സ്വതന്ത്ര വേഷത്തിൽ സാധ്യമല്ല, മുഴുസമയ രാഷ്ട്രീയ പാർട്ടി
text_fieldsകഴിഞ്ഞ ദശകത്തിലെ നല്ലൊരു ഭാഗത്തും ആം ആദ്മി പാർട്ടി(എ.എ.പി)യുടെയും അരവിന്ദ് കെജ്രിവാളിന്റെയും വിമർശകർ വാദിച്ചത്, ഈ രാഷ്ട്രീയ സ്റ്റാർട്ട്-അപ് അമിതമായി വിലമതിക്കപ്പെടുന്നുവെന്നാണ്. അതിന്റെ ഏക കോട്ട ദേശീയതലസ്ഥാനം മാത്രമായിരുന്നു; പഞ്ചാബ് പിന്നീട് വന്നുചേർന്നതാണ്. അടുത്തകാലത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ ശക്തിക്കാകട്ടെ ഡൽഹി അടുത്തും എന്നാൽ അകലെയുമായി തുടർന്നുപോന്നു. അതേ, മോദിയുടെ ബി.ജെ.പി മുമ്പ് ജയമറിയിച്ച ഒരിടത്ത് തുടർച്ചയായി തോറ്റുവരുകയായിരുന്നു.
തങ്ങളുടെ ഉയർച്ചയോടൊപ്പം രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഒരു പുതിയ ശൈലി ‘ആപ്’ അവതരിപ്പിച്ചു. ഇപ്പോൾ, ഏറ്റവും താഴ്ന്നുപോയ സാഹചര്യത്തിൽ നിലനിൽപിനുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ശരിയായ പാഠങ്ങൾ അവർ പഠിക്കേണ്ടതുണ്ട്. ഈ പറയുന്നതിന്റെ കാതൽ ലളിതമാണ്: ഫ്രീലാൻസ് ആശയവുമായി ആർക്കും ഒരു മുഴുസമയ രാഷ്ട്രീയ പാർട്ടിയായി നിലനിൽക്കാൻ കഴിയില്ല.
മുറവിളികൾ ബോറടിയാകുമ്പോൾ
മറ്റ് പല തെരഞ്ഞെടുപ്പുകളിലെയും പ്രതിപക്ഷ കക്ഷികളെപ്പോലെ, ഡൽഹിയിൽ തുല്യാവസരങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ‘ആപ്പി’ന് ന്യായമായും അവകാശപ്പെടാം. ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് അവരുടെ ഭരണ അജണ്ടക്ക് ‘വിഘ്ന’മായി നിന്നതും മുൻനിര നേതാക്കൾ ജയിലിലടക്കപ്പെട്ടതും ഉൾപ്പെടെ പരാതിപ്പെടാൻ അവർക്ക് ഒട്ടേറെ കാര്യങ്ങളുണ്ടാവാം. എന്നാൽ, ഇതിനിടയിൽ കുടുങ്ങുന്ന സാധാരണ വോട്ടർമാർക്ക് അന്യായങ്ങൾ സംബന്ധിച്ച ആവർത്തിച്ചുള്ള പരാതികൾ വിരസമായേ തോന്നൂ.
മോശം അടിസ്ഥാന സൗകര്യങ്ങളും പൗരഭരണത്തിന്റെ അഭാവവും- പ്രത്യേകിച്ച് ജലവിതരണം, മാലിന്യ ശേഖരണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ- ഏറ്റവും കൂറുള്ള വോട്ടർ പോലും പ്രായോഗികതയാണ് ചിന്തിക്കുക. ദൈനംദിന കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജനത്തിന് ഇരവാദത്തെ ആശ്രയിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് സഹാനുഭൂതി കുറഞ്ഞുവരും. ഈ സന്ദർഭങ്ങളിൽ ആശയപരവും ധാർമികവുമായ വിഷയങ്ങളിൽ അവ്യക്തത പുലർത്തുന്ന ഒരു പാർട്ടി കൂടുതൽ ദുർബലമായിത്തീരും. ബി.ജെ.പിയുടെ ആധിപത്യം അനിഷേധ്യ യാഥാർഥ്യമാണ്. ആ വസ്തുത മനസ്സിൽ വെച്ചുവേണം ആംആദ്മി പാർട്ടി അതിന്റെ രാഷ്ട്രീയം രൂപപ്പെടുത്താൻ.
കാറ്റത്ത് പാറിക്കളിക്കുന്നത് നിർത്തണം
കുറച്ച് വർഷങ്ങളായി ‘ആപ്പി’നു നേരെ ഉയരുന്ന ഒരു ചോദ്യമിതാണ്: ഈ പാർട്ടി എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്? വൈദ്യുതി ബിൽ കുറവാണെന്നത് മാത്രം ഒരു പ്രത്യയശാസ്ത്രമായി ഉയർത്തിക്കാണിച്ചാൽ മതിയാകുമോ? ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും ബി.ജെ.പി പിന്തുണക്കുന്ന അതിരുവിട്ട സങ്കുചിതമനോഭാവത്തെ നേരിടാനുമുള്ള അവരുടെ വിമുഖത, ഡൽഹിയിലെ പരാജയത്തോടെ കൂടുതൽ പ്രകടമാകും.
2020ൽ വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കെജ്രിവാൾ വിസമ്മതിച്ചത്, റോഹിങ്ക്യൻ അഭയാർഥികളെ പൈശാചികവത്കരിച്ചത്, ‘ബുൾഡോസർ രാജി’ൽ സദാ മൗനം പാലിച്ചത്, ബാബരി മസ്ജിദ് ധ്വംസനവാർഷികത്തിന് സമാന്തരമായി തീർഥാടകരെ അയോധ്യയിലേക്ക് അയച്ചത്, കെജ്രിവാൾ ‘രാമന്’ വേണ്ടി മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മുഖ്യമന്ത്രി അതിഷി ‘ഭരതൻ’ ആയി അഭിനയിച്ചത് - അങ്ങനെ ‘മൃദു ബി.ജെ.പി’ (BJP lite) ആകാനുള്ള എ.എ.പിയുടെ ശ്രമങ്ങൾ നിരവധിയാണ്. ഈ കാര്യത്തിൽ, ഇടക്കിടെ ‘മൃദുഹിന്ദുത്വം’ പയറ്റുകയും എല്ലായ്പ്പോഴും തോൽക്കുകയും ചെയ്തുവരുന്ന കോൺഗ്രസിന്റെ അനുഭവത്തിൽ നിന്ന് പാർട്ടി ഒന്നും പഠിച്ചിട്ടില്ല.
ആം ആദ്മി ഈ ദിശയിൽ മറ്റാരെക്കാളും ഒരു പടികൂടി കടന്നു. ഡൽഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ ‘ബംഗ്ലാദേശി കുടിയേറ്റക്കാരെ’ തിരയാനുള്ള സർക്കാർ തീരുമാനം അവരുടെ ധാർമികമായ അപചയമായിപ്പോയി. വിദ്യാലയങ്ങളിലെ പരിഷ്കരണങ്ങളിലൂടെ കുട്ടികളിലും കുടുംബങ്ങളിലുമൊക്കെ നേടിയെടുത്ത സൽപേര് ഒരു തെരഞ്ഞെടുപ്പിനായി ബലികൊടുക്കുന്ന നടപടിയായി ആ നീക്കം.
മതത്തിന്റെ ഇത്തരം മനുഷ്യ വിദ്വേഷപരമായ ഉപയോഗത്തെ രണ്ട് കാരണങ്ങളാൽ വോട്ടർമാർ അപൂർവമായി മാത്രമേ പുരസ്കരിക്കാറുള്ളൂ. ഒന്നാമതായി, അത് ആധികാരികമല്ല. ഒരു നൂറ്റാണ്ടിലേറെയായി ഇത്തരം പ്രത്യയശാസ്ത്രത്തിന്റെ യഥാർഥ ഉപജ്ഞാതാക്കളായി നിലകൊള്ളുന്ന ബി.ജെ.പി-ആർ.എസ്.എസുകാർക്ക് തീവ്ര ഹിന്ദുത്വക്കാർ വോട്ടുചെയ്യുമെന്ന് മനസ്സിലാക്കാം. ചായം പൂശിയവയെയും സന്ദർഭത്തിനനുസരിച്ച് നിറംമാറുന്നവരെയും തിരിച്ചറിയാൻ അവർക്ക് കഴിയില്ലെന്ന് വിശ്വസിക്കുന്നത് അതിബുദ്ധിയാണ്. രണ്ടാമത്, തങ്ങൾ സദാ കുറ്റപ്പെടുത്തുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ ആംആദ്മി പാർട്ടി അവകാശപ്പെടുന്ന ‘പ്രവർത്തനത്തിന്റെ രാഷ്ട്രീയം’ എന്ന വാദവുമായി അത് പൊരുത്തപ്പെടുന്നില്ല.
പാതിവഴിയിൽ നിലച്ച പരിഷ്കാരങ്ങൾ
ബിഹാറിൽ ആർ.ജെ.ഡിയുടെയും ലാലു പ്രസാദ് യാദവിന്റെയും തകർച്ചക്ക് കാരണമായ പ്രധാന ഘടകം സാമൂഹിക നീതിക്കായുള്ള പോരാട്ടം സ്തംഭനാവസ്ഥയിലായതാണ്. ജാതിശ്രേണികൾ കർശനമായി പുലരുകയും ഭരണകൂട ഘടനകളിൽ ആവർത്തിക്കപ്പെടുകയും ചെയ്ത ഒരു സംസ്ഥാനത്തെ സംബന്ധിച്ച് അന്തസ്സിന്റെയും പ്രാതിനിധ്യത്തിന്റെയും രാഷ്ട്രീയം ഒരു വിപ്ലവം തന്നെയായിരുന്നു. എന്നാൽ, എല്ലാവരെയും ഉൾച്ചേർക്കുന്ന കാര്യത്തിൽ തുടങ്ങിയിടത്തുനിന്ന് മുന്നോട്ടുപോകാൻ ലാലുവിന് സാധിച്ചില്ല, ഇത് നിതീഷ് കുമാറിന് വഴിയൊരുക്കി.
എ.എ.പി അഭിമുഖീകരിക്കുന്നതും സമാനമായ പ്രതിസന്ധിയാണ്. സ്കൂളുകളുടെയും മൊഹല്ല ക്ലിനിക്കുകളുടെയും പരിഷ്കരണത്തെ അഞ്ചുവർഷം മുമ്പ് വോട്ടർമാർ പ്രശംസിക്കുകയും അതിന് വോട്ടായി പിന്തുണ നൽകുകയും ചെയ്തിരുന്നു. നഗരസഭാ സ്കൂളുകളിലെ രക്ഷാകർതൃ-അധ്യാപക യോഗങ്ങൾ പോലുള്ള ലളിതമായ നടപടികൾ താഴെത്തട്ടിലുള്ള മനുഷ്യർക്ക് അന്തസ്സും കാര്യകർതൃത്വവും നൽകി. അധ്യാപക പരിശീലനത്തിനും പാഠ്യപദ്ധതി പരിഷ്കരണത്തിനുമുള്ള പരിപാടികളും സ്വാഗതാർഹമായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നിൽ പാവപ്പെട്ടവർക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണം എത്രത്തോളം നിർണായകമാണെന്ന് മൊഹല്ല ക്ലിനിക്കുകൾ കാണിച്ചുതന്നു. എന്നിരുന്നാലും, 10 വർഷത്തിലേറെ അധികാരത്തിലിരുന്നതിനുശേഷം, ഭരണത്തിന്റെ മറ്റ് വശങ്ങളിൽ സമാനമായ പുതുമയും പ്രതിബദ്ധതയും കൊണ്ടുവരാൻ പാർട്ടിക്ക് സാധിക്കണമായിരുന്നു. എൽ.ജിയുമായും കേന്ദ്രവുമായുമുള്ള തർക്കങ്ങൾ ഇക്കാര്യത്തിൽ അവർക്ക് വിഘ്നമുണ്ടാക്കി എന്നത് സത്യം തന്നെ. എന്നിരിക്കിലും ഒരുപക്ഷേ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിലെങ്കിലും അവർക്ക് ശ്രദ്ധ ചെലുത്താമായിരുന്നു.
അംബേദ്കർ സർവകലാശാലയുടെ തകർച്ചക്ക് വഴിയൊരുക്കി ആം ആദ്മി സർക്കാർ. ഡൽഹി സർവകലാശാലയിൽ ‘തദ്ദേശവാസികൾക്ക്’ സംവരണം പോലുള്ള ആശയങ്ങൾ തികഞ്ഞ പിന്തിരിപ്പൻ നടപടിയായിരുന്നു.
ഡൽഹിയിലെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സ്കൂളുകളെയും ആരോഗ്യ പരിരക്ഷാമേഖലയെയും അവഗണിക്കാതിരിക്കുക എന്നത് സുപ്രധാനമാണ്. ഡൽഹിയിലെ വോട്ടർമാർ അവരിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, അവർ അർഹിക്കുന്നുമുണ്ട്.
ചങ്ങാതിമാരെ സൃഷ്ടിക്കുക, പിണക്കാതിരിക്കുക
ആം ആദ്മി പാർട്ടിയുടെ ഇരവാദ രാഷ്ട്രീയത്തിന്റെ അപ്രതിരോധിതമായ ഒരു വശം അവർക്ക് സംഭവിച്ച നഷ്ടത്തിന് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതാണ്. ഫലത്തിന്റെ വസ്തുതകൾ പരിശോധിച്ചാൽ കോൺഗ്രസ് കളി കുളമാക്കിയതും വ്യക്തം. എന്നാലും ബി.ജെ.പിയെ അകറ്റിനിർത്താനായി കോൺഗ്രസ് മാത്രം അവരുടെ രാഷ്ട്രീയ അടിത്തറ ത്യജിച്ചാൽമതിയോ?
എങ്കിലും ചില വെള്ളിരേഖകളുണ്ട്. കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും ആപ് ഡൽഹിയിൽ നിന്ന് തൂത്തെറിയപ്പെട്ടിട്ടില്ല. എഴുപതംഗ സഭയിൽ നാൽപത് ശതമാനം വോട്ടും അതിനൊത്ത സീറ്റും അവർ സ്വന്തമാക്കിയിരുന്നു. ഡൽഹിയിൽ പേരിനെങ്കിലും ഒരു പ്രതിപക്ഷമുണ്ടായിരുന്നത് 2008ലാണ്. (അന്ന് 23 സീറ്റായിരുന്നു ബി.ജെ.പിക്ക്).
പരാജയം അംഗീകരിച്ചുകൊണ്ട് കെജ് രിവാൾ പറഞ്ഞത് പാർട്ടി ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കുമെന്നും ഡൽഹിയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവർക്കുവേണ്ടി ശബ്ദമുയർത്തുമെന്നും പ്രഖ്യാപിച്ചു. ഈ പ്രസ്താവനയിൽ കുറ്റംപറയാനൊന്നുമില്ല. എന്നാൽ, അതിനു കഴിവുള്ള പാർട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
തലസ്ഥാന നഗരിയിലെ ഏറ്റവും ദരിദ്രരായ മനുഷ്യർക്കുവേണ്ടി ആംആദ്മി പാർട്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്നത് ശരിതന്നെയാണ്. അവർ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്ന വേളയിൽ അത് കൂടുതൽ ഉച്ചത്തിലും വ്യാപ്തിയിലുമാക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ പാർട്ടി പോരാടുമെന്നാണ് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അതിഷി പറഞ്ഞത്. ന്യൂനപക്ഷങ്ങളെ പൈശാചികവത്കരിച്ചുകൊണ്ട് ആ പാർട്ടിക്ക് ഈ പറഞ്ഞ കാര്യം ചെയ്യാനാവില്ല.
ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി അസോസിയേറ്റ് എഡിറ്ററാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

