസരത്തില്‍ പദവിയും വേതനവും കുറക്കും, അവസരങ്ങള്‍ നിഷേധിക്കും, നയതീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ വേദികളില്‍നിന്നും ഒഴിവാക്കും. പണിയെടുക്കില്ല, ടീം പ്ലേയറാവില്ല, ലോക വീക്ഷണം പോരാ എന്നൊക്കെ പറഞ്ഞാവും ഈ തിരസ്കരണം. യഥാര്‍ഥത്തിലോ അവര്‍ നമ്മെക്കാള്‍ എത്ര മികച്ച വ്യക്തിയും പ്രഫഷനലുമാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന ഭയവും അപകര്ഷബോധവുമാണ് ഇതിന് പിന്നില്‍. കര്‍ക്കശമായ തൊഴില്‍നിയമങ്ങളും ഇടപെടലുകളും ആവശ്യമാണ്. സംഘടിത ശക്തിയായി സ്ത്രീ തൊഴിലാളികള്‍ മാറുകയും വേണം.
വീടകങ്ങളിലാണ്, പലപ്പോഴും ഏറ്റവും അടുത്ത മനുഷ്യരില്‍നിന്നാണ് സ്ത്രീ ഏറ്റവും വലിയ സുരക്ഷഭീഷണി നേരിടുന്നത്. ഡൊമസ്റ്റിക് വയലന്‍സ്, അടുത്ത ബന്ധങ്ങളിലെ ടോക്സിസിറ്റി, ബന്ധങ്ങളുടെ തകര്‍ച്ച, ലഹരി വ്യാപനം തുടങ്ങി സാമ്പത്തിക പ്രശ്നങ്ങള്‍ വരെ ഇതിന് വഴിവെക്കും. പൊതുവിടങ്ങളിലെ അരക്ഷിതാവസ്ഥയും വയലന്‍സും വേറൊരു തലത്തിലെത്തിക്കഴിഞ്ഞു. തൊഴിലിടങ്ങളും പലപ്പോഴും ഉപദ്രവകാരികളുടെ വിഹാര കേന്ദ്രങ്ങളാകുന്നു. സൈബറിടത്തെ ചൂഷണവും ഷെയിമിങ്ങും കടന്നുകയറ്റവും പറയാവുന്നതിലും അപ്പുറമാണ്. കൃത്യമായ റിപ്പോര്‍ട്ടിങ്, പൊലീസിന്റെയും നിയമ സംവിധാനത്തിന്റെയും ഇടപെടല്‍ എന്നിവ ഉറപ്പാക്കുകയും അതോടൊപ്പം പരാതിക്കാരിയായ വനിതക്ക് പരാതി നല്കല് മുതല്‍ നിയമ പോരാട്ടം വരെയുള്ളവ മുന്നോട്ട് കൊണ്ടുപോകാനുള്ള സഹായം ഉറപ്പാക്കുകയും വേണം.
സാമൂഹിക -ഭരണ -സാമ്പത്തിക -രാഷ്ട്രീയ -പാരിസ്ഥിതിക -സാംസ്കാരിക മേഖലകളിലെ സ്ത്രീ ഇടപെടലുകള്‍, ശക്തമായ നിലപാടുകള്‍, ഊര്‍ജസ്വലമായ മുന്നേറ്റങ്ങള്‍ ഈ നാടിന് ആവശ്യമാണ്. കൂടുതല്‍ ഇന്‍ക്ലൂസിവായ (സര്‍വാശ്ലേഷിയായ) നീതിപൂര്‍വകമായ, കൃത്യതയുള്ള സാമൂഹിക ജീവിതത്തിന് അത് വഴിതെളിക്കും. കസ്തൂര്‍ബയും വിജയലക്ഷ്മി പണ്ഡിറ്റും തുടങ്ങി ഇന്ദിരാ ഗാന്ധിയിലൂടെയുള്ള രാഷ്ട്രീയ ഇടം, മേധാ പട്കറും സുഗതകുമാരിയും പോലുള്ളവരുടെ പാരിസ്ഥിതിക ബോധം, ആശാപൂര്ണദേവിയും മഹാശ്വേതാ ദേവിയും മുതല്‍ അരുന്ധതി റോയിയും ജുംപാലാഹ്രിയും സാറാ ജോസഫും എഴുതിയിട്ട അക്ഷരങ്ങളുടെ ശക്തി - ഇങ്ങനെ തുടങ്ങി സിനിമയില്‍, രംഗകലകളില്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍, വിദ്യാഭ്യാസത്തില്‍, സംഗീതത്തില്‍ എല്ലാം അതിമഹത്തായ സ്ത്രീ സാന്നിധ്യവും സ്വത്വവുമുണ്ട്. വാക്കുകള്‍ക്ക് അതീതമാണ് ഇന്ത്യന്‍ സ്ത്രീയുടെ സമസ്ത മേഖലകളിലെയും നിർമിതികള്‍. സ്ത്രീകൾ കക്ഷി രാഷ്ട്രീയത്തിലേക്കും കടന്നുവരണം, കൂടുതല്‍ കൂടുതല്‍. നയ രൂപവത്കരണം മുതല്‍ ഭരണ നിര്‍വഹണം വരെ മികവുറ്റതാക്കാന്‍ അത് വഴിയൊരുക്കും.
‘‘ഒരു പെണ്‍കുട്ടി/സ്ത്രീ ആരാകണം? എന്താകണം, ആരാകണമെന്ന് അവള് ആഗ്രഹിക്കുന്നുവോ അത്’’ - ആ തിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നില്ക്കാം. അതാകട്ടെ ഈ വനിതദിനം കുറിച്ചിടുന്ന സന്ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.