Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുസ്‍ലിം ലീഗിന്റെ...

മുസ്‍ലിം ലീഗിന്റെ നേ​ട്ട​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ, ചി​ന്താ​വി​ഷ​യ​ങ്ങ​ൾ

text_fields
bookmark_border
മുസ്‍ലിം ലീഗിന്റെ നേ​ട്ട​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ, ചി​ന്താ​വി​ഷ​യ​ങ്ങ​ൾ
cancel
camera_alt

കൊരമ്പയിൽ അഹ്മദ് ഹാജി, അബ്ദു സമദ് സമദാനി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട്, സൂലൈമാൻ ഖാലിദ്, പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ ബീരാൻ എന്നിവർ

മു​സ്‍ലിം ലീ​ഗ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​ത്തി​ന് പാ​ർ​ട്ടി​യോ​ളം പ്രാ​യ​മു​ണ്ടെ​ന്ന് പ​റ​യേ​ണ്ടി​വ​രും. മു​സ്‍ലിം സ​മു​ദാ​യ​ത്തെ എ​ങ്ങ​നെ രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യി​ൽ നി​ല​നി​ർ​ത്തുക എ​ന്ന​ ദൗ​ത്യം ഇ​ന്ന​ത്തെ ദേ​ശീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും എ​ന്ന​താ​കും പാർട്ടിയെ ഏ​റ്റ​വും അ​ല​ട്ടു​ന്ന കാ​ര്യം.

കേ​ര​ളം​പോ​ലു​ള്ള ഒ​രു സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ലീ​ഗ് വ​ഹി​ച്ച പ​ങ്ക് ഒ​ട്ടും ചെ​റു​ത​ല്ല. മ​ല​ബാ​റിലെ അ​ടി​സ്ഥാ​ന​വ​ർ​ഗ​ങ്ങ​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് മു​സ്‍ലിം ലീ​ഗ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും വ​ലു​താ​ണ്. 1977 നു ​മു​മ്പ്, ഹൈ​സ്കൂ​ളു​ക​ൾ അ​ന്യ​മാ​യി​രു​ന്ന മ​ല​ബാ​റി​ൽ ഇ​ന്നി​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​ലെ ലീ​ഗി​ന്റെ പ​ങ്ക് എ​ടു​ത്തു പ​റ​ഞ്ഞേ തീ​രൂ.

സി.​എ​ച്ച് സെൻറ​റു​ക​ൾ, ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ, കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക​ൾ, ബൈ​ത്തു​റ​ഹ്മ എന്നിങ്ങ​നെ മാ​ന​വ​സേ​വ രം​ഗ​ത്തും ലീ​ഗി​ന്‍റെ കൈ​യൊ​പ്പു​ക​ൾ പ​തി​ച്ച മുന്നേറ്റങ്ങൾ നിരവധി. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യ കെ.​എം.​സി.​സി എ​ന്ന സം​ഘ​ട​ന​യും ലീ​ഗി​ന്‍റെ കീ​ഴി​ലു​ള്ള​ത​ത്രേ.

മു​ന്ന​ണി പ്ര​വേ​ശ​വും പോ​രാ​ട്ട​വും

1973ലെ ​ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗി​ന്‍റെ പി​ള​ർ​പ്പി​നു​ശേ​ഷം അ​ഖി​ലേ​ന്ത്യ മു​സ്‍ലിം ലീ​ഗ് (എ.​ഐ.​എം.​എ​ൽ)​രൂ​പം കൊ​ണ്ട​പ്പോ​ൾ ആ ​വി​ഭാ​ഗ​ത്തെ ചേ​ർ​ത്തു​നി​ർ​ത്തി​യ സി.​പി.​എ​മ്മും അ​തി​ന്‍റെ നേ​താ​വാ​യ ഇ.​എം.​എ​സ്സും നി​ര​ന്ത​രം പ​റ​ഞ്ഞ​ത്,‘അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ യ​ഥാ​ർ​ഥ മു​സ്‍ലിം ലീ​ഗ് ഏ​തെ​ന്നു തി​രി​ച്ച​റി​യാം’ എ​ന്നാ​ണ്.

സി.അ​ച്യു​ത​മേ​നോ​ന്റെ നേ​തൃ​ത്വ​ത്തി​ലെ ഐ​ക്യ​മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് പ്ര​ധാ​ന പ​ങ്കാ​ളി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ​ഐ​ക്യ​മു​ന്ന​ണി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. അ​ഖി​ലേ​ന്ത്യ ലീ​ഗി​ന് വെ​റും മൂ​ന്നു സീ​റ്റ് ല​ഭി​ച്ച​പ്പോ​ൾ ഐ.​യു.​എം.​എ​ൽ നേ​ടി​യ​ത് 17 സീ​റ്റാ​ണ്.

രാ​ജ​ൻ കേ​സി​നെ തു​ട​ർ​ന്ന് കെ. ​ക​രു​ണാ​ക​ര​ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ടി​വ​ന്നു. പ​ക​രം വ​ന്ന എ.​കെ. ആ​ൻ​റ​ണി​യും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ൽ രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന് സി.​പി.​ഐ നേ​താ​വ് പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​ർ മ​ന്ത്രി​സ​ഭ​യു​ടെ ഗ​തി​യും അ​തേ​വ​ഴി​യി​ൽ അ​വ​സാ​നി​ച്ച​പ്പോ​ൾ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ എ​ന്ന ലീ​ഗി​ന്റെ എ​ക്കാ​ല​ത്തെ​യും പ്ര​ഗ​ത്ഭ​നാ​യ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി.

പ​ക്ഷേ, ആറുമാസം, അതായത് ഇ​ഷ്ട​ദാ​ന ബി​ൽ പാ​സാ​കു​ന്ന​തു​വ​രെ മാ​ത്ര​മെ ആ ​മ​ന്ത്രി​സ​ഭ​ക്കും ആ​യു​സ്സു​ണ്ടാ​യു​ള്ളൂ. ആ​ൻ​റ​ണി​യു​ടെ കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​വും സി.​പി.​ഐ​യും ഇ​ട​തു​മു​ന്ന​ണി​യി​ലെ​ത്തി​യ​പ്പോ​ൾ ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​ർ 1980ൽ 90 ​സീ​റ്റു​ക​ളു​മാ​യി അ​ധി​കാ​ര​ത്തി​ൽ വ​ന്നു.

ഇ​പ്പു​റ​ത്ത് ക​രു​ണാ​ക​ര​ൻ, യു.​ഡി.​എ​ഫ് മു​ന്ന​ണി​യു​ടെ രൂ​പ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഐ.​യു.​എം.​എ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്, ആ​ർ.​എ​സ്.​പി, പി.​എ​സ്.​പി, എ​ൻ.​ഡി.​പി, എ​സ്.​ആ​ർ.​പി എ​ന്നീ ക​ക്ഷി​ക​ൾ യു.​ഡി.​എ​ഫി​ൽ വ​ന്നു. ഏ​റെ താ​മ​സി​യാ​തെ നാ​യ​നാ​ർ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​ഞ്ഞു.

‘ക്വാ​ളി​ഫി​ക്കേ​ഷ​ൻ, അ​ക്ക​മ​ഡേ​ഷ​ൻ, ഡി​ക്ല​റേ​ഷ​ൻ’ തു​ട​ങ്ങി​യ സം​ജ്ഞ​ക​ളു​മാ​യി അ​റ​ബി അ​ധ്യാ​പ​ക​രെ ഒ​തു​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ​പ​ടി. അ​തി​നെ​തി​രെ സി.​എ​ച്ച് സ​ന്ധി​യി​ല്ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. മ​റ്റു സ​മു​ദാ​യ സം​ഘ​ട​ന​ക​ളും പി​ന്തു​ണ​ച്ച​തോ​ടെ സ​മ​രം ക​ടു​ത്തു. 1980 ജൂ​ലൈ 30ന് ​വി​വി​ധ ജി​ല്ല​ക​ളി​ൽ യൂ​ത്ത് ലീ​ഗു​കാ​ർ ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.

മ​ല​പ്പു​റ​ത്ത് പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ മജീദ്,റഹ്മാൻ, കുഞ്ഞിപ്പ എന്നീ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ര​ണ​മ​ട​ഞ്ഞു (അ​ത് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു). തു​ട​ർ​ന്ന് അ​റ​ബി അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ നാ​യ​നാ​ർ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ ന​ട​പ​ടി​ക​ളും നി​രു​പാ​ധി​കം പി​ൻ​വ​ലി​ച്ചു.

കെ.​പി.​എ. മ​ജീ​ദും പി.​കെ.​കെ. ബാ​വ​യു​മാ​യി​രു​ന്നു അ​ന്നു യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും. മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ, ബി.​വി. അ​ബ്ദു​ല്ല​ക്കോ​യ, ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട്, പി. ​സീ​തി​ഹാ​ജി, തു​ട​ങ്ങി​യ ​പ്ര​ഗ​ത്ഭ​രും. ലീ​ഗി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യ കാ​ല​ഘ​ട്ട​മാ​ണ്, നാ​യ​നാ​ർ ഭ​രി​ച്ച 1980 മു​ത​ൽ ’82 വ​രെ എ​ന്ന് കാ​ണാം.

ത​ന്റെ മു​ന്ന​ണി​യി​ലെ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ’82ൽ ​നാ​യ​നാ​ർ രാ​ജി​വെ​ച്ച​തും ന​മ്പാ​ട​ന്റെ കൂ​റു​മാ​റ്റ​വും ക​രു​ണാ​ക​ര​ന്റെ കാ​സ്റ്റി​ങ് വോ​ട്ട് മ​ന്ത്രി​സ​ഭ​യും ച​രി​ത്രം. തു​ട​ർ​ന്ന് ആ​ൻ​റ​ണി​യു​ടെ കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​വും കെ.​എം. മാ​ണി​യു​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​വും എ​ത്തി​യ​തോ​ടെ യു.​ഡി.​എ​ഫ് ശ​ക്ത​മാ​യി.

ഇ.എം.എസ് എം.വി രാഘവൻ പി.എം. അബൂബക്കർ

’82ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലെ​ത്തി. സി.​എ​ച്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും യു.​എ. ബീ​രാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി​യും ഇ. ​അ​ഹ​മ്മ​ദ് വ്യ​വ​സാ​യ​മ​ന്ത്രി​യു​മാ​യി. എ​ന്നാ​ൽ 1983 സെ​പ്റ്റം​ബ​ർ 28ന് ​സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ​യു​ടെ മ​ര​ണം പൊ​ടു​ന്ന​നെ സം​ഭ​വി​ച്ചു. ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു ഷോ​ക്കാ​യി​രു​ന്നു അ​ത്.

സി.​എ​ച്ചി​നു ശേ​ഷം അ​വു​ക്കാ​ദ​ർ​കു​ട്ടി ന​ഹ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വും നി​യ​മ​സ​ഭ ക​ക്ഷി നേ​തൃ​ത്വ​വും ഏ​റ്റെ​ടു​ത്തു. ലോ​ക്സ​ഭ​യി​ൽ ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടും ജി.എം.ബ​നാ​ത്ത് വാ​ല​യും രാ​ജ്യ​സ​ഭ​യി​ൽ ബി.​വി. അ​ബ്ദു​ല്ല​ക്കോ​യ​യും ഉ​ണ്ടാ​യി​രു​ന്ന നാ​ളു​ക​ൾ ലീ​ഗി​ന്‍റെ പു​ഷ്ക​ല കാ​ല​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ശ​രീ​അ​ത്ത് സം​ര​ക്ഷ​ണ​വും ല​യ​ന​വും

ഷാ​ബാ​നു കേ​സി​ലു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു വ​ഴി​ത്തി​രി​വാ​യി. ഈ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത ഇ.​എം.​എ​സ് ശ​രീ​അ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. ഈ ​ഇ​ട​പെ​ട​ലി​നെ​തി​രെ സ​മു​ദാ​യ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​ൽ ലീ​ഗ് വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

മു​സ്‍ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യ അ​ബു​ൽ ഹ​സ​ൻ അ​ലി ന​ദ്‍വി അ​ട​ക്ക​മു​ള്ള​വ​രെ അ​വ​ർ രം​ഗ​ത്തി​റ​ക്കി. ശ​രീ​അ​ത്ത് സം​ര​ക്ഷ​ണ​ത്തി​നാ​യി പാ​ർ​ല​മെൻറി​ൽ ജി.​എം. ബ​നാ​ത്ത് വാ​ല സ്വ​കാ​ര്യ​ബി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്വ​കാ​ര്യ​ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ​ക​രം സ​ർ​ക്കാ​ർ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി വാ​ക്കു​കൊ​ടു​ത്തു.

പി​ന്നീ​ട് നി​യ​മം പാ​സാ​ക്കു​ക​യും ചെ​യ്തു. അ​ക്കാ​ല​ത്ത് ഇ.​എം.​എ​സി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത് സീ​തി ഹാ​ജി​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്ത​വേ ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ, ‘ഇ.​എം.​എ​സി​ന് മ​റു​പ​ടി പ​റ​യാ​ൻ ഞാ​ൻ പോ​രേ?’ എ​ന്നാ​യി​രു​ന്നു മ​റു​ചോ​ദ്യം.

ശ​രീ​അ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ അ​ഖി​ലേ​ന്ത്യ ലീ​ഗ് ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ളി​ൽ എ​തി​ർ​ശ​ബ്ദം ഉ​യ​ർ​ത്തി. പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി​നേ​താ​വ് പി.​എം. അ​ബൂ​ബ​ക്ക​ർ അ​ന്ന് നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം വി​കാ​ര​നി​ർ​ഭ​ര​മാ​യി​രു​ന്നു. ഇ.​എം.​എ​സി​നെയും സി.​പി.​എ​മ്മി​നെയും പേരെടുത്ത് വി​മ​ർ​ശി​ച്ചു​കൊ​ണ്ട് മു​ന്ന​ണി വി​ടാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് അ​ഖി​ലേ​ന്ത്യ ലീ​ഗ് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗി​ൽ ല​യി​ച്ചു. നി​രു​പാ​ധി​ക​മു​ള്ള ആ ​ല​യ​ന​ത്തി​ൽ മു​ൻ​കാ​ല ച​രി​ത്ര​മൊ​ന്നും ച​ർ​ച്ച വി​ഷ​യ​മാ​ക്ക​രു​തെ​ന്ന തീ​രു​മാ​നം പു​തു​മ ന​ൽ​കു​ന്ന​താ​യി​രു​ന്നു. ‘മ​റ​ക്കു​ക, പൊ​റു​ക്കു​ക’- അ​താ​യി​രു​ന്നു, ല​യ​ന​ത്തി​ന്‍റെ ഏ​ക ഉ​പാ​ധി. അ​തി​നു മു​മ്പോ അ​തി​നു ശേ​ഷ​മോ ആ ​വി​ധ​ത്തി​ൽ ഒ​രു ല​യ​നം ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ന​ട​ന്ന​താ​യി ഓ​ർ​ക്കു​ന്നി​ല്ല.

അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദു റഹ്മാൻ ബാഫഖി തങ്ങൾക്ക് 1972ൽ പൊന്നാനിയിൽനൽകിയ സ്വീകരണത്തിൽ നിന്ന്. പൊന്നാനി മുൻ എം.എൽ.എ വി.പി.സി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും (ഇരിക്കുന്നത്) ചിത്രത്തിൽ

ബാ​ബ​രി ധ്വം​സ​ന​വും പ്ര​തി​സ​ന്ധി​ക​ളും

സി.​പി.​എ​മ്മി​ൽ ബ​ദ​ൽ​രേ​ഖ​യെ തു​ട​ർ​ന്ന് ഒ​രു പൊ​ട്ടി​ത്തെ​റി ആ​രം​ഭി​ച്ച​ത് അ​ക്കാ​ല​ത്താ​ണ്. എം.​വി. രാ​ഘ​വ​നും സം​ഘ​വും പു​റ​ത്താ​യി. സി.​പി.​എ​മ്മി​ൽ നി​ൽ​ക്കു​മ്പോ​ൾ ലീ​ഗി​ന്റെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക​നാ​യി​രു​ന്നു രാ​ഘ​വ​നെ യു.​ഡി.​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും 1987ലെ ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​ഴീ​ക്കോ​ട് നി​ർ​ത്തി ജ​യി​പ്പി​ക്കു​ന്ന​തി​ലും ലീ​ഗ് വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

തുടർഭരണത്തിനു​ള്ള എ​ല്ലാ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും 1987 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.ഡി.എഫ് തോ​റ്റ​ത് മു​ന്നാ​ക്ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ക​രു​ണാ​ക​ര​ന്റെ നീ​ക്ക​മാ​യി​രു​ന്നെ​ന്ന് പി​ന്നീ​ട് വി​ല​യി​രു​ത്ത​പ്പെ​ട്ടു. 1991ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ലീ​ഗ്, 19 സീ​റ്റ് നേ​ടി​യി​രു​ന്നു.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​കെ.​കെ. ബാ​വ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി.​ടി. അ​ഹ​മ്മ​ദ​ലി എ​ന്നീ യു​വ​തു​ർ​ക്കി​ക​ൾ മ​ന്ത്രി​മാ​രാ​യി. അ​ക്കാ​ല​യ​ള​വി​ലാ​ണ് സം​ഘ്പ​രി​വാ​ർ അ​യോ​ധ്യ​യി​ൽ ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​ത്. അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ ഐ.​എ​സ്.​എ​സ് എ​ന്ന സം​ഘ​ട​ന​യും തു​ട​ർ​ന്ന് പി.​ഡി.​പി​യും ഉ​ണ്ടാ​യ​ത്, ലീ​ഗി​ന് ത​ല​വേ​ദ​ന​യാ​യി.

ബാ​ബ​രി​പ​ള്ളി പൊ​ളി​ക്കു​ന്ന​തി​ന് കൂ​ട്ടു​നി​ന്ന കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന യു.​ഡി.​എ​ഫ് വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് പാർട്ടിയെ ചിന്താകുഴപ്പത്തിലാക്കി. തീ​വ്ര​നി​ല​പാ​ട് പാ​ടി​ല്ലെ​ന്നും മു​ന്ന​ണി​യി​ൽ തു​ട​ർ​ന്നു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചാ​ൽ മ​തി​യെ​ന്നും പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നിച്ചതോടെ ഒരു പിളർപ്പ് കൂടിയുണ്ടായി.

ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടി​നെപ്പോലൊരു അതികായൻ വിട്ടുപോയെങ്കിലും ലീ​ഗി​ന്റെ അ​ടി​ത്ത​റ​ക്ക് ഇ​ള​ക്ക​മു​ണ്ടാ​ക്കാ​ൻ ആ ​പി​ള​ർ​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ ക​രു​ണാ​ക​ര​ന്‍റെ യു.​ഡി.​എ​ഫി​ലെ അ​ധീ​ശ​ത്വ​ത്തി​ൽ അ​സ്വ​സ്ഥ​രാ​യി​രു​ന്ന ലീ​ഗ് നേ​തൃ​ത്വം കോ​ൺ​ഗ്ര​സി​ലെ എ​തി​ർ​പ​ക്ഷ​മാ​യി​രു​ന്ന ആ​ൻ​റ​ണി ഗ്രൂ​പ്പു​മാ​യി ഇ​തി​നി​ടെ കൈ​കോ​ർ​ത്തു.

ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ൽ ക​രു​ണാ​ക​ര​നെ​തി​രെ ആ​ൻ​റ​ണി ഗ്രൂ​പ്പി​നൊ​പ്പം ലീ​ഗും ചേ​ർ​ന്ന​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഗ്രൂ​പ്പു​ക​ളും യോ​ജി​ച്ചു. ക​രു​ണാ​ക​ര​ഗ്രൂ​പ് മു​ന്ന​ണി​യി​ൽ ഒ​റ്റ​പ്പെ​ട്ടു. ന​ര​സിം​ഹ​റാ​വു​വി​ന്റെ കേ​ന്ദ്ര നേ​തൃ​ത്വ​വും കൈ​വി​ട്ട​പ്പോ​ൾ ക​രു​ണാ​ക​ര​ന് രാ​ജി​വെ​ക്കേ​ണ്ടി​വ​ന്നു. ആ​ൻ​റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യി. എ​ന്നാ​ൽ 1996 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് പ​രാ​ജ​യം രു​ചി​ക്കേ​ണ്ടി​വ​ന്നു.

2001ൽ ​വീ​ണ്ടും ആ​ൻ​റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നു. ആ ​മ​ന്ത്രി​സ​ഭ​യി​ൽ ലീ​ഗി​ന് ഏ​റെ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. അ​തു​വ​രെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന സം​സ്ഥാ​നം ഒ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ചു.

സം​സ്ഥാ​ന​മെ​ങ്ങും സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ വ​ന്നു. അ​തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ അ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന നാ​ല​ക​ത്തു​സൂ​പ്പി​ക്കാ​ണ് സാ​ധി​ച്ച​ത്. ലീ​ഗ് അ​തി​ൽ ഏ​റെ പ​ഴി കേ​ട്ടെ​ങ്കി​ലും പി​ൽ​ക്കാ​ല​ത്ത് അ​തൊ​രു വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​മാ​യി​ത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടു.

അ​തേ​സ​മ​യം, ലീ​ഗി​ന്റെ പ്ര​തി​ച്ഛാ​യ​ക്ക് ഏ​റെ മ​ങ്ങ​ലേ​ൽ​പി​ച്ച പ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ക്കാ​ല​ത്തു​ണ്ടാ​യി. എ.​കെ. ആ​ൻ​റ​ണി​ക്കെ​തി​രെ ഒ​ളി​യാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി വി​ഭാ​ഗ​ത്തോ​ടൊ​പ്പം ലീ​ഗ് നേ​തൃ​ത്വ​വും കൈ​കോ​ർ​ത്തു. പി​ന്നീ​ട് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫി​ന്റെ ദ​യ​നീ​യ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ആ​ൻ​റ​ണി രാ​ജി​വെ​ക്കു​മ്പോ​ൾ യു.​ഡി.​എ​ഫി​ന് പു​തി​യൊ​രു മു​ഖം രൂ​പം​കൊ​ള്ളു​ക​യാ​യി​രു​ന്നു.

യു.​ഡി.​എ​ഫ് എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി, കെ.​എം. മാ​ണി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നീ ത്ര​യ​ങ്ങ​ളാ​ണ് എ​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി. പ​ക്ഷേ, അ​തി​നി​ടെ ഐ​സ്ക്രീം പാ​ർ​ല​ർ​ക്കേ​സ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി. ലീ​ഗി​ന്റെ ശോ​ഭ​കെ​ട്ടു. 2004 ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​രി​യി​ൽ കെ.​പി.​എ. മ​ജീ​ദ് പ​രാ​ജ​യ​പ്പെ​ട്ട​ത് ലീ​ഗി​ന് അ​തി​ഭ​യ​ങ്ക​ര തി​രി​ച്ച​ടി​യാ​യി.

ലീ​ഗ് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പ്ര​ഹ​ര​മാ​യി​രു​ന്നു അ​ത്. ക​ഷ്ട​കാ​ലം അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. 2006 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​കെ. മു​നീ​ർ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ലീ​ഗ് വ​ൻ​ത​ക​ർ​ച്ച​യെ ആ​ഭി​മു​ഖീ​ക​രി​ച്ച കാ​ല​ഘ​ട്ടം.

എ​ന്നാ​ൽ തെ​റ്റു​ക​ൾ തി​രു​ത്തി, പാ​ർ​ട്ടി​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തി​ന് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്ത​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്തു. 2009 ൽ ​ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​മേ​റ്റെ​ടു​ത്ത ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പാ​ർ​ട്ടി​യെ സ​ജ്ജ​മാ​ക്കി.

എ​ൻ. ഷം​സു​ദ്ദീ​ൻ, പി.​കെ. ബ​ഷീ​ർ, കെ.​എം. ഷാ​ജി, പി. ​ഉ​ബൈ​ദു​ല്ല തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി വി​ജ​യി​പ്പി​ച്ച​ത് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ്. എ​തി​ർ​പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്ന മ​ഞ്ഞ​ളാം​കു​ഴി അ​ലി​യെ പാ​ർ​ട്ടി​യി​ൽ കൊ​ണ്ടു​വ​ന്ന് വി​ജ​യി​പ്പി​ച്ച് അ​ഞ്ചാം മ​ന്ത്രി​യാ​ക്കി. അ​തു​വ​രെ പ​രാ​ജ​യം മാ​ത്രം അ​റി​ഞ്ഞി​രു​ന്ന അ​ഡ്വ. ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ ആ​ദ്യ​മാ​യി എം.​എ​ൽ.​എ ആ​യി.

പു​തി​യ കാ​ല​ത്തെ പാ​ർ​ട്ടി

സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​യ പാ​ർ​ട്ടി​ക്ക് ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ 13 കോ​ടി​യു​ടെ ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി, ഡി​ജി​റ്റ​ലാ​യി അം​ഗ​ത്വ കാ​മ്പ​യി​ൻ ന​ട​ത്തി, 27 ല​ക്ഷം അം​ഗ​ങ്ങ​ളെ ചേ​ർ​ത്തു. അ​തി​ൽ 51 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​യി​രു​ന്നു എ​ന്ന​ത്, മാ​റ്റൊ​രു മാ​റ്റ​മാ​യി.

യു.​ഡി.​എ​ഫി​ന്‍റെ 2016 ലെ ​പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ലീ​ഗ് വീ​ണ്ടും ഒ​തു​ങ്ങി. എ​ന്നാ​ൽ ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ മി​ക​ച്ച ചി​ല പാ​ർ​ല​മെ​ന്റേ​റി​യ​ന്മാ​രെ ലീ​ഗി​നു ല​ഭി​ച്ചു. തു​ട​ർ​ന്നു​വ​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ർ​ല​മെൻറി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ, എം.​കെ. മു​നീ​ർ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് വി​ജ​യം പ്ര​തീ​ക്ഷി​ച്ച ലീ​ഗ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷം ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി യു.​ഡി.​എ​ഫി​നെ ഞെ​ട്ടി​ച്ചു. തു​ട​ർ​ച്ച​യാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന ലീ​ഗി​ൽ അ​സ്വ​സ്ഥ​ത​ക​ളു​ണ്ട്.

അ​തി​ലു​പ​രി, കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്റെ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ട്. അ​തി​നെ​തി​രെ​യു​ള്ള ലീ​ഗി​ന്‍റെ ശ​ബ്ദം ദു​ർ​ബ​ല​മാ​ണ് എ​ന്ന ആ​രോ​പ​ണം അ​ണി​ക​ളി​ലു​ണ്ട്. നേ​തൃ​ത്വം ഈ ​പു​തി​യ അ​വ​സ്ഥാ​ന്ത​ര​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​താ​ണ്, എ​ഴു​പ​ത്ത​ഞ്ചു ക​ട​ക്കു​ന്ന ലീ​ഗി​ന്റെ മു​ന്നി​ലു​ള്ള ചി​ന്താ​വി​ഷ​യം.

Show Full Article
TAGS:muslim league league 
News Summary - Achievements-problems and issues of Muslim League
Next Story