ബംഗ്ലാദേശ് തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ
text_fields2024 ആഗസ്റ്റിൽ നടന്ന ജെൻസി വിപ്ലവത്തിലൂടെ ശൈഖ് ഹസീന വാജിദ് സർക്കാറിനെ താഴെയിറക്കിയ ബംഗ്ലാദേശ്, ഫെബ്രുവരി 12ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. തുടർച്ചയായ 15 വർഷം അധികാരം കൈപ്പിടിയിലൊതുക്കിയ ശൈഖ് ഹസീനയുടെ അവാമി ലീഗ് തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് പുറത്താണെന്നതും, പാർലമെന്റ് ഇലക് ഷനോടൊപ്പം, ഭരണഘടനാ പരിഷ്കരണത്തിനുള്ള ജനകീയ ഹിതപരിശോധന കൂടി നടക്കുന്നുവെന്നതും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളാണ്.
ഉന്നം ഭരണഘടനാ പരിഷ്കരണം
ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് നയിക്കുന്ന ദേശീയ സമവായ കമീഷൻ അംഗങ്ങളും 25 പ്രമുഖ രാഷ്ട്രീയ പാർട്ടികളും 2025 ഒക്ടോബർ 17ന് ഒപ്പുവെച്ച ജൂലൈ നാഷനൽ ചാർട്ടർ 2025 സമൂലമായ ഭരണഘടനാ ഭേദഗതികളും ഭരണപരിഷ്കാരങ്ങളും നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണം, പ്രധാനമന്ത്രിയുടെ അധികാരങ്ങളുടെ നിയന്ത്രണം എന്നിവ മുന്നോട്ടുവെക്കുന്നു. ശൈഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിക്കുന്നതിലേക്ക് വഴിയൊരുക്കിയ 2024 ജൂലൈയിലെ ജനകീയ പ്രക്ഷോഭത്തെ സമഗ്രമായ പരിഷ്കരണത്തിലൂടെ ഒരു രണ്ടാം റിപ്പബ്ലിക് സ്ഥാപിക്കുന്നതിനായി നടന്ന നിയമവിധേയ ജനകീയ വിപ്ലവമായും വിശേഷിപ്പിക്കുന്നു. രാജ്യം ഇനിയും ഏകാധിപത്യത്തിലേക്ക് വഴുതി വീഴാതിരിക്കാൻ വേണ്ടി, ഭരണഘടനയിലും മറ്റു ചട്ടങ്ങളിലുമുള്ള പഴുതുകൾ അടച്ച് ജനാധിപത്യത്തെ ഭദ്രമാക്കുക എന്നതാണ് ജൂലൈ ചാർട്ടറിന്റെ കാമ്പ്. ചാർട്ടറിലെ വ്യവസ്ഥകൾ നടപ്പാക്കിയ ശേഷം മതി പൊതുതെരഞ്ഞെടുപ്പ് എന്ന വാശിയിലായിരുന്നു വിപ്ലവത്തിന് നേതൃത്വം നൽകിയ വിദ്യാർഥി സമൂഹം. എന്നാൽ, പൊതുതെരഞ്ഞെടുപ്പിനൊപ്പം ജനകീയ ഹിതപരിശോധനയും നടത്തി, അധികാരത്തിലെത്തുന്ന ഗവൺമെന്റിനെക്കൊണ്ട് ചാർട്ടർ നടപ്പിൽ വരുത്താമെന്ന നിർദേശത്തിന് അവർ വഴങ്ങുകയായിരുന്നു. പ്രധാനമന്ത്രിയാകുന്ന വ്യക്തിയുടെ പരമാവധി കാലാവധി 10 വർഷമായി നിജപ്പെടുത്തുക, നിലവിൽ ഒരു സഭ മാത്രമുള്ള പാർലമെന്റിനെ ഇരുസഭകളുള്ളതാക്കി മാറ്റുക, സെനറ്റ് എന്നറിയപ്പെടുന്ന ആ ഉപരിസഭയിലെ 100 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടികൾ നേടുന്ന വോട്ടിന്റെ അനുപാതം മാനദണ്ഡമാക്കിയാവുക, ആ സഭയിൽ നിശ്ചിത അനുപാതം സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നിവയെല്ലാം ജൂലൈ ചാർട്ടറിന്റെ നിർദേശങ്ങളാണ്.
മാറിയ രാഷ്ട്രീയ ചിത്രം
2001ൽ നടന്ന ജനറൽ ഇലക്ഷനിൽ വിജയിച്ച് അധികാരം പങ്കിട്ട ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)യും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുമാണ് മത്സരരംഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നണികളെ നയിക്കുന്നത്. 1999 ജനുവരി മുതൽ 2018 വരെ ഒറ്റക്കെട്ടായി നിലനിന്ന അവരുടെ സഖ്യത്തിൽ, പ്രത്യയശാസ്ത്ര ഭിന്നതകളും ആഭ്യന്തര സമ്മർദവും കാരണം വിള്ളൽ വീഴുകയും 2022ഓടെ സഖ്യം പൂർണമായി വഴിപിരിയുകയും ചെയ്തു. ബീഗം ഖാലിദ സിയയുടെ മരണത്തോടെ, താരിഖ് സിയ എന്നറിയപ്പെടുന്ന മകൻ താരിഖ് റഹ്മാൻ ബി.എൻ.പിയുടെ നേതൃത്വത്തിലേക്കെത്തിയിട്ടുണ്ട്. 2019 മുതൽ ഡോ. ഷഫീഖ് റഹ്മാൻ ആണ് ജമാഅത്തെ ഇസ്ലാമിയുടെ അമീർ. ശൈഖ് ഹസീനയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണകാലം ഇരു പാർട്ടികൾക്കും പരീക്ഷണ ഘട്ടമായിരുന്നു. അഴിമതിക്കേസിൽ ഖാലിദ സിയ തടവിലായി. 84 കേസുകളിൽ കുറ്റംചുമത്തപ്പെട്ട താരിഖ് റഹ്മാൻ വിദേശത്തായിരുന്നതിനാൽ ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. 2024ലെ വിപ്ലവാനന്തരം കുറ്റവിമുക്തനായതോടെ, ഒരു മാസം മുമ്പുമാത്രമാണ് താരിഖ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ബംഗ്ലാദേശിന്റെ വിമോചനത്തെ എതിർത്തുവെന്നും യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെട്ടുവെന്നും ആരോപിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്കാകട്ടെ അതിന്റെ മുൻനിരനേതാക്കൾ തൂക്കുമരത്തിലേക്ക് നടന്നുനീങ്ങുന്നത് കാണേണ്ടിവന്നു. ജനറൽ ഇർഷാദ് സ്ഥാപകനായ, ഇപ്പോൾ ഗുലാം മുഹമ്മദ് ഖാദിർ നയിക്കുന്ന ജാതീയ പാർട്ടി, കമ്യൂണിസ്റ്റ് അഫിലിയേഷനുള്ള പാർട്ടികൾ എന്നിവയെല്ലാം ഏറക്കുറെ അപ്രസക്തമായ നിലയിലാണ്.
മുന്നണികൾ, സാധ്യതകൾ
ബി.എൻ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ 10 പാർട്ടികൾ ഉണ്ടെങ്കിലും, ആകെയുള്ള 300 പാർലമെന്റ് സീറ്റുകളിൽ 288ലും ബി.എൻ.പി തന്നെയാണ് മത്സരിക്കുന്നത്. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ഗണ അധികാർ പരിഷത് 90 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും, രണ്ട് സീറ്റുകളിൽ മാത്രമാണ് സഖ്യമുള്ളത്. നാഷനൽ പീപ്പിൾസ് പാർട്ടി (23), ഗണസൻഹതി ആന്ദോളൻ(17), നാഗരിക് ഓയിക്കോ(11) എന്നിവയാണ് സ്വന്തം നിലക്ക് പത്തിലധികം സീറ്റിൽ മത്സരിക്കുന്ന മറ്റു പാർട്ടികൾ. അതിൽതന്നെ സഖ്യത്തിന്റെ ഭാഗമായി അവയെല്ലാംകൂടി മത്സരിക്കുന്നത് മൂന്നു സീറ്റിൽ മാത്രം. എന്നാൽ, സഖ്യകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ പിശുക്കു കാണിച്ച ബി.എൻ.പിക്ക് വിമതർ തലവേദനയാവും. 70 ലധികം സീറ്റുകളിലായി ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ 90 വിമതർ മത്സരരംഗത്തുണ്ട്. പാർട്ടി തലവൻ താരിഖ് റഹ്മാൻ ബൊഗ്ര-6, ധാക്ക-17 എന്നീ രണ്ടു മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടുന്നു.
ഐക്യ ബംഗ്ലാദേശ് സഖ്യം എന്നു വിളിക്കപ്പെടുന്ന, ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പു സഖ്യത്തിൽ, യാഥാസ്ഥിതിക പാർട്ടിയായ ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, സ്വന്തം നിലക്ക് 228 സീറ്റുകളിൽ മത്സരിക്കുമെന്ന പിടിവാശിയിൽ അവർ സഖ്യം വിട്ടു. 2024ലെ ജെൻസി വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥികൾ രൂപം നൽകിയ നാഷനൽ സിറ്റിസൺ പാർട്ടി ഐക്യ ബംഗ്ലാദേശ് സഖ്യത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി 224 സീറ്റുകളിലും ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ് 34 സീറ്റുകളിലും നാഷനൽ സിറ്റിസൺ പാർട്ടി 32 സീറ്റുകളിലും അമർ ബംഗ്ലാദേശ് പാർട്ടി 30 സീറ്റുകളിലും ഖിലാഫത്ത് മജ്ലിസ് 21 സീറ്റുകളിലും ബംഗ്ലാദേശ് ലേബർ പാർട്ടി 15 സീറ്റുകളിലും മത്സരിക്കുന്നു. അതായത് സഖ്യം എന്ന് പറയുമ്പോഴും മുന്നണിയിലെ പാർട്ടികൾ തമ്മിൽ പരസ്പരം മത്സരിക്കുന്നുണ്ട് എന്ന് ചുരുക്കം. ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖ്റഹ്മാൻ മത്സരിക്കുന്ന ധാക്ക-15ൽ പോലും സഖ്യകക്ഷി സ്ഥാനാർഥി മത്സരിക്കുന്നുണ്ട്.
ജനറൽ ഇർഷാദ് സ്ഥാപകനായ ജാതീയ പാർട്ടിയുടെ നേതൃത്വത്തിലുള്ള, നാലു പാർട്ടികളടങ്ങുന്ന നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് 206 സീറ്റുകളിൽ മത്സരരംഗത്തുണ്ടെങ്കിലും, പട്ടാള അട്ടിമറിയുടെയും അവാമി ലീഗുമായി സഹകരിച്ച് ഭരിച്ചതിന്റെയും ഭൂതകാലം അവർക്ക് മാറാപ്പാണ്. ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് യുനൈറ്റഡ് ഫ്രണ്ട് ആകെ 149 സീറ്റുകളിൽ മത്സരിക്കുമ്പോൾ, മൂന്നു പാർട്ടികളടങ്ങുന്ന േഗ്രറ്റർ സുന്നി സഖ്യം 64 സീറ്റുകളിൽ ജനവിധി തേടുന്നു. നേരത്തെ പരാമർശിച്ച ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് 253 സീറ്റുകളിലാണ് തനിച്ചു മത്സരിക്കുന്നത്.
ജനക്ഷേമ പദ്ധതികളും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സൗജന്യങ്ങളും മറ്റു വികസന വാഗ്ദാനങ്ങളും തന്നെയാണ് ഇരുമുന്നണികളുടെയും പ്രകടന പത്രികയിൽ ഇടംപിടിച്ചിട്ടുള്ളത്. ജയ-പരാജയ സാധ്യതകൾ വിലയിരുത്തുമ്പോൾ രാഷ്ട്രീയ നിരീക്ഷകരെ കുഴക്കുന്നത് മത്സരരംഗത്തില്ലാത്ത, വലിയ വോട്ടുബാങ്കുള്ള അവാമി ലീഗിന്റെ വോട്ടുകൾ എങ്ങോട്ട് പോകുമെന്ന് തീർച്ചപ്പെടുത്താൻ പറ്റാത്തതാണ്.
(പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് അസോസിയറ്റ് പ്രഫസറും അറബിക് വിഭാഗം തലവനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

