Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightക്ഷമിക്കുക, നീതി...

ക്ഷമിക്കുക, നീതി തടവിലാണ്

text_fields
bookmark_border
muhammad ameer gan
cancel
camera_alt

1. മുഹമ്മദ് ആമിർ ഖാൻ മകൾക്കൊപ്പം, 2. ഫാദർ സെ​ഡ്രിക് പ്രകാശ്

2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ജസ്യൂട്ട് പുരോഹിതനായ ഫാ. സെഡ്രിക് പ്രകാശ് യു.എസ് അന്തർദേശീയ മതസ്വാതന്ത്ര്യ കമീഷൻ മുമ്പാകെ മൊഴിനൽകാൻ വാഷിങ്ടണിലേക്ക് പോയി. ഇവിടെ നടന്ന നരഹത്യയെക്കുറിച്ച് അമേരിക്കവരെപ്പോയി മൊഴി നൽകിയതെന്തിനാണ് എന്ന് ഞാൻ തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു- ''വംശഹത്യയെക്കുറിച്ച് മൊഴി നൽകാൻ യു.എസ് കമീഷൻ മുമ്പാകെ ഞാൻ വിളിക്കപ്പെടുകയായിരുന്നു. എഴുതി തയാറാക്കിയ മൂന്നുപേജ് മൊഴി ഞാൻ സമർപ്പിച്ചു. എന്തുകൊണ്ട് ഞാൻ അതുമായി അമേരിക്ക വരെ പോയി എന്നു ചോദിച്ചാൽ, സംഘ്പരിവാറിന് മനസ്സിലാവുന്ന ഒരേയൊരു ഭാഷ അന്താരാഷ്ട്ര സമ്മർദത്തിന്റേതാണ്. ആകയാൽ ഞാൻ പോയേ മതിയാകുമായിരുന്നുള്ളൂ. ഗുജറാത്തി മനഃസ്ഥിതി അമേരിക്കയുമായി അത്രമാത്രം പൊരുത്തപ്പെട്ടുകിടക്കുന്നു. അവിടെനിന്ന് വരുന്നത് എന്തുതന്നെയായാലും അവർ അതിഗൗരവത്തോടെയാണെടുക്കുക''

ഫാ. സെഡ്രിക് അന്നു പറഞ്ഞ വാക്കുകൾ എത്രമാത്രം ശരിയാണെന്ന് സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ ഓർത്തുപോകുന്നു. മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയത് അത്യന്തം നിന്ദ്യമായ പരാമർശങ്ങളായിരുന്നു. ഇന്ത്യൻ മുസ്‍ലിംകൾ അതിനെച്ചൊല്ലി പ്രതിഷേധിച്ചിട്ടും നൂപുറിനെ മാറ്റാനോ മാപ്പുപറയാനോ ഭരണകക്ഷി കൂട്ടാക്കിയില്ല. എന്നാൽ, പിന്നീട് വിവിധ രാജ്യങ്ങളും അവയുടെ ഭരണാധികാരികളും ചെലുത്തിയ കടുത്ത സമ്മർദത്തിനുമുന്നിൽ ഇന്ത്യയിലെ വലതുപക്ഷ സർക്കാറിന് വഴങ്ങേണ്ടി വന്നിരിക്കുന്നു.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക വക്താവിനെ 'ഫ്രിഞ്ച് എലമെന്റ്' എന്നു വിശേഷിപ്പിച്ച് തലയൊഴിയുകയാണ് സർക്കാർ. വേട്ടയാടാനും കൂട്ടക്കൊല ചെയ്യാനുമെല്ലാം ഇത്തരം ഘടകങ്ങളെ പാർട്ടി എല്ലായിടത്തും അഴിച്ചുവിട്ടിരിക്കുന്നു എന്നത് വേറെ കാര്യം. അതോടൊപ്പം വിവാദമായ ഭരണ-പൊലീസിങ് തന്ത്രങ്ങളും!

തന്റെ തടവറ അനുഭവങ്ങളെ ആസ്പദമായി നിർമിച്ച ഹ​ീമോലിംഫ് എന്ന സിനിമയുടെ ആദ്യ പ്രദർശന വേളയിൽ അബ്ദുൽ വാഹിദ് ശൈഖ് (ഇടത്തു നിന്ന് രണ്ടാമത്) കുടുംബാംഗങ്ങൾക്കും സിനിമാ പ്രവർത്തകർക്കുമൊപ്പം


●●●

നൂപുർ ശർമയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനാണ് മില്ലത്ത് ടൈംസ് എഡിറ്റർ ഷംസ് തബ്രീസ് ഖാസിമി ഉൾപ്പെടെ നിരവധി മുസ്‍ലിംകൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അഅ്സംഗഢ് ശിബിലി കോളജിലെ വിദ്യാർഥി നേതാവ് അബ്ദുൽ റഹ്മാനും പ്രായപൂർത്തിയാവാത്ത കുട്ടികളുമുൾപ്പെടെ നിരവധി പേർ കേസും അറസ്റ്റും നേരിടേണ്ടിവന്നു. നടപടിക്കിരയായതിൽ ബഹുഭൂരിപക്ഷവും മുസ്‍ലിംകൾ; വർഗീയത ഇളക്കിവിട്ട ലഹളയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ച വലതുപക്ഷ കുറ്റവാളികൾക്കെതിരെ നടപടിയേതുമില്ല. വർഗീയ സർക്കാറിന്റെ അജണ്ടകൾ ഒന്നൊന്നായി മറനീക്കി പുറത്തുവരുകയാണ്.

ജയിലുകളിൽ എന്തുകൊണ്ടാണ് ഇത്രമാത്രം മുസ്‍ലിംകൾ എന്ന് പണ്ട് ഞാൻ ആശ്ചര്യപ്പെടാറുണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യാ ശതമാനത്തേക്കാൾ അധികമാണ് അവരുടെ ജയിലിലെ സാന്നിധ്യം. വിശദീകരണങ്ങൾ ആവശ്യമില്ലാത്തവിധം അതിന്റെ കാരണങ്ങളെന്തെന്ന് ഇപ്പോൾ നാൾക്കുനാൾ ബോധ്യപ്പെട്ടുവരുന്നു.

മുസ്‍ലിംകളെ അറസ്റ്റ്ചെയ്ത മാത്രയിൽ തന്നെ മുൻവിധികൾ രൂപപ്പെടുന്നുവെന്നാണ് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നത്. അവരുടെ ഭീകരവാദ ബന്ധങ്ങൾ, ദേശവിരുദ്ധ നിലപാടുകൾ, ഗോ ഹത്യ നടത്തിയ ചരിത്രം... ഇതൊക്കെ പുറത്തുവരുന്നു. വിഷംമുറ്റിയ വർഗീയ അജണ്ടകളും കാഴ്ചപ്പാടുകളും തലപൊക്കുന്നു. നിസ്സംശയം നിരപരാധികളുടെ ജീവിതം നശിച്ചടങ്ങുന്നു.

കഴിഞ്ഞയാഴ്ച യു.പിയിലെ ബദായൂനിൽനിന്ന് അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗോമാംസം കടത്തിയെന്ന സംശയത്തിന്റെ പേരിൽ 22 വയസ്സുള്ള ഒരു പച്ചക്കറി കച്ചവടക്കാരനെ രണ്ടു പൊലീസുകാരും രണ്ട് അജ്ഞാത വ്യക്തികളും ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചു. സബ് ഇൻസ്പെക്ടർ സത്യപാൽ അയാളുടെ മലദ്വാരത്തിലേക്ക് ഒരു ദണ്ഡ് തിരുകിക്കയറ്റി പലവട്ടം വൈദ്യുതാഘാതമേൽപ്പിച്ചുവെന്ന് യുവാവിന്റെ ഉമ്മ പറയുന്നു. ഒടുവിൽ ആളുമാറിയാണ് പിടികൂടിയത് എന്ന് മനസ്സിലായപ്പോൾ 100 രൂപയും കൊടുത്ത് അയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു. പീഡിപ്പിക്കപ്പെട്ട, വേട്ടയാടപ്പെട്ട ആ ചെറുപ്പക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത പീഡനത്തിന്റെ ഫലമായി അയാളുടെ നാഡീവ്യവസ്ഥ തന്നെ ഏറക്കുറെ തകരാറിലായിരിക്കുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

അക്കാദമീഷ്യനും എഴുത്തുകാരനുമായ ഡോ. ജാവേദ് ജമീലിന്റെ അഭിപ്രായത്തിൽ ക്രിമിനലുകളോ നിരപരാധികളോ ആവട്ടെ, ഇന്ത്യയിൽ മുസ്‍ലിംകൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്, അറസ്റ്റിലായാൽ വിചാരണ തടവുകാരായി ജയിലിലടക്കപ്പെടാനും സാധ്യത കൂടുതലാണ്, ശിക്ഷിക്കപ്പെടാൻ സാധ്യത കൂടുതലാണ്, ശിക്ഷ ജീവപര്യന്തമോ കഴുമരമോ ആകാൻ സാധ്യത കൂടുതലാണ്, വധശിക്ഷക്ക് ഇരയാകുവാനും സാധ്യത കൂടുതലാണ്... രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ്‍ലിംകളുടെ എണ്ണമെങ്കിലും ജയിലുകളിൽ കഴിയുന്ന ആളുകളിൽ 26.4 ശതമാനവും അവരാണ്.

പൊലീസ് കസ്റ്റഡിയിൽ സകലവിധ പീഡനങ്ങൾക്കും ഇരയാകുവാനും സാധ്യത കൂടുതലാണ്. ന്യായമായ വിചാരണ ലഭിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. കേസ് നടത്താൻ പറ്റിയ നല്ല വക്കീലന്മാരെ സംഘടിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും അവരിൽ മിക്കപേരും.

വൻകിട കേസുകൾ എടുത്തുനോക്കിയാൽ മുസ്‍ലിംകൾ പ്രതിപ്പട്ടികയിൽ വരുന്നവയിൽ 'നീതി' നടപ്പാക്കപ്പെടുന്നുണ്ട്. മുംബൈ സ്ഫോടനക്കേസിൽ യാക്കൂബ് മേമനെ തൂക്കിലേറ്റി, മറ്റു പലരേയും നിയമത്തിനു മുമ്പാകെ കൊണ്ടുവന്നു. എന്നാൽ, ബാബരി മസ്ജിദ് തകർത്തവർ, ബോംബേ കലാപത്തിനും ഗുജറാത്ത് വംശഹത്യക്കും ഉത്തരവാദികളായവർ ഇവരെയൊന്നും നിയമത്തിനുമുന്നിൽ കൊണ്ടുവരുന്ന കാര്യത്തിൽ നമ്മുടെ വ്യവസ്ഥക്ക് തെല്ലു താൽപര്യമില്ല. വധശിക്ഷക്കെതിരായ കാമ്പയിനുകളുടെ അനന്തരഫലം കൂടുതൽ ആളുകൾ പൊലീസിനാൽ ശിക്ഷിക്കപ്പെടുന്നുവെന്നതാണെന്ന് ജാവേദ് ജമീൽ തന്റെ തടവറയിലാക്കപ്പെട്ട നീതി '(Justice Imprisoned-Yenepoya Publishers, Mangaluru) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് മുമ്പ് ഞാൻ എഴുതിയിരുന്നല്ലോ.

ജയിലിനുള്ളിൽ നടക്കുന്നതെന്തെന്ന്, അതിൽ അടക്കപ്പെട്ടവർ കടന്നുപോകുന്ന ജീവിതം എങ്ങനെയാണെന്ന് നമുക്ക് (ജയിലിലല്ലാത്ത ഈ രാജ്യത്തെ ജനങ്ങൾ)ചിന്തിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. ജയിൽ സന്ദർശനവും അത്ര എളുപ്പമല്ല. എന്തിന്, എന്തുകൊണ്ട് എന്ന് വിശദമാക്കുന്ന രേഖകളും അനുമതിപ്പത്രങ്ങളുമില്ലാതെ അനുവദിക്കപ്പെടുകയുമില്ല. ജയിലിൽ നിന്ന് പുറത്തുവന്ന മനുഷ്യരോട് ചോദിച്ചറിയുകയോ അവരുടെ പുസ്തകങ്ങളിലൂടെ കടന്നുപോവുകയോ മാത്രമാണ് ഏകമാർഗം.

തടവറയിൽനിന്ന് പുറത്തുവന്ന നിരവധി പേർ തങ്ങൾ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

മുംബൈ ട്രെയിൻ സ്ഫോടനപരമ്പരയെ തുടർന്ന് അറസ്റ്റിലായി വർഷങ്ങൾക്കുശേഷം മോചിപ്പിക്കപ്പെട്ട അബ്ദുൽ വാഹിദ് ശൈഖ് ഒരു പ്രത്യേക കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റസമ്മത മൊഴികൾ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന്, അല്ലാത്ത പക്ഷം പൊലീസിന്റെ പ്രലോഭനങ്ങൾക്കും നിർബന്ധങ്ങൾക്കും പീഡനങ്ങൾക്കും വഴങ്ങി ഒരാൾ നൽകുന്ന അത്തരം മൊഴികൾ നിരപരാധികളായ മറ്റുള്ളവരെ കുറ്റക്കാരാക്കുന്നതിനായി ഉപയോഗിക്കപ്പെടുമെന്ന്. സ്കൂൾ അധ്യാപകനായിരുന്ന അബ്ദുൽ വാഹിദ് ശൈഖ് ഉൾപ്പെടെ 13 മുസ്‍ലിംകളെയാണ് 2006 ജൂലൈ 11ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയുടെ ഉത്തരവാദികളെന്നു പറഞ്ഞ് പിടികൂടിയത്. പത്തുവർഷങ്ങൾക്കുശേഷം 2015 സെപ്റ്റംബറിൽ അദ്ദേഹം കുറ്റമുക്തനാക്കപ്പെട്ടു.

അഞ്ചുപേരെ വധശിക്ഷക്കും ഏഴുപേരെ ജീവപര്യന്തത്തിനും വിധിച്ചു. പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും എങ്ങനെയാണ് കേസുകൾ കെട്ടിച്ചമച്ചത്, എപ്രകാരമാണ് വ്യാജരേഖകൾ നിർമിച്ചത്, വ്യാജ സാക്ഷികളെ അവതരിപ്പിച്ചതെങ്ങനെ, കുറ്റസമ്മത മൊഴികളിൽ ഒപ്പിടാൻ ചെയ്തുകൂട്ടിയ മൂന്നാം മുറകൾ എന്തെല്ലാം എന്നു തുടങ്ങി സകല വിവരങ്ങളും അദ്ദേഹത്തിന്റെ നിരപരാധിയായ തടവുകാരൻ ( 'Begunah Qaidi' Pharos Media Delhi) എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

മുഹമ്മദ് ആമിർ ഖാൻ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ് എന്നാണ് ( 'Framed As A Terrorist' -Speaking Tiger). ഒരു നിരപരാധിയെ ഭീകരവാദിയായി ചമച്ചെടുക്കുന്നതെങ്ങനെയെന്ന് പ്രശസ്ത അഭിഭാഷക നന്ദിത ഹക്സറുമായി ചേർന്നെഴുതിയ പുസ്തകത്തിൽ ആമിർ വിശദമാക്കുന്നു. 1998ലാണ് 18 ബോംബ് സ്ഫോടനക്കേസുകളിൽ പ്രതിചേർത്ത് ഡൽഹി പൊലീസ് ഇദ്ദേഹത്തെ കുടുക്കുന്നത്. 14 വർഷമെടുത്തു നിരപരാധിത്വം ബോധ്യപ്പെടുത്തി അദ്ദേഹത്തിന് പുറംലോകം കാണാൻ.

ഗുജറാത്ത് പൊലീസ് ക്രൈംബ്രാഞ്ച് തന്നെ 'തട്ടിക്കൊണ്ടുപോയി' അക്ഷർധാം ഭീകരാക്രമണക്കേസിൽ പ്രതിയാക്കിയതെങ്ങനെയെന്ന് മുഫ്തി അബ്ദുൽ ഖയ്യൂം അഹ്മദ് ഹുസൈൻ മൻസൂരിയുടെ ഇരുമ്പഴിക്ക് പിന്നിൽ 11 വർഷം (ഗ്യാരഹ് സാൽ സലാകോം കേ പീച്ചേ) എന്ന പുസ്തകം വിശദമാക്കുന്നു. സുപ്രീംകോടതി നിരപരാധിയെന്നുകണ്ട് വിട്ടയച്ചശേഷം രചിച്ച പുസ്തകത്തിൽ 11 വർഷം ജയിലിനുള്ളിൽ താൻ പീഡിപ്പിക്കപ്പെട്ട ഓരോ സംഭവങ്ങളും, ഏറ്റുമുട്ടൽ വിദഗ്ധൻ വൻസാര ഉൾപ്പെടെ പീഡിപ്പിച്ച ഓരോ ഉദ്യോഗസ്ഥനെയും അദ്ദേഹം ഓർത്തെടുത്തെഴുതുന്നു.

മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ തടവിലാക്കപ്പെടുന്ന മുസ്‍ലിമിന്റെ പരാധീനത അതി ഭയാനകമാണ്. അറസ്റ്റ് നടക്കുന്ന വേളയിൽ പ്രചരിപ്പിക്കപ്പെടുന്ന കിംവദന്തികളെല്ലാം മുഖവിലക്കെടുക്കപ്പെടുന്നു, പിന്നീട് അയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചെന്ന വെളിപ്പെടുത്തൽ വരുന്നു. പശുമാംസം കടത്തിയെന്നാരോപിച്ച് യു.പിയിൽ പിടികൂടിയ യുവാവിനെ മരണപീഡനത്തിനിരയാക്കിയതും ഇത്തരം കുറ്റസമ്മതം സംഘടിപ്പിച്ചെടുക്കാനായിരുന്നുവെന്ന് ആർക്കാണറിയാത്തത്?●

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet muhammadhate speechconstitution of india
News Summary - About the Indian situation in the context of blasphemy against the Prophet
Next Story