Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅപരവത്കരണ കാലത്ത്...

അപരവത്കരണ കാലത്ത് ആഘോഷങ്ങളുടെ ദർശനം

text_fields
bookmark_border
അപരവത്കരണ കാലത്ത് ആഘോഷങ്ങളുടെ ദർശനം
cancel

പതിനാറാം നൂറ്റാണ്ടിലെ ഫ്രാൻസ് മതപരമായ ആഭ്യന്തര കലഹങ്ങളാൽ കലുഷിതമായിരുന്നു. കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരും (ഹ്യൂഗനോട്ടുകൾ) തമ്മിലുള്ള പകയുടെ മഞ്ഞുരുക്കാൻ ഒടുവിൽ ഒരു 'ആഘോഷം' തന്നെ നിശ്ചയിക്കപ്പെട്ടു. കത്തോലിക്കാ രാജകുമാരി മാർഗരറ്റും പ്രോട്ടസ്റ്റന്റ് നേതാവായ ഹെൻറിയും തമ്മിലുള്ള വിവാഹം! സമാധാനത്തിന്റെ പുതിയ പുലരിയായിരുന്നു ലക്ഷ്യം.

എന്നാൽ, സമാധാനാഘോഷത്തിനായി കത്തോലിക്കാ ഭൂരിപക്ഷമുള്ള പാരിസിലേക്ക് ആയിരക്കണക്കിന് പ്രോട്ടസ്റ്റന്റുകാർ ഒഴുകിയെത്തിയപ്പോൾ നഗരവാസികൾ അവരെ നോക്കിയത് 'അന്യരായിട്ടാണ്'. വസ്ത്രധാരണത്തിലും വിശ്വാസത്തിലും പ്രാർഥനാരീതിയിലുമുള്ള വൈവിധ്യങ്ങൾ അവരിൽ ഭയവും വിദ്വേഷവും ജനിപ്പിച്ചു. തങ്ങളുടെ നഗരത്തിൽ 'അവിശ്വാസികൾ' വന്നുനിറഞ്ഞു എന്ന തോന്നൽ അവരെ മാനസികമായി അകറ്റുകയും ആഘോഷത്തിന്റെ അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുകയും ചെയ്തു.

സെന്റ് ബാർത്തലോമിയോ ദിനത്തിലെ രക്തച്ചൊരിച്ചിൽ

ആഘോഷങ്ങൾക്കിടയിൽ പ്രോട്ടസ്റ്റന്റ് നേതാവായ അഡ്മിറൽ കോളിഗ്നിക്ക് നേരെ വധശ്രമം ഉണ്ടായതോടെ അന്തരീക്ഷം വല്ലാതെ വഷളായി. ഒത്തുചേരലിന്റെ വേദികൾ പെട്ടെന്ന് സംശയത്തിന്റെയും വൈരാഗ്യത്തിന്റെയും കനലുകളായി മാറി. 'മതം അപകടത്തിലാണ്' എന്ന വൈകാരികമായ പ്രചാരണം സാധാരണ ജനങ്ങളെ വരെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചു.

ഒടുവിൽ, സെന്റ് ബാർത്തലോമിയോ പുണ്യാളന്റെ തിരുനാൾ ദിവസമായ ആഗസ്റ്റ് 24ന് പുലർച്ച പള്ളികളിലെ മണികൾ മുഴങ്ങിയത് പ്രാർഥനക്കായിരുന്നില്ല. ആഘോഷങ്ങളെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു. ആൾക്കൂട്ടം തെരുവിലിറങ്ങി പ്രോട്ടസ്റ്റന്റുകാരെ വേട്ടയാടാൻ തുടങ്ങി. വീടുകൾ തോറും കയറി പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവർ ക്രൂരമായി കൊലപ്പെടുത്തി. ഒരു വിവാഹാഘോഷത്തെയും മതപരമായ തിരുനാളിനെയും അപരവിദ്വേഷം തീർക്കാനുള്ള മറയാക്കി മാറ്റിയപ്പോൾ, ചരിത്രത്തിൽ അത് 'സെന്റ് ബാർത്തലോമിയോ ദിന കൂട്ടക്കൊല' എന്ന് അടയാളപ്പെടുത്തപ്പെട്ടു. പാരിസിൽ മാത്രം അയ്യായിരത്തോളം പേരും ഫ്രാൻസിലുടനീളം മുപ്പതിനായിരത്തോളം പേരും 1572ലെ ഈ ആഘോഷത്തിനിടയിൽ ബലികഴിക്കപ്പെട്ടു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.


ആഘോഷങ്ങൾ അക്രമത്തിന്റെ വേദികളാകുമ്പോൾ

സെന്റ് ബാർത്തലോമിയോ ദിനത്തിലെ ആ കറുത്ത അധ്യായം ആഘോഷങ്ങൾ എങ്ങനെയാണ് ഹിംസയുടെ വേദികളായി മാറുന്നത് എന്നതിന്റെ കൃത്യമായ പാഠപുസ്തകമാണ്. അന്യവത്കരണം, ആഘോഷങ്ങളുടെ ദുരുപയോഗം, ആൾക്കൂട്ട മനഃശാസ്ത്രം എന്നിവയാണ് ഇവിടെ ക്രമാനുഗതമായി സംഭവിക്കുന്നത്. വൈകാരികമായ പ്രകടനങ്ങളും പ്രകോപനങ്ങളും ഒത്തുചേരുമ്പോൾ അവ ആസൂത്രിതമായ അക്രമങ്ങളിലേക്ക് വഴിമാറുന്നു. മതപരമായ ആവേശത്തിന്റെ ലഹരിയിൽ, വർഷങ്ങളായി ഒരുമിച്ച് കഴിഞ്ഞിരുന്ന അയൽവാസികൾ പോലും പെട്ടെന്ന് അക്രമികളായി മാറുന്നു.

ആഘോഷങ്ങൾക്കിടയിൽ വരെ പതുങ്ങിക്കൂടുന്ന 'ഞങ്ങളും അവരും' എന്ന വിഭജനത്തിന്റെ വിത്തുകൾ അത്യന്തം അപകടകരമാണ്. സ്നേഹത്തിന്റെ അടയാളമാകേണ്ട മതപരമായ ചിഹ്നങ്ങളും ഒത്തുചേരലുകളും സമാധാനത്തിന് പകരം മറ്റുള്ളവരെ അപരവത്കരിക്കാൻ ഉപയോഗിക്കുമ്പോൾ, അത് വലിയ മാനുഷിക ദുരന്തങ്ങൾക്കാണ് തിരികൊളുത്തുന്നത്. ആഘോഷം മുഖംമൂടിയായി മാറുകയും അതിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിദ്വേഷം പുറത്തുവരികയും ചെയ്യുമ്പോഴാണ് നാഗരികത പരാജയപ്പെടുന്നത്.

കായിക-രാഷ്ട്രീയ മേഖലകളിലെ ആഘോഷ വൈകൃതങ്ങൾ

മതപരമായ ഇടങ്ങളിൽ മാത്രമല്ല, കായിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലും ആഘോഷങ്ങൾ പലപ്പോഴും അക്രമാസക്തമായ മുഖം സ്വീകരിക്കാറുണ്ട്. ഇതിന്റെ ഉദാഹരണമാണ് കായിക വിജയങ്ങൾക്കു പിന്നാലെയുള്ള കലാപങ്ങൾ. മത്സരങ്ങളിലെ വിജയമോ തോൽവിയോ വലിയ സംഘർഷങ്ങളിലേക്ക് വഴിമാറുന്നത് നാം കാണാറുണ്ട്. യൂറോപ്പിലെ 'ഹൂളിഗാനിസം' ഇതിന്റെ ഭീകരമായ ഉദാഹരണമാണ്. ടീമിനോടുള്ള അന്ധമായ വൈകാരിക ബന്ധം വിജയാഘോഷത്തെ പൊതുമുതൽ നശിപ്പിക്കാനും എതിർപക്ഷത്തെ ആക്രമിക്കാനുമുള്ള അവസരമാക്കി മാറ്റുന്നു. നമ്മുടെ നാട്ടിലെ പ്രാദേശിക ഉത്സവങ്ങളിലും പെരുന്നാളുകളിലും കണ്ടുവരുന്ന മറ്റൊരു വില്ലൻ മദ്യത്തിന്റെയും ലഹരിയുടെയും അതിപ്രസരമാണ്. 'ആഘോഷ ലഹരി'യുടെ മറവിൽ നടക്കുന്ന ചെറിയ ഉരസലുകൾ പോലും വലിയ അടിപിടികളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നു. ഇവിടെ സന്തോഷമല്ല, മറിച്ച് ലഹരി നൽകുന്ന കൃത്രിമമായ ആവേശമാണ് അക്രമത്തിന് തിരികൊളുത്തുന്നത്.


രാഷ്ട്രീയ വിജയ റാലികളും പലപ്പോഴും സമാനമായ പാതയിലാണ് സഞ്ചരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും ആയുധപ്രദർശനങ്ങളും വഴി ആഘോഷങ്ങളെ ഒരു 'ശക്തിപ്രകടനമായി' മാറ്റുന്നുണ്ട് പലരും. സന്തോഷം പങ്കുവെക്കുന്നതിന് പകരം, 'ഞങ്ങളുടെ കരുത്ത് നോക്കൂ' എന്ന ആധിപത്യം സ്ഥാപിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്. പുതുവത്സരാഘോഷങ്ങൾക്കിടയിൽ വർധിച്ചുവരുന്ന റോഡപകടങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഇതിന്റെ മറ്റൊരു തലമാണ്. സമീപകാലത്തെ ചില ഹോളി ആഘോഷ ദൃശ്യങ്ങൾ ശ്രദ്ധിക്കുക. 'ആഘോഷദിവസം എന്തുമാകാം' എന്ന തെറ്റായ ധാരണ വ്യക്തികൾക്ക് അക്രമത്തിനുള്ള ഒരു ലൈസൻസായി മാറുന്നു. ഇത്തരത്തിൽ മനുഷ്യജീവനും അന്തസ്സിനും ഭീഷണിയാകുന്ന വിധത്തിൽ 'വയലൻസ്' പല രൂപത്തിൽ ആഘോഷങ്ങളുടെ ഭാഗമായിത്തീരുന്നു.

ഭക്തിക്ക് പകരം ആക്രോശങ്ങൾ; ഭീതിയിലാകുന്ന ജനാധിപത്യം

പതിനാറാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ഭീകരമായ വംശഹത്യയുടെ നിഴലുകൾ, നിർഭാഗ്യവശാൽ വർത്തമാനകാല ഇന്ത്യയുടെ തെരുവുകളിലും ഭീതിജനകമായ വിധത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിശ്വാസത്തിന്റെ നിർമലതക്ക് ഉപരിയായി, ചില മതാഘോഷങ്ങൾ ആക്രോശങ്ങളായും അക്രമങ്ങളായും കളംനിറഞ്ഞാടുന്നത് നാം കാണുന്നു. ആഘോഷങ്ങൾ കടന്നുപോകുമ്പോൾ സ്വന്തം ആരാധനാലയങ്ങൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറച്ച് സംരക്ഷിക്കേണ്ടി വരുന്ന ഒരു ജനതയുടെ നിസ്സഹായാവസ്ഥ ജനാധിപത്യത്തിന് ഏൽപ്പിക്കുന്ന മുറിവ് ചെറുതല്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയന്ന് വാതിലുകൾ അടച്ചിരിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഭക്തിയുടെ പേരിലല്ല, ആഘോഷങ്ങളെ വെറുമൊരു 'ശക്തിപ്രകടനമായി' മാറ്റുന്നതുകൊണ്ടാണ്. ഇന്ത്യയിലെ विभिन्न നഗരങ്ങളിൽ ചില നവമി, ജയന്തി ഘോഷയാത്രകൾ ഇതര മതസ്ഥർ അധിവസിക്കുന്ന മേഖലകളിലൂടെ കടന്നുപോകുമ്പോൾ ഉയരുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പലപ്പോഴും വലിയ സംഘർഷങ്ങൾക്കാണ് തിരികൊളുത്തുന്നത്.

വിശ്വാസികളെ ഒന്നിപ്പിക്കേണ്ട മതപരമായ സമ്മേളനങ്ങളും വാർഷിക ആഘോഷങ്ങളും വിദ്വേഷ പ്രസംഗങ്ങളുടെ വേദിയായി മാറുന്നു എന്നതും ഗൗരവകരമായ സത്യമാണ്. 'നമ്മുടെ വിശ്വാസം അപകടത്തിലാണ്' എന്ന കൃത്രിമമായ ഭീതി യുവാക്കളിൽ കുത്തിവെക്കുന്നതിലൂടെ അവരെ അക്രമത്തിന്റെ പാതയിലേക്ക് നയിക്കാൻ എളുപ്പമാകുന്നു. 'അവർ വളരുന്നു, നമ്മൾ തളരുന്നു' എന്ന തരത്തിലുള്ള വൈകാരികമായ അന്യവത്കരണങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി കൃത്യമായി ഉപയോഗപ്പെടുത്തുന്നതാണ് അനുഭവം. ആഘോഷങ്ങൾ സമാധാനത്തിന് പകരമായി അപരനെ ഭയപ്പെടുത്താനുള്ള ആയുധമായി മാറുമ്പോൾ അത് നാഗരികതയുടെ തന്നെ പതനമാണ് അടയാളപ്പെടുത്തുന്നത്.

അപരവത്കരണത്തിന്റെ പ്രകടനപരത

ഒരു പ്രത്യേക വിഭാഗം അധിവസിക്കുന്ന മേഖലകളിലൂടെ കടന്നുപോകുമ്പോൾ അവരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഗീതമോ മുദ്രാവാക്യങ്ങളോ മുഴക്കുന്നത് ഭക്തിയല്ല, അന്യവൽക്കരണത്തിന്റെ വിളംബരമാണ്. 'ഞങ്ങൾ ഈ നാട്ടുകാരല്ലേ?' എന്ന അപകർഷതാബോധം ഒരു ജനതയിൽ കുത്തിവെക്കുന്ന ഇത്തരം പ്രവർത്തികൾ ആത്യന്തികമായി വലിയ വർഗ്ഗീയ ലഹളകളിലേക്കാണ് വഴിതുറക്കുന്നത്. ആരാധനാലയങ്ങൾക്ക് മുന്നിൽ ബോധപൂർവ്വം സമയം വൈകിപ്പിക്കുന്നതും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതും വിശ്വാസികളുടെ വൈകാരികതയെ ചൂഷണം ചെയ്യാനാണ്. തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ ആൾക്കൂട്ടത്തെ അക്രമാസക്തരാക്കിയേക്കാം.

ഒരു സമുദായത്തെ ഒന്നടങ്കം ശത്രുക്കളായി ചിത്രീകരിക്കുമ്പോൾ, തങ്ങൾ പൊതുസമൂഹത്തിൽനിന്ന് പുറന്തള്ളപ്പെട്ടവരാണെന്ന ബോധം അവരിൽ വേരുറക്കുന്നു. വ്യക്തിപരമായ ധാർമ്മികതയുടെ തകർച്ചയും ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ മറവിൽ ലഭിക്കുന്ന 'അജ്ഞാതത്വം' വ്യക്തികളെ നിയമവിരുദ്ധമായി പെരുമാറാൻ പ്രേരിപ്പിക്കുന്നു. 'ഞാൻ' എന്ന ഉത്തരവാദിത്തബോധം ഇല്ലാതാവുകയും 'ഞങ്ങൾ' എന്ന ആൾക്കൂട്ടബോധം അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആഘോഷത്തിന്റെ പേരിൽ മറ്റുള്ളവരുടെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കുന്നത് ഒരു തരത്തിലുള്ള 'നിശ്ശബ്ദ അക്രമം' തന്നെയാണ്. ഭക്തിയും സന്തോഷവും പകരേണ്ട വേളകൾ പരുക്കൻ പെരുമാറ്റങ്ങളുടെയും ശക്തിപ്രകടനങ്ങളുടെയും വേദിയാകുന്നത് സാമൂഹികമായ വലിയ അപചയമാണ്.

കാരുണ്യത്തിന്റെ പുതിയ ഭൂപടം; ഈദുൽ ഫിത്റിന്റെ സന്ദേശം

ആക്രോശങ്ങളും അക്രമങ്ങളും ഭയാശങ്കകളും ആഘോഷങ്ങളുടെ നിറംകെടുത്തുന്ന വർത്തമാനകാലത്ത്, ഇതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന വിപരീതമായൊരു അനുഭവസാക്ഷ്യത്തിലേക്ക് നാം കണ്ണുതുറക്കേണ്ടതുണ്ട്. മതപരമായ ആവേശം അപരവൽക്കരണത്തിന്റെ മതിൽക്കെട്ടുകൾ പണിയുന്ന ഈ കാലഘട്ടത്തിൽ, ശാന്തസമുദ്രം പോലെ ഒഴുകിയെത്തുന്ന ഒരു ആഘോഷം മാനവികതയുടെ പുതിയൊരു ഭൂപ്പടം തന്നെ വരച്ചുചേർക്കുന്നു. ഭയത്തിന്റെ ഇരുൾ പടരുന്നിടത്ത് സമാധാനത്തിന്റെ നിലാവെളിച്ചമായും, ആക്രോശങ്ങൾ ഉയരുന്നിടത്ത് പ്രാർഥനയുടെ മന്ത്രമധുരമായും ഈ ആഘോഷത്തിന്റെ പൊരുൾ പരിവർത്തിക്കപ്പെടുന്നു. ഹിംസയുടെ കനലുകൾ വാരിയെറിയുന്നതിന് പകരം, സഹജീവിയുടെ വിശപ്പിന്റെ തീ കെടുത്താൻ അരിമണികൾ കരുതിവെക്കുന്ന ഉദാത്ത സംസ്കാരമാണ് ഇവിടെ പൂത്തുലയുന്നത്. വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന നാവുകൾക്ക് വിപരീതമായി, സ്നേഹാലിംഗനത്തിന്റെ ഊഷ്മളതയിൽ ശത്രുതയെപ്പോലും അലിയിച്ചുകളയുന്ന ഹൃദയങ്ങളാണ് ഈ ആഘോഷത്തിന്റെ ചൈതന്യം. വീടുകളും കടകളും തിരഞ്ഞുപിടിച്ച് തകർക്കുന്ന അന്ധമായ ആവേശത്തിന് പകരമായി, അയൽപക്കങ്ങളിലെ പാവപ്പെട്ടവന്റെ അടുക്കളയിൽ വെളിച്ചമെത്തിയോ എന്ന് തിരഞ്ഞുചെല്ലുന്ന കാരുണ്യത്തിന്റെ കൈകളിലാണ് ഈ സംസ്കൃതിയുടെ യഥാർഥ സൗന്ദര്യം കുടികൊള്ളുന്നത്.ഒരു വശത്ത് അന്യവത്കരണത്തിന്റെ മുൾവേലികൾ ഉയരുമ്പോൾ, മറുവശത്ത് 'ഉൾച്ചേർക്കലിന്റെ' വലിയൊരു പട്ടുനൂൽ കൊണ്ട് ഈ ലോകത്തെ കോർത്തിണക്കുകയാണ് ഈ ആഘോഷം ചെയ്യുന്നത്. തുറന്ന മൈതാനങ്ങളിൽ തോളോടുതോൾ ചേർന്ന് നിൽക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ലോകസമാധാനത്തിനായി കൈകളുയർത്തുമ്പോൾ, അവിടെ കേൾക്കുന്നത് ആധിപത്യത്തിന്റെ മുരൾച്ചയല്ല, മറിച്ച് വിനയത്തിന്റെ സങ്കീർത്തനങ്ങളാണ്. ഇന്ത്യയിലെ 18 കോടി മനുഷ്യരും അവരെ സ്നേഹിക്കുന്ന അനേകായിരങ്ങളും ചേർന്ന് തീർത്ത ഈ സ്നേഹലഹരി വെറുമൊരു മതപരമായ ചടങ്ങല്ല.


മറിച്ച്, സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം അളക്കാനും, ആദർശവിശ്വാസങ്ങളുടെ ആഴം തിരിച്ചറിയാനും ലോകത്തിന് മുന്നിലുള്ള ഏറ്റവും തെളിമയാർന്ന 'മാപിനി'യാണ്. മരുഭൂമിയിലെ ഉറവ പോലെ ഈ കാരുണ്യം ലോകമെങ്ങും ഒഴുകിപ്പടരുമ്പോൾ, അത് മനുഷ്യപ്പറ്റുള്ള പുതിയ നാഗരികതയുടെ ഉദയമായി മാറുന്നു. പറഞ്ഞു വരുന്നത് ഈദുൽ ഫിത്ർ എന്ന പെരുന്നാൾ ആഘോഷത്തെ കുറിച്ചാണ്. ശവ്വാൽ ഒന്നിന്, അഥവാ മാർച്ച് 20ന് ലോകത്ത് പെരുന്നാൾ ആഘോഷിച്ചു. അതിന് മുമ്പ് ഒരു മാസം വ്രതമനുഷ്ടിച്ചു. നോമ്പും പെരുന്നാളും മതപരവും സാമുദായികവുമായ അതിർവരമ്പുകൾ ഭേദിച്ച്, നമ്മുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളെ 'ഉൾച്ചേർക്കലിന്റെ' സംസ്കാരം കൊണ്ട് സമൃദ്ധമാക്കുന്നത് എങ്ങനെയെന്ന് നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.

ഇഫ്താർ സംഗമങ്ങളും ഏകത്വത്തിന്റെ രാഷ്ട്രീയവും

നാടെങ്ങും സംഘടിപ്പിക്കപ്പെട്ട ഇഫ്താർ സംഗമങ്ങൾ, വംശീയമായ ആക്രോശങ്ങളുടെ വിളനിലങ്ങളെ എത്രമേൽ നിശബ്ദമായിട്ടാണ് റദ്ദ് ചെയ്യുന്നത്! സൗഹൃദത്തിന്റെ ഒത്തുചേരലുകൾ വിദ്വേഷത്തിന്റെ പരിവാരങ്ങളെ പരാജയപ്പെടുത്തുന്ന 'ഏകത്വത്തിന്റെ രാഷ്ട്രീയമാണ്' ഉച്ചത്തിൽ പ്രഖ്യാപിക്കുന്നത്. അപരനെ വകവരുത്താൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന അന്ധമായ ആവേശങ്ങൾക്ക് പകരം, അയൽപക്കത്ത് പട്ടിണി കിടക്കുന്നവന്റെ വയറുനിറക്കാൻ എത്രയോ കോടി രൂപയുടെ ഭക്ഷ്യപദാർഥങ്ങളാണ് വ്രതത്തിന്റെയും പെരുന്നാളിന്റെയും ഭാഗമായി വിതരണം ചെയ്യപ്പെട്ടത്! 'പട്ടിണി മാറ്റിയിട്ട് പ്രാർഥിക്കാൻ വന്നാൽ മതി' എന്ന പ്രവാചകന്റെ ഉജ്ജ്വലമായ ആഹ്വാനം ഹൃദയത്തിലേറ്റിയ വിശ്വാസികൾ, തങ്ങളുടെ ബാധ്യതകൾ പൂർത്തീകരിച്ചത് എത്രമേൽ സാമൂഹികമായ ബോധത്തോടെയാണെന്ന് നാം തിരിച്ചറിയണം. പ്രാർഥന കേവലമൊരു വ്യക്തിഗത കർമമല്ലെന്നും, സഹജീവിയോടുള്ള കരുണയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ ആഘോഷം നമ്മെ ഓർമിപ്പിക്കുന്നു.


ആഘോഷങ്ങൾ ശബ്ദകോലാഹലങ്ങളായും ആധിപത്യത്തിന്റെ ശക്തിപ്രകടനങ്ങളായും വഴിമാറുന്ന കാലത്ത്, റമദാനും ഈദുൽ ഫിത്റും ലോകത്തിനു മുന്നിൽ തുറന്നു വെച്ചത് തികച്ചും വിപരീതമായൊരു ദർശനമാണ്. ഇന്ത്യയിലെ പതിനെട്ടു കോടിയോളം വരുന്ന ഒരു ജനത തെരുവുകളിൽ ഒത്തുചേർന്നിട്ടും അവിടെ ആരും ആക്ഷേപിക്കപ്പെട്ടില്ല, ഒരു ആരാധനാലയവും ഭയത്താൽ മൂടപ്പെട്ടില്ല, ആരുടെയും സമാധാനം ഭഞ്ജിക്കപ്പെട്ടില്ല. ഈ സമാധാനാന്തരീക്ഷം ആത്മീയമായ ആ അച്ചടക്കത്തിന്റെയും സാമൂഹികമായ ഏകതാ ബോധത്തിന്റെയും പ്രതിഫലനമാണ്. മറ്റൊരാളുടെ വഴി തടസ്സപ്പെടുത്താതെയോ, സഹജീവിയുടെ വിശ്വാസത്തെ മുറിപ്പെടുത്താതെയോ കടന്നുപോകുന്ന ഈ ആഘോഷം യഥാർഥത്തിൽ ഒരു 'നിശബ്ദ വിപ്ലവ'മാണ്. പൗരുഷത്തിന്റെയോ അഹന്തയുടെയോ പ്രകടനങ്ങൾക്ക് പകരം, വിനയത്തിന്റെയും കരുണയുടെയും പ്രാർഥനാപൂർണമായ നിമിഷങ്ങളായി ഈദ് മാറിയത് അതിന് വിശ്വമാനവികതയുടെ ദാർശനിക പരിസരം ഉള്ളതുകൊണ്ടാണ്.

സമ്പൂർണ്ണ വിഭജനത്തിനെതിരെയുള്ള നിശബ്ദ വിപ്ലവം

ഉത്സവകാലങ്ങളിൽ മദ്യവിൽപന റെക്കോർഡുകൾ ഭേദിക്കുന്നതും, കോടിക്കണക്കിന് രൂപയുടെ പടക്കങ്ങൾ പുകയായി മാറുന്നതും ഒരു വശത്ത് നാം കാണുന്നു. ഇതിൽ നിന്നെല്ലാം വിഭിന്നമായി, നിശബ്ദവും അത്യന്തം വിപ്ലവാത്മകവുമായ മാനവികതയുടെ കൈമാറ്റം ഈ ആഘോഷ പുലരിയിൽ സംഭവിച്ചു. ഈദുൽ ഫിത്ർ വെറുമൊരു പെരുന്നാളല്ല, അതൊരു 'പങ്കുവെക്കലിന്റെ' കൂടി പ്രഖ്യാപനമാണ്. ചില സുഹൃത്തുക്കൾ നിരീക്ഷിച്ചതുപോലെ, മറ്റു ആഘോഷവേളകളിൽ ലഹരിക്കായി ചിലവാക്കപ്പെടുന്നതിന് തുല്യമായ തുക പാവപ്പെട്ടവരുടെ വിശപ്പടക്കാൻ അരിയായും ധനമായും നൽകുന്ന ഒരു ജനതയെയാണ് ഇവിടെ കാണുന്നത്. ഏതാണ്ട് 18,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ കേരളത്തിൽ ഒരു രാത്രികൊണ്ട് നിശബ്ദമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്ന കണക്ക് ഏതൊരു ഭരണകൂടത്തെയും അത്ഭുതപ്പെടുത്തുന്നതാണ്.

സാമൂഹികക്ഷേമത്തിനുള്ള ഒരു വിമോചകന്റെ ആഹ്വാനം ഇന്നും അണുവിട മാറാതെ കോടിക്കണക്കിന് മനുഷ്യർ ഹൃദയത്തിലേറ്റുന്നു എന്നതിന്റെ സാക്ഷ്യമാണിത്. ആത്മസംസ്കരണം, സ്വന്തം സമ്പാദ്യത്തിൽ ദരിദ്രന് അവകാശമുണ്ടെന്ന തിരിച്ചറിവിലേക്ക് മനുഷ്യനെ എത്തിക്കുന്നു. ആഘോഷങ്ങൾ അപരവത്കരണത്തിന് കാരണമാകുന്ന കാലഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം അനുഭവിച്ച ഈ സമാധാനപരമായ സഹവർത്തിത്വവും കാരുണ്യവും മാതൃകാപൂർണമാകുന്നത്. സംസ്കാരങ്ങൾ തമ്മിലുള്ള ഈ അന്തരം അവയിൽനിന്ന് ഉടലെടുക്കുന്ന നാഗരികതകളുടെ സവിശേഷതകൾ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catholiceidul Fitrcelebrationsopen forum
News Summary - A vision of celebrations during the time of transformation
Next Story