Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്ത്യ ഒരു താമരക്കു...

ഇന്ത്യ ഒരു താമരക്കു കീഴിലും ഒതുങ്ങേണ്ടതല്ല

text_fields
bookmark_border
ഇന്ത്യ ഒരു താമരക്കു കീഴിലും ഒതുങ്ങേണ്ടതല്ല
cancel

ഒരു സിനിമക്കാരന്‍ എന്ന നിലയില്‍ തന്നെയാണ് സംവിധായകന്‍ കമലിനെതിരായ സംഘ്പരിവാറിന്‍െറ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഞാന്‍ തെരുവിലേക്കിറങ്ങിയത്. മുമ്പ് നാടകക്കാരനായിരുന്നപ്പോഴും  ഇത്തരം സാമൂഹികവിഷയങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും എന്‍െറ പ്രതിഷേധങ്ങളെയോ വാക്കുകളെയോ ചെവിക്കൊള്ളാന്‍ ഇവിടുത്ത ചാനലുകളോ സമൂഹ മാധ്യമങ്ങളോ തയാറായിട്ടില്ല. ബാബരി മസ്ജിദ് പൊളിച്ചപ്പോഴും ഗുലാം അലിയെക്കൊണ്ട് പാടിക്കില്ളെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും വാശിപിടിച്ചപ്പോഴും ഇത്തരം ഗറില നാടകങ്ങളുമായി ഞാന്‍ ഇറങ്ങിയിട്ടുണ്ട്.

പക്ഷേ, ഒരു നാടകക്കാരന്‍െറ പ്രതിഷേധങ്ങളെ ആര്‍ക്കുവേണം. അതുകൊണ്ട് സിനിമ തന്ന പ്രശസ്തി പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളെക്കൊണ്ട് സംസാരിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ  പ്രതിഷേധത്തിനു പിന്നില്‍. നാവടപ്പിക്കും എന്ന് പറയുന്നവരുടെ മുന്നില്‍ ജനങ്ങളെക്കൊണ്ട് സംസാരിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു എനിക്ക്. അത് വിജയിച്ചു. നമുക്കുനേരെ വിരല്‍ചൂണ്ടിയവര്‍ക്കെതിരെ നമ്മള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണല്ളോ ബി.ജെ.പിയില്‍തന്നെ കമലിന്‍െറ വിഷയത്തില്‍ എതിര്‍ ശബ്ദങ്ങള്‍ ഉണ്ടായത്.

ദിലീപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ ചിത്രീകരണവുമായാണ് ഞാന്‍ കാസര്‍കോട് എത്തുന്നത്. എം.ടിയോട് നിശ്ശബ്ദത പാലിക്കാന്‍ പറഞ്ഞപ്പോഴേ ഇത്തരം ഫാഷിസ ശബ്ദങ്ങളോട് പ്രതികരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷേ, പല തിരക്കുകളാല്‍ അത് നടക്കാതെ പോയി. പിന്നീട് കമലിനെതിരെയും ശബ്ദമുയര്‍ന്നപ്പോഴായിരുന്നു ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടിയ ഒഴിവില്‍ കാസര്‍കോട്ട് അമേരിക്കന്‍ കൊടിയുമായി എനിക്ക് ഇറങ്ങേണ്ടിവന്നത്. അതും അപ്പോള്‍ തയാറാക്കിയ തിരക്കഥയുമായി.

പ്രശസ്തിക്കുവേണ്ടിയാണ് ഞാനിതൊക്കെ കാട്ടിക്കൂട്ടിയതെന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. കാരണം ഏകസ്വരത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ബഹുസ്വരതക്ക് വേണ്ടിയാണല്ളോ നമ്മുടെ പോരാട്ടം. അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പ്രശസ്തിയായിരുന്നു ലക്ഷ്യമെങ്കില്‍ എല്ലാറ്റില്‍നിന്നും സുരക്ഷിത അകലം പാലിച്ച് എ.സി റൂമില്‍കിടന്ന് എനിക്ക് ഉറങ്ങാമായിരുന്നു. പൊരിവെയിലത്ത് പീപ്പിയും ഊതി നടക്കേണ്ട ഒരു ആവശ്യവുമില്ല. കാരണം എന്‍െറ പ്രതിഷേധം അറിയിക്കേണ്ടത് ഫേസ്ബുക്കിലെ മതില്‍പുറത്തായിരുന്നില്ല. നിങ്ങള്‍ക്ക് മുന്നിലായിരുന്നു.

നമ്മുടെ നാട് വലിയൊരു അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ ഈ മൗനം എന്നെ പേടിപ്പെടുത്തുന്നു. അത് തുടര്‍ന്നാല്‍ ഫാഷിസത്തിന് വഴിയൊരുക്കും. പക്ഷേ, ഒരു കലാകാരന് അതിന് കഴിയില്ല. അവന്‍ സംസാരിക്കും. അങ്ങനെ എതിര്‍ത്ത് സംസാരിക്കുന്നവരെ കൊന്നുതള്ളിയിട്ടുണ്ട്. അത് ഇപ്പോള്‍ തുടങ്ങിയതല്ല. സ്വേച്ഛാധിപത്യകാലം മുതല്‍ക്കേ ഇത്തരം കൊന്നുതള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. അങ്ങനെ ജനാധിപത്യം നഷ്ടപ്പെടുമെന്ന് തോന്നുന്ന ഘട്ടത്തില്‍ നമ്മള്‍ പ്രതികരിക്കണം. അങ്ങനെ പ്രതികരിക്കേണ്ടത് കലാകാരന്‍െറ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങള്‍ നാവടക്കൂ. ഞങ്ങള്‍ പറയുന്നത് മാത്രം കേള്‍ക്കൂ, ഞങ്ങള്‍ പറയുന്നത് മാത്രം ചെയ്യൂ എന്നു പറയുന്നതില്‍ ഒരു ദുസ്സൂചനയുണ്ടല്ളോ, അത് ഫാഷിസമാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തസ്ഥാനത്തിരിക്കുന്ന ഒരു നേതാവാണ് അത് പറയുന്നതും. അതിനാല്‍ ഒരു വ്യക്തിയുടെ ജല്‍പനങ്ങളായോ വിവരമില്ലായ്മയായോ അതിനെ എഴുതിത്തള്ളാന്‍ നാം ശ്രമിക്കുമ്പോഴാണ് വീണ്ടും വീണ്ടും ഇവര്‍ കടുത്ത ഭാഷയില്‍ നമ്മള്‍ക്കെതിരെ വരുന്നത്.

നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച എം.ടിക്കെതിരെയും ഇവര്‍ തിരിഞ്ഞു. പക്ഷേ എം.ടിയോട് പറഞ്ഞതല്ലല്ളോ ഇവര്‍ കമലിനോട് പറഞ്ഞത്. എം.ടിയോട് പാകിസ്താനില്‍ പോകണമെന്ന് എന്തുകൊണ്ട് ഇവര്‍ പറഞ്ഞില്ല? അപ്പോള്‍ മതമാണ് ഇവിടുത്തെ പ്രശ്നം. ഹിന്ദുവെന്നത് മതമല്ല ഒരു സംസ്കാരമാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടതാണ് ഭാരതം. അത് ഒരു രാഷ്ട്രീയ കക്ഷിക്കും ഒരു കൊടിക്ക് കീഴിലോ ഒരു താമരയുടെ കീഴിലോ ഒതുക്കിക്കൊടുക്കേണ്ട സാധനമല്ല.

ഞാനും കമലും ഭാരതീയരാണ്. ഈ മണ്ണില്‍ ജനിച്ചവരൊക്കെ ഭാരതീയരാണ്. രാഷ്ട്രീയപാര്‍ട്ടിയല്ല നമ്മള്‍ എങ്ങോട്ടുപോകണമെന്ന് പറയേണ്ടത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ, മനുഷ്യനെ ജാതീയമായും വര്‍ഗപരമായും വേര്‍തിരിക്കരുത്. അത് വലിയ അപകടം ചെയ്യും. എന്തിനാണ് പാകിസ്താനിലേക്ക് കടത്തിക്കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. പാകിസ്താന്‍ എന്താ നരകമാണോ? അതിരുകളില്ലാത്ത ലോകത്തെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന മാനവികതയെക്കുറിച്ചുമാണ് എന്‍െറ വിശ്വാസം. അത് എന്നെങ്കിലും ഉണ്ടാകും. അങ്ങനെയെങ്കില്‍ മാത്രമേ സ്വര്‍ഗം ഉണ്ടാകൂ. അല്ളെങ്കില്‍ ഇവിടവും നരകം തന്നെയാവും. ഭാരതം നരകമാകരുതെങ്കില്‍ ഇവിടെ ബഹുസ്വരത നിലനില്‍ക്കണം. അതിനായി നാം നാവുകള്‍ ഉയര്‍ത്തിപ്പിടിച്ചേ മതിയാവൂ
(തയാറാക്കിയത്: അനിരു അശോകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alencier
News Summary - actor Alencier react bjp and modi govt
Next Story