ഇന്ന് പരിസ്ഥിതി ദിനം; പ്രചോദനം തേടാം പ്രകൃതിയിൽ നിന്ന്
text_fieldsകാലാവസ്ഥ വ്യതിയാനം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഭീഷണിയല്ല, മറിച്ച് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഠിനമായ യാഥാർഥ്യമാണ്. അന്തരീക്ഷ താപനില റെക്കോഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുന്നു. സമീപവർഷങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും കടുത്ത ഉഷ്ണതരംഗങ്ങളാണ് അനുഭവപ്പെട്ടത്. പല നഗരങ്ങളിലും താപനില 45-50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും, ഇത് സൂര്യാഘാതത്തിനും നിരവധി ആളുകളുടെ മരണത്തിനും കാരണമാവുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ മഴ പെയ്യുന്ന ക്ലൗഡ്ബേസ്റ്റ് പോലുള്ള പ്രതിഭാസങ്ങൾ വർധിച്ചു. മരുഭൂ നഗരങ്ങളിൽപോലും അപ്രതീക്ഷിതമായി ഉണ്ടായ അതിശക്തമായ മഴയും പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്നതും ജനം, ജനിച്ച മണ്ണിൽ നിന്ന് പായുന്നതും നമ്മുടെ കൺമുന്നിലുള്ള ഉദാഹരണമാണ്. മാറിമറിയുന്ന മഴക്കാലവും കടുത്ത വരൾച്ചയും കാർഷിക മേഖലയെ തകർത്തു. വരൾച്ചയും കടുത്ത ചൂടും കാരണം വനങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന തീപിടിത്തങ്ങൾ വർധിച്ചു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ പ്രത്യാഘാതങ്ങൾ പ്രകൃതി നമുക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പുകളാണ്. വ്യാവസായിക മലിനീകരണവും നഗരവത്കരണവും ആവാസവ്യവസ്ഥയെ തകിടം മറിക്കുമ്പോൾ, പരമ്പരാഗത എൻജിനീയറിങ് രീതികൾ പലപ്പോഴും വൻതോതിൽ ഊർജവും രാസവസ്തുക്കളും ആവശ്യപ്പെടുന്നവയാണ്. ഇതിനൊരു ശാശ്വത പരിഹാരം തേടുമ്പോൾ, പ്രകൃതി തന്നെയാണ് നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച മാതൃക. കാർബൺ പുറന്തള്ളൽ കുറക്കുക, വനവത്കരണം പ്രോത്സാഹിപ്പിക്കുക, മാലിന്യങ്ങളുടെ ശരിയായ സംസ്കരണം നടത്തുക, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുക തുടങ്ങിയ മാർഗങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം പ്രകൃതിയിൽ നിന്നുതന്നെ പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങളും അനിവാര്യമാണ്.
‘പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥക്ക്, നമ്മുടെ ഭാവിക്ക്’ എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം പ്രകൃതിദത്തമായ സസ്യശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനമാക്കി മലിനമായ ആവാസവ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്ന ഹരിത സാങ്കേതിക വിദ്യയായ ‘ഫൈറ്റോ ടെക്നോളജി’ (Phytotechnology)യുടെ പ്രസക്തി ഏറ്റുന്നു. കോടിക്കണക്കിന് വർഷത്തെ സസ്യങ്ങളുടെ പരിണാമ പ്രക്രിയയെ ഉപയോഗപ്പെടുത്തി ഭൂമിയെ സുഖപ്പെടുത്താൻ സാധിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. സസ്യങ്ങളുടെ ശരീരശാസ്ത്രം, വേരുകളുടെ ഘടന, മണ്ണിലെ സൂക്ഷ്മ ജീവികളുമായുള്ള അവയുടെ സഹവർത്തിത്വം എന്നിവയെ അനുകരിച്ച് പ്രകൃതിയോട് ചേർന്നുനിന്നാണ് പല ഗുരുതര പ്രശ്നങ്ങൾക്കും ഫൈറ്റോ ടെക്നോളജി പരിഹാരമൊരുക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള കാർബൺ സീക്വസ്ട്രേഷൻ, മണ്ണിലെയും വെള്ളത്തിലെയും വിഷലിപ്തമായ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന ഫൈറ്റോറെമീഡിയേഷൻ എന്നിവയെല്ലാം ഫൈറ്റോടെക്നോളജിയുടെ സംഭാവനകളാണ്. സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണ പ്രക്രിയയെ പരമാവധി പ്രയോജനപ്പെടുത്തി അന്തരീക്ഷത്തിലെ കാർബണിനെ വേർതിരിച്ച് മണ്ണിലും സസ്യഭാഗങ്ങളിലും സംഭരിക്കാൻ സാധിക്കും. സൂര്യകാന്തി, കടുകുചെടി, ചിലതരം പുല്ലുകൾ എന്നിവക്ക് മണ്ണിലെ കനത്ത ലോഹങ്ങളെയും രാസമാലിന്യങ്ങളെയും വലിച്ചെടുക്കാനുള്ള ശേഷിയുണ്ട്. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താൻ സഹായിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന മറ്റൊരു പ്രധാന കാരണം ഫോസിൽ ഇന്ധനങ്ങളുടെ വർധിത ഉപയോഗമാണ്. കാർഷിക അവശിഷ്ടങ്ങളിൽ നിന്നും പ്രത്യേക തരം സസ്യങ്ങളിൽ നിന്നും (ജാട്രോഫ, ചോളം, കരിമ്പ്) ജൈവ ഇന്ധനങ്ങൾ ഉൽപാദിപ്പിക്കാം. ഇത് കാർബൺ ഉദ്വമനം (Carbon emission) കുറക്കാൻ സഹായിക്കും. തീരപ്രദേശങ്ങളിൽ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്നതുവഴി തീരത്തെ സംരക്ഷിക്കാനും കാർബൺ ഉദ്വമനം കുറക്കാനും സാധിക്കും. സാധാരണ വനങ്ങളേക്കാൾ നാലിരട്ടി കാർബൺ സംഭരിക്കാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട് (Blue Carbon).
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഫൈറ്റോ ടെക്നോളജിയുടെ ഉപയോഗ സാധ്യതകൾ ശാസ്ത്രലോകം മനസ്സിലാക്കിത്തുടങ്ങിയെങ്കിലും മനുഷ്യവിഭവ ശേഷിയുടെ അപര്യാപ്തതയും അജ്ഞതയും ഈ മേഖലയുടെ ഉപയുക്തത പ്രയോജനപ്പെടുത്തുന്നതിന് വെല്ലുവിളിയാവുന്നു. എങ്കിലും ആഗോളതലത്തിൽ ചില വിജയകഥകൾ ഈ മേഖലയിൽ നമുക്ക് കാണാൻ സാധിക്കും. അമേരിക്കൻ സേനയുടെ രാസായുധ പരീക്ഷണശാലയും സംഭരണകേന്ദ്രവുമായിരുന്ന അബർഡീൻ പ്രൂവിങ് ഗ്രൗണ്ട്സിൽ (മേരിലാൻഡ്), ഹൈബ്രിഡ് പോപ്ലർ മരങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞർ ഭൂഗർഭജല ശുദ്ധീകരണത്തിന്റെ വലിയൊരു മാതൃക സൃഷ്ടിച്ചു. ഈ മരങ്ങളുടെ ആഴത്തിലുള്ള വേരുകൾ ഭൂഗർഭജലത്തിലെ കടുത്ത വിഷാംശമുള്ള ട്രൈക്ലോറോ എത്തിലീൻ പോലുള്ള രാസവസ്തുക്കളെ വലിച്ചെടുക്കുകയും അവയെ ദോഷകരമല്ലാത്ത ഘടകങ്ങളായി വിഘടിപ്പിക്കുകയും ചെയ്തു.
കാനഡയിലെ സുഡ്ബറിയിൽ സംഭവിച്ചത് മറ്റൊരു വലിയ അത്ഭുതമാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നിക്കൽ ഖനന കേന്ദ്രങ്ങളിലൊന്നായിരുന്ന സുഡ്ബറി ‘ലാൻഡ്സ്കേപ് റിഹാബിലിറ്റേഷൻ’ പദ്ധതിയിലൂടെ മണ്ണിലെ വിഷാംശത്തെ വേരുകളിൽ തളച്ചിടുന്ന (Phytostabilization) പ്രക്രിയ വഴി പച്ചപ്പുള്ള ഒരു പ്രദേശമായി മാറി. ലോഹങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള വില്ലോ (Willow), ബിർച്ച് (Birch) തുടങ്ങിയ മരങ്ങളാണ് അതിനു സഹായിച്ചത്. ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. കൊൽക്കത്ത നഗരത്തിലെ വലിയൊരു ശതമാനം മലിനജലവും ശുദ്ധീകരിക്കുന്നത് ഫൈറ്റോടെക്നോളജി അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്തമായ തണ്ണീർത്തട സംവിധാനത്തിലൂടെയാണ്. ശൈവാലങ്ങൾ/പായലുകൾ (Algae), ചില പ്രത്യേക ജലസസ്യങ്ങൾ എന്നിവ വെള്ളത്തിലെ മാലിന്യങ്ങളെയും കനത്ത ലോഹങ്ങളെയും ആഗിരണം ചെയ്ത് ജലം ശുദ്ധീകരിക്കുന്നു. ഈ ശുദ്ധീകരിച്ച വെള്ളത്തിലാണ് അവിടെ മത്സ്യകൃഷിയും കൃഷിയും നടത്തുന്നത്.
ഫൈറ്റോടെക്നോളജി കേവലം മണ്ണും ജലവും ശുദ്ധീകരിക്കുക മാത്രമല്ല ചെയ്യുന്നത്; ഇത് അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുകയും നഗരങ്ങളിലെ ചൂട് കുറക്കുകയും വന്യജീവികൾക്ക് പുതിയ ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നു. സൗരോർജത്തിൽ അധിഷ്ഠിതമായ ഈ സ്വാഭാവിക രീതികൾ സ്വീകരിക്കുക എന്നത് ഇന്നൊരു ശാസ്ത്രീയ തെരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് നമ്മുടെ നിലനിൽപിന്റെ ആവശ്യകതയാണ്. പ്രകൃതിയോട് ഇണങ്ങി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ വരുംതലമുറക്കായി സുരക്ഷിതവും ഹരിതാഭവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം സാധ്യതകൾ കണ്ടെത്താൻ മുന്നിട്ടിറങ്ങാനുള്ള വേളയായി ഈ പരിസ്ഥിതി ദിനം മാറട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

