Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightട്രംപ് എന്ന ഹിറ്റ്ലര്‍ ...

ട്രംപ് എന്ന ഹിറ്റ്ലര്‍  

text_fields
bookmark_border
ട്രംപ് എന്ന ഹിറ്റ്ലര്‍  
cancel


ഒരാഴ്ചകൊണ്ട് ഒരു രാജ്യത്തെ പൊളിച്ചടുക്കാന്‍ ഭരണകര്‍ത്താവിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്തിനുവേണ്ടിയാണോ അമേരിക്ക ഇതുവരെ നിലകൊണ്ടത് അതിന്‍െറ നേര്‍ വിപരീതദിശയിലേക്ക് രാഷ്ട്രത്തെ തിരിച്ചുവിടാന്‍ കഴിഞ്ഞ ഭ്രാന്ത് ചരിത്രത്തില്‍തന്നെ അപൂര്‍വമാണ്്. അധികാരമേറ്റെടുത്ത് ഒരാഴ്ചക്കുള്ളില്‍ പുറപ്പെടുവിച്ച ഒരു ഡസനിലേറെ വരുന്ന ഉത്തരവുകളിലൂടെ കൈക്കൊണ്ട തീരുമാനങ്ങള്‍ അമേരിക്ക എന്ന ആശയത്തെതന്നെ കുഴിച്ചുമൂടാന്‍ പോന്നതാണ്. ഏഴു മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കു നേരെ യു.എസിന്‍െറ കവാടങ്ങള്‍ കൊട്ടിയടച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഒപ്പിട്ടത് ജനുവരി 27ന്. ആ ദിവസത്തിന്‍െറ പ്രത്യേകത എന്താണെന്നറിയില്ളേ? രാഷ്ട്രാന്തരീയ വംശവിച്ഛേദന ഓര്‍മപുതുക്കല്‍ ദിനമാണ് (ഇന്‍റര്‍നാഷനല്‍ ഹോളോകാസ്റ്റ് റിമെംബറന്‍സ് ഡേ). 1945 ജനുവരി 27ന്് ഏറ്റവും വലിയ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായ ഓഷ്വിറ്റ്സില്‍നിന്ന് റഷ്യന്‍പട്ടാളം ജൂത ഇരകളെ മോചിപ്പിച്ചത് അനുസ്മരിക്കുന്ന ദിനം. 

‘ഇസ്ലാമിക ഭീകരവാദികളെ യു.എസില്‍നിന്ന് അകറ്റുന്നതിന്’ ഇറാന്‍, ഇറാഖ്, സിറിയ, യമന്‍, സുഡാന്‍, ലിബിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് തെരഞ്ഞെടുപ്പ് കാമ്പയിനില്‍ ഈ മനുഷ്യന്‍ ആക്രോശിച്ചപ്പോള്‍ പലരും കരുതിയത്, അനുയായികളെ പിരികയറ്റുന്നതിനുള്ള കേവലം വാചാടോപമായിരിക്കാം എന്നാണ്. എന്നാല്‍, അധികാരം കൈയില്‍ വന്നപ്പോള്‍തന്നെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനമെടുത്തിരിക്കുന്നു ഈ മതഭ്രാന്തന്‍. ഹിറ്റ്ലര്‍പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത സംസ്കാരശൂന്യവും ആധുനിക നാഗരിക കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധവുമായ ഒരു നിലപാട്. വെള്ളിയാഴ്ച പ്രതിരോധമന്ത്രാലയത്തില്‍ ചെന്ന് ട്രംപ് പറഞ്ഞു: ‘‘നമുക്ക് അവരെ വേണ്ട. രാജ്യത്തിനു പുറത്ത് നമ്മുടെ സ്ത്രീകളും പുരുഷന്മാരും ആര്‍ക്കെതിരെയാണോ പോരാടുന്നത് അവരെ നമുക്ക് ഇവിടെയും വേണ്ട...നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ അഗാധമായി സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്ക് ആവശ്യമുള്ളൂ.’’ അതായത്, ഈ രാജ്യങ്ങളില്‍നിന്നുള്ള ക്രിസ്ത്യാനികളെ മാത്രം. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്കിനു നല്‍കിയ അഭിമുഖത്തില്‍ കല്ലു വെച്ച നുണകള്‍ അവതരിപ്പിച്ചത് ഇങ്ങനെ: ‘‘പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ക്രിസ്ത്യാനികളോട് ഭീകരമായാണ് പെരുമാറുന്നത്. സിറിയയില്‍, ക്രിസ്ത്യാനികളാണെങ്കില്‍ അമേരിക്കയില്‍ ചെന്നത്തെുക അസാധ്യമാണെന്ന കാര്യം നിങ്ങളറിയുമോ?’’

മതത്തിന്‍െറ പേരിലുള്ള ഈ വിവേചനം ഹിറ്റ്ലറുടെ കാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് ഇമ്മട്ടില്‍ പച്ചയായി കാണേണ്ടിവരുന്നത്്. അമേരിക്കന്‍ അധിനിവേശം ചവച്ചുതുപ്പിയ രാജ്യങ്ങളാണ് കരിമ്പട്ടികയില്‍ വന്ന ഏഴെണ്ണവും. ഇറാഖും സിറിയയും ലിബിയയും ഇന്നീ കാണുംവിധം തകര്‍ന്നുതരിപ്പണമായതും പൗരന്മാര്‍ അഭയാര്‍ഥികളായി വലിച്ചെറിയപ്പെട്ടതും അമേരിക്കയുടെ പിഴച്ച വിദേശനയത്തിന്‍െറ ഫലമായാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നമായ, പുരോഗമനചിന്താഗതി നെഞ്ചേറ്റി നടന്ന നാഗരിക സമൂഹമായിരുന്നു അടുത്ത കാലം വരെ ഇറാഖികളും സിറിയക്കാരും. യൂഫ്രട്ടീസ്-ടൈഗ്രീസ് നദിക്കരകളിലെ ‘സ്വീറ്റ് പെട്രോള്‍’ മുഴുവനും ഊറ്റിക്കുടിക്കാനുള്ള അത്യാര്‍ത്തിയില്‍, സദ്ദാം ഹുസൈന്‍െറ കഥകഴിച്ച് ബുഷ്ഭരണകൂടം നടപ്പാക്കിയ സാമ്രാജ്യത്വ അജണ്ടയാണ് ഇറാഖിനെ നശിപ്പിച്ചതും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്ക് പെറ്റുവളരാന്‍ അവസരമൊരുക്കിയതും. മുഅമ്മര്‍ ഖദ്ദാഫിയുടെ വാഴ്ചയില്‍ ലിബിയയിലെ ജനങ്ങള്‍ സമ്പല്‍സമൃദ്ധമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പടിഞ്ഞാറിന്‍െറ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ആ മനുഷ്യനെ വേട്ടയാടി കൊന്ന് ലിബിയയെന്ന എണ്ണകേദാരം യു.എസ് കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തതാണ് ആത്യന്തിക ചിന്താഗതിക്കാരെ ആ ഭാഗത്തേക്ക് ആട്ടിത്തെളിച്ചത്. സുഡാനിലും സോമാലിയയിലും കാലുഷ്യം നിറച്ചത് വന്‍ശക്തികളുടെ ഇടപെടലുകളും മതപരിവര്‍ത്തനം മുഖ്യ അജണ്ടയായി ഏറ്റെടുത്തവരുടെ കുത്സിതപദ്ധതികളുമാണ്. തങ്ങള്‍ ധൂമപടങ്ങളാക്കി തൂത്തെറിഞ്ഞ രാജ്യങ്ങളുടെമേല്‍ ഭീകരവാദമുദ്ര ചാര്‍ത്തി, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വലതുപക്ഷ ഭ്രാന്ത് അടിച്ചേല്‍പിക്കാനുള്ള നീക്കം ബൂമെറാങ്ങായി തിരിഞ്ഞുകുത്തുമെന്നതില്‍ സംശയം വേണ്ടാ. ട്രംപിന്‍െറ കമ്പനികള്‍ക്ക് ഈ രാജ്യങ്ങളില്‍ ഉല്‍പാദന കേന്ദ്രങ്ങളോ മാര്‍ക്കറ്റോ ഇല്ലാത്തതുകൊണ്ട് സാമ്പത്തികമായ വലിയ തിരിച്ചടി പെട്ടെന്ന് നേരിട്ടുകൊള്ളണമെന്നില്ല. എന്നാല്‍, ഭൂഗോളത്തിന്‍െറ അഷ്ടദിക്കുകളില്‍നിന്ന് രണ്ടര നൂറ്റാണ്ടു മുമ്പ് കുടിയേറിപ്പാര്‍ത്ത മനുഷ്യര്‍ കെട്ടിപ്പടുത്ത ഒരു രാജ്യം കുടിയേറ്റക്കാര്‍ക്കെതിരെ കവാടം കൊട്ടിയടക്കുന്ന നിഷ്ഠുരതയെ അമേരിക്കന്‍ ജനതതന്നെ നേരിടുമെന്ന്  പ്രതീക്ഷിക്കാം.  സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകുന്ന തീരുമാനമാണിതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ നാന്‍സി പലോസിയും ചക് ഷുമറുമെല്ലാം പരിഭവംകൊള്ളുമ്പോള്‍ വരുംദിവസങ്ങളില്‍ അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധ ജ്വാലകള്‍ ഉയരുമെന്നുതന്നെയാണ് പ്രത്യാശിക്കേണ്ടത്. രണ്ടാം ലോകയുദ്ധകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 75 വര്‍ഷം മുമ്പ്, സെന്‍റ് ലൂയിസ് എന്ന കപ്പലില്‍ നാസി ക്രൂരതയില്‍നിന്ന് രക്ഷതേടി മിയാമി തുറമുഖത്ത് ചെന്നിറങ്ങിയ ജൂതന്മാരെ തിരിച്ചയക്കുകയും ആ പാവങ്ങള്‍ നാസികളുടെ കൈയാല്‍ കൂട്ടമരണത്തിന് ഇരയാവുകയും ചെയ്ത ഓര്‍മകള്‍ പങ്കുവെക്കുന്ന യു.എസ് ജനത, ട്രംപിന്‍െറ നീക്കത്തിലെ അധര്‍മവും അനീതിയും തിരിച്ചറിയാതിരിക്കില്ല. അങ്ങകലെ, യുക്രെയ്നില്‍നിന്നുള്ള മെലാനയെ ജീവിതസഖിയാക്കി തെരഞ്ഞെടുക്കുകയും മൂന്ന് ഭൂഖണ്ഡങ്ങളില്‍ തന്‍െറ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുകയും ചെയ്ത മനുഷ്യനാണ് 60 രാജ്യങ്ങളിലെ പൗരന്മാരെ ബ്ളാക്ക്ലിസ്റ്റില്‍പെടുത്തി അമേരിക്കക്ക് ചുറ്റും വിലക്കിന്‍െറ മതില്‍ തീര്‍ക്കാന്‍ ഒരുമ്പെടുന്നതെന്ന വിരോധാഭാസം ലോകത്തെ ഞെട്ടിക്കുന്നു. 
ഭ്രാന്തമായ ആവേശത്തോടെയാണ് പ്രസിഡന്‍റ് ട്രംപ് തന്‍െറ വംശവെറിയും ‘ജിന്‍ഗോയിസ’വും ആദ്യദിനം തൊട്ട് പുറത്തെടുത്തത്. ‘അതിര്‍ത്തിയില്ലാത്ത നാട് ഒരു നാടല്ല’ എന്നു പറഞ്ഞ് യു.എസിനും മെക്സികോക്കും ഇടയില്‍ 3200 കി.മീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഭിത്തി ഉയര്‍ത്താന്‍ 20 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള നീക്കം മെക്സിക്കന്‍ പ്രസിഡന്‍റിന്‍െറ ട്രംപുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുന്നതിലേക്ക് എത്തിച്ചു. അമേരിക്കയില്‍ 11 ദശലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാരുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും ലാറ്റിനോകളാണെന്നുമാണ് റിപ്പബ്ളിക്കന്‍ പ്രഭൃതികളുടെ ആരോപണം. ആരാണീ ലാറ്റിനോകള്‍? ആ മണ്ണിന്‍െറ യഥാര്‍ഥ മക്കള്‍! അവരുടെ ആവാസവ്യവസ്ഥ തട്ടിപ്പറിച്ചും ആദിവാസികളെ കൂട്ടക്കൊല ചെയ്തുമാണ് ട്രംപിന്‍െറ പൂര്‍വപിതാക്കന്മാര്‍ ഇന്ന് കാണുന്ന യു.എസ്.എ ഉണ്ടാക്കിയത്. ഉദ്ഘാടനപ്രസംഗത്തില്‍ ‘കൂട്ടനരഹത്യ’യെക്കുറിച്ചും ‘സ്മാരകശിലകളെ’ക്കുറിച്ചുമൊക്കെ ട്രംപ് ജല്‍പനങ്ങള്‍ നടത്തിയത് ചരിത്രം വായിക്കാന്‍ സൗഭാഗ്യം ലഭിക്കാത്തതുകൊണ്ടാവാം. 

ഒബാമയുടെ കാലഘട്ടത്തില്‍നിന്നുള്ള, ഞൊടിയിടകൊണ്ടുള്ള വിടുതലാവാം ട്രംപ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് 40 ലക്ഷം യു.എസ് പൗരന്മാര്‍ക്ക് ആശ്വാസം പകര്‍ന്ന ‘ഒബാമ കെയര്‍’ എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി ദുര്‍ബലമാക്കാനും പകരം ‘അഫോര്‍ഡബ്ള്‍ കെയര്‍ ആക്ട്’ കൊണ്ടുവരാനും ആദ്യദിനംതന്നെ ആജ്ഞനല്‍കിയത്. 12 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് പിന്മാറിയത് മറ്റൊരു ഉദാഹരണം. ഗര്‍ഭച്ഛിദ്രം വഴിയുള്ള കുടുംബാസൂത്രണത്തെ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഏജന്‍സികള്‍ക്കുള്ള സഹായം വെട്ടിക്കുറക്കുന്ന തീരുമാനമെടുത്തത് മതയാഥാസ്ഥിതികരുടെ സമ്മര്‍ദംകൊണ്ടാവണം. എന്നാല്‍, ഭീകരവാദികളെ കൈകാര്യംചെയ്യുന്നതിന് സി.ഐ.എ മുമ്പ് പ്രയോഗിച്ചതും ഒബാമ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതുമായ ‘ബ്ളാക്സൈറ്റ്’ ജയിലുകള്‍ വീണ്ടും തുറക്കാനും ‘വാട്ടര്‍ ബോര്‍ഡിങ്’ പോലുള്ള ക്രൂര മര്‍ദനമുറകള്‍ പുനരാരംഭിക്കാനുമുള്ള നീക്കം ട്രംപിലെ ബുഷിനെയാണ് തുറന്നുകാട്ടുന്നത്. 

ഡോണള്‍ഡ് ട്രംപിന്‍െറ ചൊല്ലും ചെയ്തിയും അപകടകാരിയും അറുവഷളനുമായ ഒരു ഭരണകര്‍ത്താവിന്‍േറതാണ്. അമേരിക്ക എത്രയോ ദുരന്തങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നേവരെയുള്ള ഒരു പ്രസിഡന്‍റില്‍നിന്നും ഇത്രക്കും വിനാശകരമായ കാല്‍വെപ്പ് കാണേണ്ടിവന്നിട്ടില്ല. നാല് പ്രസിഡന്‍റുമാര്‍ കൊല്ലപ്പെട്ടപ്പോഴോ നിരന്തരയുദ്ധത്തിലേര്‍പ്പെട്ടപ്പോഴോ സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണത്തിന് നിന്നുകൊടുക്കേണ്ടിവന്നപ്പോഴോ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ പെട്ട് ഉലഞ്ഞപ്പോഴോ ആ കാലഘട്ടത്തിലെ ഭരണാധികാരികള്‍ക്ക് ഇതുപോലൊരു അവിവേകം ലോകത്തിനു മുന്നില്‍ എടുത്തുകാട്ടേണ്ടിവന്നിട്ടില്ല. മാധ്യമങ്ങളിലൂടെ താന്‍ വിമര്‍ശിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാവണം ഭൂമുഖത്ത് ഏറ്റവും നികൃഷ്ടജീവികളായി മാധ്യമപ്രവര്‍ത്തകരെ ഈ മനുഷ്യന്‍ ഇകഴ്ത്തിക്കെട്ടിയത്. എന്നാല്‍, വിഭാഗീയവും വര്‍ഗീയവുമായ മനസ്സുകൊണ്ട് ഒരു വന്‍രാഷ്ട്രം ഭരിക്കാന്‍ നിയോഗിക്കപ്പെട്ട ട്രംപിനെപോലൊരു വൃത്തികെട്ട ഭരണകര്‍ത്താവിനെ നമ്മുടെ കാലഘട്ടത്തിന് ഇതുവരെ കാണേണ്ടിവന്നിട്ടില്ല എന്ന് ലോകമൊന്നടങ്കം വിളിച്ചുപറയാന്‍ പോവുകയാണ്.

Show Full Article
TAGS:Donald Trump 
Next Story