Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബ്രഹ്മപുരം:...

ബ്രഹ്മപുരം: വിപദ്‌ഭരണവും ദീർഘകാല പ്രത്യാഘാതങ്ങളും

text_fields
bookmark_border
ബ്രഹ്മപുരം: വിപദ്‌ഭരണവും ദീർഘകാല പ്രത്യാഘാതങ്ങളും
cancel

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തവും തുടർന്നുണ്ടായ അസ്സഹനീയ വിഷപ്പുകയും അതിന്റെ പിന്നാമ്പുറങ്ങളും തുടരുന്ന ഭരണകൂട നിസ്സംഗതയും ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ആഴത്തിലുള്ള ഭരണപരമായ പ്രതിസന്ധികളുടെ, പരാജയങ്ങളുടെ, എക്കാലത്തേയും വലിയ അടയാളമായി മാറുന്നു. ജനാധിപത്യം എന്നാൽ തെരഞ്ഞെടുപ്പുകളിൽ നിർഭയവും സ്വതന്ത്രവുമായി വോട്ടുചെയ്യാനും ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനും കഴിയുന്നു എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ജനാധിപത്യം നിലനിൽക്കുന്നത് ഫ്യൂഡൽ പരമാധികാരത്തിൽനിന്ന് വ്യത്യസ്തമായി നിർമിക്കുന്ന ഭരണസ്ഥാപനങ്ങളുടെ സുതാര്യവും കാര്യക്ഷമവും പക്ഷപാതരഹിതവും നീതിപൂർവവുമായ പ്രവർത്തനത്തിലൂടെയാണ്. അതിലുണ്ടാവുന്ന പാളിച്ചകളും പരാജയങ്ങളും യഥാർഥത്തിൽ അപകടപ്പെടുത്തുന്നത് ജനാധിപത്യ വ്യവസ്ഥയെത്തന്നെയാണ്. മറ്റൊരർഥത്തിൽ സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമാണ്, അത് കോടതിയായാലും വില്ലേജ് ഓഫിസായാലും സെക്രട്ടേറിയറ്റായാലും പൊലീസ് സ്റ്റേഷനായാലും ജനാധിപത്യത്തെ ജനങ്ങൾക്കായി വെളിപ്പെടുത്തിനൽകുന്നത്.

പൗരസമൂഹത്തിന്റെ സ്വൈരജീവിതം മുതൽ അതിന്റെ ഏറ്റവും സൂക്ഷ്മമായ ആവശ്യങ്ങൾവരെ നിർവഹിക്കപ്പെടുന്നതിന് സ്ഥാപനങ്ങളുണ്ടാവുക എന്നതും അവ ജനാധിപത്യപരമായി കാര്യനിർവഹണം നടത്തുക എന്നതും അനിവാര്യമാണ്. എന്നാൽ, ഈ സ്ഥാപനങ്ങൾ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും റെന്റ് സീക്കിങ് (Rent seeking =സ്വാധീനത്തിലൂടെയുള്ള കള്ളലാഭം) എന്നറിയപ്പെടുന്ന ലാഭാപഹരണ സമ്പ്രദായത്തിന്റെയും ചുഴിയിൽപെടുമ്പോൾ അത് ജനാധിപത്യപരമായ സാമൂഹികജീവിതത്തിനു വിഘാതമായിത്തീരുന്നു. ചിലപ്പോൾ അത് ബ്രഹ്മപുരത്തു സംഭവിച്ചതുപോലുള്ള അതിഭീമമായ മനുഷ്യനിർമിത ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കേരളം ഈ അടുത്തകാലത്ത് കണ്ടതിൽവെച്ച് ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണ് ബ്രഹ്മപുരം തീപിടിത്തം. രണ്ടുതരത്തിൽ അത് മനുഷ്യനിർമിതമാണ്. ഒന്ന്, അത്തരമൊരു പ്ലാന്റ് സ്ഥാപിച്ചശേഷം അതിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടവർ അലംഭാവം കാട്ടിയിട്ടുണ്ടെങ്കിൽ, അതിന്റെ നടത്തിപ്പുതന്നെ കള്ളലാഭമെന്ന പ്രവണതക്ക് കീഴ്‌പ്പെട്ടുപോയിട്ടുണ്ടെങ്കിൽ, ഇപ്പോൾ പരക്കെ ആരോപിക്കപ്പെടുന്നപോലെ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെയുംകൂടി ഫലമായുണ്ടായ അനാസ്ഥയുടെ മനുഷ്യനിർമിത ദുരന്തമാണ് ബ്രഹ്മപുരം തീപിടിത്തം. രണ്ടാമതായി, എല്ലാ മാലിന്യക്കൂമ്പാരങ്ങളും ഒരുമിച്ചു കത്തിയതായുള്ള വിവരങ്ങൾ ശരിയാണെങ്കിൽ അത് വിരൽചൂണ്ടുന്നത് കള്ളലാഭ താൽപര്യത്തിനായി അവ ഒരുമിച്ചു തീയിട്ടതാവാമെന്ന ഞെട്ടിക്കുന്ന നിഗമനത്തിലേക്കാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യമുള്ള ഒരു ക്രിമിനൽ കുറ്റമാണ് ഇവിടെ സംശയിക്കപ്പെടുന്നത്. ഈ അർഥത്തിൽ നോക്കിയാലും ഇതൊരു വിപദ്‌ഭരണ-മനുഷ്യനിർമിത ദുരന്തമാണ്.

വിഷപ്പുക സൃഷ്ടിച്ച വിഷമാവസ്ഥയിൽനിന്ന് കൊച്ചി നഗരവും എറണാകുളം ജില്ലയും ഇതെഴുതുമ്പോഴും പൂർണമായും മുക്തി പ്രാപിച്ചിട്ടില്ല. സ്‌കൂളുകൾ അടക്കേണ്ടിവന്നു. ജനജീവിതം സ്തംഭനാവസ്ഥയിലേക്കു നീങ്ങി. മാലിന്യസംഭരണം പൊടുന്നനെ നിലച്ചതായും പറയുന്നുണ്ട്. ആളുകൾ ഭയപ്പെട്ടാണ് കഴിയുന്നത്. ചുമയുടെയും മറ്റു ശാരീരിക വൈഷമ്യങ്ങളുടെയും അനുഭവചിത്രങ്ങൾ കൂടുതൽ പേർ വിവരിക്കുന്നു. മാനസികമായും ശാരീരികമായും സ്ഥലവാസികൾക്ക് ഇതുണ്ടാക്കിയ ആഘാതം വലുതാണെന്ന് വാർത്തകളും വ്യക്ത്യാനുഭവങ്ങളുടെ സമൂഹ മാധ്യമ പ്രകാശനങ്ങളും സൂചിപ്പിക്കുന്നു.

വിനാശവാതക സാന്നിധ്യം

ഡയോക്സിൻ അടങ്ങിയ വിഷവാതകമാണ് ഇത് പുറത്തേക്കു വമിപ്പിച്ചതെന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്. അത് ഒരുതരത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. വിയറ്റ്നാം ആക്രമണകാലത്ത് അമേരിക്ക ഉപയോഗിച്ച അങ്ങേയറ്റം ഹീനമായ യുദ്ധതന്ത്രങ്ങളിൽ ഏറ്റവും മനുഷ്യത്വരഹിതമായത് രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു. 1948-60 കാലത്തെ മലയൻ കമ്യൂണിസ്റ്റ് സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ബ്രിട്ടൻ ഉപയോഗിച്ച ഏജന്റ് ഓറഞ്ച് എന്നറിയപ്പെടുന്ന രാസാക്രമണമാണ് അമേരിക്ക വിയറ്റ്നാം പോരാളികൾക്കെതിരെ പ്രയോഗിച്ചത്. ‘ഓപറേഷൻ റാഞ്ച് ഹാൻഡ്’ എന്നറിയപ്പെടുന്ന രാസവിഷ യുദ്ധത്തിൽ ഉപയോഗിച്ച രാസവസ്തുവിലെ ഏറ്റവും അപകടകാരിയായ ചേരുവയാണ് ഡയോക്സിൻ. ബ്രഹ്മപുരത്തെ മാലിന്യങ്ങൾ തീയിട്ടപ്പോൾ വമിക്കുന്ന പുകയിൽ ഡയോക്സിൻ അടങ്ങിയിട്ടുണ്ടെന്ന നിരീക്ഷണം നിസ്സാരമായി തള്ളിക്കളയാനാവില്ല. വിയറ്റ്നാമിലെ മനുഷ്യർ നിരവധി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും അതിന്റെ വിഷമേഖലയിൽനിന്ന് പുറത്തുകടന്നിട്ടില്ലെന്നു ധാരാളം റിപ്പോർട്ടുകളുണ്ട്. യേൽ യൂനിവേഴ്സിറ്റി, ഇല്ലിനോയിസ് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതേക്കുറിച്ചു പഠിച്ചു. ആ രാസാക്രമണത്തിലെ ഇപ്പോഴും തുടരുന്ന ഏറ്റവും വിനാശകാരിയായ അംശം ഡയോക്സിനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സത്യത്തിൽ ഇതിൽ കുറ്റക്കാരുണ്ടോ എന്നൊരു പ്രാഥമിക അന്വേഷണംപോലും നടക്കുന്നതായി എവിടെയും കണ്ടില്ല. എ.കെ. ഷിബുരാജ് ഇതേക്കുറിച്ച് ‘കേരളീയ’ത്തിൽ എഴുതിയ കുറിപ്പിൽ വിപുലമായൊരു വിപദ്‌ഭരണത്തിന്റെകൂടി അനന്തരഫലമാണ് ഈ ദുരന്തം എന്ന സൂചനയുണ്ട്.

‘മാലിന്യത്തിൽനിന്ന് ഊർജം’ എന്ന പദ്ധതിതന്നെ പരക്കെ വിമർശിക്കപ്പെട്ടതായിരുന്നു. കരാർ കാലാവധി അവസാനിക്കാൻ ആകുമ്പോഴും 25 ശതമാനംപോലും മാലിന്യം സംസ്കരിക്കാൻ കഴിയാത്ത കമ്പനിക്കെതിരെ കാര്യമായ ഒരു പരിശോധനയും നടപടികളും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇതിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ബഹുമാനപ്പെട്ട ഹൈകോടതി നടത്തിയ നിരീക്ഷണങ്ങളുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ടും വിഷവാതകത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കിക്കൊണ്ടും അടിയന്തരമായ അന്വേഷണം ഇതിന്റെ നാനാവിധമായ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ചു നടത്താൻ തയാറാവുക എന്നതാണത്. ദേശീയതലത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരും ന്യായാധിപരും മനുഷ്യാവകാശ പ്രവർത്തകരും മാനസിക-ശാരീരിക ആരോഗ്യ വിദഗ്ധരും അടങ്ങുന്ന വിപുലമായ സമിതിയുടെ ഇടപെടൽ അനിവാര്യമാണ്.

ഭരണകൂടം ഒളിച്ചോടരുത്

വിഷപ്പുകയുടെ ആഘാതങ്ങളെക്കുറിച്ചു വന്ന ‘മാധ്യമം’ വാർത്തയോട് പ്രതികരിച്ചുകൊണ്ട് രസതന്ത്ര വിദഗ്ധ ഡോ. സീന പദ്മിനി എഴുതിയത് ഡയോക്സിൻ കൂടാതെ മാരകമായ മറ്റ് ഓക്സൈഡുകളും രസം, ഈയം, കാഡ്മിയം, ആർസെനിക്, പോളിഫ്ലൂറിനേറ്റഡ് വാതകങ്ങൾ, കാർബൺ മോണോക്സൈഡ്, പലതരത്തിലുള്ള ജൈവ വിഷസംയുക്തങ്ങൾ, അസിഡിക് വാതകങ്ങൾ എന്നിവകൂടി ഇത്തരമൊരു മാലിന്യക്കൂമ്പാരം കത്തുമ്പോൾ പുറന്തള്ളപ്പെടുന്നുണ്ട് എന്നും ഇതിൽ പലതും ശ്വാസകോശത്തെ ബാധിക്കുക മാത്രമല്ല, അർബുദം, ന്യൂറോരോഗങ്ങൾ, ജനനവൈകല്യങ്ങൾ, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ തുടങ്ങി ശാരീരികാരോഗ്യത്തെ ആകെ മാറ്റിമറിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നുമായിരുന്നു.

ജനിതകമാറ്റം ഉണ്ടാകുന്നതും തള്ളിക്കളയാൻ പറ്റില്ല. മനുഷ്യനെ മാത്രമല്ല, കൃഷിയെയും പക്ഷിമൃഗാദികളെയുമൊക്കെ ഇത് ബാധിക്കാൻ പോവുകയാണ്. ഇത് അതിശയോക്തിയാവാം, അമിതഭീതിയാവാം എന്നു കരുതുന്നവരുണ്ട്. എങ്കിൽതന്നെയും വിപുലമായ അന്വേഷണം അസ്ഥാനത്തല്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുകയും അടിയന്തര സഹായങ്ങൾ നൽകുകയും എല്ലാവർക്കും ഹെൽത്ത് കാർഡ് ഏർപ്പെടുത്തുകയും വിപുലമായ ഒരു അന്വേഷണ കമീഷനെ ഏർപ്പെടുത്തുകയും ഉടനടി ചെയ്യേണ്ടതുണ്ട്. പ്രളയകാലത്ത് ഉണർന്നു പ്രവർത്തിച്ചതായി ശ്ലാഘിക്കപ്പെട്ട ഭരണകൂടത്തിന്റെ നിഴലെങ്കിലും ഇതിൽ പതിയേണ്ടതാണ്. ഞാൻ ഇത് എഴുതുന്ന സമയത്ത് ആരോഗ്യ മന്ത്രി ഒരു യോഗം വിളിച്ച് സർവേ നടത്താനും അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്കുള്ള ചികിത്സ നൽകാനുമുള്ള തീരുമാനങ്ങൾ എടുത്തതൊഴിച്ചാൽ കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ചില അടിസ്ഥാന പ്രായോഗിക നിർദേശങ്ങൾ മാത്രമാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസ്താവനയിലും കണ്ടത്. ഈ മനുഷ്യനിർമിത ദുരന്തത്തിന് ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാവാം എന്നൊരു വീക്ഷണവും ഈ സന്ദർഭത്തിൽ അത്യന്തം പ്രസക്തമാണ്. നിരവധി പേർ ഇപ്പോൾതന്നെ വിഷപ്പുകയേറ്റ ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ചികിത്സ തേടി പോകുന്നുണ്ട്. ഇവരുടെ ചികിത്സക്കാവശ്യമായ സൗജന്യ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതിനുമപ്പുറം, തലമുറകളോളം നീളുമെന്നു പലരും സംശയിക്കുന്ന ഈ ഭീകരദുരന്തത്തിൽനിന്ന് കരകയറാൻ നഷ്ടപരിഹാരം അടക്കമുള്ള എല്ലാ സഹായങ്ങളും ജനതക്ക് പകർന്നുനൽകാനും ഭരണകൂടം മുന്നോട്ടുവന്നേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmapuram waste plant fire
News Summary - article on brahmapuram waste plant fire
Next Story