Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവീട്ടുമൃഗങ്ങൾ...

വീട്ടുമൃഗങ്ങൾ വേട്ടക്കിറങ്ങു​േമ്പാൾ

text_fields
bookmark_border
cpm-quotation team
cancel
camera_alt

കാർട്ടൂണിസ്റ്റ്​: വി.ആർ. രാഗേഷ്​

രാഷ്​ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന്​ പറഞ്ഞ ഇംഗ്ലീഷ്​ ചിന്തകനായിരുന്ന സാമുവൽ ജോൺസണുമായി സി.പി.എമ്മിനെ ഒരിക്കലും ബന്ധിപ്പിക്കാനാകില്ല. എന്നാൽ, രാഷ്​ട്രീയത്തിൽ തെമ്മാടിസംഘങ്ങൾക്ക്​ ചില ദൗത്യങ്ങളുണ്ടെന്ന്​ ആ പാർട്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായി ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നതിന്​ തെളിവുകൾ ധാരാളമുണ്ട്​. സി.പി.എമ്മിനെ സംബന്ധിച്ച്​ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇതിലും ബംഗാൾതന്നെയാണ്​ ഉദാഹരിക്കാവുന്ന മാതൃക. 34 കൊല്ലം നീണ്ടുനിന്ന ബംഗാളിലെ സി.പി.എം ഭരണത്തിെൻറ അവസാനത്തെ പതിറ്റാണ്ടിൽ, പ്രധാനമായും ദേശീയമാധ്യമങ്ങളുടെ വരെ വലിയ ശ്രദ്ധ പതിഞ്ഞ ഒന്നായിരുന്നു അവിടത്തെ 'ഹർമദ്​ ബാഹിനി' എന്ന പേരിലറിയപ്പെട്ട ഒരു രഹസ്യസംവിധാനം. സി.പി.എം സ്വകാര്യമായി കെട്ടിപ്പടുത്ത, ആയുധപരിശീലനം ലഭിച്ചവരും സായുധരുമായിരുന്ന ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്​മകളായിരുന്നു ഹർമദ്​ ബാഹിനി. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തലത്തിലായിരുന്നു അവയുടെ നിയന്ത്രണം. പോർചുഗീസ്​ ഭാഷയിലെ 'അൽമാഡ' എന്ന പദത്തി​​െൻറ വികൃതീകൃതരൂപമായി ബംഗാളി ഭാഷയിൽ കയറിപ്പറ്റിയ 'ഹർമദ്​' എന്ന ഗുണ്ടാപേരിൽ കുപ്രസിദ്ധമായിരുന്ന ഈ സംഘത്തി​െൻറ അസ്​തിത്വം സി.പി.എം ഒരിക്കലും സമ്മതിക്കുകയുണ്ടായില്ലെങ്കിലും ബംഗാളി ജനതയുടെ പേടിസ്വപ്​നമായി ആ സംവിധാനം പതിറ്റാണ്ടുകൾ നിലനിന്നു.

രാഷ്​ട്രീയ എതിരാളികൾക്കെതിരെ കൊല്ലും കൊലയും നടത്തിയും പൊതുതെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും പരസ്യമായിത്തന്നെ പ്രവർത്തിച്ചുപോന്ന ഹർമദ്​ ബാഹിനി, 2008-2011 കാലത്ത്​ ബംഗാളിലെ ലാൽഗഢ്​ മേഖലയിൽ നടന്നുവന്ന മാവോയിസ്​റ്റ്​ കലാപത്തി​െൻറ കാലത്താണ്​ പുറംലോകത്തി​െൻറ വമ്പിച്ച ശ്രദ്ധ പിടിച്ചുപറ്റിയത്​. എന്നാൽ, അപ്പോഴും ഇത്തരമൊന്നി​െൻറ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കാൻ സി.പി.എം നേതൃത്വം തയാറായില്ല. കേരളത്തിലെ സി.പി.എം നേതൃത്വത്തെപ്പോലെത്തന്നെ രാഷ്​ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്​ തങ്ങളുടെ ശൈലിയല്ലെന്ന്​ അവർ ആവർത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, ബംഗാളിഭാഷയിലെ അവജ്ഞാനിർഭരമായ പദങ്ങളിലൊന്നായ ഹർമദിന്‍റെ പേരിലറിയപ്പെട്ട ഈ സ്വകാര്യസേന സൃഷ്​ടിച്ച ചോരക്കളങ്ങളുടെ ഓർമകൾ അവിടത്തെ രാഷ്​ട്രീയചരിത്രത്തിൽ ഇപ്പോഴും തിണർത്തുകിടക്കുന്നുണ്ട്​.

രാഷ്​ട്രീയ എതിരാളികളെ കായികമായി കൂടി നേരിടേണ്ടതാണെന്ന ഈ സമീപനത്തിന്‍റെ പുറത്ത്​ സി.പി.എം സ്വകാര്യമായി സംഘടിപ്പിച്ചുവെക്കുന്നതോ താൽക്കാലികമായി കൂടെ ചേർക്കുന്നതോ ആയ ക്രിമിനൽ സംഘങ്ങളുടെ പരിണാമഗതികളെക്കുറിച്ചാണ്​ വാസ്​തവത്തിൽ കേരളം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉദ്വേഗപൂർവം ചർച്ചചെയ്​തുകൊണ്ടിരിക്കുന്നതെന്നാണ്​ ഈ ലേഖകൻ കരുതുന്നത്​. കരിപ്പൂർ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടവരെ തങ്ങൾ മു​േമ്പ പുറത്താക്കിയതാണെന്ന സി.പി.എം വാദത്തിൽത്തന്നെ ഇതി​െൻറ തെളിവുണ്ട്​. അതായത്,​ പുറത്താവുന്നതിനുമുമ്പ്​ ഈ ക്രിമിനലുകൾ ആ പാർട്ടിയുടെ സ്വകാര്യമായ കായികസംവിധാനങ്ങളുടെ ഭാഗമായിരുന്നു. അന്ന്​, ഇത്തരക്കാർ നടത്തിയ രാഷ്​ട്രീയ എതിരാളികളുടെ കൊലപാതകങ്ങൾ ഉൾപ്പെടെ ഒന്നിനെയും തള്ളിപ്പറയാൻ സി.പി.എം ഇപ്പോൾപോലും തയാറല്ല എന്നതിെൻറ അർഥവും അതുതന്നെയാണ്​. ഇന്ന്​ സി.പി.എം നേതൃത്വം തങ്ങൾക്ക്​ വേണ്ടെന്നുവെക്കുന്ന ഈ ക്രിമിനൽ സംഘങ്ങൾ, കേരള പാർട്ടിയുടെ ഹർമദുകളായിരുന്നു ഈ അടുത്തകാലം വരെ.

2000-2008 കാലത്ത്​ കേരള സി.പി.എമ്മിനകത്ത്​ നടന്ന ചില ആഭ്യന്തരകലാപങ്ങളെ തുടർന്നാണ്​ സെൽഫ്​ ഡിഫൻസ്​ (എസ്​.ഡി) ടീമുകൾ എന്നുവിളിക്കുന്ന ഈ ഹർമദുകൾ ഇവിടത്തെ പാർട്ടിപ്രവർത്തനത്തി​െൻറ വ്യാപകവും സജീവവുമായ ഭാഗമാകാൻ തുടങ്ങിയത്​. സാംസ്​കാരികരംഗത്ത്​ അധിനിവേശ പ്രതിരോധ സമിതി എന്ന സംഘടന, തൃശൂരിൽ തളിക്കുളം സി.പി.എം എന്ന ഗ്രൂപ്​, ഷൊർണൂരിൽ വിമത സി.പി.എം, ഇവയുടെ കൂട്ടായ്​മയായി പ്രവർത്തിച്ച കമ്യൂണിസ്​റ്റ്​ കാമ്പയിൻ കമ്മിറ്റി എന്നിവയെല്ലാം 2008ൽ ഒഞ്ചിയത്ത്​ ടി.പി. ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ ഉയർന്നുവന്ന വിമത സി.പി.എം സംഘവുമായി ചേർന്നുകൊണ്ട്​ റവലൂഷനറി മാർക്​സിസ്​റ്റ്​ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കാനാരംഭിച്ചത്​ സംഘടനാപരമായി കേരളത്തിലെ സി.പി.എമ്മിനെ ഞെട്ടിക്കുകയുണ്ടായി. പാർട്ടിക്കകത്ത്​ വിയോജിച്ചുനിന്ന വി.എസ്​ വിഭാഗത്തി​െൻറ ഉറച്ച പിന്തുണയിലാണ്​ ഇത്​ നടക്കുന്നതെന്ന തോന്നൽ അവരുടെ വേവലാതിക്ക്​ ആക്കംകൂട്ടുകയും ചെയ്​തു. എം.എൻ. വിജയൻ മാഷിന്‍റെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്ന നാലാം ലോക വിരുദ്ധ സാംസ്​കാരികസമരത്തിന്‍റെ തുടർച്ചയായിരുന്നു ഈ രാഷ്​ട്രീയ പൊട്ടിത്തെറികൾ എന്ന കാര്യം ആളുകൾ ഇപ്പോഴും ഓർക്കുന്നുണ്ടാവും.

ഇതോടെയാണ്​ ബംഗാളിൽ തീവ്ര കമ്യൂണിസ്​റ്റ്​ പാർട്ടിയായ മാവോയിസ്​റ്റുകളെ ഹർമദ്​ ബാഹിനിയെ ഉപയോഗിച്ച്​ കായികമായി നേരിട്ടതുപോലെ ഇവിടത്തെ വിമത കമ്യൂണിസ്​റ്റുകളുൾപ്പെടെയുള്ള രാഷ്​ട്രീയ എതിരാളികളെ സെൽഫ്​ ഡിഫൻസ്​ ടീമുകളെന്ന പേരിൽ സ്വകാര്യമായി കായികപരിശീലനം നൽകി രൂപപ്പെടുത്തുന്ന പാർട്ടി ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച്​ നേരിടാനുള്ള ശ്രമം സി.പി.എം ശക്തിപ്പെടുത്തിയത്​. ആർ.എം.പി നേതൃത്വത്തിലുണ്ടായിരുന്ന മിക്കവരും അക്കാലത്ത്​ ആക്രമിക്കപ്പെടുന്നുണ്ട്​. ഈ ലേഖകനുൾപ്പെടെ പലരെയും കൊല്ലാൻതന്നെ ശ്രമിച്ചു. ഒടുവിൽ 2012 മേയ്​ നാലിന്​ ആർ.എം.പിയുടെ കേരള സെക്രട്ടറിയായിരുന്ന ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മിന്‍റെ ഹർമദുകൾ നിഷ്​ഠുരമായി കൊന്നതിന്‍റെ പശ്ചാത്തലമതാണ്​. പക്ഷേ, കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ആ കൊലപാതകത്തെ ഒരു ക്വ​ട്ടേഷൻ പ്രവർത്തനമായി ചിത്രീകരിച്ചുകൊണ്ട്​ നിർബന്ധമായും കേസിൽ പ്രതികളാകേണ്ടിയിരുന്ന നേതാക്കന്മാരെ രക്ഷിച്ചെടുക്കാൻ സി.പി.എമ്മിന്​ സാധിച്ചു. അങ്ങനെ, കേരളത്തിലെ തങ്ങളുടെ ഹർമദ്​ ബാഹിനി പ്രവർത്തനത്തെ ജനങ്ങളിൽനിന്ന്​ മറച്ചുപിടിക്കാനും അവർക്കായി.

അതോടെ, ടി.പി കേസ്​ പ്രതികളായ കൊലയാളി ഹർമദുകൾ സി.പി.എം പാർട്ടിക്കകത്ത്​ വീരനായകന്മാരായിത്തീർന്നു. ബഹുകക്ഷി ജനാധിപത്യ വ്യവസ്​ഥയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്​. 'കൊലയാളികളെ മാത്രം ഞാനെ​െൻറ വികാരത്തിന്​ പുറത്തുനിർത്തും' എന്ന്​ മഹാകവി നെരൂദ എഴുതിയത്​ ഓർക്കുക. പക്ഷേ, കേരള സി.പി.എം നേതൃത്വം ആ വഴിക്കുതന്നെ മുന്നോട്ടുപോയി. ടി.പിയുടെ കൊലയാളികളെ വീരനായകന്മാരാക്കാൻ കിട്ടിയ ഒരവസരവും അവർ പാഴാക്കിയില്ല. ഒപ്പം, സെൽഫ്​ ഡിഫൻസ്​ എന്ന പേരിലുള്ള ഹർമദ്​ ബാഹിനികളെ പരിശീലനം നൽകി സംഘടിപ്പിക്കുന്ന പ്രവർത്തനം വ്യാപകമാക്കുകയും അവരെ അഴിച്ചുവിട്ട്​ പുതിയ പുതിയ അക്രമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്​തു. ഷുക്കൂർ, ഷുഹൈബ്​, ​േപരിയ തുടങ്ങിയ പേരുകളിൽ ചർച്ചചെയ്​തുവരുന്ന മനസ്സാക്ഷിയെ ഞെട്ടിച്ച കൊലകളെല്ലാം അങ്ങനെ സംഭവിച്ചതാണ്​. ഈ കൊലകൾ ചർച്ചയായതോടെ അതു നടത്തിയ പ്രതികളും പാർട്ടിയിൽ വീരന്മാരായി മാറി. ഇവരും ഇവരെപ്പോലെ ചിന്തിക്കുന്ന സി.പി.എം അണികളും സോഷ്യൽ മീഡിയയുടെ പ്രചാരണസാധ്യതകളെകൂടി പരമാവധി മുതലെടുത്തതോടെ, ഇത്തരക്കാർ പാർട്ടിക്കു​ മുകളിൽ ഒരു സമാന്തര സാമ്രാജ്യംതന്നെയായി വികസിച്ചുവന്നു. സ്വന്തമായി സേനകളുള്ള വെവ്വേറെ സൈന്യാധിപന്മാരായി ഇവരോരോരുത്തരും മാറി. ഈ സ്വകാര്യ സൈന്യാധിപന്മാരുടെ പേരുകളാണ്​ സി.പി.എം നേതാക്കന്മാർ ഇപ്പോൾ നിലവിളിച്ചുകൊണ്ടു​ പറയുന്നത്​.

എക്കാലത്തും ഏതു​ ചെറിയ സൈന്യാധിപർ പോലും ലക്ഷ്യംവെക്കുക സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാനാണ്​. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയേ എപ്പോഴും അത്​ ചെയ്യാനാകൂ. ഈ കേരള സി.പി.എം ഹർമദുകളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതാണ്​ ചെയ്​തുകൊണ്ടിരിക്കുന്നത്​. സ്വർണക്കടത്തും മയക്കുമരുന്ന്​ കടത്തും പിടിച്ചുപറിയും ക്വ​ട്ടേഷൻ പ്രവർത്തനവും മറ്റും മറ്റുമായി അതു നിർബാധം നടന്നുവരുകയാണ്​. കരിപ്പൂരിലെ അഞ്ചുപേരുടെ കൂട്ടമരണത്തെ തുടർന്ന്​ അതോരോന്നും ഇപ്പോൾ വെളിയിലെത്തുന്നു എന്നേയുള്ളൂ. പഴയ ഭാഷയിൽ പറഞ്ഞാൽ സത്യത്തിൽ സി.പി.എം വിതച്ചത്​ കൊയ്യുകയാണ്​. അവർ അത്​ ഇനിയും ദീർഘകാലം കൊയ്​തുകൊണ്ടിരിക്കാനാണ്​ പോകുന്നത്​ എന്നതിലും സംശയങ്ങളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quotation gangCPMself defense teams
News Summary - article about cpm and their self defense teams
Next Story