Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൽഹ-ഉദൽ, താലാ സയ്യിദ്, മാവേലി... ഇന്ത്യൻ ബഹുസ്വരതയുടെ ഈണങ്ങൾ

text_fields
bookmark_border
ആൽഹ-ഉദൽ, താലാ സയ്യിദ്, മാവേലി...  ഇന്ത്യൻ ബഹുസ്വരതയുടെ ഈണങ്ങൾ
cancel

ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് വ്യത്യസ്ത ദേശങ്ങൾ-യു.പി ബുന്ദേൽഖണ്ഡിലുള്ള മഹോബയും വിന്ധ്യനിരകൾക്ക് തെക്കുള്ള കേരളവും മൂന്നാഴ്ചകൾ മുമ്പ് ആഘോഷിച്ച കജ്‌ലി തീജിന്റെയും പൊന്നോണത്തിന്റെയും സൗരഭ്യത്തിലും വർണ-ഈണ ഭംഗിയിലും ഇപ്പോഴും ലയിച്ചുനിൽക്കുകയാണ്.

ഉത്തരേന്ത്യയിലെ ശ്രാവൺ അഥവാ സാവൻ മാസവും കേരളത്തിലെ ചിങ്ങമാസവും സാധാരണയായി ആഗസ്റ്റ്-സെപ്റ്റംബർ കാലയളവിലാണ് വരുന്നത്. മാവേലിയുടെ മണ്ണിലെ ഓണവും ആൽഹയുടെയും ഉദലിന്റെയും മണ്ണിലെ കജ്‌ലി തീജും ജനകീയ കൂട്ടായ്മകളായി ആഘോഷിക്കപ്പെടുന്ന നാളുകളാണിത്. ബുന്ദേൽഖണ്ഡിലെ വെയിലേറ്റുവാടിയ മലനിരകളും കേരളത്തിലെ പച്ചപ്പും തമ്മിൽ ഭൂമിശാസ്ത്രപരമായി വലിയ അകലമുണ്ടെങ്കിലും, ഈ ആഘോഷങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഒരു സാംസ്കാരിക ഇഴയടുപ്പമുണ്ട്. പരമ്പരാഗത അധികാരശ്രേണികളെ അട്ടിമറിക്കുകയും മുഖ്യധാരാ വരേണ്യ ആഖ്യാനങ്ങൾക്കുമേൽ കീഴാള നായകരെ വാഴ്ത്തുകയും ചെയ്യുന്നു എന്നതാണ് ഇവ രണ്ടിന്റെയും സവിശേഷത.

ആൽഹ-ഉദലും പൃഥ്വിരാജ് ചൗഹാനും

ബുന്ദേൽഖണ്ഡിന്റെ വാമൊഴി ഇതിഹാസങ്ങളിൽ ആൽഹയും ഉദലും ബനാഫർ വംശത്തിൽപ്പെട്ടവരാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജഗ്നിക് റാവു രചിച്ചതെന്ന് കരുതപ്പെടുന്ന ‘പർമൽ റാസോ’ എന്ന ഇതിഹാസകാവ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ‘ആൽഹ-ഖണ്ഡ്’. ഇത് ഇന്ന് യഥാർഥ രൂപത്തിൽ ലഭ്യമല്ലെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ ബുന്ദേൽഖണ്ഡി, അവധി, ഭോജ്പുരി, ഖഡി ബോലി എന്നീ ഭാഷാഭേദങ്ങളിൽ ആൽഹ ഗായകരിലൂടെ 900-ലധികം വർഷങ്ങളായി വാമൊഴിയായി ജീവിക്കുന്നു. പലപ്പോഴും താഴ്ന്ന ജാതിക്കാരായോ മിശ്രജാതിക്കാരായ പോരാളികളായോ ആണ് ഇവർ കണക്കാക്കപ്പെട്ടിരുന്നത്.

പൃഥ്വിരാജ് ചൗഹാൻ മഹോബ നഗരം വളയുകയും ആക്രമിക്കുകയും ചെയ്തപ്പോൾ, ആ നാടിനെ രക്ഷിക്കാനെത്തിയത് ആൽഹയും ഉദലുമായിരുന്നു. കജ്‌ലി തീജ് വേളയിൽ, മഹോബയിലെ ജനങ്ങൾ തങ്ങളുടെ സ്ത്രീകളെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാൻ ആൽഹയും ഉദലും നടത്തിയ പോരാട്ടത്തിന്റെ സ്മരണയ്ക്കായി കീരത് സാഗർ തടാകത്തിൽ ‘കജ്‌ലികൾ’ (ബാർലി നാമ്പുകൾ) ഒഴുക്കുന്നു. ഇതിലെ ആന്തരികസന്ദേശം വ്യക്തമാണ്: ഉന്നതകുലജാതനായ രജപുത്ര ചക്രവർത്തിയെ ഇവിടെ അധിനിവേശകനായി ഓർക്കുമ്പോൾ, ഈ കീഴാള സഹോദരങ്ങൾ അമരരായ കാവൽക്കാരായി വാഴ്ത്തപ്പെടുന്നു. എ.ഡി. 1192-ൽ നടന്ന രണ്ടാം തറൈൻ യുദ്ധത്തിൽ മുഈസുദ്ദീൻ മുഹമ്മദ് ഘോറി പൃഥ്വിരാജിനെ പരാജയപ്പെടുത്തിയതിനെ ഇന്ത്യയിലെ തുർക്കി സുൽത്താന്മാരുടെ ഭരണത്തിന് വഴിയൊരുക്കിയ വഴിത്തിരിവായാണ് ചരിത്രപുസ്തകങ്ങൾ രേഖപ്പെടുത്തുന്നത്. ആൽഹ ഗായകർ പാടുന്ന ആൽഹ-ഖണ്ഡിൽ, ആൽഹയെയും ഉദലിനെയും യുദ്ധമുറകൾ അഭ്യസിപ്പിച്ച മുസ്‌ലിം യോദ്ധാവായ താലാ സയ്യിദിനെ മഹാഭാരതത്തിലെ ദ്രോണാചാര്യരുടെ അവതാരമായാണ് വാഴ്ത്തുന്നത്. ഘോറിയുടെ അധിനിവേശത്തിനു മുമ്പുതന്നെ പൃഥ്വിരാജിനും മറ്റ് രാജാക്കന്മാർക്കുമെതിരെയുള്ള നിരവധി യുദ്ധങ്ങളിൽ ബനാഫർ സഹോദരന്മാർക്കൊപ്പം താലാ സയ്യിദ് തോളോടുതോൾ ചേർന്നു പോരാടി.

ആൽഹ ആലാപനങ്ങളിൽ ആൽഹയും ഉദലും യുധിഷ്ഠിരന്റെയും ഭീമന്റെയും അവതാരങ്ങളായി വാഴ്ത്തപ്പെടുമ്പോൾ പൃഥ്വിരാജിനെ ദുര്യോധനനായാണ് ചിത്രീകരിക്കുന്നത്. ചന്ദേൽ രാജാവായിരുന്ന പരമർദിദേവന്റെ (പർമൽ) യോദ്ധാക്കളായ ആൽഹ, ഉദൽ, മൽഖാൻ, ധേബ, ബ്രഹ്മാനന്ദ് എന്നിവരെല്ലാം ആൽഹ-ഖണ്ഡിന്റെ ആഖ്യാനത്തിൽ താലാ സയ്യിദിനെ ‘താലാ സയ്യിദ് ചാച്ചാ’ എന്നാണ് ആദരവോടെ വിളിച്ചിരുന്നത്. അന്നത്തെ വരേണ്യ സാമ്രാജ്യത്വ ശക്തികൾക്കെതിരെ നടന്ന 52 യുദ്ധങ്ങളിലും (ബാവൻഗഢ് കി ലഡായി) അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് അവർ പിന്തുടർന്നത്.

ഢോളക്കിന്റെയും മഞ്ചീരയുടെയും ഇടതടവില്ലാത്ത താളത്തിനൊപ്പം ഉയർന്ന ശ്രുതിയിലുള്ള സവിശേഷമായ ആലാപനരീതിയിലൂടെ ആൽഹ ഗായകർ കേൾവിക്കാരിൽ ആവേശവും മാതൃഭൂമിയോടുള്ള സ്നേഹവും നിറയ്ക്കുന്നു. താലാ സയ്യിദും ഉദലും രക്തസാക്ഷിത്വം വരിച്ച സംഭവം ഓർത്തെടുക്കുമ്പോൾ സദസ്യരുടെ കണ്ണുകൾ ഈറനണിയുന്നു. ചരിത്രപ്രസിദ്ധമായ കീരത് സാഗറിനടുത്തുള്ള കുന്നിൻമുകളിലെ താലാ സയ്യിദിന്റെ മസാർ കജ്‌ലി മേളയിലെ ഒരു പ്രധാന കേന്ദ്രമാണ്.

ഓർമയിലെ മാവേലിക്കാലം

മുഖ്യധാരാ പൗരാണിക സാഹിത്യത്തിൽ അസുരന്മാരെ പൈശാചിക രൂപങ്ങളായാണ് ചിത്രീകരിക്കുന്നത്. ത്രിലോകങ്ങളും തിരിച്ചുപിടിച്ച വിഷ്ണുവിന്റെ അവതാരമായ വാമനനാണ് അവിടെ വാഴ്ത്തപ്പെടുന്നത്. എന്നാൽ കേരളത്തിൽ കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത, ‘മാനുഷ്യരെല്ലാരും ഒന്നുപോലെ’ കഴിഞ്ഞ ഒരു സമത്വസുന്ദര ഭരണത്തിന്റെ വക്താവായാണ് അസുരചക്രവർത്തിയായ മാവേലി ഓർക്കപ്പെടുന്നത്. ചതിയിലൂടെ അദ്ദേഹം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് ഒരു ദുരന്തമായാണ് ജനങ്ങൾ കാണുന്നത്. വാമനന്റെ വിജയത്തെ പ്രകീർത്തിക്കാനല്ല, മറിച്ച് തന്റെ പ്രജകളെ കാണാൻ ഒരു ദിവസത്തേക്ക് തിരിച്ചെത്തുന്ന മാവേലിയെ വരവേൽക്കാനാണ് ഓണം ആഘോഷിക്കുന്നത്.

ഈ പാരമ്പര്യങ്ങൾക്ക് ജന്മം നൽകിയ ഭൗതിക സാഹചര്യങ്ങൾ തമ്മിൽ വലിയ വൈരുധ്യമുണ്ട്: ഗ്രാനൈറ്റ് പാറക്കൂട്ടങ്ങളും വരണ്ട മലയിടുക്കുകളും കുറ്റിക്കാടുകളും മനുഷ്യനിർമിത തടാകങ്ങളുമാണ് മഹോബയുടെ പ്രത്യേകതയെങ്കിൽ, പച്ചനിറഞ്ഞ നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും കായലുകളും പശ്ചിമഘട്ടവുമാണ് കേരളത്തിനുള്ളത്. ഇന്തോ-ആര്യൻ ഉപഭാഷയായ ബുന്ദേലി ധീരോദാത്തമായ ആൽഹ-ഉദൽ നാടോടിക്കഥകളിൽ വേരൂന്നിയതാണെങ്കിൽ, ഓണപ്പാട്ടുകൾ ദ്രാവിഡ ഭാഷയായ മലയാളത്തിന്റെ സമ്പന്നമായ ക്ലാസിക്കൽ നാടോടി സാഹിത്യത്തിലാണ് വേരൂന്നിയിരിക്കുന്നത്.

വായനക്കാരുടെ ശ്രദ്ധക്ക്

നമ്മുടെ ചരിത്രത്തിലെയും പുരാണങ്ങളിലെയും വരേണ്യ-സാമ്രാജ്യത്വ ശക്തികളുടെയോ, ദേവാസുരന്മാരുടെയോ, അവരുടെ എതിരാളികളുടെയോ ചെയ്തികളെ വിലയിരുത്തലല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം; മറിച്ച്, അനാദികാലം മുതൽ ഇന്ത്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും മുഖമുദ്രയായി നിലകൊള്ളുന്ന ‘വൈവിധ്യങ്ങൾക്കിടയിലെ ഐക്യ’ത്തിന്റെ ഇഴകളെ അടിവരയിട്ടു കാണിക്കുക മാത്രമാണ്.

ഇവിടെ നിലനിന്നതും ഇനിയും നിലനിൽക്കേണ്ടതും വൈവിധ്യങ്ങളോടുള്ള സ്നേഹവും ബഹുമാനവുമാണ്. എന്നാൽ, “ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരൊറ്റ ഭരണാധികാരിയുടെ കീഴിലുള്ള കേന്ദ്രീകൃത ഭരണം, ഒരു വിദ്യാഭ്യാസ സമ്പ്രദായം, ഒരു നികുതി ഘടന, ഒരു നിറം, എല്ലാം ഹിന്ദുത്വയുടെ ഒരൊറ്റ കുടക്കീഴിൽ” എന്നിങ്ങനെയുള്ള സംസാരങ്ങളാൽ ഇന്നത്തെ ഇന്ത്യൻ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്.

ഈ ‘ഏകത്വ വാദങ്ങൾ’ നമ്മുടെ സ്വത്വത്തിന് തീർത്തും വിരുദ്ധവും പരിഹാസ്യവുമാണെന്ന് ഇന്നത്തെ ഭരണവർഗത്തിലെ ഒരു വിഭാഗത്തെ ഓർമിപ്പിക്കാൻ മാത്രമാണിത്; വൈവിധ്യങ്ങൾക്കിടയിലെ ഐക്യം എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് നമ്മൾ എക്കാലവും ജീവിക്കേണ്ടത്.

ജയ് ഹിന്ദ് !

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alha-Udal, Tala Syed, Maveli: The Melodies of Indian Pluralism
Next Story