എന്തുകൊണ്ടും ഒഴിവാക്കപ്പെടേണ്ട യുദ്ധം
text_fieldsയുദ്ധസമാന സാഹചര്യത്തിലേക്ക് വഴിമാറിയ ഇന്ത്യ-പാക് സംഘർഷം നാലാം നാൾ വെടിനിർത്തൽ പ്രഖ്യാപനത്തിലെത്തിയിരിക്കുന്നു. ഏപ്രിൽ 22ന് 26 പേരുടെ മരണത്തിൽ കലാശിച്ച പെഹൽഗാം ഭീകരാക്രമണത്തോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായതെങ്കിലും അതിന് മറ്റൊരു തലം കൈവന്നത് ഏപ്രിൽ ഏഴിലെ ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂറി’ലൂടെയാണ്.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ‘അളന്നുമുറിച്ച’ പ്രത്യാക്രമണമായിരുന്നു അതെങ്കിലും പിന്നീട് ഇരുപക്ഷത്തുനിന്നും ഡ്രോൺ വർഷമുൾപ്പെടെ ആക്രമണങ്ങളിലേക്ക് അത് വഴിമാറി. അതാണ് യുദ്ധസമാന സാഹചര്യങ്ങളിലേക്ക് വഴിമാറിയത്. ഇതോടെ, ദക്ഷിണേഷ്യ ഒരിക്കൽകൂടി യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഈ ഘട്ടത്തിൽ ലോകരാഷ്ട്രങ്ങൾ പങ്കുവെച്ചിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളും തമ്മിൽ മൂന്നുതവണ സാങ്കേതികമായിതന്നെ യുദ്ധം നടന്നിട്ടുണ്ട്. അതിനിടയിൽ, പലതവണയായി അതിർത്തി സംഘർഷങ്ങളും വെടിനിർത്തൽ ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപക്ഷത്തും ആൾനാശവുമുണ്ടായി. ആണവായുധശേഷിയുള്ള രണ്ട് രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ആഗോള സമൂഹം പൊതുവിൽ ആശങ്കയോടെയാണ് വീക്ഷിക്കാറുള്ളത്. കഴിഞ്ഞദിവസങ്ങളിലും ആണവായുധ പ്രയോഗത്തിനുള്ള സാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു.
നാശം വിതക്കുമായിരുന്നു
ഏതെങ്കിലും സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും യുദ്ധത്തിലേർപ്പെട്ടാൽ അത് ദക്ഷിണേഷ്യയിൽതന്നെ കനത്ത നാശം വിതക്കാൻ പര്യാപ്തമാണെന്നും വിലയിരുത്തപ്പെടുന്നു. ഇരുരാജ്യങ്ങളുടെയും ആയുധശേഷി അത്രയും വലുതാണ്. 2025ൽ 74.4 ബില്യൻ ഡോളറാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ് എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രവും ഇന്ത്യയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പാകിസ്താനും ആയുധങ്ങൾ സംഭരിച്ചുകൂട്ടുന്നതായി മിലിറ്ററി ബാലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം പ്രതിരോധ ചെലവിനായി 10 ബില്യൻ ഡോളർ അവരും നീക്കിവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കും മാത്രമല്ല, ഏഷ്യൻ വൻകരയെതന്നെ അനിശ്ചിതത്വത്തിലാക്കുന്ന മറ്റു സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ മറ്റു ഘടകങ്ങളും യുദ്ധം സംജാതമാക്കും.
നിലവിൽതന്നെ, വടക്കു പടിഞ്ഞാറൻ പാകിസ്താനിൽ ബലൂച് വിഘടനവാദികൾ അവിടെ ആഭ്യന്തര കലഹത്തിലാണ്. യുദ്ധമുണ്ടായാൽ ഈ നീക്കം ശക്തമാകാൻ സാധ്യതയുണ്ട്. ചൈനപോലുള്ള രാജ്യങ്ങൾ യുദ്ധസാഹചര്യങ്ങളെ എങ്ങനെ സമീപിക്കുമെന്നതും നിർണായകമാണ്.
ഇതെല്ലാം മുൻകൂട്ടി കണ്ടാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ അടക്കമുള്ള നയതന്ത്ര വിദഗ്ധർ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായി തുടക്കം മുതലേ സംഭാഷണത്തിന് മുതിർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതെന്തായാലും, ഇരുരാജ്യങ്ങളും വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തുടർ ചർച്ചകളിലേക്ക് നീങ്ങുമെന്ന് ഉറപ്പിക്കുകയും ചെയ്തതോടെ യുദ്ധാശങ്കയുടെ കാർമേഘം ഒഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

