Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right'ആപ്' അടിച്ചേൽപിച്ച്​...

'ആപ്' അടിച്ചേൽപിച്ച്​ വെല്ലുവിളി മറികടക്കാനാവില്ല

text_fields
bookmark_border
ആപ് അടിച്ചേൽപിച്ച്​ വെല്ലുവിളി മറികടക്കാനാവില്ല
cancel

പ്രഖ്യാപനങ്ങൾ വന്നുപെയ്യുന്നത് എത്ര പെട്ടെന്നാണ്. ഏപ്രിൽ 14നായിരുന്നു, ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യാൻ പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെടുന്നത്. കോവിഡ്-19 ബാധിതരുള്ള പ്രദേശത്ത് സന്ദർശനം നടത്തിയോ എന്നറിയാൻ സഹായകമാണെന്നായിരുന്നു വാഗ്ദാനം. എല്ലാ സർക്കാർ ജീവനക്കാർക്കും ആപ് നിർബന്ധമാക്കി അടുത്ത ഉത്തരവ് ഇറങ്ങുന്നത് ഏപ്രിൽ 29ന്. 48.34 ലക്ഷം ജീവനക്കാർ അടിയന്തരമായി ആപ് ഡൗൺലോഡ് ചെയ്യാനും 'സുരക്ഷിതർ' എന്ന് ഉറപ്പായവർ മാത്രം ഒാഫിസിൽ ഹാജരാകാനും നിർദേശിച്ച് വീണ്ടും ഉത്തരവെത്തി, ബുധനാഴ്ച. വെള്ളിയാഴ്ച ആകുമ്പോഴേക്ക് സർക്കാർ ജീവനക്കാർ മാത്രമല്ല, സ്വകാര്യ മേഖലയിലുള്ളവരും ആപ് ഡൗൺലോഡ് ചെയ്യൽ നിർബന്ധമായി. സർക്കാർ ഇതര മേഖലയിലെ ജീവനക്കാർക്കും ഇൗ ഉത്തരവ് എങ്ങനെ എന്ന് പിടികിട്ടുന്നില്ല.

അവശേഷിച്ചവരെയും അതിവേഗം 'ആപി'ലാക്കുന്ന പണി തിരക്കിട്ട് മുന്നോട്ടാണ്. കണ്ടെയ്ൻമ​​െൻറ് സോണുകളിലെ ആളുകൾ നിർബന്ധമായും ആപ് ഡൗൺലോഡ് ചെയ്യണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. നിരവധി റസിഡൻറ് അസോസിയേഷനുകൾ സ്വന്തം അംഗങ്ങളെ തിരക്കിട്ട് ഇതിൽ ചേർത്തുകൊണ്ടിരിക്കുന്നു. ഒരുപടികൂടി മുന്നിൽനിന്ന നോയ്ഡ നഗരത്തിൽ 'ആപി'ല്ലാതെ ആരെയെങ്കിലും പുറത്തുകണ്ടാൽ അറസ്​റ്റ്​ ചെയ്യാം. പിഴയും ഒടുക്കണം. രക്ഷിതാക്കൾ ആപ് ഡൗൺലോഡ് ചെയ്തിരിക്കണമെന്ന് രാജ്യത്തുടനീളമുള്ള സ്കൂളുകൾക്ക് മനുഷ്യവിഭവ മന്ത്രാലയം ഉത്തരവ് നൽകിക്കഴിഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി, അർബൻ കമ്പനി എന്നിവ നിർബന്ധമായി ആപ്​ ഡൗൺലോഡ് ചെയ്യാൻ ജീവനക്കാർക്ക് നിർദേശം നൽകിയതും അടുത്തിടെ. വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്ന നടപടി ആരംഭിച്ച മുറക്ക് യാത്രക്കാർ 'ആരോഗ്യസേതു ആപ്' ഉള്ളവരാകണമെന്നും ഉത്തരവുണ്ട്. ജി.പി.എസ് സേവനം, മൊബൈൽ ടവർ സാമീപ്യം, ബ്ലൂടൂത്ത് എന്നിവ ഉപയോഗപ്പെടുത്തുന്ന ഇൗ ചെറു ആപ് എത്ര പെെട്ടന്നാണ് കോവിഡ് മഹാമാരിക്കെതിരെ സർക്കാരി​​െൻറ പോരാട്ടത്തിൽ അതിനിർണായകമായി മാറിയത്.

arogya-setu2-8520.jpg


നിറയെ അപകടക്കുഴികൾ

ഒമ്പതു കോടിയോളം ഇന്ത്യക്കാർ ഇതിനകം 'ആപ്' ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മർമപ്രധാനമായ ചില വിഷയങ്ങൾ ഇവിടെ നിലനിൽക്കുന്നു. എന്നിട്ടും, അത് ഡൗൺലോഡ് ചെയ്യൽ നിർബന്ധമാണ്. മതിയായ ഡേറ്റ സുരക്ഷയില്ലെന്നതിനു പുറമെ, കോവിഡ് രോഗികൾക്കരികെയും പുറത്തും നിങ്ങളെ പിന്തുടരാൻ ഭരണകൂടത്തിന് സാധ്യമാകുന്നു. എലിയട്ട് ആൾഡേഴ്സൺ എന്ന പേരിൽ പ്രശസ്ത ഫ്രഞ്ച് 'എത്തിക്കൽ ഹാക്കർ' ചൊവ്വാഴ്ചയാണ് 'ആപ്' ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിച്ചത്. സർക്കാറുമായി മാത്രം പങ്കുവെക്കുമെന്നുപറഞ്ഞ ഒരു സുരക്ഷ വീഴ്ചയും അദ്ദേഹം കണ്ടെത്തി (45 മിനിറ്റ് കഴിഞ്ഞ് അത് അധികൃതരെ അറിയിച്ചിട്ടുമുണ്ട്- ശരിയാക്കിക്കാണുമെന്ന് പ്രതീക്ഷിക്കാം).

ഉപയോഗിക്കുന്നയാളുടെ പേര്, വിലാസം, യാത്രാ വിശദാംശങ്ങൾ, പുകവലി ശീലം, രോഗ ലക്ഷണം, പ്രദേശം എന്നിവ ചോദിക്കുന്ന ആപ് ബ്ലൂടൂത് സാമീപ്യം അറിഞ്ഞാണ് രോഗിയുമായി സമ്പർക്കമുണ്ടായോ എന്ന് പരിശോധിക്കുന്നത്. ആപ് ഡൗൺലോഡ് ചെയ്ത മറ്റുള്ളവർ സമീപത്തുണ്ടോ എന്ന് ആപ് നിരന്തരം പരിശോധിക്കുന്നു. പ്രദേശത്ത് എത്ര പേർക്ക് കോവിഡ് പകർന്നുവെന്നും രോഗലക്ഷണങ്ങൾ മൂലം ആരൊക്കെ ചികിത്സക്കു വിധേയരായെന്നും അതുപറഞ്ഞുതരുന്നു.

ഇത്തരം ആപുകൾക്ക് ആഗോള സ്വീകാര്യമായ മാനകങ്ങൾ നിലവിലില്ലെങ്കിലും ചൈന, ഹോങ്കോങ്, സിംഗപ്പൂർ എന്നിവയും നിരവധി യൂറോപ്യൻ രാജ്യങ്ങളും സമാന ആപുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഭിന്നമായി, മിക്ക രാജ്യങ്ങളിലും പക്ഷേ, ഇൗ ആപുകൾ നിർബന്ധമല്ല. ആരോഗ്യസേതുവാകെട്ട, നിർബന്ധമാണെന്നു മാത്രമല്ല, ബ്ലൂടൂത്, ജി.പി.എസ്, മൊബൈൽ ടവർ എന്നിവ ഒന്നിച്ച് ഉപയോഗിച്ച്​ കൂടുതൽ സൂക്ഷ്മമായി ആളുകളെ പിന്തുടരുന്നു. വിവരങ്ങൾ പുറത്തെ മറ്റൊരു സെർവറിലേക്ക് കൈമാറുകയും ചെയ്യുന്നു. പരസ്യമാക്കിയ സുരക്ഷാസംവിധാനങ്ങൾ ഇതിന്​ വളരെ കുറച്ചേയുള്ളൂ. സമഗ്ര പരിശോധന സംവിധാനങ്ങൾ ഇനിയും നടപ്പാക്കാത്ത രാജ്യത്ത് എളുപ്പവഴിയായി ഇതിനെ ആശ്രയിച്ചേക്കാമെന്ന വലിയ അപകടവും മുന്നിലുണ്ട്.

സ്വതന്ത്ര ജേണലായ 'നാച്വർ' ചൂണ്ടിക്കാണിച്ച പോലെ ഇത്തരം ആപുകൾക്ക് സഹജമായ ചില വീഴ്ചകളുണ്ട്- ''ഇവ എത്രകണ്ട് ഫലപ്രദമാണെന്നതിന് പുറംലോകമറിയുന്ന തെളിവുകൾ തീരെ കുറവാണ്''. കൃത്യതയില്ലായ്​മ, വിവരങ്ങൾ ഹാക്കു ചെയ്യപ്പെടാനുള്ള സാധ്യത, ബ്ലൂടൂതിലെ സുരക്ഷ വീഴ്​ചകൾ തുടങ്ങി ചോദ്യങ്ങൾ അനവധി. സ്വന്തമായി സ്​മാർട്​ഫോൺ ഇല്ലാത്തവർ 'പരിധിക്ക്​ പുറത്താ'കുന്നതോടെ പാവപ്പെട്ട വിഭാഗങ്ങളെ ഇത്​ പുറത്തുനിർത്തുന്നു. ഉടമ അറിയാതെ ബന്ധുവോ മറ്റോ നൽകിയോ, സ്വയം തെറ്റായി അടയാളപ്പെടുത്തിയോ 'വ്യാജ' രോഗികളുണ്ടെങ്കിൽ പൊതുആരോഗ്യ സംവിധാനത്തിൽ​ തെറ്റായ മുന്നറിയിപ്പ്​ സൃഷ്​ടിക്കാനും ഇത്​ ഇടയാക്കുന്നു. 'നാച്വർ' ചൂണ്ടിക്കാട്ടിയ പോലെ, ''ഏതു സാഹചര്യത്തിലും ജനസംഖ്യയുടെ വളരെ ചെറിയ വിഭാഗത്തിനേ ഇത്തരം 'ആപുകൾ' ഉണ്ടാകൂ എന്നതാണ്​ ഡിജിറ്റൽ ​മാർഗങ്ങൾ വഴിയുള്ള ആളെ പിന്തുടരുന്നതിലെ ഏറ്റവും വലിയ വീഴ്​ച.

'സർവയലൻസ്​' ഉപകരണം

ഇത്തരം പ്രശ്​നങ്ങൾക്ക്​ ജനാധിപത്യ പോംവഴി ജനങ്ങളിൽ 'ആപി'നോട്​ വിശ്വാസം വളർത്തലാണ്​, സുതാര്യമാവുകയും വേണം. പക്ഷേ, എല്ലാവരിലും 'ആപ്' അടിച്ചേൽപിച്ച്​ വെല്ലുവിളി മറികടക്കാമെന്ന്​​ ഇന്ത്യ കണക്കുകൂട്ടുന്നു. ഭാവിയിൽ രാജ്യത്ത്​ വിൽക്കപ്പെടുന്ന എല്ലാ സ്​മാർട്​ഫോണുകളിലും 'ആരോഗ്യസേതു' നേരത്തെ ഇൻസ്​റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ്​ സൂചന. വൈകാതെ, വീട്ടിൽനിന്ന്​ പുറപ്പെട്ട്​ ഡൽഹി മെട്രോ വഴിയോ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ 'ആപ്​' ഇല്ലാതെ സാധ്യമായില്ലെന്നു വരും. നേരത്തെയുള്ള സർക്കാർ വിവര ശേഖരംകൂടിയാകു​േമ്പാൾ, ഈ 'ആപു'ള്ളവ​ർ എവിടെ പോയാലും അതി​​​െൻറ സംക്ഷിപ്​ത വിവരം ബന്ധപ്പെട്ടവർക്ക്​ ലഭിക്കുമെന്ന്​ ചുരുക്കം. അതുകൊണ്ടുതന്നെയാണ്​, സ്വകാര്യതയെ കുറിച്ചും ഇന്ത്യൻ പൗരന്മാർക്കു മേലുള്ള ഭരണകൂട നിരീക്ഷണത്തെ കുറിച്ചും ആധി പെരുകുന്നത്​.

രാജ്യത്തിപ്പോഴും വിവര സംരക്ഷണത്തിന്​ നിയമം നിലവിലില്ല. ഞാനുൾപെടെ പാർലമ​​െൻറിൽ പലവുരു ഇൗ ആവശ്യമുന്നയിച്ചതാണ്​. സ്വന്തം പരിധിയിൽ വരുന്ന ഒരു നിയമം പുനഃപരിശോധിക്കാനുള്ള അവസരം ഞാൻ അധ്യക്ഷനായ വിവര സാ​ങ്കേതിക സ്​റ്റാൻറിങ്​ കമ്മിറ്റിക്ക്​ സർക്കാർ നിഷേധിച്ച്​ പകരം കൈമാറിയത്​ ഭരണകക്ഷി എം.പി അധ്യക്ഷനായ സിലക്​റ്റ്​ സമിതിക്കായിരുന്നു. വ്യക്​തിനിരീക്ഷണത്തിനെതിരെ രാജ്യത്ത്​ ഇപ്പോഴും പറയത്തക്ക നിയമങ്ങളൊന്നുമില്ല. 1885ലെ ടെലിഗ്രാഫ്​ നിയമം ഉപയോഗിച്ച്​ വിവരം ചോർത്തുന്നത്​ തുടരുകയും ചെയ്യുന്നു. എന്നല്ല, രാജ്യത്ത്​ കൊറോണവൈറസിനെതിരായ പോരാട്ടം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ചോർത്തി അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സമ്പൂർണ നിരീക്ഷണ പരിധിയിലേക്ക്​ മാറ്റാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണെന്ന ഭീതി പലരും പങ്കുവെക്കുന്നു.

''കൊറോണവൈറസ്​ ഇന്ത്യയുൾപ്പെടെ ഏകാധിപത്യ രാജ്യങ്ങൾക്ക്​ ലഭിച്ച സമ്മാനമാണ്​''- അരുന്ധതി റോയ്​ ഗാർഡിയനോടു പറഞ്ഞതാണ്​.''കൊറോണക്കു മുമ്പ്​ 'സർവയലൻസ്​ സ്​റ്റേറ്റ​ി'ലേക്ക്​ നാം പതിയെ നടന്നുനീങ്ങുകയായിരുന്നത്​​ ഇപ്പോൾ ഭീതിപിടിച്ച്​ 'സൂപ്പർ സർവയലൻസ്​ സ്​റ്റേറ്റി'ലേക്ക്​ ഓടിവീഴുകയാണ്​.

ഈ ആപ്​ ആളുകളെ സ്​ഥിരമായി നിരീക്ഷണ പരിധിയിൽ പെടുത്താനുള്ള സംവിധാനമായി മാറുമെന്ന്​ ഇൻറർനെറ്റ്​ നിരീക്ഷണ സന്നദ്ധസംഘടന 'ഇൻറ​ർനെറ്റ്​ ഫ്രീഡം ഫൗണ്ടേഷൻ' മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. സേവന വ്യവസ്​ഥകളിലും സ്വകാര്യതാ നയങ്ങളിലും സർക്കാറിനു സമ്പൂർണ സ്വാതന്ത്ര്യം ഇതിലുണ്ടെന്നതു തന്നെ പ്രശ്​നം. പൗരന്മാർക്ക്​ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനോ ജുഡീഷ്യൽ പരിഹാരത്തിന്​ ശ്രമിക്കാനോ പഴുതുകളേയില്ല. 'ആപി'​​​െൻറ ചട്ടക്കൂട്​ പ്രകാരം ഇതിലെ വിവരങ്ങൾ മഹാമാരി നി​യന്ത്രണത്തിനല്ലാത്ത മറ്റ്​ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം. മറ്റ്​ സർക്കാർ ഏജൻസികൾക്ക്​ കൈമാറുകയുമാകാം. ആപി​​​െൻറ അൽഗോറിഥവും സോഴ്​സ്​ കോഡും സുതാര്യമല്ലെന്നു മാത്രമല്ല, പരിശോധനക്കു വിധേയമാക്കാവുന്നതുമല്ല. ഇതിലെ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്നതു സംബന്ധിച്ച്​ സുതാര്യത ഒട്ടുമില്ല. മറ്റു ഏജൻസികൾക്ക്​ വിവരം കൈമാറുന്ന നോഡൽ വകുപ്പ്​ ഏതെന്നും വ്യക്​തമല്ല. ഏതൊക്കെ സർക്കാർ വകുപ്പുകൾക്ക്​ ആരോഗ്യ സേതുവിലെ വിവരങ്ങൾ നിലവിൽ ലഭ്യമാണെന്നുമറിയില്ല. വിവരം സ്വകാര്യമാക്കുമെന്ന വാഗ്​ദാനം എത്രകണ്ട്​ ഫലപ്രദമാണെന്നും. ആളെ വ്യക്​തമാക്കാത്ത വിവര ശേഖരങ്ങളിൽനിന്ന്​ വ്യക്​തികളെ തിരിച്ചറിയാൻ അത്ര പ്രയാസമൊന്നുമില്ലെന്ന്​ ആർക്കാണറിയാത്തത്​...

(കടപ്പാട്: theprint.in, മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharooropen forumArogya setu
Next Story